UPDATES

വായന/സംസ്കാരം

ഒഎന്‍വി മലയാള ചലച്ചിത്ര-ലളിതഗാന ശാഖയ്ക്കു കാവ്യശോഭ പകര്‍ന്ന തൃമൂര്‍ത്തികളില്‍ പ്രധാനി

വാക്കുകളില്‍ കവിതയുടെ സൗന്ദര്യം ചേര്‍ക്കുകയും അതേസമയം തന്നെ സമൂഹത്തിലെ അനാസ്ഥകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വാക്കുകള്‍ വാരിക്കുന്തമാക്കുകയും ചെയ്ത അതുല്യ പ്രതിഭ മലയാളത്തിന്റെ സ്വന്തം കവി ഒഎന്‍വി കുറുപ്പ് ഇന്ന് വിടപറഞ്ഞപ്പോള്‍  ശൂന്യമാകുന്നത്‌ പകരക്കാരനില്ലാത്ത ഒരു സ്ഥാനമാണ്. അദ്ദേഹത്തെക്കുറിച്ച്  എം എല്‍എ യും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി സംസാരിക്കുന്നു.

മലയാള ലളിതഗാന ശാഖയ്ക്കും ചലച്ചിത്രഗാനശാഖയ്ക്കും കാവ്യശോഭ പകര്‍ന്ന തൃമൂര്ത്തികളില്‍ പ്രധാനിയാണ്‌ ഒഎന്‍വി കുറുപ്പ് സാര്‍. തൃമൂര്‍ത്തികളിലെ ഇതരര്‍  പിഭാസ്കരന്‍ മാഷും വയലാര് രാമവര്‍മ്മയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. എന്നാല്‍ ഒഎന്‍വി സാറിന്റെ ഏറ്റവും വലിയ പ്രത്യേകത പി ഭാസ്കരന്‍മാഷിനും വയലാര്‍ രാമവര്‍മ്മയ്ക്കും ഒപ്പം മലയാളത്തിന്റെ ചലച്ചിത്ര ഗാനശാഖയ്ക്കും നാടക-ലളിതഗാന ശാഖയ്ക്കും വളരെ വിലപ്പെട്ട സംഭാവന നല്‍കുന്നതോടൊപ്പം കവിത എന്ന തന്റെ അടിസ്ഥാന സര്‍ഗ്ഗ പ്രവര്‍ത്തന മേഖലയുടെ ഗൌരവം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് തന്റെതായ സംഭാവന നല്‍കാന്‍  തന്റെ സര്‍ഗ്ഗജീവിതത്തിലുടനീളം ശ്രദ്ധിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ  കവിതയുടെ മേഖലയില്‍ ഏറ്റവും വിലപ്പെട്ട, എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്ന സംഭാവനകള്‍ നല്‍കാന്‍ ഒഎന്‍വിയ്ക്ക് കഴിഞ്ഞു.

വയലാര്‍ രാമവര്‍മ്മയും പി ഭാസ്കരന്‍ മാഷും കവികള്‍ എന്ന നിലയിലും ഗൌരവത്തോടും ആദരവോടും കൂടി പരിഗണിക്കേണ്ടവര്‍  തന്നെയാണ് എന്നതില്‍ സംശയമില്ല. എന്നും ഓര്‍മ്മിക്കപ്പെടുന്ന കാവ്യസംഭാവനകള്‍ അവരില്‍ നിന്നെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാലും കവിതയുടെ മേഖലയില്‍ ഇവരുടെ സംഭാവനയെക്കാള്‍ മേലെയാണ് ഒഎന്‍വിയുടേത് എന്നുള്ളതിലും ആര്‍ക്കും സംശയമുണ്ടാവില്ല. ഉദാഹരണത്തിന് കാളിദാസന്റെ സുഖജീവിതത്തെയും കാലഘട്ടത്തെയും ആസ്പദമാക്കി അദ്ദേഹം എഴുതിയ ഉജ്ജയിനി എന്ന ദീര്‍ഘ കഥാകാവ്യം ഒരു മാസ്റ്റര്‍പീസ്‌ ആണ്. അത് അന്താരാഷ്ട്ര നിലവാരത്തില്‍ പരിഗണിക്കപ്പെടേണ്ട ഒരു കാവ്യമാണ്. അതുപോലെ തന്നെയാണ് ഒരു ഇതിഹാസകഥയില്‍ നിന്നും അടര്‍ത്തിയെടുത്ത മറ്റൊരു കാവ്യമായ സ്വയംവരം.

പിന്നെ മനുഷ്യ പരിണാമത്തില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹം തന്റെ കവിതയിലേക്ക് സന്നിവേശിപ്പിച്ചു. മനുഷ്യനാണ് എല്ലാത്തിന്റെയും അളവുകോല്‍ എന്നതു മനുഷ്യനും പ്രകൃതിയുമാണ്‌ എല്ലാത്തിന്റെയും അളവുകോല്‍ എന്ന ആധുനിക-നവീന ബോധത്തിലേക്ക് ഒഎന്‍വി സാര്‍  വികസിച്ചു.അതിന്റെ തെളിവാണ് ഭൂമിക്കൊരു ചരമഗീതം പോലെയുള്ള അദ്ദേഹത്തിന്റെ രചനകള്‍. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സമര്‍ത്ഥമായ പരിഗണനയ്ക്കും അംഗീകാരത്തിനും വേണ്ടി അദ്ദേഹം വളരെ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. തമിഴും, തെലുങ്കും, കന്നഡയും പോലെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് ശ്രേഷ്ടഭാഷാ പദ്ധതി യില്‍ ക്ലാസ്സിക്കല്‍ ലാംഗ്വേജ് എന്ന അംഗീകാരം ലഭിച്ചപ്പോള്‍ മലയാളഭാഷ എന്തിന്റെ അടിസ്ഥാനത്തില്‍ അവഗണിക്കപ്പെടുന്നു എന്നത് ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം മലയാള ഭാഷാപരിജ്ഞാനികളെയും ഭാഷസ്നേഹികളെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്  നടത്തിയ ഇടപെടല്‍ അതീവ പ്രധാന്യമര്‍ഹിക്കുന്നതാണ്. അതു നടന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലഘട്ടത്തിലായിരുന്നു. അത് വിജയത്തിലെത്തുകയും ചെയ്തു.

ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചതുപോലെയാണ് വള്ളത്തോള്‍  കലാമണ്ഡലം സ്ഥാപിച്ചത്. പിന്നീട് ശാന്തിനികേതന്‍ കല്‍പിതസര്‍വ്വകലാശാലയായി മാറിയപ്പോഴും കലാമണ്ഡലത്തിനു ആ പദവി ലഭിച്ചില്ല. വള്ളത്തോളിന്റെ വലിയൊരു സ്വപ്നമായിരുന്നു കലാമണ്ഡലത്തിനെ അത്തരത്തില്‍ ഉയര്‍ത്തുക എന്നത്. ആ ലക്ഷ്യം നേടിയെടുക്കാന്‍  ചെയര്‍മാന്‍ എന്ന നിലയില്‍ ഒഎന്‍വി വഹിച്ച പങ്ക് വളരെ വലുതാണ്. കവിഎന്നുള്ള നിലയിലും നാടക-ചലച്ചിത്ര ഗാനകാരന്‍ , ആ മേഖലയെ കാവ്യഭംഗി അണിയിച്ച എഴുത്തുകാരന്‍ ഇതിനെല്ലാം പുറമേ അതിപ്രഗത്ഭനായ അദ്ധ്യാപകന്‍, മനുഷ്യസ്നേഹി. ഇടതുപക്ഷത്തോടുള്ള `തന്റെ പ്രതിബദ്ധത അചഞ്ചലമായി അവസാന ശ്വാസം വരെ പിന്തുടര്‍ന്ന മഹാനായ വ്യക്തി, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടി പാര്‍ലമെന്റ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടുവന്ന രാഷ്ടീയ പ്രതിബദ്ധതയുള്ള സാഹിത്യകാരന്‍ ഈ നിലകളില്‍ എല്ലാം ഒഎന്‍വി സാര്‍ എന്നും അനുസ്മരിക്കപ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍