UPDATES

സിനിമ

അസ്തമയം വരെ; ഒരു മലയാള സിനിമയില്‍ നിന്നും പ്രതീക്ഷിക്കരുതാത്ത ചില കാര്യങ്ങള്‍

Avatar

നാസിറുദ്ദീന്‍ ചേന്ദമങ്ങല്ലൂര്‍

എല്ലാ അര്‍ത്ഥത്തിലും ഒരു മലയാള സിനിമയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്താണ് സജിന്‍ ബാബുവിന്റെ ‘അസ്തമയം വരെ’ നില്‍ക്കുന്നത്. മലയാളികള്‍ സംസാരിക്കാന്‍ പോലും പേടിക്കുന്ന പ്രമേയങ്ങള്‍, പേരില്ലാത്ത നായകന്‍, പരസ്പരബന്ധം തോന്നാത്ത കുറെ സീനുകളുടെ ആദ്യ പകുതി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ ചിത്രത്തെ തീര്‍ത്തും വ്യത്യസ്തമാക്കുന്നുണ്ട്. പാട്ടും കൂത്തും മാത്രമല്ല അനാവശ്യ സംസാരം പോലുമില്ലാതെ സിനിമ എന്ന ദൃശ്യകലയുടെ സാധ്യത പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ ഈ വിഷയങ്ങള്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒന്നാന്തരം എഡിറ്റിംഗ്, മികച്ച കാസ്റ്റിംഗ്, പ്രമേയവുമായി നൂറു ശതമാനം യോജിച്ചു പോവുന്ന ലൊക്കേഷനുകളും സിനിമാറ്റോഗ്രാഫിയും, പിന്നെ ഇതെല്ലാം സമര്‍ത്ഥമായി കോര്‍ത്തിണക്കിയ സംവിധാന പാടവവും. ദൃശ്യസാധ്യതയെ ഒട്ടും ഉപയോഗിക്കാത്ത കേവല ‘സെല്ലുലോയ്ഡ് സാഹിത്യങ്ങള്‍’ ആയ എം.ടി സിനിമകള്‍ ഏറ്റവും മികച്ച സിനിമകളാണെന്ന പൊതുബോധം പേറുന്ന ഒരു പ്രേക്ഷക സമൂഹത്തോട് ഇത്ര വ്യത്യസ്തമായ ഒരു ശൈലിയില്‍ കഥ പറയാന്‍ ശ്രമിച്ച സംവിധായകന്റെ ആത്മവിശ്വാസമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ സിനിമയെ വേറിട്ടൊരനുഭവമാക്കാന്‍ കാരണം. 

 

പേരില്ലാത്ത നായകന് വീട്ടിലും പിന്നീട് എത്തിച്ചേര്‍ന്ന സെമിനാരിയിലും വെച്ച് നേരിടേണ്ടി വരുന്ന തിക്തമായ അനുഭവങ്ങളും അതിന്റെ പേരിലുണ്ടാവുന്ന ആത്മസംഘര്‍ഷങ്ങളുമാണ് കഥയുടെ അടിസ്ഥാനം. അതില്‍ ലൈംഗികതയും അത്മീയതയുമെല്ലാം വരുന്നുണ്ട്. വിവാഹേതര ബന്ധം, നെക്രോഫിലിയ, ഇന്‍സെസ്റ്റ് തുടങ്ങിയ ‘നിഷിദ്ധ’മായ ബന്ധങ്ങള്‍ എപ്പോഴാണ് അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിഷിദ്ധമാവുന്നത് എന്ന അന്വേഷണമാണ് സിനിമ പിടിച്ചു നിര്‍ത്തുന്ന അനുഭവമാക്കുന്നത്. പക്ഷേ, സിനിമയില്‍ എനിക്കേറ്റവും കൗതുകകരമായി തോന്നിയത് മൂല്യസങ്കല്‍പങ്ങളോടുള്ള സിനിമയുടെ സമീപനത്തിന്റെ പ്രസക്തിയാണ്, പ്രത്യേകിച്ചും സമകാലീക മലയാളി സമൂഹം അടിയുറച്ചു വിശ്വസിക്കുന്ന പല മൂല്യസങ്കല്‍പങ്ങളെയും ധാരണകളെയും സിനിമ ശക്തമായ വിചാരണക്ക് വിധേയമാക്കുമ്പോള്‍. അമ്മ/ പെങ്ങള്‍/ മകള്‍ അല്ലാത്തവരെല്ലാം potential object of sex എന്ന രീതിയില്‍ മാത്രം കാണാന്‍ ശീലിച്ചവരാണ് പൊതുവെ മലയാളികള്‍. സാമൂഹിക ബോധത്തിലൂടെ ആര്‍ജിച്ചെടുക്കുന്നതാണ് ചിലരോട് തോന്നുകയും വേറെ ചിലരോട് തോന്നാതിരിക്കുകയും ചെയ്യുന്ന ലൈംഗിക വികാരവും കാമവുമെല്ലാം എന്ന സന്ദേശം അവരെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ സ്വീകാര്യമാവുന്ന ഒന്നല്ല. മതം, ജാതി, സംസ്‌കാരം തുടങ്ങിയ നിരവധി ഘടകങ്ങളുടെ സ്വാധീനഫലമായാണ് ഈ മൂല്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെട്ട് വരുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്കിടയില്‍ സമീപനത്തിലും സങ്കല്‍പത്തിലും വലിയ തോതിലുള്ള വ്യത്യാസവും അതിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും കാണുന്നു. പച്ചയായ മനുഷ്യരായി മാറിയാല്‍ പിന്നെ ബാക്കിയാവുന്നത് ആണ്‍-പെണ്‍ ദ്വന്ദങ്ങള്‍ മാത്രമാണെന്ന് സിനിമ പറയുമ്പോള്‍ സാമൂഹിക ബോധത്തിലൂടെ അതിനപ്പുറം വേറെയും ഒരുപാട് തലങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ പറ്റുമെന്ന മറുവായന കൂടി സാധ്യമാണ്. ഒരു പക്ഷേ ഈ സിനിമയിലൂടെ ഞാന്‍ നടത്താനാഗ്രഹിക്കുന്ന വായനയും അതാണ്.

 

 

അമ്മ/ പെങ്ങള്‍/ മകള്‍ അല്ലെങ്കില്‍ potential object of sex എന്ന രണ്ടു ധ്രുവങ്ങള്‍ക്കും ഇടയില്‍ സുഹൃത്ത്, അയല്‍വാസി, കൂടെ ജോലി ചെയ്യുന്നയാള്‍, ബന്ധു അങ്ങനെ വേറെയും തലങ്ങളിലുള്ള നിരവധി ബന്ധങ്ങള്‍ ഉണ്ടാവാം. ഒരാള്‍ ഈ ബന്ധങ്ങളെ എങ്ങനെ സമീപിക്കുന്നു അഥവാ അയാളുടെ സാമൂഹിക ബോധത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം എന്ത് എന്നതിനെ ആശ്രയിച്ചിരിക്കും ഈ ബന്ധങ്ങളുടെ രൂപവും ഭാവവും. കാലത്തിനും സാഹചര്യത്തിനും ഒരേ വ്യക്തിയില്‍ തന്നെ ഈ സങ്കല്‍പങ്ങളില്‍ വലിയ മാറ്റം കൊണ്ട് വരാന്‍ പറ്റുമെന്ന് കൂടി സിനിമ മുന്നോട്ട് വെക്കുന്നു. സാമൂഹിക ബോധം അഥവാ ‘ധാരണകള്‍’ എന്ന തൊലി കളഞ്ഞാല്‍ പിന്നെ മനുഷ്യന്‍ എന്താകുമെന്ന അന്വേഷണം രസകരമായാണ് സിനിമയില്‍ മുന്നേറുന്നത്. അതിന് സിനിമ കാര്യമായും ആശ്രയിക്കുന്നത് മറ്റു ഘടകങ്ങളെ പരമാവധി ഇല്ലാതാക്കുന്ന പശ്ചിമഘട്ട നിരകളുടെ സഹായത്തോടെയാണ്. ഒരര്‍ഥത്തില്‍ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ് ഈ സിനിമയിലെ അതിമനോഹരമായ ലൊക്കേഷനുകള്‍. യാതൊരു വിധ മനുഷ്യ ബന്ധവും ഇല്ലാതെ നിഗൂഡമായ സ്ഥലത്ത് മറ്റു ജീവജാലങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ‘അച്ഛനും മകളും’ നമ്മളുടെ സങ്കല്‍പങ്ങളിലുള്ള അച്ഛനും മകളും ആയിരിക്കുമോ? അതോ ഒരാണും പെണ്ണും എന്ന രീതിയിലേക്ക് മാറുമോ? ഉള്‍ക്കാടുകളില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ആളുകളെ കുറിച്ചുള്ള പുസ്തകങ്ങളും വിവരണങ്ങളും നിരവധി വന്നിട്ടുണ്ട്. അവരുടെ മൂല്യ സങ്കല്‍പങ്ങള്‍ നമ്മുടേതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നതും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയിലും സമാന സാഹചര്യമാണ് ഒരുക്കാന്‍ ശ്രമിക്കുന്നതെന്ന് പറയാം. ‘മനുഷ്യബന്ധം സങ്കീര്‍ണമാണ്, നമ്മുടെ ധാരണകളാണ് അതിനെ പവിത്രമല്ലാതാക്കുന്നത്’ എന്ന സിനിമയിലെ വാചകം ബന്ധങ്ങളിലെ ഈ സങ്കീര്‍ണത വ്യക്തമാക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോഴും ഈ സങ്കീര്‍ണതയും നിരവധി ചോദ്യങ്ങളും നമ്മെ അലട്ടും. ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളാണ് സിനിമ ബാക്കിയാക്കുന്നതും.

 

വ്യത്യസ്ത സാധ്യതകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അവസരം നല്‍കുന്ന ഒരു സിനിമയായത് കൊണ്ട് ഈ ചോദ്യങ്ങളും ഉത്തരങ്ങളും കാഴ്ചക്കാര്‍ക്കനുസരിച്ചു മാറിയിരിക്കും. പാടില്ലാത്തതിനെ ന്യായീകരിക്കാനുള്ള ശ്രമമായി ചിലര്‍ക്കെങ്കിലും തോന്നുമെന്നുറപ്പാണ്. പക്ഷേ പ്രമേയത്തിന്റെ പ്രാധാന്യം കൊണ്ടും സിനിമയുടെ ദൃശ്യസാധ്യത പരമാവധി ഉപയോഗിക്കുന്ന അവതരണ രീതി കൊണ്ടും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിതെന്നതില്‍ കൂടുതല്‍ തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല.

 

(ഐ.ടി പ്രൊഫഷണലാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍