UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular to the System

മായ ലീല

സിനിമ

സിനിമാക്കാരോടാണ്: നിങ്ങൾ മാനം സംരക്ഷിക്കേണ്ട, അവൾക്കൊരു വ്യക്തിത്വമുണ്ടെന്ന് ഓര്‍ത്താല്‍ മതി

‘കാശിനു വേണ്ടി തുണിയഴിക്കുന്ന സിനിമാനടിമാരെ’ എന്നാണ് മലയാളി പൊതുബോധത്തിന് കലാകാരികളെക്കുറിച്ചുള്ളത്

മായ ലീല

സിനിമ ലോകം ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട് സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്നുണ്ട്, നല്ലത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സിനിമാക്കാരും ഓഡിറ്റിംഗിന് വിധേയരാകാം. മലയാള സിനിമ ഇത്രയും കാലം സ്ത്രീ ശരീരത്തെ ആണിന്റെ ഉപയോഗത്തിനുള്ള ഒരു വസ്തുവായി മാത്രമാണ് കാണിച്ചിരിക്കുന്നത്. പെണ്ണിന് യാതൊരു മൂല്യവും ഇല്ലെന്നും അവള്‍ വെറും പെണ്ണാണെന്നും പറഞ്ഞു വയ്ക്കാത്ത ഒരൊറ്റ സിനിമ പോലും മലയാളത്തില്‍ ഇല്ല. വ്യക്തിത്വം ഉള്ള, സ്വാതന്ത്ര്യം ഉള്ള ഒരു സ്ത്രീ നായികാ കഥാപാത്രത്തെ പോലും മലയാളം സിനിമ കേരളത്തിന് തന്നിട്ടില്ല. കാലങ്ങള്‍ക്ക് മുന്‍പുള്ള ഒരു പഞ്ചാഗ്‌നിയിലെ ഗീതയാണ് ഇന്നും പുരുഷന്റെ അധികാരത്തില്‍ വരാത്ത സ്ത്രീയെന്ന തരത്തില്‍ ഉദാഹരണം പറയാന്‍ ഉള്ളത്, അതൊരെണ്ണം മാത്രം. സ്ത്രീ ശരീരത്തെ ഒളിഞ്ഞു നോക്കുന്ന ചെറുപ്പക്കാരും, വഴിയേ പോകുന്ന സ്ത്രീകളെ കമന്റ് അടിക്കുന്ന പയ്യന്മാരും ഒക്കെ സിനിമയില്‍ വളരെ സാധാരണമെന്നോണമാണ് കാണിക്കുന്നത്. ആഷിഖ് അബുവിന്റെ തന്നെ സിനിമയായ ഇടുക്കി ഗോള്‍ഡില്‍ പോലും ഉണ്ട് കുളക്കടവില്‍ ഒളിഞ്ഞു നോക്കുന്ന നായകന്മാര്‍. ഇതൊക്കെ സമൂഹത്തിന്റെ ഏടുകള്‍ ആണ്, അതാണ് സിനിമയില്‍ പച്ചയായി കാണിക്കാന്‍ വരുന്നതെന്ന് പറയാന്‍ വരട്ടെ. ഈ പാലത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട് ഗതാഗതം. സിനിമയില്‍ കാണിക്കുന്നത്, അനുകരിക്കുന്നതും അതൊക്കെ സാധാരണമാണ് എന്ന് കരുതുകയും ചെയ്യുന്ന സമൂഹമാണ് ഇന്നും കേരളത്തില്‍ ഉള്ളത്. കച്ചവടചരക്കാത്ത സ്ത്രീശരീരങ്ങള്‍ എത്ര കുറവാണ് മലയാള സിനിമയില്‍? ഒന്നുകില്‍ പവിത്രയായ അമ്മയായി, ഭാര്യയായി കുടുംബത്തില്‍ പിറന്നവള്‍ ആയി അല്ലെങ്കില്‍ ആര്‍ക്കും ‘ഗ്യാപ്പ് കിട്ടിയാല്‍ വണ്ടി കയറ്റാവുന്ന’ വെടിയായി, ഈ ദ്വന്ദ ബിംബങ്ങള്‍ അല്ലാതെ മറ്റെന്താണ് സിനിമ കൊടുത്തിട്ടുള്ളത്? നിങ്ങള്‍ തന്നെ നിങ്ങളുടെ കലാകാരികളെ കച്ചവടവത്ക്കരിച്ച് heterosexual male gaze നു തീറ്റിക്കുകയാണ് കാലാകാലങ്ങളായി. നഗ്‌നതയ്ക്ക് കലാമൂല്യം ഉണ്ടെന്നു പറഞ്ഞാല്‍ വായുംപൊളിച്ച് നിന്നിട്ട് ഡേയ് അവടെ ക്ലിപ്പുണ്ടോ, ഉഴുന്നുവടയുണ്ടോ, മുലയുണ്ടോ തുടയുണ്ടോ എന്ന് ചോദിക്കുന്ന മൃഗതുല്യരായ കാമവെറിയന്മാര്‍ ആണ് കേരളത്തിന്റെ ആണത്ത പൊതുബോധം. അവിടെ നിങ്ങള്‍ കലയെക്കുറിച്ച് പറയരുത്, അതവര്‍ക്ക് ദഹിക്കില്ല, അവരത് വാള് വച്ച് കളയും.

പെണ്ണിന്റെ നഗ്‌നതയാണ് അവള്‍ക്ക് ആകെ കൈമുതലായുള്ളത് എന്ന് ദൃശ്യം പോലുള്ള സിനിമകള്‍ വഴി ഊട്ടി ഉറപ്പിച്ചിട്ടുമുണ്ട്. അവളുടെ മാനം അവളുടെ തൊലിപ്പുറത്ത് ഒരു പുരുഷന്റെ കണ്ണ് പതിഞ്ഞാല്‍ തീരുന്നതാണ്, അങ്ങനെ സംഭവിച്ചു പോയാല്‍ കൊലപാതകം തന്നെ ചെയ്‌തേക്കാം എന്നല്ലേ ആ സിനിമ പഠിപ്പിച്ചത്? ഈ സംസ്‌കാരം നിലനിര്‍ത്തിയതില്‍ മലയാള സിനിമ കുറ്റക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്.

സ്ത്രീ ശരീരം പുരുഷന് നോക്കി രസിക്കാന്‍ ഉള്ള വസ്തുവാണ് എന്ന ആശയം എല്ലാ സംസ്‌കാരങ്ങളിലും എല്ലാ ദേശങ്ങളിലും പുരുഷാധിപത്യം ഉറപ്പാക്കി വച്ചിട്ടുള്ള ഒന്നാണ്. നൃത്തരംഗങ്ങളിലും മറ്റും പൊക്കിളും നെഞ്ചും പൊക്കിളും എന്ന ഏരിയ വിട്ടു ചലിക്കാത്ത ക്യാമറക്കണ്ണുകള്‍ ഇല്ല മലയാള സിനിമയില്‍. അങ്ങനെ അഭ്രപാളിയില്‍ കാണിക്കാന്‍ മടിയില്ലാത്ത ഒരുത്തിയെ നടുറോഡിലും ആര്‍ക്കും കയറിപ്പിടിക്കാവുന്ന ഒരു വസ്തുവാക്കി വരുത്തി തീര്‍ത്തതും നിങ്ങളാണ്. ‘കാശിനു വേണ്ടി തുണിയഴിക്കുന്ന സിനിമാനടിമാരെ’ എന്നാണു മലയാളി പൊതുബോധം കലാകാരിമാരെ വിശേഷിപ്പിക്കുന്നത്, എവിടുന്നുണ്ടായി ഇത്തരത്തില്‍ ഒരു വീക്ഷണം? നഗ്‌നതയുടെ കലാമൂല്യം ആണ് മലയാള സിനിമയില്‍ കാണിക്കുന്നത് എന്ന് മാത്രം പറയരുത്. കലാമൂല്യം അല്ല പുരുഷന്റെ കണ്ണില്‍ വീഴുന്ന അരയും മാറും, അതവന് ലൈംഗീക സുഖത്തിനുള്ള വസ്തുക്കളെ പ്രദാനം ചെയ്യുന്നതാണ്. പഠനങ്ങള്‍ ഉണ്ട്, പ്രബന്ധങ്ങള്‍ ഉണ്ട്, സിദ്ധാന്തങ്ങള്‍ ഉണ്ട്. എത്രയോ കാലമായി ലോകം മുഴുവന്‍ ഇതിനെക്കുറിച്ച് വിശദീകരണം ഉണ്ട്. സ്ത്രീയുടെ നഗ്‌നത heterosexual പുരുഷന്‍ കാണുന്നത് അവനു അവകാശപ്പെട്ട എന്തോ വസ്തു കാണുന്നത് പോലെയാണ് എന്നാണ്, സ്ത്രീയാകട്ടെ മറ്റൊരു സ്ത്രീയുടെ നഗ്‌നത സ്‌ക്രീനില്‍ കാണുമ്പോള്‍ അവളുടെ ശരീരം കൊണ്ട് താരതമ്യം ചെയ്ത് താനും അങ്ങനെ നോക്കപ്പെടാവുന്ന വസ്തുവിന്റെ അളവുകോലില്‍ ആണോ ഉള്ളത് എന്ന് മാര്‍ക്കിടുകയാണ്. ഇതും പഠനങ്ങള്‍ തെളിയിക്കുന്നതാണ്. പുരുഷനെ തന്നെ പുരുഷന്റെ നഗ്‌നത കാണിച്ചാല്‍ അവന്‍ gay അല്ലെങ്കില്‍ അവനൊന്നും തോന്നുകയില്ല, മാര്‍ക്കിടലും ഇല്ല ആസ്വദിക്കലും ഇല്ല. സ്ത്രീ നഗ്‌നത അങ്ങനെയല്ല, സമൂഹത്തിലെ സ്ത്രീയ്ക്കും പുരുഷനും സ്ത്രീ നഗ്‌നത ഒരു വസ്തുവാണ്, കാഴ്ചയ്ക്കുള്ള ഒരു വസ്തു. വലിയതോതില്‍ സ്ത്രീകള്‍ അതിനെ ലൈംഗീക സുഖങ്ങള്‍ക്കായി തേടിപ്പിടിക്കുന്നില്ല എന്നൊരു വ്യത്യാസമേ ഉള്ളൂ. കാമാസക്തി തീര്‍ക്കാന്‍ അധികാരത്തിന്റെ വയലന്‍സ് സ്ത്രീ ചെയ്യുന്നില്ല, അങ്ങനൊരു ഇക്വേഷന്‍ സമൂഹത്തില്‍ ഇല്ല.

സമ്മതം ഇല്ലാതെ ഒരാളുടെ നഗ്‌നതയിലേക്ക് കടന്നു കയറരുത് എന്ന പാഠം മലയാളം സിനിമ എന്നിനി പഠിപ്പിക്കും? സ്ത്രീ ശരീരം കാഴ്ചവയ്ക്കപ്പെടേണ്ടുന്ന ഒരു വസ്തു അല്ലായെന്ന പാഠം എങ്കിലും? മാറ്റങ്ങള്‍ തുടങ്ങാന്‍ എപ്പോഴും അവനവനില്‍ ആണെളുപ്പം. പൊതുബോധത്തെ സ്വാധീനിക്കാന്‍ പറ്റുന്ന ശക്തമായ ഒരു മാധ്യമമാണ് സിനിമാക്കാരുടെ കൈയിലുള്ളത്. അതു കൊണ്ട് മാറ്റങ്ങള്‍ക്കും സ്ത്രീ സുരക്ഷയ്ക്കും ലിംഗസമത്വത്തിനും സിനിമാക്കാര്‍ എന്നെങ്കിലും ഒരിക്കല്‍ ശ്രമിച്ചു തുടങ്ങണ്ടേ? നിങ്ങളുടെ കൂട്ടത്തിലെ ഒരുവള്‍ ആക്രമിക്കപ്പെട്ടത് അവളുടെ നഗ്‌നതയ്ക്ക് വിലയിടാന്‍ ആയിരുന്നു. ആക്രമിക്കപ്പെടുന്ന സ്ത്രീയെ സിനിമകളില്‍ ഒരു തേവള്ളിപ്പറമ്പനോ ഇന്ദുചൂഡനോ പറന്നു വന്നു രക്ഷപെടുത്താന്‍ ഉള്ളതായി നിങ്ങള്‍ കാണിക്കുന്നു, അത് റിയല്‍ ലൈഫില്‍ നടക്കുന്നതല്ല, അല്ലെങ്കില്‍ അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാവേണ്ടതില്ലായിരുന്നു ഇതിനൊക്കെ കുറേ കാലം മുന്‍പെങ്കിലും നിങ്ങള്‍ ശ്രമിച്ചെങ്കില്‍. ഒരു ഹീറോയും ഇല്ലാതെ തന്നെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന സ്ത്രീകളെ വരും തലമുറകള്‍ക്ക് എങ്കിലും നിങ്ങള്‍ കാണിച്ചു കൊടുക്കണം.

സ്ത്രീയുടെ നഗ്‌നത പുരുഷനുള്ള കാഴ്ചവസ്തുവല്ല, സമ്മതമില്ലാതെ അതൊളിഞ്ഞു നോക്കുന്നവന്‍ കുറ്റവാളിയാണ്. നിങ്ങള്‍ക്ക് ഫോര്‍വെര്‍ഡ് ചെയ്തു കിട്ടുന്ന ക്ലിപ്പുകള്‍ തിരസ്‌കരിക്കാതെ എന്തോ ട്രോഫി കിട്ടിയതുപോലെ കൊണ്ട് നടക്കുകയും കൈമാറിക്കളിക്കുകയും ചെയ്യുന്ന ഓരോ പുരുഷനും കുറ്റവാളിയാണ്. ഈ ചങ്ങല നിലനിര്‍ത്തുന്നത് ഇതേ പുരുഷന്മാരാണ്, ഈ ചങ്ങലയുടെ ആദ്യത്തെ കണ്ണികള്‍ ആണ് നഗ്‌നത എന്ത് വിലകൊടുത്തും ഒളിക്ക്യാമറയില്‍ പകര്‍ത്താന്‍ നടക്കുന്ന ആണുങ്ങളും അത് മറ്റു പുരുഷന്മാരെ തീറ്റിച്ച് മൂലധനം സമ്പാദിക്കുന്ന പുരുഷന്മാരും. ഇവരൊക്കെ ഓരോ സ്ത്രീയുടെ മകനും ആങ്ങളയും ഭര്‍ത്താവും ആണ്, അവരുടെ സ്ത്രീകളെ വീടിനുള്ളില്‍ പൂട്ടിയിട്ടിട്ടാണ് നാട്ടിലുള്ള സ്ത്രീകളെ ഒളിഞ്ഞു നോക്കാന്‍ നടക്കുന്നത്, കാരണം സ്വന്തം ‘അമ്മ പെങ്ങള്‍’ എന്നും സംരക്ഷിക്കപ്പെടാന്‍ ഉള്ളതാണല്ലോ. വെറുതേ എങ്കിലും പെങ്ങളായി കാണാതെ ഒരു സ്ത്രീയെ ഒരു വ്യക്തിയായി കണ്ട് അവളുടെ സ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കാന്‍ ഈ സമൂഹത്തിനു ഇതുവരെ കഴിഞ്ഞിട്ടുണ്ടോ?

സ്ത്രീശരീരം പുരുഷന്റെ പൊതുസ്വത്തല്ല, സ്ത്രീയുടെ നഗ്‌നത പുരുഷന് കാഴ്ചവയ്ക്കപ്പെടേണ്ട ഒരു വസ്തുവും അല്ല. അവളുടെ ശരീരം അവള്‍ക്കിഷ്ടമുള്ളവരുമായി പങ്കുവയ്ക്കാം എന്ന് തന്നെയേ ഉള്ളൂ. അതിനുമുകളില്‍ ഉടമകളും ഉടമസ്ഥന്മാരും, വിലയിടുന്ന അധികാരികളും ഇല്ല. സ്ത്രീയുടെ നഗ്‌നതയല്ല അവളെ നിര്‍വചിക്കുന്നത്, അവള്‍ക്ക് കഴിവുകളുണ്ട്, ആഗ്രഹങ്ങളും സ്വപ്നങ്ങളും നേട്ടങ്ങളും ഉണ്ട്. നഗ്‌നതയുടെ ലീക്ക് ആകല്‍ കൊണ്ട് ഒരു പെണ്ണിന് വിലയിടുന്ന പരിപാടി ഈ അളിഞ്ഞ സമൂഹം നിര്‍ത്തിയേ മതിയാകൂ. പളുങ്കു പാത്രവും മുള്ളില്‍ വീണാല്‍ കീറുന്ന ഇലയും അല്ല സ്ത്രീ, വിമാനം പറപ്പിക്കാനും ബഹിരാകാശത്ത് പോകാനും ആഴക്കടലില്‍ നീന്താനും എഴുതാനും പാടാനും നൃത്തം ചെയ്യാനും ഗുസ്തിപിടിക്കാനും ഒക്കെ കഴിവുകളുള്ള മനുഷ്യനാണ് സ്ത്രീ. അവളെ നിര്‍വചിക്കുന്നത് അവളുടെ തീരുമാനങ്ങള്‍ ആണ്, അവളുടെ സ്വാതന്ത്ര്യം ആണ്. സ്വന്തം കാലില്‍ ആരെയും ആശ്രയിക്കാതെ നില്‍ക്കാന്‍ കഴിയണം എന്ന സ്വപ്നം ആകട്ടെ ഓരോ പെണ്ണിനും കളയാന്‍ പറ്റാത്ത അമൂല്യമായ മാനം എന്നതിന്റെ നിര്‍വചനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍