UPDATES

സിനിമ

നിവിന്‍, താങ്കളൊരു മോഹന്‍ ലാല്‍ ആകാന്‍ ശ്രമിക്കരുത്

Avatar

അഴിമുഖം പ്രതിനിധി

രാഷ്ട്രീയത്തിലുള്ളതിനെക്കാള്‍ സിനിമയിലാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ ശക്തം. അണികളുടെ ആക്രോശങ്ങളും പോര്‍വിളികളും കൊണ്ട് കലുഷിതമായ ഗ്രൂപ്പുകള്‍. ചിഹ്നമിട്ടു തിരിച്ച ഓരോ സ്റ്റാറുകള്‍ക്കും ഗ്രൂപ്പുകള്‍, എതിര്‍ കക്ഷികളെക്കാള്‍ തങ്ങളാണു കേമന്‍ എന്ന് തെളിയിക്കാന്‍ എന്തുംപറയും, കാണിക്കും. സോഷ്യല്‍ മീഡിയയിലെ നിലപാടു തറകളില്‍ ആരാധാനാമൂര്‍ത്തിക്കായി ഉറഞ്ഞാടും. അവര്‍ക്കൊരു എത്തിക്‌സും ബാധകമല്ല. സിനിമ എന്നത് ഒരു കലയാണെന്നും അഭിനേതാക്കള്‍ ഈ കലയുടെ പ്രതിബിംബങ്ങള്‍ ആണെന്നും മനസ്സിലാക്കാത്ത ഇവരെ ആരാധകരെന്നത്രെ പറയുന്നത്. കലയ്ക്ക് ഒരിക്കലും ആരാധകരുണ്ടാകരുത്, കലാകാരനും. ഉണ്ടാവേണ്ടത് ആസ്വാദകരാണ്. അടിമകളും ആരാധകരും ഒരുപോലെയാണ്. അവര്‍ക്ക് എന്നും വിധേയരായി നില്‍ക്കാനെ സാധിക്കൂ. ആസ്വാദകന് സ്വാതന്ത്ര്യമുണ്ട്. കൈയടിക്കാനും വിമര്‍ശിക്കാനും. നമ്മുടെ സിനിമയ്ക്കും അഭിനേതാക്കള്‍ക്കും ഇപ്പോള്‍ ലഭിക്കാതെ പോകുന്ന ഭാഗ്യം ഈ ആസ്വാദക പിന്തുണയാണ്.

മലയാള സിനിമയ്ക്ക് ഭാവിയില്‍ ഗുണം ചെയ്യുന്നൊരു കാര്യം, ഇനിയിവിടെ ഒരു മെഗാ-സൂപ്പര്‍ താരം ഉണ്ടാവാതിരിക്കു എന്നതാണ്. പകരം നല്ല നടന്മാരും നടിമാരും ഉണ്ടാവട്ടെ. അവരെ നമുക്ക് താരപ്പകിട്ടില്‍ പൊതിയണ്ട. മറ്റൊരു കലാരൂപത്തിലും (സിനിമയെക്കാള്‍ മികച്ചവ) ഇല്ലാത്ത ഈ സ്റ്റാര്‍ പട്ടം എന്തിനാണ് സിനിമയില്‍ മാത്രം. ഒരുകൂട്ടം ആളുകളുടെ പിന്തുണയോടെ നടത്തുന്ന പ്രകടനത്തിന് ഒരാള്‍ മാത്രം നേട്ടം കൊയ്യലാണ് സിനിമയില്‍ നടത്തുന്നത്. കണ്‍പീലിത്തുമ്പില്‍ പോലും നവരസങ്ങള്‍ വിടരുന്ന ഗോപിയാശാനെയും, മട്ടന്നൂരിനെയുമൊന്നും വിശേഷിപ്പിക്കാത്ത താര സംജ്ഞ എന്തിനാണ് റീടേക്കുകളുടെ സഹായം കിട്ടുന്ന ഒരു സിനിമാനടന് കൊടുക്കുന്നത്?

സിനിമയില്‍ തന്നെ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചൊരു സംഗതിയാണ് താരപ്പട്ടം. ചിലര്‍ പറയുന്നു ജയന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരമെന്ന്. ഒരു അഭിനേതാവ് എന്ന നിലയില്‍ പറയത്തക്ക മികവൊന്നും പ്രകടമാക്കിയിട്ടില്ലാതിരുന്ന (അവസരം കിട്ടാതെ പോയതുമാകാം) ഒരാള്‍ സൂപ്പര്‍ സ്റ്റാറായെങ്കില്‍ എന്താണ് ഈ സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന്റെ മാനദമണ്ഡം? സൂപ്പര്‍ സ്റ്റാര്‍ സത്യന്‍ എന്ന് ഒരിക്കലും നമ്മള്‍ പറഞ്ഞിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടനാണ് അദ്ദേഹം. പിന്നെയെന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ ക്വാളിഫിക്കേഷന്‍ അദ്ദേഹത്തിന് കിട്ടിയില്ല. പാറിനടന്നുള്ള സ്റ്റണ്ടും ഒറ്റ ശ്വാസത്തില്‍ രണ്ടുപുറം ഡയലോഗും പറയുന്ന കഥാപാത്രങ്ങള്‍ ചെയ്യാതിരുന്നതു കൊണ്ടോ? സോമനോ സുകുമാരനോ, രതീഷോ, മുരളിയോ, നെടുമുടി വേണുവോ, തിലകനോ, സൂപ്പര്‍ സ്റ്റാറുകളായി വിശേഷിപ്പിക്കപ്പെട്ടിട്ടില്ല. ഭരത് അവാര്‍ഡുകള്‍ നേടിയ ഗോപിയോ, ബാലന്‍ കെ നായരോ, പി ജെ ആന്റണിയോ ഒന്നും അറിയപ്പെടുന്നത് സൂപ്പര്‍ സ്റ്റാര്‍ ലേബലിലല്ല. സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാതിരുന്ന കാലം തന്നെയാണ് മലയാള സിനിമയുടെ പുഷ്‌കല കാലം.

പിന്നീടെപ്പോഴോ നമ്മുടെ സിനിമ താരാധിപത്യത്തിനു കീഴിലാവുകയും വെറും  വ്യവസായമാവുകയും ചെയ്തു. 

കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദക്കാലമായി മലയാള സിനിമയിലെ അംഗീകൃത സൂപ്പര്‍ സ്റ്റാറുകള്‍ മമ്മൂട്ടിയും മോഹന്‍ ലാലുമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച രണ്ടു നടന്മാര്‍ തന്നെയാണ് ഇരുവരും. അവര്‍ ചെയ്തുപോലെ വൈവിധ്യമാര്‍ന്നതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ ഇന്നോളം ആരും ചെയ്തിട്ടുമില്ല. എന്തുകൊണ്ടും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇരുവര്‍ക്കും തങ്ങളുടെ കലാജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ പിഴ, അവര്‍ സൂപ്പര്‍ സ്റ്റാറുകളായി ആരാധിക്കപ്പെട്ടുപോയതാണ്. അതോടെ അവരിലെ കലാകാരന്റെ യഥാര്‍ത്ഥ സത്ത വറ്റാന്‍ തുടങ്ങി. അവര്‍ രാജാക്കന്മാരായി, ചക്രവര്‍ത്തികളായി. പിന്നെ ദൈവങ്ങളും. അതോടെ സകലവും പൂര്‍ണം. സിനിമയ്ക്കുള്ളില്‍ സാമന്തന്മാരും പുറത്ത് ഭക്തരും പടയാളികളും അവര്‍ക്കുണ്ടായി.

പിന്നീട് സിനിമയിലേക്ക് വന്നവര്‍ക്കൊക്കെ എത്രയും വേഗം സ്റ്റാറുകളാകാനായിരുന്നു തിടുക്കം. ഒരു സിനിമ ഹിറ്റായാല്‍ അതോടെ അതിലെ നായകനും സ്റ്റാറാകുന്ന പ്രതിഭാസം ഉടലെടുത്തു. ആരാണ് ഇവര്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതെന്നോ ആരൊക്കെ അവരെ സ്റ്റാര്‍ എന്നു വിളിക്കുന്നുവെന്നോ അറിയില്ല. അവര്‍ തന്നെ ഉണ്ടാക്കിയെടുത്ത അനുചരവൃന്ദത്തിന്റെ സിന്ദാബാദ് വിളികള്‍ മാത്രമായിരുന്നു അത്.

പിന്നീട് സ്വയം സ്റ്റാര്‍ ആയാല്‍ മാത്രം പോര, തന്റെ മുന്‍ഗാമിയുടെ പകരക്കാരനായി അവരോധിക്കപ്പെടണമെന്നും ചിലര്‍ ശഠിച്ചു. അല്ലെങ്കില്‍ അവരുടെ പിന്‍താങ്ങികള്‍ അങ്ങനെ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ വാര്‍ത്തകളള്‍ക്കായി അതേറ്റു പിടിച്ചു. അതോടെ അന്തരീക്ഷം മേഘാവൃതമാവുകയും ഫാന്‍സുകാര്‍ കളത്തിലിങ്ങി പോരു തുടങ്ങുകയും ചെയ്തു. തങ്ങളുടെ താരത്തിന്റെ ചരിത്രമെഴുതിയും പ്രതിഭാവിലാസത്തെ കുറിച്ച് ഉപന്ന്യാസങ്ങള്‍ പകര്‍ത്തിയും എതിരാളിയുടെ തലക്കുറിയിലെ സമയദോഷത്തിന്റെ കഥ പ്രചരിപ്പിച്ചും പരസ്പരം പടവെട്ടി. എന്തു ഗുണമാണ് സിനിമയ്ക്ക് ഇതെല്ലാം കൊണ്ട് ഉണ്ടാകുന്നത്? വെറും വ്യക്തികേന്ദ്രീകൃതമായ ഏറ്റമുട്ടലുകള്‍ എന്നതിനപ്പുറം സിനിമയ്ക്ക് ഒരു ഗുണവുമില്ല. സൂപ്പര്‍ സ്റ്റാറുകള്‍ സിനിമയ്ക്ക് ദോഷം മാത്രമാണ്.

ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയ്ക്ക് ദോഷമാകുന്നത് പലവഴിയാണ്.

ഒരു നടന്‍ സൂപ്പര്‍ സ്റ്റാറായാല്‍ ആദ്യം ഉയര്‍ത്തുന്നത് അവന്റെ പ്രതിഫലമാണ്. വളരെ ചെറിയൊരു ബഡ്ജറ്റില്‍ നിലനില്‍ക്കുന്ന മലയാള സിനിമാവ്യവസായം ഇന്ന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് താരങ്ങളുടെ പ്രതിഫലം കൊണ്ടാണ്. സിനിമകള്‍ വിജയിക്കുന്നതിനനുസരിച്ച് ഇവരുടെ ശമ്പളവും കൂടുകയാണ്. അത്ഭുതമെന്നു പറയട്ടെ, ഒരു കളക്ടീവ് ആര്‍ട്ടായ സിനിമയില്‍ നായകനുമാത്രം വാല്യൂ ഏറുന്നതിലെ ഗുട്ടന്‍സ് ഇപ്പോഴും അജ്ഞാതമാണ്. അഞ്ച് പടം അടുപ്പിച്ച് പൊട്ടിയാലും പ്രതിഫലം കുറച്ച് ആറാമത്തെ പടം ചെയ്യാത്തവര്‍, ആ സിനിമ വിജയിച്ചാല്‍ ഏഴാമത്തെ പടത്തിന് പ്രതിഫലം കുത്തനെ കൂട്ടും. അല്ലെങ്കില്‍ ഇത്ര ജില്ലകളില്‍ വിതരണാവകാശം എഴുതി വാങ്ങിക്കും. ചിലര്‍ സാറ്റ്‌ലൈറ്റ് റൈറ്റും. മലയാളത്തിലെ മെഗാ-സൂപ്പര്‍-ജനപ്രിയ നായകന്മാരൊക്കെ പ്രതിഫലം കൂടാതെ വിതരണാവകാശവും സാറ്റ്‌ലൈറ്റ് റൈറ്റും തന്റെ പേരില്‍ വാങ്ങുന്നവരാണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഒരു സൂപ്പര്‍ സ്റ്റാറിന് ഒരു മാസം തട്ടിയും തടഞ്ഞും ജീവിക്കണമെങ്കില്‍ പോലും ലക്ഷങ്ങള്‍ മുടക്കണം. അപ്പോള്‍ പിന്നെ ആരുടെ കണ്ണീരു വീണാലും അതൊന്നും കാര്യമാക്കാന്‍ പറ്റില്ല.

രണ്ടാമതായി സൂപ്പര്‍ സ്റ്റാറുകള്‍ ചെയ്യുന്ന ദ്രോഹം ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിക്കലാണ്. സൂപ്പര്‍ സ്റ്റാറാണോ ഫാന്‍സ് അസോസിയേഷന്‍ നിര്‍ബന്ധമാണ്. നോക്കൂ. അവര്‍ തങ്ങളുടെ താരത്തിനു വേണ്ടി തര്‍ക്കിക്കാനും വഴക്കുകൂടാനും കൂവാനും കൈയടിക്കാനും മാത്രമാണ് സമയത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. എതിരാളിയുടെ വീഴ്ച്ചയുടെ ആഴം പറഞ്ഞ് സ്വയം പ്രതിരോധിക്കാനാണ് ശ്രമിക്കാറുള്ളത്. കൂടുതല്‍ എന്തു പറയാന്‍, സ്വന്തം താരം താന്‍ വലിച്ചെന്നു പറയുന്ന സിഗരറ്റിന്റെ കണക്ക് ശരിയാണെന്നു തെളിയിക്കാന്‍ സ്വയം സേതുരാമന്മാരാകാന്‍ വെമ്പുന്നവരാണ്. തങ്ങളാണ് ശരിയെന്നു അവര്‍ക്ക് തെളിയിക്കണം. ഒന്നോര്‍ക്കണം, മോഹന്‍ ലാല്‍ ആയാലും മമ്മൂട്ടി ആയാലും അവരുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടം പിന്നിട്ടത് ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാതെയുമായയിരുന്നു. 

മറ്റൊരു ഗതികേട്‌ സൂപ്പര്‍ സ്റ്റാറുകള്‍ അവരുടെ സിനിമകളുടെ ഏകാധിപതികളായി മാറുന്നു എന്നതാണ്‌. എത്രയോ മികച്ച പ്രമേയങ്ങള്‍ ഇവരുടെ ഇടപെടലുകള്‍ കൊണ്ട് മോശം സിനിമകളായി പുറത്തുവന്നു. ഒരു പുതുമുഖ സംവിധായകന്‍ തന്റെ കന്നി സംരഭത്തിന്റെ എഡിറ്റിംഗ് ടേബിളിലരുന്ന് കരഞ്ഞുപറഞ്ഞത്, അയാള്‍ എന്റെ സിനിമ നശിപ്പിച്ചു എന്നായിരുന്നു. ഏതു കഥ ആയാലും ഇടപെടലുകള്‍ നടത്തുന്ന വലിയൊരു സ്റ്റാറായിരുന്നു ആ സംവിധായകന്റെ കണ്ണുനീര്‍ വീഴ്ത്തിയത്. ഒരുപക്ഷേ ബുദ്ധിശൂന്യമായ ഇത്തരം ഇടപെടലുകള്‍ ഇല്ലായിരുന്നങ്കില്‍ ഈ നടന്റെ പേരില്‍ കുറച്ച് ഹിറ്റുകള്‍ കൂടി ചേരുമായിരുന്നു. സംവിധായകനെ സെറ്റിലെ ഒരു മൂലയ്ക്കിരുത്തി സ്വയം സംവിധാനവും അഭിനയവും നടത്തുന്ന മറ്റൊരു സൂപ്പര്‍ താരവുമുണ്ട്. അങ്ങനെ ചെയ്തു ചെയ്തു പുള്ളീടെ പടങ്ങള്‍ പടക്കം പൊട്ടുന്നപോലെ പൊട്ടി, ആ ചേട്ടന്‍ എവിടെയെങ്കിലും ഓടിപ്പോകുമെന്ന ഘട്ടമെത്തിയതാണ്. ഇപ്പോള്‍ ഇറങ്ങിയൊരു പടമാണ് കക്ഷിക്ക് ചെറിയൊരു ആശ്വാസമായത്.

ലോകത്തോര നിലവാരമുള്ള മറ്റൊരു സൂപ്പര്‍ താരം സ്വയം ഒരു സൂര്യനായി പരിണമിച്ചുപോയ വിഗ്രഹമാണ്. ഇദ്ദേഹത്തിനു ചുറ്റും ഇപ്പോഴും ഉപഗ്രഹങ്ങളാണ്. താരത്തെ മുഖദാവില്‍ കിട്ടണമെങ്കില്‍ ഈ ഉപഗ്രഹങ്ങളെല്ലാം കടന്നു വരണം. സൗഹൃദത്തിന്റെ പേരില്‍ ഞാന്‍ കുറെ മോശം പടം ചെയ്തുപോയി എന്ന് ഇടയ്‌ക്കൊക്കെ വിലപിക്കും. പക്ഷെ കാര്യങ്ങള്‍ പിന്നെയും തഥൈവ. ഈ താരം ചെയ്ത കുറെ ചിത്രങ്ങളുടെ കഥ പുള്ളി നേരിട്ട് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. സൂപ്പര്‍ സ്റ്റാര്‍ അല്ലേ, കഥ കേള്‍ക്കാള്‍ ഇരിക്കുന്നതൊക്കെ മോശം കാര്യമാണ്.

ഈ വിധമെല്ലാം സിനിമയെ നശിപ്പികാന്‍ ഒരുകൂട്ടം സൂപ്പര്‍ താരങ്ങള്‍ നിലവില്‍ ഉള്ളപ്പോളാണ് പുതിയവരുടെ കടന്നുവരവും. നമുക്കെന്തിനാണ് ഇത്രയും സൂപ്പര്‍താരങ്ങള്‍? നമുക്ക് വേണ്ടത് നല്ല അഭിനേതാക്കളെയല്ലേ. ആവശ്യമില്ലാത്ത പദവികളൊക്കെ നല്‍കി അവരുടെ പ്രതിഭകള്‍ തകര്‍ക്കുന്നതെന്തിനാണ്?

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ തര്‍ക്കം ഒരാള്‍ മറ്റൊരാള്‍ക്ക് പകരമോ എന്നതിനെ ചൊല്ലിയാണ്. ഈ രംഗത്തിലെ കഥാപാത്രങ്ങള്‍ നിവിന്‍ പോളിയും മോഹന്‍ ലാലുമാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് പകരക്കാരനാവില്ല എന്നതാണ് ഈ വിഷയത്തിലെ യഥാര്‍ത്ഥ വസ്തുത. ഇവിടെ നമുക്കിപ്പോള്‍ ഒരു മോഹന്‍ ലാല്‍ ഉണ്ട്, ഇനിയുമൊരു മോഹന്‍ ലാല്‍ വേണ്ട. നിവിന്‍ പോളി അയാളായി തന്നെ തുടരട്ടെ. ഹാസ്യവും ശ്രംഗാരവുമൊക്കെ പ്രകടിപ്പിക്കുമ്പോള്‍, ഒരുകാലത്തെ മോഹന്‍ ലാലിനെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നതാണ് ഇപ്പോള്‍ ഒരു താരതമ്യത്തിന് കളമൊരുക്കിയത്. മലയാള സിനിമയിലെ ചുരുക്കം ഫ്‌ളെക്‌സിബിള്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍ അത്ര ഉറപ്പോടുകൂടിയല്ലെങ്കിലും പറയാവുന്നൊരു പേരാണ് നിവിന്റേത്. അയാളൊരു നല്ല നടനാണ്. അയാള്‍ അങ്ങനെ തന്നെ ആയിരിക്കാനാണ് നാം ആഗ്രഹിക്കേണ്ടതും. നിവിനെ നമുക്ക് ആരുടെയും പിന്‍ഗാമിയും ആക്കണ്ട, സൂപ്പര്‍ സ്റ്റാറും ആക്കണ്ട. അയാളെ മറ്റൊരു മോഹന്‍ ലാല്‍ ആക്കി തോല്‍പ്പിക്കുകയും വേണ്ട. സ്വയം മറന്നുപോകുന്ന താരമായാല്‍ നിവിന്‍ പോളിയിലെ ഈ ഫെള്ക്‌സിബിള്‍ ആര്‍ട്ടിസ്റ്റ് വളര്‍ച്ചയെത്തും മുമ്പേ മുരടിച്ചുപോകും. അളവില്‍ കൂടുതല്‍ വെള്ളവും വളവും അയാളുടെ ചോട്ടില്‍ ഇട്ടുകൊടുക്കരുത്. ആരാധകരാണ് ശ്രദ്ധിക്കേണ്ടത്. നിവിന്‍, നിങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് സ്വതന്ത്രരായ ആസ്വാദകരേയുമാണ്.

പ്രായവ്യത്യാസമില്ലാതെ നിവിന്‍, നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഇന്നിവിടെയുണ്ട്. അവര്‍ക്ക് വേണ്ടത് നിങ്ങളില്‍ നിന്ന് നല്ല കഥാപാത്രങ്ങളെയാണ്. പ്രേമം എന്ന സിനിമ കണ്ടവര്‍ മുഴുവന്‍ നിവിന്‍ എന്ന താരത്തിന്റെ ആരാധകരല്ല, നല്ല സിനിമയുടെ ആസ്വാദകരാണ്. അവരാണ് ഭൂരിപക്ഷം. അവര്‍ക്കുവേണ്ടിയാണ് അടുത്ത സിനിമ നിങ്ങള്‍ ചെയ്യേണ്ടത്. കാരണം അവര്‍ സിനിമയുടെ മാത്രം ആസ്വാദകരാണ്, നിവിന്‍, നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അഭിനേതാക്കള്‍ അവര്‍ക്ക് പ്രശ്‌നമല്ല. സൂര്യക്ക് നിങ്ങളെക്കാള്‍ ആരാധകരുള്ള നാടാണ് കേരളം. എന്നിട്ടും പ്രേമം എന്ന സിനിമയില്‍ സൂര്യയുടെ മാസ് മുങ്ങിപ്പോയെങ്കില്‍ അതു നിങ്ങള്‍ക്കുമുള്ളൊരു പാഠമാണ്. അടിസ്ഥാന പ്രേക്ഷകന് സിനിമ തന്നെ മുഖ്യം, താരങ്ങളല്ല. അതുകൊണ്ടാണ് പറയുന്നത്, നിങ്ങള്‍ ഒരു സൂപ്പര്‍ താരമാകാതിരിക്കാന്‍ ശ്രമിക്കുക. മോഹന്‍ ലാലിന് പകരക്കാരാന്‍ ആകാതിരിക്കാനും.

ബെസ്റ്റ് ഓഫ് അഴിമുഖം 

പ്രേമം; കഥാപട്ടിണിക്കാര്‍ക്കുള്ള മറുപടി
കാല്‍പനികമല്ല പ്രേമം
മമ്മൂട്ടീ, സീരിയലുകള്‍ കലാവൈകൃതങ്ങളാണ്, സമ്മതിക്കുന്നു; താങ്കളുടെ സിനിമകളോ?
വിധേയന്‍മാരും മാടമ്പികളും മാത്രം വാഴുന്ന മലയാള സിനിമ; പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു

 

ഫാന്‍സുകാര്‍ നിങ്ങളൊരിക്കലും മോഹന്‍ ലാലിന് പകരക്കാരനാവില്ലെന്നു പറയുന്നത് കഥാപാത്രങ്ങളെ മുന്നില്‍ നിര്‍ത്തിയാണ്. ഒന്നു സത്യമാണ് നിവിന്‍, ലാലും മമ്മൂട്ടിയും ചെയ്തതുപോലുള്ള കഥാപാത്രങ്ങള്‍ ഇനി നിങ്ങള്‍ക്ക് കിട്ടണമെന്നില്ല. അതില്‍ കാര്യവുമില്ല. നിവിന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെയും ലാലിന്റെ കരിയറിലെ ഇതേ കാലയളവും താരതമ്യപ്പെടുത്തി ചിലര്‍ താങ്കള്‍ ഒന്നുമല്ല എന്നു തെളിയിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. നാപ്പത്തിയേഴിനു മുമ്പേ ജനിക്കാതെ പോയതിനാല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പങ്കുവച്ചത് ഓര്‍ത്തുപോകുന്നു. നമ്മുടെ ജീവിതകാലയളവ് നമ്മള്‍ നിശ്ചയിക്കുന്നതല്ലല്ലോ. ഇതേ പ്രതിഭ വച്ചുകൊണ്ടു തന്നെ മോഹന്‍ ലാല്‍ എന്ന നടന്‍ രണ്ടായിരത്തിനുശേഷമാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത് എന്നിരിക്കട്ടെ, ഇന്നുകാണുന്ന മോഹന്‍ ലാല്‍ ആകാന്‍ അദ്ദേഹത്തിന് കഴിയുമോ? പ്രതിഭാധനരായ സംവിധായകരുടെയും എഴുത്തുകരുടെയും സഹായത്തോടെ ഒരു നല്ല കാലത്തിന്റെ സൗഭാഗ്യം ഏറ്റുവാങ്ങാന്‍ ആ നടന് കഴിഞ്ഞതുകൊണ്ടാണ് നമുക്ക് ഇന്നത്തെ മോഹന്‍ ലാലിനെ കിട്ടിയത്.

നിവിന്‍, നിങ്ങളെ പകരക്കരാനാക്കാന്‍ സമ്മതിക്കാത്തവര്‍ ഒന്നു മറക്കുന്നു. അവരുടെ താരദൈവങ്ങളുടെ തലവര തെളിഞ്ഞതും ചിലരുടെ പകരക്കാരായി വന്നപ്പോഴായിരുന്നുവെന്ന്. രതീഷ് എന്ന നടന്‍ തനിക്കു പകരം മമ്മൂട്ടിയെ അഭിനയിപ്പിക്കൂ എന്ന പറഞ്ഞ ഒന്നിലധികം കഥാപാത്രങ്ങളുണ്ട്. ആ അവസരങ്ങള്‍ മമ്മൂട്ടി ഉപയോഗപ്പെടുത്തിയതാണ് അദ്ദേഹത്തിന് പിന്നീട് തുണയായത്. കരിയറിലെ ബിഗ് ബ്രേക്കായി മാറിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ നായക കഥാപപാത്രം മോഹന്‍ ലാല്‍ ചെയ്യുന്നത് മമ്മൂട്ടിക്ക് പകരക്കാരനായിട്ടാണ്. അങ്ങനെയൊക്കെ നോക്കിയാല്‍ വച്ചുമാറ്റപ്പെട്ടു കിട്ടിയ കഥാപാത്രങ്ങള്‍ തന്നെയാണ് ഇവരെയൊക്കെ പിന്നീട് സൂപ്പര്‍ താരങ്ങളാക്കിയിട്ടുള്ളത്. സിനിമ ഭാഗ്യത്തിന്റെ കളം കൂടിയാണ്. തുണയ്ക്കാന്‍ ഭാഗ്യവും ഉപയോഗപ്പെടുത്താന്‍ പ്രതിഭയും ഉണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും താരമാകാന്‍ കഴിയും. നല്ല കഥാപാത്രങ്ങള്‍ തേടിവന്നാല്‍ അത് ഉപയോഗപ്പെടുത്താനുള്ള പ്രതിഭ നിങ്ങള്‍ക്കുണ്ടായാല്‍ മതി നിവിന്‍.

കാലമിന്ന് ഏറെ മാറി. മോഹന്‍ ലാലിനെ മോഹന്‍ ലാലാക്കിയ, മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയ പലരും ഈ ലോകത്തില്ല. എങ്കിലും മലയാള സിനിമ പ്രതിഭകളുടെ കാര്യത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നില്ല. പ്രതീക്ഷകള്‍ നിറവേറ്റുന്ന എത്രയോ പേരുണ്ടുവിടെ. നിവിന്‍, തങ്കളെ പോലുള്ളവര്‍ അവരെ സപ്പോര്‍ട്ട് ചെയ്യണം. നമുക്ക് താരതമ്യങ്ങള്‍ക്ക് നിന്നുകൊടുത്ത് സമയം പാഴാക്കേണ്ട, നല്ല സിനിമകള്‍ക്കായി കൂട്ടുകൂടാം…

നിവിന്‍ നിങ്ങളെ വിളിക്കാന്‍ ഞങ്ങള്‍ക്കിഷ്ടം ഒരു മികച്ച നടന്‍ എന്നാണ്. അതേപോലെ എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കരുത് എന്നു പറയാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കും ഉണ്ടാകണം….

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍