UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിന്റെ ‘ആണത്തം’ അഭിമാനിക്കാനുള്ളതല്ല, അതൊരു നാണക്കേടാണെന്ന് പറഞ്ഞു തുടങ്ങേണ്ടതുണ്ട്

നടിയുടെ വിഷയത്തില്‍, താൻ അപമാനിക്കപ്പെട്ടു എന്നല്ല, ആക്രമിക്കപ്പെട്ടു എന്നാണ് അവർ പറയുന്നത് എന്നതിന്റെ രാഷ്ട്രീയം നമ്മള്‍ കാണണം

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ ഇരകളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ദ്ധിക്കുന്നതായി കാണാം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സാഹചര്യത്തെ വിലയിരുത്തി പ്രതികരിക്കുകയാണ് അഴിമുഖത്തില്‍. ഓപ്പൺ മാഗസിന്റെ സീനിയർ അസി. എഡിറ്റർ കെ.കെ ഷാഹിന പ്രതികരിക്കുന്നു.

അടിസ്ഥാനപരമായി ആണത്തം എന്ന് പറയുന്ന ഒരു സംഘടിതത്വത്തെ ആക്രമിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. കാലങ്ങളായി അതിനെ അഭിമുഖീകരിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം അക്കാദമിക് തലത്തില്‍ മാത്രമായി നില്‍ക്കുന്നു. മറിച്ച് പൊതുസമൂഹത്തില്‍ അത്തരം സംവാദങ്ങള്‍ നടക്കുന്നില്ല. വലിയ തോതില്‍ അത്തരം സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും വളരെ അഗ്രസ്സീവായ തരത്തില്‍ തന്നെ സ്ത്രീകളും ഫെമിനിസറ്റുകളും അത് പറയുകയും ചെയ്യേണ്ടുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്.

ഇപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ ആങ്ങളമാര്‍ സ്ത്രീകളെ സംരക്ഷിക്കണം എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉണ്ടാവുന്നത്. സ്ത്രീകളെ സംരക്ഷിക്കുക എന്നത് ഒരു പരിഹാരമല്ല, മറിച്ച് അത് ആ പ്രശ്‌നത്തിന്റെ ഒരു ഭാഗം തന്നെയാണ്. അതിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. സ്ത്രീകള്‍ക്ക് വേണ്ടത് സംരക്ഷണമല്ല. മനുഷ്യനെന്ന നിലയില്‍ സമൂഹത്തില്‍ ജീവിക്കാന്‍ വേണ്ടുന്ന തുല്യനീതിയും തുല്യഅവസരങ്ങളുമാണ് സ്ത്രീകള്‍ക്ക് വേണ്ടത്.

പാട്രിയാര്‍ക്കി എന്ന് പറയുന്നത് വളരെ സങ്കീര്‍ണമായ, അഡ്രസ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ്. ആരാണ് നമ്മുടെ ശത്രു എന്നതാണ് പ്രധാന വിഷയം. ശത്രുസംഹാരം വീടുകളില്‍ നിന്ന് തന്നെ തുടങ്ങേണ്ടി വരും. നമ്മുടെ തന്നെ ഉള്ളില്‍ നിന്ന് അത് തുടങ്ങേണ്ടി വരും. സ്ത്രീകളുടെ തന്നെ ഉള്ളില്‍ കയറിക്കൂടിയിട്ടുള്ള പാട്രിയാര്‍ക്കിയുടെ മൂല്യങ്ങളെ വലിച്ച് പുറത്തിട്ടുകൊണ്ട് വേണം മുന്നോട്ട് പോവാന്‍. മഹാഭൂരിപക്ഷം പുരുഷന്‍മാരും പാട്രിയാര്‍ക്കിയുടെ ഗുണഭോക്താക്കളും പ്രയോക്താക്കളുമാണ്. ഒരു വലിയ അളവ് വരെ സ്ത്രീകള്‍ അതിന്റെ വാഹകരാണ്. സിനിമാ നടിയുടെ വിഷയത്തിലടക്കം പ്രതികരിക്കുന്ന വളരെ ഉത്പതിഷ്ണുക്കളായുള്ള പുരുഷന്‍മാര്‍ പോലും പാട്രിയാര്‍ക്കിയുടെ സുുഖസൗകര്യങ്ങളെ കൈവിടാന്‍ തയ്യാറല്ലാത്തവരാണ്. ഈ വിഷയത്തെയും അഭിമുഖീകരിച്ചേ മുന്നോട്ട് പോവാനാവൂ.

മറ്റൊന്ന് മാധ്യമങ്ങള്‍ സൃഷ്ടിച്ച് ചില പദാവലികളുണ്ട്. മാനഭംഗം, പീഡനം തുടങ്ങിയവ. ഇതിനെയൊക്കെ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. മാനഭംഗം എന്ന പ്രയോഗം മലയാള പത്രങ്ങളുടെ സ്റ്റൈല്‍ ബുക്കില്‍ നിന്ന് എടുത്ത് കളയണം. ഇതിനകം തന്നെ പല വാക്കുകളും അത്തരത്തില്‍ മാറ്റിയിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളുമായി ബന്ധപ്പെട്ട് വാക്കുകള്‍ക്ക് മാറ്റം വരാത്തത്? മാനഭംഗം എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ പ്രാഥമികമായും സ്ത്രീകളുടെ മാനത്തിന് നേരെയാണ് ആക്രമണം എന്ന രീതിയിലാണ് അത് വായിക്കപ്പെടുന്നത്. തീര്‍ച്ചയായും അതങ്ങനെയല്ല. നടിയുടെ വിഷയത്തില്‍ താൻ ആക്രമിക്കപ്പെട്ടു എന്ന് പറയാനാണ് അവര്‍ പോലും താത്പര്യപ്പെടുന്നത് എന്നതിന്റെ രാഷ്ട്രീയം നമ്മള്‍ കാണണം. ആ പെണ്‍കുട്ടി ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഒരു വലിയ പോരാട്ടമാണ്. അത് രാഷ്ട്രീയമായ ഒരു പോരാട്ടം കൂടിയാണ്. ഞാന്‍ ആക്രമിക്കപ്പെട്ടു എന്നാണ് അവര്‍ പറയുന്നത്. എന്റെ മാനത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നത് തന്നെയാണ് അവര്‍ അതിലൂടെ പറഞ്ഞുവയ്ക്കുന്നത്. അതിനൊപ്പം നമ്മള്‍ നില്‍ക്കുകയാണ് വേണ്ടത്. പക്ഷെ മാധ്യമങ്ങള്‍ക്ക് മാനഭംഗം എന്ന് പറഞ്ഞാലേ തൃപ്തിയാവൂ. അതിനെനെയും കൂടി ചെറുത്തുകൊണ്ട് മുന്നോട്ട് പോവേണ്ട അവസ്ഥയവര്‍ക്കുണ്ടാവുന്നു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്‌നം അതാണ്. ആക്രമിക്കപ്പെട്ട് കഴിഞ്ഞാല്‍ അത് അവിടെ തീരുന്നില്ല. മാധ്യമങ്ങളും കോടതിയുമെല്ലാം വരുന്ന അതിന്റെ മറ്റൊരു ഘട്ടം അവിടെ തുടങ്ങുന്നതേയുള്ളൂ. ഈ സങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചെഴുതേണ്ടതാണ്.

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ശാരീരിക ആക്രമണത്തിന് ഇരയായി എന്നതിനപ്പുറത്തേക്ക് യാതൊരു മൂല്യവും ശരീരത്തിന് കൊടുക്കാതിരിക്കുകയെന്നതാണ് സ്ത്രീകള്‍ സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കേണ്ട കാര്യം. അത് എളുപ്പമല്ല. ശ്രമകരവും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണെന്ന് സ്ത്രീകള്‍ക്കറിയാം. എന്നാല്‍ അത് ചെയ്യേണ്ടതുണ്ട്. നഗ്നചിത്രം എടുത്ത് ഇന്റര്‍നെറ്റിലിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ കഴിയുന്നതെന്തുകൊണ്ടാണ്? നഗ്നചിത്രമെടുത്ത് ഇന്റര്‍നെറ്റിലിട്ടാല്‍ അത് കാണാന്‍ ആളുണ്ട്. രോഷപ്രകടനങ്ങളുമായി ഇറങ്ങിയ മലയാളികളില്‍ പലരും അത് കാണാനായി കാത്തിരിക്കുന്നവരാണെന്ന് പ്രതികള്‍ക്ക് നന്നായി അറിയാം. നമ്മുടെ ശരീരം കണ്ടാലോ, നഗ്നചിത്രം എടുത്ത് ആളുകളെ കാണിച്ചാലോ നമുക്ക് ഒരുചുക്കും സംഭവിക്കുന്നില്ല. മണിപ്പൂരില്‍ ഉണ്ടായത് പോലെയുള്ള പ്രതിഷേധം കേരളത്തിലുണ്ടാവേണ്ടതുണ്ട്.

നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ചീത്തസ്ത്രീകളായി നമ്മളെ മുദ്രകുത്തുമെന്ന ഭയത്തില്‍ നിന്ന് പുറത്തുകടന്നേ പറ്റൂ. ഞാന്‍ ഒരു ചീത്ത സ്ത്രീയാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയം ഉണ്ടാവേണ്ടതുണ്ട്. നല്ലതും ചീത്തയുമൊക്കെ സൃഷ്ടിക്കുന്ന പുരുഷാധിപത്യത്തിന്റെ സമര്‍ഥമായ അഭിനിവേശത്തെ മറികടക്കാൻ സ്ത്രീകള്‍ക്ക് കഴിയണം.

ഇപ്പോൾ കൂട്ടത്തിലൊരുവളാണ്; രാജാക്കന്മാരെ, നിങ്ങളുടെ ആത്മാവിഷ്കാരങ്ങളും അതിനു കിട്ടിയ കൈയടിയും മറക്കരുത്

സ്‌കൂള്‍ തലം മുതല്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം എന്നത് അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ട്. പ്രധാനമായും ആണ്‍കുട്ടികള്‍ക്ക് തന്നെയാണ് ഈ വിദ്യാഭ്യാസം നല്‍കേണ്ടത്. ഒരു സ്ത്രീയെ ഏത് രൂപത്തില്‍ കണ്ടാലും ആക്രമിക്കാനോ കയറിപ്പിടിക്കാനോ ഉള്ള ഒരവകാശവും ഇല്ല എന്ന പാഠം വളരെ ചെറുപ്പത്തിലേ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇപ്പോഴും സര്‍ക്കുലര്‍ ഇറക്കുന്നതും ഉപദേശം കൊടുക്കുന്നതും പെണ്‍കുട്ടികള്‍ക്ക് തന്നെയാണെന്നതാണ് വലിയ ദുരന്തം. പെണ്‍കുട്ടികളെ ഇനി ആരും ഉപദേശിക്കേണ്ടതില്ല. ഇനി പുരുഷന്‍മാരെയാണ് പഠിപ്പിക്കേണ്ടത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് പ്രകോപനം എന്നൊക്കെയുള്ള വാദങ്ങള്‍ എത്ര മോശമാണ്. ഇങ്ങനെ പറയുന്നവരോട് തിരിച്ച് ചോദിക്കാന്‍ ഒറ്റ ചോദ്യമേയുള്ളൂ. റോഡിലൂടെ നടക്കുമ്പോള്‍ കക്കൂസില്‍ പോവാന്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ അവിടെയിരുന്ന് കാര്യം സാധിക്കുമോ? അതിന് പറ്റുന്ന ഒരു സ്ഥലം വരുന്നത് വരെ ആ തോന്നലിനെ നിയന്ത്രിക്കുമല്ലോ. ഈ ഒരു വികാരം മാത്രം അങ്ങനെയല്ല. എനിക്ക് തോന്നി, എന്നെ തോന്നിപ്പിച്ചു, എന്നെ പ്രകോപിപ്പിച്ചു അതുകൊണ്ട് ഞാന്‍ ചെയ്തു. അത് വൃത്തികെട്ട ആണധികാരത്തിന്റെ ഭാഷയാണ്. അതിനെയൊക്കെത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ ആണത്തം അഭിമാനിക്കാനുള്ള കാര്യമല്ല മറിച്ച് അതൊരു നാണക്കേടാണ് എന്ന് നമ്മള്‍ ഇനി പറഞ്ഞു തുടങ്ങേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഒരു വിക്ടിം ഗൈഡ്‌ലൈന്‍ അഥവാ വിക്ടിം പ്രോട്ടോക്കോള്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സി.ആര്‍.പി.സി. വകുപ്പുകള്‍ ഭേദഗതി ചെയ്യുക കൂടി വേണം. പോലീസ് സ്ത്രീകളുടെ മൊഴിയെടുക്കുന്ന സമയം തന്നെ അത് വീഡിയോയില്‍ പകര്‍ത്തി കേസിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകള്‍ അക്കാര്യങ്ങള്‍ പോയി ആവര്‍ത്തിക്കേണ്ടുന്ന സാഹചര്യം ഒഴിവാക്കണം. ആക്രമണത്തിനിരയാകുന്ന പെണ്‍കുട്ടികളെ സാധാരണ ഷെല്‍റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. അതും ഒഴിവാക്കേണ്ടതുണ്ട്. കേസ് പരമാവധി ആറ് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കപ്പെടണം. കേസിന്റെ നടപടികള്‍ അവസാനിപ്പിച്ച് സ്ത്രീകളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വിടുകയാണ് ചെയ്യേണ്ടത്. അതിവേഗ കോടതികളും പ്രത്യേക കോടതികളുമെല്ലാമുണ്ടായിട്ടും കേസ് നടത്തിപ്പില്‍ കാലതാമസമുണ്ടാവുന്നുണ്ട്. കൂടുതല്‍ വനിതാ ജഡ്ജിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമനങ്ങള്‍ നടത്തേണ്ടതുണ്ട്. സ്ത്രീകള്‍ വന്നാല്‍ കാര്യങ്ങള്‍ മാറുമോയെന്ന് ചോദിക്കുന്നുവരുണ്ട്. ഭൂരിഭാഗം സ്ത്രീകളും പാട്രിയാര്‍ക്കി മൂല്യങ്ങള്‍ പേറുന്നവരാണെന്നത് യാഥാര്‍ഥ്യമാണെങ്കിലും ഇത് ഗുണപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

(തയാറാക്കിയത് കെ.ആർ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍