UPDATES

സിനിമ

മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍

Avatar

അഴിമുഖം പ്രതിനിധി 

2016 മാര്‍ച്ച് 6, ഞായറാഴ്ച്ച മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണി വിടപറഞ്ഞ ദിവസം. കേരളം സമീപകാലത്തൊന്നും കാണാത്ത ജനവികാരത്തിനായിരുന്നു മണിയുടെ അപ്രതീക്ഷിത വിയോഗം സാക്ഷ്യം വഹിച്ചത്. ഗുരുതരമായ കരള്‍ രോഗ ബാധയെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണി രണ്ടുദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. മണിയുടെ വിയോഗവാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന കേരളത്തെ വല്ലാതെ ആശങ്കപ്പെടുത്തി ചില വാര്‍ത്തകള്‍ കൂടി വന്നു. മണിയുടേത് അസ്വാഭാവിക മരണമായിരുന്നോ? മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതിന്റെ ചില സൂചനകള്‍ പുറത്തുവന്നതായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്ക് ആധാരം. മണിയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഈ സംശയവും വാര്‍ത്തയും വലിയ ചര്‍ച്ചകളായില്ലെങ്കിലും കനലെരിഞ്ഞുതന്നെ കിടന്നു. 

മണിക്കൊപ്പം അവസാനദിവസം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെ മേല്‍ ചില സംശയങ്ങള്‍ ഉണ്ടാവുകയും അതിനുള്ള മറുപടിയുമായി ജാഫര്‍ രംഗത്തുവന്നതുമൊക്കെ വാര്‍ത്തകളെ ചൂടുപിടിപ്പിച്ചു. കാറ്റ് കൂടുതല്‍ ശക്തമായി വീശാന്‍ തുടങ്ങിയത് പിന്നീടുള്ള ദിവസങ്ങളിലായിരുന്നു. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ തന്റെ ചേട്ടന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നു. സുൃത്തുക്കളും സഹായികളുമായി കൂടെക്കൂടിയവരിലൊക്കെ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു. ഇതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു.

സഹായികളായിരുന്ന വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞ് രാമകൃഷ്ണന്‍ തന്റെ സംശയം ബലപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. മണി മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് പാഡിയില്‍(ചാലക്കുടിപ്പുഴയുടെ തീരത്തെ ജാതിത്തോട്ടത്തിനു നടുവിലായി മണി കഴിപ്പിച്ചിട്ടുള്ള ഔട്ട് ഹൗസാണ് പാഡി. ഇവിടെയാണ് മണി സുഹൃത്തുക്കളുമൊത്ത് ഒരുമിച്ചു കൂടുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് കൂടുതലും മണി ചെലവഴിച്ചിരുന്നതും ഇവിടെയാണ്) നടന്ന മദ്യപാനത്തിലും അന്നവിടെ ഉണ്ടായിരുന്നവരിലും തനിക്ക് സംശയമുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. മണിയെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ പാഡി ധൃതിപിടിച്ച് വൃത്തിയാക്കിയതിനു പിന്നില്‍ തെളിവു നശിപ്പിക്കാനുള്ള വൃഗ്രതയായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.

ഇതിനിടയില്‍ സോഷ്യല്‍ മീഡിയിലൂടെ മറ്റൊരു വാര്‍ത്ത പരന്നു. ചാനല്‍ അവതാരകനും നടനുമായ സാബു(തരികിട സാബു)വിന് മണിയുടെ മരണത്തില്‍ പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത. അതൊരു ഫെയ്ക് ന്യൂസ് ആയിരുന്നെങ്കിലും പിറ്റേദിവസം തന്നെ സാബുവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. താന്‍ മണിയുടെ അടുക്കല്‍ പോയിരുന്നെുവെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും മണിയുടെ ഡ്രൈവര്‍ പീറ്റര്‍ ആണ് തന്നെ എറണാകുളത്ത് കൊണ്ടുപോയി വിട്ടതെന്നും സാബു പൊലീസിനു മൊഴി നല്‍കി. എന്നാല്‍ സാബുവിന്റെ മൊഴിയെ എതിര്‍ത്തുകൊണ്ട് മണിയുടെ ഡ്രൈവര്‍ പീറ്റര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. അന്നേദിവസം സാബു നന്നായി മദ്യപിച്ചിരുന്നതായി സാബുവിനെ എറണാകുളത്തു കൊണ്ടു ചെന്നു വിട്ട പീറ്റര്‍ പറഞ്ഞു. ഇതിനിടയില്‍ മണിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കരള്‍രോഗവും വൃക്കയിലെ പഴുപ്പുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ വന്നൂ എന്നകാര്യത്തില്‍ സംശയം അപ്പോഴും ബാക്കി നിന്നു. ആ സംശയം തീരണമെങ്കില്‍ രാസപരിശോധന ഫലം കിട്ടണമായിരുന്നു.

മണിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന വാദത്തിനു കനം കൂടിവരുന്ന സാഹചര്യത്തില്‍ തന്നെ മണിയുടെ ഭാര്യ നിമ്മിയുടെ ചില പ്രസ്താവനകളും പുറത്തുവന്നു. അതിലൊന്ന് മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നതായിരുന്നു. മണിയുടേത് ആത്മഹത്യയാണെന്ന ചില കിംവദന്തികളെ നിരാകരിക്കുന്നതായിരുന്നു നിമ്മിയുടെയും സഹോദരന്‍ രാമകൃഷ്ണന്റെയും വാക്കുകള്‍. മണിക്ക് കരള്‍ രോഗം ഉണ്ടെന്ന കാര്യംപോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നും പാഡിയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ മണിയെ ആശുപത്രിയിലെത്തിച്ചത് തങ്ങളെ അറിയിക്കാതെപോലുമായിരുന്നുവെന്നും നിമ്മി പറഞ്ഞു. മഞ്ഞപ്പിത്തമുണ്ടായിരുന്നതായി അറിയാമായിരുന്നു. അതിനുള്ള ചികിത്സകളും നടത്തുന്നുണ്ടായിരുന്നു. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നതായും വീട്ടില്‍വച്ച് മണി മദ്യപിക്കാറില്ലായിരുന്നുവെന്നും നിമ്മി പറയുന്നു. പക്ഷേ സുഹൃത്തുക്കുകള്‍ മണിയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ നിര്‍ബന്ധിച്ച് മണിയെക്കൊണ്ട് മദ്യം കഴിപ്പിച്ചിരുന്നതായും നിമ്മി ആരോപിച്ചു. മണിയെ സാമ്പത്തികമായും ചിലര്‍ ചൂഷണം ചെയ്തിരുന്നുവെന്നും നിമ്മി പറഞ്ഞു.

തുടക്കം മുതലുള്ള കിംവദന്തികളില്‍ ഒന്ന് മണി കുടുംബവുമായി സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നും വീട്ടിലേക്ക് പോകാറില്ലെന്നുമായിരുന്നു. എന്നാല്‍ ഇതുവെറും ഊഹാപോഹം മാത്രമാണെന്നും മണിക്കു കുടുംബമെന്നാല്‍ എല്ലാത്തിലും വലുതായിരുന്നവെന്നും ഉറപ്പിച്ചു പറഞ്ഞത് ജാഫര്‍ ഇടുക്കി അടക്കമുള്ളവരായിരുന്നു. പക്ഷേ മണിയുടെ ഭാര്യ പറയുന്നതനുസരിച്ച് ഫെബ്രുവരി 20 കഴിഞ്ഞ് മണി വീട്ടിലേക്ക് വന്നിട്ടില്ല. താന്‍ അവസാനമായി അദ്ദേഹത്തെ കാണുന്നത് അന്നാണെന്നും നിമ്മി പറയുന്നു. വീട്ടിലേക്കു വരുന്നില്ലെന്നു ബന്ധുക്കളെ വിളിച്ചു പറഞ്ഞിരുന്നതായും നിമ്മി പറയുന്നു. അതേസമയം തന്നെ തങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും നിമ്മി വ്യക്തമാക്കുന്നു.

അവ്യക്തതകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലാണ് മണിയുടെ രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം മണിയുടെ ശരീരത്തില്‍ കൃഷിവിളകളില്‍ തളിക്കുന്ന കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അംശം കലര്‍ന്നിട്ടുണ്ട്. ഈ വിവരം മണിയുടേത് മരണമല്ല കൊലപാതകമാണെന്ന സംശയങ്ങളെ ബലപ്പെടുത്തി.

സംഘം ചേര്‍ന്ന നടന്ന മദ്യപാനത്തില്‍ എങ്ങനെ മണിയുടെ ശരീരത്തില്‍ മാത്രം കീടനാശിനി കലര്‍ന്നുവെന്നത് ചോദ്യമായി. മദ്യത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആയിരിക്കാം കീടനാശിനി ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നത്. പക്ഷേ ഒന്നുകില്‍ മനപൂര്‍വം മണി തന്നെ ഇതു മദ്യത്തിലോ ഭക്ഷണത്തിലോ കലര്‍ത്തിയിരിക്കാം. അങ്ങനെയാണെങ്കില്‍ മണിയുടേത് ആത്മഹത്യ. മണിയറിയാതെയാണ് നടന്നിരിക്കുന്നതെങ്കില്‍ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെടും.

പാഡിയില്‍ അന്നേ ദിവസം നടന്ന പലതും സംശയങ്ങള്‍ നിറഞ്ഞതാണ്. ആരൊക്കെ അന്നേദിവസം അവിടെ ഉണ്ടായിരുന്നു എന്നതാണ് ആദ്യ ചോദ്യം. ജാഫറും സാബുവും വന്നിരുന്നുവെന്നത് ഇരുവരും സമ്മതിക്കുന്നുണ്ട്. എന്നാല് തങ്ങള്‍ മദ്യപിച്ചിരുന്നില്ലെന്ന് ഇരുവരും ആണയിടുന്നു. സാബു മദ്യപിച്ചിരുന്നുവെന്നും താനാണ് സാബുവിനെ എറണാകുളത്ത് എത്തിച്ചതെന്നും മണിയുടെ ഡ്രൈവര്‍ പീറ്റര്‍ പറയുന്നു. ജാഫറും മണിയും ബിയറു കഴിക്കുന്നത് കണ്ടെന്നു ജാഫറിനൊപ്പം അന്നു പാഡിയിലെത്തിയ വിനോദ് പറയുന്നു. സാബുവും ജാഫറും അന്നേദിവസം പാഡിയില്‍വച്ച് മദ്യപിച്ചിരുന്നുവെന്നു തന്നെയാണ് ഇപ്പോള്‍ പൊലീസും സ്ഥിരീകരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ ഇരുവരോടും ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാഡിയില്‍വച്ച് മണി രക്തം ഛര്‍ദ്ദിച്ച് അവശനിലയിലാവുകയായിരുന്നു. പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും മണി ആശുപത്രിയില്‍ പോകാന്‍ തയ്യാറാകുന്നില്ല. പക്ഷേ സ്ഥിതി ഇത്രയേറെ ഗുരുതരമായിട്ടും അവിടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരും തന്നെ മണിയുടെ ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ വിവരം അറിയിച്ചില്ല. പിന്നീട് വിവരമറിഞ്ഞ് സമീപവാസിയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ സുമേഷ് പാഡിയിലെത്തി. സുമേഷ് നിര്‍ബന്ധിച്ചിട്ടും ആശുപത്രിയിലേക്ക് വരാന്‍ മണി കൂട്ടാക്കിയില്ല. ഒടുവില്‍ സെഡേഷന്‍ നല്‍കിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. മണി എന്തുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല എന്ന കാര്യം അവ്യക്തമാണ്. മണിയെ ആശുപത്രിയില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ചിലര്‍ പാഡിയിലെത്തി സ്ഥലം കഴുകി വൃത്തിയാക്കിയത്. പാഡിയില്‍ നിന്നും രണ്ടു ചാക്കു നിറയെ സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോകുന്നതിനു പൊലീസിന് ദൃക്‌സാക്ഷികളുടെ മൊഴി കിട്ടിയിട്ടുണ്ട്.

രാമകൃഷണന്റെ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മുരുകന്‍ എന്ന മണിയുടെ പാചകക്കാരന്‍ ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനിടയില്‍ തിരിച്ചറിഞ്ഞു. ഇയാള്‍ മണിയുടെ കൂടെ കൂടിയിട്ട് കുറച്ചു നാളുകളെ ആയിരുന്നുള്ളൂ.

ഇത്തരം സംശയങ്ങള്‍ക്കിടയിലാണ് മണിയുടെ ശരീരത്തില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്നതിന്മേലുള്ള ചോദ്യോത്തരങ്ങള്‍ ഉയരുന്നത്. ജാതിത്തോട്ടത്തില്‍ ക്ലോറോപൈറ്റിഫോസ് തളിക്കേണ്ട കാര്യമില്ല. പാഡിയില്‍ ഒരു കീടനശിനിയും സൂക്ഷിച്ചിട്ടില്ലെന്നു കുടുംബാംഗങ്ങളും ചില സുഹൃത്തുക്കളും പറയുന്നു. അങ്ങനെയാണെങ്കില്‍ കീടനാശിനി പുറത്തു നിന്നു കൊണ്ടുവന്നിരിക്കാനാണ് സാധ്യത? ആര്? അന്നു വന്നുപോയവരില്‍ ആരെങ്കിലുമോ? അതോ മണി തന്നെയോ? പൊലീസിന്റെ മുന്നിലുള്ള ചോദ്യമിതാണ്.

ഇതിനിടയില്‍ പാഡിയില്‍ ചാരായം എത്തിയിരുന്നതായും പൊലീസിന് തെളിവു കിട്ടിയിട്ടുണ്ട്. ജോയി എന്നയാളാണ് ചാരായം എത്തിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തനിക്ക് ചാരായം തന്നതു ജോമോന്‍ എന്നയാളാണെന്നാണ് ജോയി പറയുന്നത്. ഈ പറയുന്ന ജോമോന്‍ ഇപ്പോള്‍ വിദേശത്താണ്. ഇയാളെ ചോദ്യം ചെയ്യാനായി നാട്ടിലേക്ക് എത്തിക്കാനുള്ള വഴി തേടുകയാണ് പൊലീസ്. പാഡിയില്‍ ചാരായം ഉണ്ടാക്കാറുണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്.

ഇങ്ങനെ കൊണ്ടുവന്ന ചാരായത്തില്‍ നിന്നാകാം മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നും കരുതാം. പക്ഷേ മണിയുടെ ശരീരത്തില്‍ മാത്രം അതെങ്ങനെ വന്നൂ. ഒപ്പമുണ്ടായിരുന്നവരുടെ ആരുടെയും ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടില്ല. മാത്രമല്ല ഇവരാര്‍ക്കും ഒരു തരത്തിലുള്ള ശാരീരികാസ്വസ്ഥ്യങ്ങള്‍ ഉണ്ടായിട്ടുമില്ല. മണിയെ പലരും സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നു കുടുംബങ്ങളുടെ പരാതി ഇവിടെയാണ് പ്രസക്തമാകുന്നത്. സാമ്പത്തിക ഇടപാടുകളാണോ മണിയുടെ മരണത്തിനു കാരണമായത്.

എല്ലാ സത്യങ്ങളും പുറത്തുവരാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കാനാണ് പൊലീസ് പറയുന്നത്. കേള്‍ക്കുന്നതും പറയുന്നതുമൊന്നുമാകില്ല സത്യം. അതെന്താണെന്നു പൊലീസ് കണ്ടെത്തുമെന്നാണ് സംസ്ഥാന ഡിജിപി സെന്‍കുമാര്‍ പറയുന്നത്. ആ സത്യം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. അതുവരെ മനസ് അസ്വസ്ഥമാണ്….അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നല്ലോ നമുക്ക് മണി…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍