UPDATES

ഇനി ഉടനെ കള്ളനാകില്ല; അല്ലെങ്കില്‍ കിട്ടുന്ന കയ്യടി കൂവലാകും-ചെമ്പന്‍ വിനോദ് സംസാരിക്കുന്നു

Avatar

ചെമ്പന്‍ വിനോദ്/ മീര

സൂപ്പര്‍ താരങ്ങള്‍ വെള്ളിത്തിരയില്‍ മിന്നിമായുമ്പോള്‍ തീയേറ്ററില്‍ കയ്യടി ഉയരുന്നത് സ്വാഭാവികം. എന്നാല്‍, ഒരുപാട് സിനിമകളുടെ അനുഭവ പരിചയം പറയാനില്ലാഞ്ഞിട്ടും ഒരു സ്വഭാവ നടന് ജനം നല്‍കുന്ന കയ്യടി അദ്ദേഹത്തിന്റെ കഴിവിനാണ്. ചെയ്യാന്‍ പോകുന്നത് കോമഡിയാണോ വില്ലത്തരമാണോ എന്നൊക്കെ തിരിച്ചറിയും മുമ്പ് ആ നടനെ ആളുകള്‍ കയ്യടിച്ച് സ്വീകരിക്കുന്നെങ്കില്‍ അത് അംഗീകാരമാണ്. അടുത്ത കാലത്ത്, അത്തരം കയ്യടികള്‍ ഏറ്റുവാങ്ങി മുന്നേറുന്ന നടനാണ് ചെമ്പന്‍ വിനോദ് ജോസ്. ആമേന്‍ മുതല്‍ കോഹിനൂര്‍ വരെ ചെമ്പന് അഭിമാനിക്കാന്‍ ഏറെയുണ്ട്. എങ്കിലും സിനിമയുടെ മായക്കാഴ്ചകളില്‍ മയങ്ങാതെ, തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ആണ് ചെമ്പനിഷ്ടം. ചെമ്പന്റെ വിശേഷങ്ങളിലേക്ക്.

സിനിമാ പ്രവേശനം എളുപ്പമായിരുന്നോ?
ശരിക്കും എളുപ്പമായിരുന്നു. എന്റെ സുഹൃത്ത് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ സിനിമയിലൂടെയാണ് ഞാന്‍ അഭിനയ രംഗത്തേക്ക് വന്നത്. അതിന്റെ തിരക്കഥ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഈ കാരക്ടര്‍ നീ ചെയ് എന്ന് പറഞ്ഞ് എനിക്ക് നീട്ടിയ വേഷമാണ് നായകനിലെ ശരവണന്‍. സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചോ സ്വപ്നം കണ്ടോ അല്ല ഞാന്‍ സിനിമയിലെത്തിയത്. അതിന് വേണ്ടി ശ്രമിച്ചിട്ടുമില്ല. വളരെ യാദൃശ്ചികമായി സിനിമയിലേക്ക് വന്നതാണ്. ബാംഗ്ലൂരില്‍ ബിസിനസുമായി കഴിയുകയായിരുന്നു ഞാന്‍. എന്റെ പ്രൊഫഷന്‍ ഫിസിയോ തെറാപ്പി ആയിരുന്നു. അതിലും ഒന്നും ചെയ്തിട്ടില്ല. ആമേന്‍ സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സിനിമയെ കുറിച്ച് സീരിയസായി ചിന്തിക്കുന്നത്.

വില്ലന്മാരുടെ ശരീരമാണ് ചെമ്പന്. പക്ഷേ, കൈകാര്യം ചെയ്യുന്നത് കോമഡിയും. എങ്ങനെ രണ്ടും കൈകാര്യം ചെയ്യുന്നു?
വില്ലന്‍ അല്ലെങ്കില്‍ ഗുണ്ട എന്ന് ആളുകള്‍ ചിന്തിക്കുന്ന ഈ ശരീരത്തില്‍ വരുന്നത് കൊണ്ടാകാം ഒരുപക്ഷേ, എന്റെ കോമഡി ആളുകള്‍ സ്വീകരിക്കുന്നത്. ഇതുവരെയുള്ള ഹാസ്യതാരങ്ങളൊക്കെ സോഫ്ട് ലുക്കുള്ള സുന്ദരന്മാരായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ വന്നപ്പോള്‍ അതിന്റെ വൈപരീത്യം തന്നെയാവണം ആളുകള്‍ക്ക് രസിക്കുന്നത്. അല്ലെങ്കില്‍ ഈ കാലഘട്ടത്തിന് അനുസരിച്ചുള്ള കോമഡികള്‍ എഴുതുന്ന ആളുകളോട് കൂടിയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. എല്ലാം കൂടി അതിന്റേതായ സമയത്ത്, സ്ഥലത്ത് സംഭവിക്കുന്നതാവും എന്റെ കോമഡി സ്വീകരിക്കപ്പെടാനിടയാക്കുന്നത്.

തിരക്കഥയില്‍ ഇടപെട്ട് കോമഡികള്‍ സംഭാവന ചെയ്യാറുണ്ടോ?
തിരക്കഥയില്‍ ഇടപെടാറില്ല. സംവിധായകനാണല്ലോ ക്യാപ്റ്റന്‍. ചിലപ്പോള്‍ അങ്ങോട്ടു ചോദിക്കാറുണ്ട്. ഇങ്ങനെ ചെയ്താലോ പറയാമോ എന്നൊക്കെ. ആകാം എന്ന് സംവിധായകന്‍ പറയുകയാണെങ്കില്‍ അത് ചെയ്യും. വേണ്ട എന്ന് പറഞ്ഞാല്‍ ചെയ്യില്ല. ലിജോയോടൊക്കെ വളരെ കാര്യമായി എനിക്ക് ചോദിക്കാന്‍ പറ്റാറുണ്ട്. സൗഹൃദ അന്തരീക്ഷമാണ് ഇപ്പോള്‍ സിനിമയില്‍. അപ്പോള്‍ ചോദിക്കാനുള്ള അടുപ്പം കൂടും. തൃശൂര്‍ ഭാഷയൊക്കെയാണെങ്കില്‍ ഞാന്‍ അങ്കമാലിക്കാരനായതു കൊണ്ട് എന്തൊക്കെ ചേര്‍ക്കാമെന്നൊക്കെ പറഞ്ഞു കൊടുക്കാന്‍ എനിക്കാകും. സത്യത്തില്‍, ഞാന്‍ തിരക്കഥ ശരിക്ക് വായിച്ചു കേള്‍ക്കാറു പോലുമില്ല. എന്റെ ഭാഗം നരേറ്റ് ചെയ്തു കേള്‍ക്കും. അപ്പോള്‍ ആലോചിച്ച് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നുള്ളതിനെ കുറിച്ച് തീരുമാനിക്കും.

അഭിനയത്തില്‍ മുന്‍ പരിചയമുണ്ടോ?
ഇല്ല. ഫ്രഷായിട്ടാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. പക്ഷേ, ഒട്ടുമിക്ക ഇന്ത്യന്‍, വിദേശ സിനിമകള്‍ കണ്ടിട്ടുണ്ട്. എനിക്ക് സിനിമയായിട്ടുള്ള ബന്ധം തന്നെ അതാണ്. എട്ടാം ക്‌ളാസ് മുതല്‍ സിനിമയോട് പ്രേമം തുടങ്ങിയതാണ് എനിക്ക്. പഠിക്കാത്തതിനോ വഴക്കുണ്ടാക്കിയതിനോ ഇതുവരെ എനിക്ക് വഴക്കോ അടിയോ കിട്ടിയിട്ടില്ല. അഥവാ കിട്ടിയിട്ടുണ്ടെങ്കില്‍ അതെല്ലാം ക്‌ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയതിനാണ്. ഒറ്റയ്ക്കായിരുന്നു സിനിമയ്ക്ക് പോവാറുണ്ടായിരുന്നത്. കൂട്ടുകാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ കൂടുതല്‍ കുഴിയില്‍ ചാടിയിട്ടുണ്ട്. എന്നെ പൊക്കിയില്ലെങ്കിലും കൂട്ടുകാരനെ പിടികൂടുകയും പിന്നെ അവന്റെ വീട്ടുകാരുടെ കണ്ണുരുട്ടലും ഒക്കെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട്, പിന്നെ ഒറ്റയ്ക്കായി സിനിമാകാഴ്ചയൊക്കെ. പിന്നെ, അഞ്ചാം ക്‌ളാസിലൊക്കെ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നാടകവും ഡാന്‍സുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും ഒരു മുന്‍പരിചയമായി കൂട്ടാന്‍ പറ്റില്ല.

തിരക്കഥയോ, സംവിധായകനോ. സിനിമ ചെയ്യുമ്പോള്‍ ഇതില്‍ എന്താണ് തിരഞ്ഞെടുക്കുക?
സിനിമയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. തിരഞ്ഞെടുക്കാന്‍ മാത്രം ഒരുപാട് സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ, ചെയ്ത പടങ്ങളൊക്കെ എനിക്ക് എന്തെങ്കിലും ചെയ്യാനുള്ളവയായിരുന്നു. കോഹിനൂര്‍ വരെ ഇപ്പോള്‍ കള്ളന്റെ വേഷം ഒരുപാടായി. ഇനി ഒരു കള്ളനാകാന്‍ ഞാന്‍ രണ്ടു വര്‍ഷം കാത്തിരുന്നിട്ടേ ചെയ്യൂ. അല്ലെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന കയ്യടി കൂവലാകാന്‍ അധികം താമസമുണ്ടാകില്ല.

ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളുണ്ടോ?
എനിക്ക് ഒരു ഹിപ്പ്‌ഹോപ്പ് ഒക്കെ ചെയ്യുന്ന, റാപ്പ് ഡാന്‍സറായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ ഒരു ഡാന്‍സറൊന്നുമല്ല. പക്ഷേ, ബാംഗ്‌ളൂരില്‍ ജീവിച്ചതു കൊണ്ട് പാര്‍ട്ടിയിലും മറ്റും അത്തരം സ്റ്റെപ്പുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിന്റെ താളത്തിനനുസരിച്ച് കളിക്കാന്‍ എനിക്ക് അറിയാം. അതിന്റെ ചെറിയ ഒരു സംഭവം ഞാന്‍ ഡബിള്‍ ബാരല്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. അത് എത്രത്തോളം വിജയിച്ചു എന്ന് എനിക്ക് അറിയില്ല.

ഡബിള്‍ ബാരല്‍ വിജയിച്ചില്ലല്ലോ?
ഞാന്‍ യു.എസില്‍ വച്ചാണ് സിനിമ കാണുന്നത്. നാട്ടില്‍ എന്റെ ആ വേഷത്തിന് അതിന് കയ്യടിയായിരുന്നോ കൂവലായിരുന്നോ എന്നൊന്നും അറിയില്ല. കയ്യടി കിട്ടിയെന്നൊക്കെ കൂട്ടുകാര്‍ പറഞ്ഞു. എന്റെ കൂട്ടുകാരന്റെ സിനിമയാണത്. മഹത്തരമായ സിനിമയാണ്, അത് ആളുകള്‍ സ്വീകരിച്ചില്ല എന്നൊന്നും ഞാന്‍ പറയില്ല. ഡബിള്‍ ബാരല്‍ പറഞ്ഞ ജോണര്‍ നമുക്ക് അധികം പരിചിതമല്ലായിരുന്നു. ലിജോയുടെ അതേ പോലുള്ള മറ്റൊരു ചിന്തയായിരുന്നു ആമേന്‍. ലിജോ മോശം മേക്കര്‍ ആണെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരും പറയുന്നത് ഇതെന്ത് പടം എന്നാണ്, ഒന്നും മനസ്സിലാകുന്നില്ല എന്നാണ്. ലിജോ ഇന്നത്തെ നല്ല ടെക്‌നീഷ്യന്മാരില്‍ ഒരാള്‍ തന്നെയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു സിനിമ എടുക്കാന്‍ ആവില്ല. അത് ബാംഗ്‌ളൂര്‍ ഡേയ്‌സ് ആണെങ്കിലും പ്രേമം ആണെങ്കിലും ആമേന്‍ ആണെങ്കിലും. ചിന്തിച്ചു കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടമല്ലാത്ത നിരവധി കാര്യങ്ങള്‍ ഈ സിനിമകളിലെല്ലാം ഉണ്ടാകും. സിനിമ ശരിക്കും സംവിധായകന്റേതാണ്. അത് അവന് തൃപ്തി വരുന്ന വിധത്തിലാണ് എടുക്കുക. ആളുകളെ തൃപ്തിപ്പെടുത്താനായി എടുത്താല്‍ ഒടുവില്‍ സംവിധായകനും സന്തോഷമാവില്ല, കാഴ്ചക്കാരനും തൃപ്തിയാവില്ല. നാളെ വേറെ സിനിമ വരുമ്പോള്‍ ഈ പരാജയം എല്ലാവരും മറക്കും. സിനിമയുടെ ജയപരാജയങ്ങള്‍ എന്റെ കരിയറുമായി ബന്ധപ്പെടുത്തി ഞാന്‍ ചിന്തിക്കാറില്ല. അങ്ങനെ ആലോചിച്ചാല്‍ ടെന്‍ഷനാകും. ഇപ്പോള്‍ എന്റെ ജീവിതമാര്‍ഗമാണ് സിനിമ. അത് ചെയ്യുന്നിടത്തോളം കാലം വൃത്തിയായി ചെയ്യുക എന്നതാണ് എന്റെ ഉത്തരവാദിത്തം.

ഓരോ കഥാപാത്രത്തിനും ഓരോ ബോഡി ലാംഗ്വേജ്. കഥാപാത്രമാകാനുള്ള ഗവേഷണമൊക്കെയുണ്ടോ?
ഒരു സ്ത്രീ സാരി ഉടുത്ത് നടക്കുമ്പോഴും ജീന്‍സും ടോപ്പും ഇട്ട് നടക്കുമ്പോഴും വ്യത്യസ്തമായ ബോഡി ലാംഗ്വേജ് ആണ്. വസ്ത്രം മാറുമ്പോള്‍ ബോഡി ലാംഗ്വേജില്‍ അമ്പത് ശതമാനം മാറ്റം വരും. കഥാപാത്രത്തിന് വേണ്ടി പ്രത്യേകം പഠിത്തമൊന്നും നടത്താറില്ല ഞാന്‍. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ സംവിധായകനോട് ചോദിക്കും. എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരുന്നത് അനുസരിക്കും. ഒരു കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയോ കുറയ്ക്കുകയോ ഞാന്‍ ചെയ്യാറില്ല. കാരണം നായകനാവാന്‍ പറ്റിയ ആളല്ല ഞാന്‍. ചിലപ്പോള്‍ താടി വയ്ക്കുകയോ വടിക്കുകയോ ചെയ്‌തേക്കാം. പക്ഷേ, തടിയില്‍ ഒന്നും ചെയ്യില്ല.

സംഭാഷണങ്ങളില്‍  എപ്പോഴും തൃശൂര്‍ ചുവ വരുന്നത് വിമര്‍ശിക്കപ്പെട്ടിട്ടുണ്ടോ?
കഥ നടക്കുന്നത് എവിടെയാണോ അവിടുത്തെ സംഭാഷണം കൊണ്ടു വരാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഇന്നസെന്റ് ചേട്ടന്‍ കാലങ്ങളായി തൃശൂര്‍ സ്‌ളാംഗിലാണ് സംസാരിക്കുന്നത്. പക്ഷേ, അത് മടുത്തുവെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. ‘നീ തൃശൂര്‍ ശൈലിയില്‍ സംസാരിച്ചാല്‍ മതി’യെന്ന് ആവശ്യപ്പെടുന്നവരോട് കഥ പശ്ചാത്തലം അനുസരിച്ച് ചെയ്യാം എന്ന് ഞാന്‍ പറയാറുണ്ട്. കൊച്ചി, കോട്ടയം, തൃശൂര്‍ ഇതൊക്കെയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ ഇനിയും സ്ഥലങ്ങള്‍ കിടക്കുകയല്ലേ. ഓരോന്നായി വരുമായിരിക്കും.

സിനിമയിലെ ആരെങ്കിലുമായി താരതമ്യപ്പെടുത്തല്‍ കേട്ടിട്ടുണ്ടോ?
സിനിമയ്ക്ക് ഓരോ കാലത്തും ഓരോ ആളുകളല്ലേ. ഞാന്‍ പോയി പുതിയ പലരും പെട്ടെന്നാവും വരിക. എന്നെ തിലകന്‍ ചേട്ടനുമായി താരതമ്യപ്പെടുത്തി കേട്ടിട്ടുണ്ട്. തിലകന്റെ നഷ്ടം ചെമ്പന്‍ നികത്തും എന്നൊക്കെ മട്ടില്‍. സോഷ്യല്‍ മീഡിയയില്‍ ആരോ പറഞ്ഞതായിട്ടാണ് കേട്ടത്. വിവരമുള്ള ആരെങ്കിലുമാണോ പറഞ്ഞത് എന്നു പോലും എനിക്കറിയില്ല. ഇന്ത്യയിലെ തന്നെ അത്രയും മഹാനായ നടനോടൊപ്പം എന്നെ താരതമ്യപ്പെടുത്താന്‍ പറ്റില്ല. അതു കൊണ്ടു ആ താരതമ്യപ്പെടുത്തല്‍ ഞാന്‍ എടുത്തിട്ടില്ല. ഒരു പത്തു വര്‍ഷമൊക്കെ ഞാന്‍ അഭിനയിച്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടാണ് ഈ താരതമ്യപ്പെടുത്തല്‍ എന്നിരുന്നെങ്കില്‍ പിന്നെയും കേള്‍ക്കാമായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെ പറയുന്നത് തന്നെ മോശമാണ്.

ചെമ്പന്‍ മികച്ച കോമഡി വേഷം ചെയ്യുന്ന കാലമെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഹാസ്യതാരത്തിനുള്ള അവാര്‍ഡ് കൊടുക്കേണ്ടെന്ന് വച്ചല്ലോ?
അവാര്‍ഡ് ഒരിക്കലും എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നില്ല. ഇപ്പോഴുള്ള ഈ ജീവിതത്തില്‍ ഞാന്‍ സന്തോഷവാനാണ്. നാളെ മുതല്‍ എന്നെ സിനിമയിലേക്ക് വിളിച്ചില്ലെങ്കില്‍ പോലും ഇതു വരെ കിട്ടിയ അവസരങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. നമ്മള്‍ കുറേ അവാര്‍ഡ് ഒക്കെ മേടിച്ചു വച്ചിട്ട്, അഭിനയം ആളുകള്‍ക്ക് ഇഷ്ടായില്ലെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടോ? അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ട നിലയിലേക്ക് ഞാന്‍ വളര്‍ന്നിട്ടില്ല. എന്നേക്കാള്‍ കഴിവുള്ള എത്രയോ പേര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയിലുണ്ട്. മികച്ച ഹാസ്യ താരത്തിന്റെ അവാര്‍ഡ് എടുത്തു കളഞ്ഞതിനെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല. അതേ പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല എന്നതാണ് സത്യം. ഞാന്‍ ജോലി ചെയ്യുന്നു. അതിന്റെ ശമ്പളം വാങ്ങി ജീവിക്കുന്നു. ഞാന്‍ പറയുന്ന ഒരു തമാശ കേട്ട് 35 ലക്ഷം പേര്‍ ചിരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം ഉണ്ടാകാറുണ്ട്. സിനിമയുടെ ആ ഒരു വശമാണ് ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്യുന്നത്.

കുടുംബം?
അങ്കമാലി മാളിയേക്കല്‍ ജോസഫ് ജോസിന്റെയും ആനി ജോസഫിന്റെയും മൂന്ന് മക്കളില്‍ ഒരാളാണ് ഞാന്‍. മാളിയേക്കല്‍ വീട് നാട്ടില്‍ അറിയപ്പെടുന്ന പേരാണ് ചെമ്പന്‍ എന്നത്. അങ്ങനെയാണ് ഞാന്‍ ചെമ്പന്‍ വിനോദായത്. ഭാര്യ സുനിത. മകന്‍ ആറുവയസുകാരനായ ജോണ്‍ ക്രിസ് ചെമ്പന്‍. ഭാര്യയും മകനും ന്യൂയോര്‍ക്കിലാണ്. സിനിമയില്ലാത്തപ്പോള്‍ വര്‍ഷത്തില്‍ നാലുമാസത്തേക്ക് ഞാന്‍ അവരുടെ അടുത്ത് പോകും. മകന് ഒരു 10 വയസാകുമ്പോള്‍ ഞാന്‍ ന്യൂയോര്‍ക്കില്‍ സെറ്റില്‍ ആകാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും പോലെ എനിക്കും കുടുംബമാണ് വലുത്. അഞ്ച് വര്‍ഷം കൊണ്ട് എന്റെ ഒരു സ്ഥിതി നന്നാവുകയാണെങ്കില്‍ അവരുടെയടുത്ത് പോയി നിന്ന് സിനിമയ്ക്ക് വേണ്ടി നാട്ടിലേക്ക് വന്ന് പോകാനാണ് ആലോചന. എത്രകാലം സിനിമ എന്നെ ഉപയോഗിക്കും എന്നറിയില്ല. ഫിസിയോ തെറാപ്പിയാണ് ഞാന്‍ പഠിച്ചതെങ്കിലും ചെയ്തു ശീലിച്ചത് ബിസിനസാണ്. സിനിമയില്ലെങ്കില്‍ അവരുടെ കൂടെ പോയി നിന്ന് അവിടെ ബിസിനസ് ചെയ്തു ജീവിക്കും.

(മാധ്യമ പ്രവര്‍ത്തകയാണ് മീര)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍