UPDATES

ട്രെന്‍ഡിങ്ങ്

കൈമുട്ട് മുതൽ തുറിച്ചുനോട്ടം വരെ… ഓരോ പെൺകുട്ടിക്കും പറയാനുണ്ടാകും ഇതൊക്കെ

ഒറ്റയ്ക്കൊരു ലോങ്ങ് ട്രിപ്പ് പോവാനും രാത്രി റോഡിലിറങ്ങി നടക്കാനും ആഗ്രഹമുള്ള ഒരു മലയാളി പെൺകുട്ടി.

ശ്രീ രശ്മി

ശ്രീ രശ്മി

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം.കോഴിക്കോട് എഞ്ചിനീയറായി ജോലി ചെയ്യുന്ന ശ്രീ രശ്മിയുടെ അനുഭവം.
മനസ്സിനിണങ്ങുന്ന വസ്ത്രം ധരിക്കുന്നതു കൊണ്ട് മാത്രം തന്റേടി എന്ന് പേര് കിട്ടിയ, ജീൻസും ടോപ്പും ധരിക്കുന്ന ഒരു സാധാരണ മലയാളി പെൺകുട്ടിയാണ് ഞാനും.
ഇനി പറയുന്നത് ഒരു നിത്യാനുഭവം എന്ന പോലെ കേരളത്തിലെ ഓരോ പെൺകുട്ടിയും കടന്നു പോകുന്ന ഒന്നിനെക്കുറിച്ചാണ്; അതിലെ ഒരു ദിവസത്തെക്കുറിച്ച്…
തുറിച്ചു നോട്ടങ്ങൾ നിറഞ്ഞ വഴികൾ കടന്ന് ബസ് കയറാൻ നിൽക്കുകയായിരുന്നു. ബസ് വന്നു നിർത്തി, കയറാൻ അധികമാരും ഇല്ല. ആളുകൾ മുൻ വാതിലിലൂടെ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഒരാൾ, അയാളെ ഞാൻ ശ്രദ്ധിച്ചു പോലുമില്ലായിരുന്നു, ഇറങ്ങുമ്പോൾ ഇടതു കൈ മടക്കി വച്ചിരിക്കുന്നു, അയാളുടെ കൈ മുട്ടുകൾ എന്തോ ചെയ്യാൻ തയ്യാറെടുക്കുന്ന പോലെ…
എന്തോ ചെയ്യാനുദ്ദേശിച്ച പോലെ അയാൾ അടുത്തേക്ക് വന്നു. പിന്നോട്ട് മാറാനുള്ള സാവകാശം ഉണ്ടായിരുന്നില്ല….
അയാൾ വേഗത്തിൽ ഇറങ്ങി നടന്നു. പുറകേയോടി അയാളുടെ മുതുകത്തൊന്നു കൊടുക്കണമെന്ന് തോന്നി.. ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ക്ലീനർ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി… എന്നാൽ അയാളുടെ നോട്ടവും നോക്കുന്ന സ്ഥാനവും ആ കണ്ണുകളിലെ ക്രൂരതയും ഇനിയൊരവസരം വന്നാൽ ഞാനും ഇതൊന്നു ട്രൈ ചെയ്തു നോക്കാം എന്ന പോലെയേ തോന്നിയുള്ളൂ..
ബസിൽ കയറി, പ്രതികരിക്കാതെ ഇരിക്കുമ്പോഴുള്ള ആ സങ്കടം കൊണ്ട് ഞാൻ തല താഴ്ത്തി. നാളെ തൊട്ട് ഒരു ഷാൾ കൂടെ ധരിക്കണം എന്ന് തീരുമാനിച്ചു. ഈ നാണമില്ലാത്ത അവന്മാരെയൊക്കെ നന്നാക്കാൻ എനിക്ക് പറ്റില്ല എന്നോർത്തു..
ഒരു ഷോർട് ഫിലിം കണ്ടിരുന്നു, ആലിയ ഭട്ട്  അഭിനയിച്ചത്.. അത് എന്നെങ്കിലും നടക്കുമെന്ന് കരുതിയ ഒരു സ്വപ്നം ആയിരുന്നു… അതൊന്നും നടക്കാൻ പോണില്ല എന്നൊരു തോന്നൽ…
ഒരുപാടു പെൺകുട്ടികളെ പോലെ ഒറ്റയ്ക്കൊരു ലോങ്ങ് ട്രിപ്പ് പോവാനും രാത്രി ഒരു മൂളിപ്പാട്ട് പാടി റോഡിലിറങ്ങി നടക്കാനും ആഗ്രഹമുള്ള ഒരു മലയാളി പെൺകുട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍