UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളത്തിനു നഷ്ടമായത് അതിന്റെ മധുരം

വാക്കുകളില്‍ കവിതയുടെ സൗന്ദര്യം ചേര്‍ക്കുകയും അതേസമയം തന്നെ സമൂഹത്തിലെ അനാസ്ഥകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വാക്കുകള്‍ വാരിക്കുന്തമാക്കുകയും ചെയ്ത അതുല്യ പ്രതിഭ മലയാളത്തിന്റെ സ്വന്തം കവി ഒഎന്‍വി കുറുപ്പ് ഇന്ന് വിടപറഞ്ഞപ്പോള്‍  ശൂന്യമാകുന്നത്‌ പകരക്കാരനില്ലാത്ത ഒരു സ്ഥാനമാണ്. അദ്ദേഹത്തെക്കുറിച്ച്  കവിയും ചലച്ചിത്ര ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് സംസാരിക്കുന്നു. 

ഒഎന്‍വി യുടെ മരണത്തോടെ മലയാളത്തിനു നഷ്ടമായത് അതിന്റെ മധുരമാണ്. ഒരു കാലഘട്ടത്തിന്റെ അവസാനം എന്നു വേണമെങ്കില്‍ ഇതിനെ പറയാം. തന്റെ തികച്ചും ലളിതമായ കാവ്യശൈലിയിലൂടെ സമൂഹത്തിന്റെ എല്ലാത്തട്ടിലും എത്തിച്ചേര്‍ന്ന അതുല്യ പ്രതിഭയാണ് അദ്ദേഹം. ഈ കാലത്ത് ഒഎന്‍വിയോളം ജനകീയനായ മറ്റൊരു കവിയില്ല. അദ്ദേഹത്തിനു പകരമായി നിര്‍ത്താന്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ മറ്റൊരാളില്ല. ഭാഷയിലും ശൈലിയിലും തികഞ്ഞ ലാളിത്യം സൂക്ഷിച്ചിരുന്ന അദ്ദേഹം സമൂഹത്തിലെ ചലനങ്ങള്‍ക്കനുസരിച്ച് തന്റെ കാവ്യരീതിയിലൂടെ സംവദിക്കുകയും ചെയ്തിരുന്നു. ഒഎന്‍വി വിയോഗം എന്നത് മലയാള സാഹിത്യത്തിനു തന്നെ വലിയൊരു നഷ്ടമാണ്. അദ്ധേഹത്തിന്റെ വിയോഗം ഏറെ അനുഭവപ്പെടുക ജനപക്ഷത്തു നില്‍ക്കുന്ന കലാകാരന്‍ എന്ന നിലയില്‍ക്കൂടിയാകും. 

മനുഷ്യ പക്ഷത്തു നില്‍ക്കുകയും അതേസമയം തന്നെ സൗന്ദര്യം സൃഷ്ടിക്കുകയും ചെയ്ത വലിയ പ്രതിഭയാണ് അദ്ദേഹം. കവിതയിലും മലയാള ചലച്ചിത്രഗാനശാഖയിലും ഒരേപോലെ തലയെടുപ്പുള്ള വേറെ ആളുകള്‍ ഇല്ല നമുക്ക്.ദന്തഗോപുരത്തില്‍ ഇരുന്ന് കാഴ്ചകാണുകയല്ല അദ്ദേഹം ചെയ്തത്.നാട് നേരിടുന്ന ഓരോ പ്രശ്നത്തിലും തന്റേതായ രീതിയില്‍ അദ്ദേഹം ഇടപെട്ടിരുന്നു. 

അങ്ങനെയുള്ളൊരു തലമുറയിലെ അവസാനത്തെ കണ്ണിയാണ് ഒഎന്‍വി. അദ്ദേഹത്തിന്റെ സാമൂഹികപ്രതിബദ്ധതയാണ് നമ്മള്‍  ശ്രദ്ധിക്കേണ്ട കാര്യം. ചലച്ചിത്രഗാന മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവന അമൂല്യമാണ്‌. ഒരു ഗാനത്തിനുള്ളില്‍ കവിതയെ എത്രത്തോളം ഇരുത്താം എന്നുള്ളതില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഏറ്റവും കാവ്യാത്മകമായ ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും പിറന്നിട്ടുള്ളത്.

ആ രംഗത്തും നാടകഗാനങ്ങള്‍ മുതല്‍ ഏറ്റവും പുതിയ കാലത്തെ ചലച്ചിത്ര ഗാനങ്ങള്‍ വരെയുള്ള അതാതു കാലങ്ങള്‍ക്ക് അനുയോജ്യമായതാണ്. കവിയെന്ന നിലയില്‍ മാത്രമല്ല വേദനിക്കുന്ന ജനവിഭാഗത്തിനോടൊപ്പം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ എന്നും നിലകൊണ്ട വ്യകതിത്വം എന്ന നിലയില്‍ കൂടിയാണ്  ഒഎന്‍വിയുടെ മരണം നമുക്കൊരു തീരാനഷ്ടമാകുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍