UPDATES

ട്രെന്‍ഡിങ്ങ്

ആരുടേയും മുന്നില്‍ അപമാനിതയായി കുനിഞ്ഞു പോവാനുള്ളതല്ല ഒരു സ്ത്രീയുടേയും ജീവിതം

ധൈര്യവും ഉത്ക്കര്‍ഷയും നട്ടെല്ലുമാണ് പീഡനത്തിനിരയാവുന്ന ഓരോ സത്രീയ്ക്കും ഉണ്ടാവേണ്ടത്

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. കുന്നംകുളം ചാവക്കാട് കോടതിയില്‍ അഭിഭാഷകയും കവയത്രിയുമായ അഡ്വ. സ്മിത ഗിരീഷ് പ്രതികരിക്കുന്നു.
കേരളത്തില്‍, പ്രമുഖ നടിക്കുനേരെയുണ്ടായ അതിക്രമം അക്ഷരാര്‍ത്ഥത്തില്‍ ഇവിടുത്തെ സ്ത്രീ സമൂഹത്തെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് അവര്‍ പ്രശസ്തയായ നടിയാണ്. യാത്ര ചെയ്തിരുന്നത് സുരക്ഷിതമെന്ന് കരുതിയ  വാഹനത്തിലായിരുന്നു. എന്നിട്ടുപോലും, ഡ്രൈവറുടെ ഒത്താശയോടെ ചില സാമൂഹ്യവിരുദ്ധര്‍ അവരെ തട്ടിക്കൊണ്ടുപോയി, ഭയപ്പെടുത്തി, മാനഹാനി വരുത്തക്ക രീതിയില്‍, ശാരീരികവും മാനസികവുമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു.
നടിയെ പ്രശംസിക്കേണ്ടത് അവരുടെ പ്രതികരണ ശേഷിയിലാണ്. പ്രതികള്‍ കണക്കുകൂട്ടിയതിന് വിപരീതമായി അവര്‍ ഈ സംഭവത്തിന് എതിരെ സുധീരയായി പ്രതികരിച്ചു. അതിനു ഫലമുണ്ടായി. കുറ്റവാളികള്‍ നിയമത്തിന്റെ  പിടിയിലായി. സാംസ്കാരിക കേരളം അത് അര്‍ ഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുത്തു. സ്ത്രീ സുരക്ഷ കൂടുതല്‍ ഗൗരവമുള്ള വിഷയമായി കാണാന്‍, ഭരണകൂടം ബാധ്യസ്ഥരായി. സൗമ്യയും, നിര്‍ഭയയും ജിഷയുമൊക്കെ നൊന്തുപൊള്ളിച്ചിട്ട സമൂഹ മന:സാക്ഷിയുടെ ഉണങ്ങാത്ത മുറിവിലാണ് ഈ വിങ്ങല്‍ കൂടി ഉണ്ടാക്കിയിട്ടുള്ളത്.
സ്ത്രീ സുരക്ഷയ്ക്കായി സുശക്തമായ നിയമ വ്യവസ്ഥയും മാധ്യമ ഇടപെടലുകളുമൊക്കെയുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും, നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ, പ്രവൃത്തികൊണ്ടോ, തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഒരുവനെ, ഒരിക്കലെങ്കിലും ഭയപ്പാടോടെ വീക്ഷിക്കാത്ത, തിരിച്ചറിവുള്ള ഏതെങ്കിലും പെണ്‍കുട്ടിയോ, സ്ത്രീയോ എവിടെയെങ്കിലും ഉണ്ടാവുമോ?
ചെറുപ്പകാലത്തെ ചില സംഭവങ്ങള്‍ ഓര്‍മ വരുന്നു. തൊടുപുഴ അന്ന് ഇന്നത്തെ തൊടുപുഴയല്ല. പാലത്തിന് അപ്പുറവും ഇപ്പുറവുമായി ഒതുങ്ങിക്കിടക്കുന്ന തിരക്കേറിയ ചെറുനഗരം. പുഴയ്ക്കപ്പുറമുള്ള സ്‌ക്കൂളിലേക്ക് പോവേണ്ടത് ഇടുങ്ങിയ കോണ്‍ക്രീറ്റ് പാലത്തിലൂടെയാണ്. പലപ്പോഴും ഈ പാലത്തിലെത്തുമ്പോള്‍ പേടികൊണ്ട് വിറയ്ക്കും. കാരണം, സാമൂഹ്യ വിരുദ്ധര്‍ എവിടുന്നോ ധ്യതിയില്‍ ചേര്‍ന്ന് നടന്നു വരും. പാവാടയും ഷര്‍ട്ടുമിട്ട് നടന്നു പോകുന്ന പെണ്‍കുട്ടികളുടെ മാറിലും പിന്‍ഭാഗത്തും കടന്നുപിടിച്ച് ഒന്നുമറിയാത്ത പോലെ നടന്നു പോകും. നാണക്കേടും അപമാനവും ഭീതിയുമായി സ്വശരീരത്തിന്റെ വളര്‍ച്ചകളെ ശപിച്ചിരുന്ന ഒരു കാലം. അന്ന് പ്രായത്തിന്റ അജ്ഞതയും ഭയവും നാണക്കേടും കാരണം പ്രതികരിച്ചിട്ടില്ല. തിരിച്ചറിവായ കാലത്ത്, സിനിമാ തീയേറ്ററുകളിലും ബസിലും മറ്റും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ ചോദ്യം ചെയ്ത് നീതി വാങ്ങിയെടുത്തിട്ടുമുണ്ട്.
സമകാലീന സംഭവത്തെ വെച്ചു നോക്കുമ്പോള്‍, ഇതൊക്കെ ചെറിയ കാര്യങ്ങള്‍. പക്ഷേ ഒരു കുറ്റകൃത്യവും ചെറുതല്ല. തക്ക സമയത്ത് ഇവയ്‌ക്കെതിരെ പ്രതിരോധിക്കാനും പ്രതികരിക്കാനും ഓരോ സ്ത്രീയും ധൈര്യം കാണിക്കണം. ഇന്ത്യന്‍ പീനല്‍ കോഡ് മുതലുള്ള നമ്മുടെ പ്രധാന നിയമസംഹിതകളിലെല്ലാം സ്ത്രീ സുരക്ഷാ വകുപ്പുകള്‍ ഉണ്ട്. ഇത് കൂടാതെ വിവിധ മേഖലകളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന അസംഖ്യം ആക്ടുകളും ഉണ്ട്. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്ത്രീസുരക്ഷാ നിയമബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കേണ്ടതാണ്.
പക്ഷേ പെട്ടെന്നൊരു ആക്രമണമുണ്ടാവുമ്പോള്‍, ഏതൊരു സ്ത്രീയും ശാരീരികവും മാനസികവുമായി ഭയന്നു പോയേക്കാം. ഈ അവസ്ഥയില്‍ പ്രതിരോധിക്കാന്‍ എന്തു ചെയ്യണം എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. നമ്മുടെ പെണ്‍കുട്ടികള്‍ അധ്യയനത്തോടൊപ്പം സുരക്ഷയ്ക്കുള്ള ആയോധനവും വിദ്യാലയങ്ങളില്‍ പ ഠിച്ചു തുടങ്ങട്ടെ. ജില്ലകള്‍ തോറും സ്ത്രീകളെ സെല്‍ഫ് ഡിഫന്‍സ് ടെക്‌നിക്കുകള്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ വരട്ടെ. യാത്രകളില്‍ സുരക്ഷയ്ക്കുതകുന്ന ഇലക്ട്രോണിക്ക് രക്ഷായന്ത്രങ്ങള്‍ കണ്ടു പിടിക്കട്ടെ.
കലാകാരികള്‍ക്ക് രാത്രിയാത്രാ സുരക്ഷയ്ക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തുന്നു എന്ന് വാര്‍ത്ത കണ്ടു. കലാകാരികള്‍ക്ക് മാത്രമല്ല, രാത്രിയാത്ര ഒഴിവാക്കാന്‍ പറ്റാത്ത അരക്ഷിതയായ സാധാരണക്കാരിക്കും ആവശ്യമെങ്കില്‍ യാത്രയ്ക്ക് പോലീസ് സംരക്ഷണം തേടാന്‍ കഴിയുന്ന ജാഗ്രതാ സെല്ലുകള്‍ എല്ലാ ജില്ലയിലും സ്ഥാപിക്കാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളട്ടെ.
ഗള്‍ഫ് രാജ്യങ്ങളില്‍ സ്ത്രീകള്‍ രാപകലന്യേ ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ജോലി ചെയ്യാനോ ഭയപ്പെടേണ്ടതില്ല. കാരണം അവിടുത്തെ നിയമവ്യവസ്ഥ അതിക്രമങ്ങള്‍ക്കെതിരെ അത്രയേറെ കര്‍ക്കശവും സുശക്തവുമാണ്.
കുറ്റവാളിയുടെ നികൃഷ്ടതയ്ക്ക് മുന്നില്‍ അപമാനിതയായി കുനിഞ്ഞു പോവാനുള്ളതല്ല സാക്ഷര കേരളത്തിലെ ഒരു സ്ത്രീയുടെ പുണ്യജന്മവും.

എസ്. സിതാരയുടെ ‘അഗ്‌നി’ എന്ന കഥ ഈ സന്ദര്‍ഭത്തില്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. തന്നെ  ക്രൂരബലാല്‍സംഗം ചെയ്തവരുടെ മുന്നില്‍ ചെന്ന് നീറുന്ന മനസിനും ശരീരത്തിനുമുയരത്തിലുള്ള ആത്മാഭിമാനത്തോടെ കഥാനായിക പറയുകയാണ്, ‘നീയൊന്നും അത്ര പോരാ’ എന്ന്! ഈ ധൈര്യവും ഉത്ക്കര്‍ഷയും നട്ടെല്ലുമാണ് പീഡനത്തിനിരയാവുന്ന ഓരോ സത്രീയ്ക്കും ഉണ്ടാവേണ്ടത് എന്നും ആഗ്രഹിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. സ്മിത ഗിരീഷ്

അഡ്വ. സ്മിത ഗിരീഷ്

കവയത്രി, അഭിഭാഷക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍