UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

മലയാളം മറക്കുന്ന പ്രവാസി

സാധാരണ നമ്മള്‍ കുട്ടികളോട് പറയാറുള്ള ചില വാക്കുകളാണിവ;

‘ ആ സമയം കൊണ്ട് വല്ല ഡിസ്‌കവറി ചാനലും കണ്ടു കൂടെ നിന്റെ ഇംഗ്ലീഷ് ഒന്ന് നന്നാവട്ടെ’ 

‘വല്ല ഇംഗ്ലീഷ് ന്യൂസ് കണ്ടു കൂടെ ലാംഗ്വേജ് ഒന്ന് നന്നാവാന്‍’ 

മക്കളെപ്പറ്റി, ‘അവനിപ്പോള്‍ ഇംഗ്ലീഷേ സംസാരിക്കൂ ട്ടോ’ ..’ഏയ് അവന്‍ മലയാളം പുസ്തകം വായിക്കാറെ ഇല്ല, ഞങ്ങളാണേ പത്രം വരെ ഇംഗ്ലീഷാ വരുത്തുന്നത്’ 

പ്രവാസികളുടെ കുട്ടികള്‍ക്ക് മിക്കവാറും ഏറ്റവും വിഷമമുള്ള വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു മലയാളം. വിദ്യാഭ്യാസം എന്നതിന്റെ ഒരേഒരു ലക്ഷ്യം സാമ്പത്തികനേട്ടവും ജീവിതവിജയവുമെന്ന തെറ്റിദ്ധാരണയാവണം നമ്മുടെ കുട്ടികളെ മാതൃഭാഷ വേണ്ട എന്നു വച്ചു മറ്റുഭാഷകള്‍ പഠിക്കാന്‍ നാം നിര്‍ബന്ധിക്കുന്നത്‌.

മിക്കവാറും മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന മലയാളിസുഹൃത്തുക്കള്‍ പറയാറുണ്ട് ‘I’m not comfortable in Malayalam, could you please tell me in English. അല്ലെങ്കില്‍’അരെ ഹിന്ദി മേം ബോലോ ഭായ്’എന്നൊക്കെ.

UAEയില്‍ കഴിഞ്ഞ 35വര്‍ഷത്തിലേറെയായി താമസിക്കുന്ന ബാലകൃഷ്ണന്‍ ഇവിടങ്ങളിലുള്ള റേഡിയോ അവതാരകരെപ്പറ്റി വേദനയോടെ പറഞ്ഞകാര്യവും ഇവിടെ സൂചിപ്പിക്കട്ടെ ‘മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന രീതിയിലാണ് ഇവരില്‍ മിക്കവരുടെയും അവതരണരീതി, ഇതിനു മലയാളം എന്നോ ഇംഗ്ലീഷ് എന്നോ പറയാനാവില്ല, ഒരുവക അവിയല്‍ പരുവത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്’.

തെല്ലു വിഷമത്തോടെ ചോദിച്ചു പോവുകയാണ് ‘സ്വന്തം അസ്തിത്വവും അടിസ്ഥാനവും തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഈ പോക്കെങ്ങോട്ടേക്കാണ്?’ ‘സ്വന്തമെന്നപദത്തിനെന്തര്‍ത്ഥം’ എന്ന് പാടിയ കവിയോടു ചേര്‍ന്ന് നാം നമ്മുടേതായി ഒന്നുമില്ല എന്നുപറയാന്‍ ആഗ്രഹിക്കുകയാണോ? അതോ കാല്‍വെക്കാന്‍ തലകുനിച്ചുകൊടുത്ത മഹാബലിയുടെ പ്രജകളായ നാം, നമ്മുടെ അതിരുകടന്ന ആഥിത്യ മര്യാദമൂലം മലയാളിയെ മംഗ്ലീഷുകാരനോ,മദ്രാസിയോ വെറും മലബാറിയോ ഒക്കെ ആയി കാണാനാണോ ഇഷ്ടപ്പെടുന്നത്? കാക്കകുളിച്ചാല്‍ കൊക്കാവില്ല എന്നു പറയുന്നതുപോലെ സ്വന്തം ഭാഷമാറ്റി മറുഭാഷ പറയാന്‍ വിക്കുന്നത്‌കൊണ്ട്മാത്രം നമ്മള്‍ യൂറോപ്യന്‍ അല്ലെങ്കില്‍ റഷ്യന്‍ എന്നുവിളിക്കപ്പെടില്ല.

മറ്റു ഭാഷ പഠിക്കുന്നതോ അതില്‍ പാണ്ഡിത്യം നേടുന്നതോ തെറ്റല്ലെന്നുമാത്രമല്ല വളരെ നല്ലതുമാണ്. പക്ഷെ അതിനു, നമ്മെ അമ്മേ എന്നുവിളിക്കാന്‍ കൂട്ടായി നിന്ന ഭാഷയെ ഇല്ലായ്മ ചെയ്യണോ? കുട്ടികള്‍ ആംഗലേയ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നു വാശിപിടിക്കുന്ന മാതാപിതാക്കളോട്, മലയാളം ചാനലുകള്‍ കാണരുതെന്നു വാശി പിടിക്കുന്നരോട്, സ്‌കൂളുകളില്‍ മലയാളം വാക്കുകളുടെ വരെഅര്‍ത്ഥം ഇംഗ്ലീഷില്‍ പഠിപ്പിക്കണം എന്ന് മര്‍ക്കടമുഷ്ടി പിടിക്കുന്നവരോട്, മാതൃഭാഷ എന്ന്പറഞ്ഞാല്‍ അമ്മയുടെ ഭാഷ എന്നും പറഞ്ഞുകൂടെ? എന്ന് പറഞ്ഞാല്‍ ആദ്യമായി നമുക്ക് സ്‌നേഹം ചുരത്തിത്തന്ന, നമ്മുടെ ആംഗ്യങ്ങള്‍ വാക്കുകളാക്കി മാറ്റി അക്ഷരവെളിച്ചത്തിലേക്ക് നമ്മെ നയിച്ച അദൃശ്യദൈവകരങ്ങള്‍. പെറ്റമ്മയേയും, പിറന്ന നാടിനെയും നമുക്ക് മറക്കാനാവുമോ? സ്‌നേഹത്തോടെയുള്ള മോനേ, മോളേ വിളിക്ക് പകരമായി മറ്റേതു ഭാഷ നമുക്കുവഴങ്ങും? ആദ്യമായി നാം വായിച്ച വരികള്‍ മലയാളമല്ലേ? നമ്മുടെആദ്യാക്ഷരം,സ്വന്തം പേരെഴുതാന്‍ പഠിച്ചത് എന്തിനേറെ ആദ്യമായി എഴുതിയ പ്രണയലേഖനം വരെ നമ്മുടെ മാതൃഭാഷയിലല്ലേ? നാമിന്നെത്ര ഭാഷാപണ്ഡിതരാണെങ്കിലും ഇതെല്ലാം പഠിക്കാന്‍ നാം ശ്രമിച്ചത് നമ്മുടെ മാതൃഭാഷ അടിസ്ഥാനമാക്കിയല്ലേ? മറ്റുഭാഷയില്‍ പ്രാവീണ്യം നേടുവാന്‍ മാതൃഭാഷ മറക്കേണ്ടതില്ല എന്നതിന് 16 ഭാഷയോളം അറിയാവുന്ന നമ്മുടെ മുന്‍പ്രധാനമന്ത്രി നരസിംഹറാവു വലിയൊരുദാഹരണമാണ്. 

പിന്നെന്തേ നാമിത്ര സ്വാര്‍ത്ഥമതികളാവുന്നു? നാമനുഭവിച്ച സ്വര്‍ഗീയസുഖങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കു വേണ്ടെന്നാണോ? മുത്തശ്ശിക്കഥകളിലൂടെ നാം സഞ്ചരിച്ച സ്വപ്നലോകങ്ങള്‍ അവര്‍ക്കറിയാന്‍ അവകാശമില്ലേ? നാം പാടിയ താരാട്ട് പാട്ട് പാടാന്‍, നമ്മള്‍ കണ്ടതുപോലെ ജീവിതത്തിന്റെ വൈവിധ്യത്തെ കഥകളിലൂടെ പാട്ടുകളിലൂടെ അടുത്തറിയാന്‍ അവര്‍ക്കും അവസരം കൊടുക്കേണ്ടേ? 

ലോകത്താകമാനം ഏതാണ്ട് 6500ത്തിനടുത്ത് ഭാഷകളുണ്ടെന്നും അതില്‍ നമ്മുടെ മാതൃഭാഷയായ മലയാളം ആദ്യ മുപ്പതിലൊന്നാണെന്നും മനസ്സിലാക്കിയാലേ 37 മില്യണിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷയുടെപ്രാധാന്യം നമുക്കറിയാന്‍പറ്റൂ. തീര്‍ന്നില്ല, ഏതാണ്ട 1100ലേറെ മലയാളം ന്യൂസ്‌പേപ്പറുകള്‍, 750 ലേറെ മാസികകള്‍, 250 ലേറെ ആഴ്ചപ്പതിപ്പുകള്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ എടുത്താല്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര സാഹിത്യരചനകളാലും സമ്പന്നമാണ് നമ്മുടെ മലയാളം എന്ന് നാം അഭിമാനത്തോടെ മനസ്സിലാക്കണം.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ മുതല്‍ ആദ്യ മലയാള നോവലിന്റെ കര്‍ത്താവായ ഓ ചന്തുമേനോനും, ആദ്യ മലയാള ചരിത്ര നോവലായ മാര്‍ത്താണ്ഡവര്‍മയുടെ രചയിതാവ് സി വി എന്ന ഓമനപ്പേരില്‍ നമ്മളറിയുന്ന സി വി രാമന്‍പിള്ളയും മലയാളകാവ്യത്തിന്റെ സ്വര്‍ഗീയ അരൂപിയിലേക്ക് നമ്മെ നയിച്ച ചെറുശ്ശേരി നമ്പൂതിരി, പൂന്താനം നമ്പൂതിരി, ഉണ്ണായിവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറിയാന്‍ മാപ്പിള, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരും കവിതയിലെ പ്രണയവര്‍ണങ്ങളെ നമുക്കുവെളിപ്പെടുത്തിയ ചങ്ങമ്പുഴ, ഇടപ്പള്ളി, എംപി അപ്പന്‍, ഒ.എന്‍.വി കറുപ്പ്, സുഗതകുമാരി തൊട്ട്  ഇങ്ങ് പെരുമ്പടവം ശ്രീധരന്‍വരെ എത്തി നില്ക്കുന്ന നമ്മുടെ മലയാളസാഹിത്യം വലിയൊരു മഹാസമുദ്രമാണ്.

മേല്‍പ്പറഞ്ഞ മഹാത്മാക്കളെ നമുക്കറിയില്ലെന്നോ അവരുടെ കൃതികള്‍ നമ്മുടെ സംസ്‌കാരത്തെ വാര്‍ത്തെടുക്കുന്നതില്‍ പങ്കുവഹിച്ചില്ലെന്നോ ഒരു മലയാളിയും പറയില്ല പിന്നെ നമുക്കെവിടെയാണ് തെറ്റുപറ്റിയത്? ഒരുപക്ഷെ അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെപ്പച്ചയാണെന്നറിയാതെ പാരമ്പര്യങ്ങളെ മറന്നുള്ള നമ്മുടെ പരക്കംപാച്ചില്‍തന്നെ അവസാനം തെങ്ങ് കയറാന്‍ ബംഗാളി കമ്പനി രൂപീകരിച്ച നാം, അരിക്കും പച്ചക്കറിക്കും നമ്മുടെ പകുതിപോലും മഴ ലഭിക്കാത്ത അന്യസംസ്ഥാനങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന നാം, ഓണപ്പൂവിനുവേണ്ടി അന്യനാട്ടുകാരന്റെ പൂവണ്ടികള്‍ക്കായി കാതോര്‍ക്കുന്ന നാം, നാളെ നമ്മുടെ മാതൃഭാഷ മക്കളെ പഠിപ്പിക്കാനും അന്യനാട്ടുകാരെയോ ജര്‍മനിക്കാരെയൊ ഒക്കെവിളിക്കേണ്ടിവരുമോ? 

മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദം വാങ്ങിക്കൊടുത്തതു വലിയ ഭരണവിജയമാണെന്നവകാശപ്പെടുന്ന സാരഥികളോട് ‘സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എല്ലാ അപേക്ഷകളും മലയാളത്തില്‍ തന്നെവേണം’ എന്ന് പറയുന്നതുകൊണ്ട് എല്ലാം തികഞ്ഞു എന്ന്‍ കരുതരുത്. നമ്മുടെയെല്ലാം കൊച്ചുമക്കളുടെ നാവില്‍ നിന്നും നഷ്ടപ്പെട്ടുപോയിക്കൊണ്ടിരിക്കുന്ന ഭാഷയുടെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍ പറ്റുന്ന ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ കലാസാംസ്‌കാരിക നായകരെ അണിനിരത്തി തുടങ്ങുവാനുള്ള ക്ഷമത കാണിക്കണം. അതില്‍ കൊടിയുടെ നിറമോ, ഇട്ടിരിക്കുന്ന ഡ്രസ്സ് ഖദര്‍ തന്നെയോ എന്നൊന്നും നോക്കരുത് മറിച്ച് ഉദ്ദേശശുദ്ധിയാല്‍ നയിക്കപ്പെടണം.

ഇവിടെ പറയാതിരിക്കാന്‍ വയ്യ, ആശയങ്ങള്‍െ കെമാറുന്നതില്‍ ഭാഷയ്ക്കുള്ള പ്രാധാന്യം നമ്മെക്കാളേറെ മനസ്സിലാക്കിയതുകൊണ്ടാവാം ഗള്‍ഫ്‌ നാടുകളില്‍ അത്യാവശ്യകാര്യങ്ങള്‍ പ്രവാസികളെ അറിയിക്കാന്‍ പലപ്പോഴും മലയാളംകൂടി ഉപയോഗിക്കുന്നത. It is never too late to mend എന്നാണല്ലോ പറയുക. നമ്മുടെ മക്കളുടെ നാവില്‍ കുറിക്കുന്ന ആദ്യാക്ഷരം മലയാളം തന്നെയാവട്ടെ. പാഠ്യവിഷയമല്ലെങ്കിലും സ്വന്തമെന്നഭിമാനത്തോടെയും തെല്ലഹങ്കാരത്തോടെയും പറയാവുന്ന മലയാളനാടിന്റെ സ്വന്തം ഭാഷ മക്കളെ പഠിപ്പിക്കുന്നതില്‍ നമുക്ക് ശ്രദ്ധിക്കാം. അങ്ങനെ ഇടയ്ക്കു നിന്നുപോയ മുത്തശ്ശിക്കഥകളും താരാട്ട് പാട്ടുകളും നമ്മുടെ വരുംതലമുറകള്‍ വളര്‍ത്തിക്കൊണ്ടുവരട്ടെ.

ഒന്നുറപ്പാണ് സ്വന്തം ഹൃദയം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്, കാപട്യമോ സങ്കുചിതമനോഭാവമോ ഇല്ലാതെ ആശയങ്ങള്‍ കൈമാറണമെന്നാഗ്രഹിക്കുവര്‍ക്ക് എല്ലാറ്റിനുമുപരിയായി തന്നിലെതന്നെ മനസ്സിലാക്കണമെന്നാഗ്രഹിക്കുവര്‍ക്ക് ഒരിക്കലും തന്റെ മാതൃഭാഷയെ അവഗണിക്കാനാവില്ല.

Ref. : https://www.southasia.upenn.edu/malayalam

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍