UPDATES

സിനിമ

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണോ?

Avatar

രാകേഷ് സനല്‍

ഈയടുത്താണ്, ഒരു പുതുമുഖ ചലച്ചിത്ര നടിയും സുഹൃത്തുക്കളും ചേര്‍ന്ന് മലയാളം സീരിയലുകളെ പരിഹസിച്ച് ചെറിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയും വളരെ വേഗത്തില്‍ അത് പ്രചരിക്കുകയും ചെയ്തു.

സിനിമാതാരത്തിന്റെ ഈ പ്രവൃത്തിയില്‍ രണ്ടുതരം അഭിപ്രായം ഉയര്‍ന്നു, ഒന്ന് ആ വീഡിയോയെ അനുകൂലിച്ചുള്ളതും രണ്ട്, സീരിയലിനോടുള്ള സിനിമയുടെ പുച്ഛമനോഭാവം ഉന്നയിച്ചുകൊണ്ടും.

ടി വി സീരിയലുകളോട് പൊതുവേ മലയാളിക്കുള്ള മനോഭാവമെന്താണ്? ഒരു വലിയ വിഭാഗം അതിന്റെ പ്രേക്ഷകരായിരിക്കുമ്പോഴും സീരിയലുകള്‍ക്കെതിരെയുള്ള ആക്ഷേപം ശക്തമായി നില്‍ക്കുകയാണെന്നത് വിരോധാഭാസമാണ്. എവിടെയാണ് ഈ പൊരുത്തക്കേട് ഉയര്‍ന്നു നില്‍ക്കുന്നത്?

തീര്‍ച്ചയായും സീരിയലിന്റെ ഉള്ളടക്കം തന്നെയെന്ന് പറയുന്നു. സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് ആവശ്യമാണെന്നാണ് ഇക്കൂട്ടര്‍ – ഇവരില്‍ ഹൈക്കോടതി ജഡ്ജി മുതല്‍ സാധാരണക്കാര്‍ വരെയുണ്ട് -വാദിക്കുന്നത്. 

ഇതേ വാദം ഇപ്പോള്‍ ഉന്നയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

സ്വകാര്യ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സിനിമകള്‍ക്കുള്ളതുപോലെ സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് വേണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനോട് ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കാനായി സെന്‍സര്‍ബോര്‍ഡ് മാതൃകയില്‍ ഒരു സംവിധാനമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 

എന്തുകൊണ്ട് സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ്?
മലയാളിക്ക് സീരിയലുകള്‍ ഗൃഹാതുരതകള്‍ സമ്മാനിക്കുന്ന ഒരു ടെലിവിഷന്‍ വിഭവമാണ്. ദൂരദര്‍ശനുമായി ബന്ധപ്പെട്ടാണ് അതുണ്ടായിരിക്കുന്നത്. പതിമുന്നൂ എപ്പിസോഡുകളായി ആഴ്ചയില്‍ ഒരു ദിവസം വീതം സംപ്രേക്ഷണം ചെയ്തു പോന്നിരുന്ന സീരിയലുകളാണ് ടെലിവിഷന്‍ സംസ്‌കാരത്തിലക്ക് മലയാളിയെ കൂടുതല്‍ കൊണ്ടുചെന്നെത്തിച്ചത്. ദൂരദര്‍ശന്റെ കുത്തകയവസാനിപ്പിച്ച് സ്വകാര്യ ചാനലുകള്‍ രംഗത്തുവന്നതോടെയാണ് ടെലിവിഷന്‍ പരിപാടികളില്‍ സമൂലമായ മാറ്റം വരുന്നത്. കാഴ്ചകള്‍ വാണിജ്യവത്കരിക്കപ്പെട്ടു. ദൂരദര്‍ശന്‍ പൂര്‍ണമായൊരു വിനോദ ചാനലായി പറയാന്‍ കഴിയുമായിരുന്നില്ല. അതേസമയം കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സങ്കല്‍പ്പമായിരുന്നു സ്വകാര്യ ചാനലുകളുടെത്. കാരണം, ബിസിനസ് ആണ് ലക്ഷ്യമിട്ടത്.

ഇക്കാര്യത്തില്‍ ചാനലുകളെ സഹായിച്ചത് സീരിയലുകളായിരുന്നു. പതിമൂന്ന് എപ്പിസോഡ് എന്ന നിയന്ത്രണത്തില്‍ നിന്നും സീരിയലുകളെ വലിച്ചു നീട്ടി. മെഗാസീരയലുകള്‍ എന്ന വംശം ആരംഭിക്കുന്നത് സ്വകാര്യ ചാനലുകള്‍ മുന്നില്‍ കണ്ട ബിസിനസ് തന്നെയായിരുന്നു.

സെന്‍സര്‍ ചെയ്തു വരുന്ന പരിപാടികള്‍ പോലും പ്രീ സെന്‍സറിംഗിന് വിധേയമാക്കിയായിരുന്നു ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. വീടുകളില്‍ എത്തുന്ന പരിപാടികളായതുകൊണ്ടുള്ള ശ്രദ്ധ; സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗം എം എഫ് തോമസ് പറയുന്നു. സ്വകാര്യ ചാനലുകള്‍ അത്തരത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ശാചുബാധിച്ചവരെപ്പോലെയാണ് ഓരോ സീരിയല്‍ കഥാപാത്രത്തെയും കാണുമ്പോള്‍ തോന്നുന്നത്. ഇതൊരു കലാരൂപമാണോ?; തോമസ് കൂട്ടി ചേര്‍ക്കുന്നു.

സീരിയലുകള്‍ ഉണ്ടാക്കുന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവയ്ക്കുന്നുണ്ട് തലയാഴം മുന്‍ പഞ്ചായത്തംഗവും വീട്ടമ്മയുമായ ഷീബ മനോജ് . ഞാനും സീരിയലുകള്‍ കാണുന്ന ഒരാള്‍ തന്നെയാണ്. ചിലതൊക്കെ, അതിന് അടിമയൊന്നുമല്ല. ഞാന്‍ നിരീക്ഷിച്ചതില്‍ നിന്നും മനസിലാകുന്നൊരു കാര്യം, സീരിയലുകളെല്ലാം തന്നെ ബന്ധങ്ങളുടെ മൂല്യച്യുതിയാണ് പ്രമേയമാക്കുന്നത്. നമ്മള്‍ വൈകാരികമായി കരുതുന്ന പല ബന്ധങ്ങളും തെറ്റായ ഇമേജുകളാക്കിയാണ് സീരിയലുകളില്‍ നിര്‍മിക്കുന്നത്. ഒര കുടുംബത്തില്‍ തന്നെ ഓരോരുത്തരും പരസ്പരം വഞ്ചിക്കുന്നു, കളളത്തരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നു. ഇതൊക്കെ കണ്ടാണ് നമ്മുടെ കുട്ടികള്‍ വളരുന്നത്. സീരിയലുകള്‍ ഏറ്റവും അപകടം വരുത്തുന്നത് കുട്ടികളില്‍ തന്നെയാണ്. അതുകൊണ്ട് സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നത് അത്യാവശ്യമായിരിക്കുന്നത്. ഒരു സിനിമ ഇറങ്ങുമ്പോള്‍ നമുക്കതില്‍ എന്തൊക്കെയുണ്ടെന്ന് നേരത്തെ മനസിലാക്കാം. പക്ഷേ സീരിയലുകള്‍ക്ക് അതു പറ്റില്ല. നമ്മുടെ മുന്നില്‍ വരുമ്പോഴാണ് പലതും അറിയുന്നത്. മാത്രമല്ല ഇത് എല്ലാ ദിവസും നമ്മുടെ മുന്നിലേക്ക് വരുകയും ചെയ്യുന്നുണ്ട്.

സിനിമകളെക്കാള്‍ വലിയ അപകടമോ സീരിയല്‍?
ഒരു സീരിയല്‍ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രേക്ഷകനാണ്. അവന്റെ കൈയിലാണ് റിമോട്ട് ഇരിക്കുന്നത്. പക്ഷേ ഒരു സിനിമാ തിയേറ്ററില്‍ കയറിയാല്‍ ഇത്തരമൊരു സ്വാതന്ത്ര്യം ഇല്ല; സീരിയല്‍ അഭിനേത്രി ഗായത്രി അരുണ്‍ പറയുന്നു. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഞാനതിനെ എതിര്‍ക്കുന്നില്ല, പക്ഷേ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തേണ്ടയത്ര അപകടകരമാണ് സീരിയലുകള്‍ എന്ന ആക്ഷേപം ശരിയല്ല. എല്ലാം നല്ലതാണെന്നു പറയുന്നില്ല. പല സീരിയലുകളോടും ഒരു കാഴ്ചക്കാരി എന്ന നിലയില്‍ എതിര്‍പ്പുള്ളയാളാണ്. എന്നാലും ഒരു സിനിമയില്‍ കാണിക്കുന്നതുപോലെ കൊലപാതകമോ, മദ്യപാനമോ, മാനഭംഗമോ ഒന്നും സീരിയലുകളില്‍ കാണിക്കാറില്ല. മദ്യപിച്ചു ക്ലാസില്‍ പോവുക, ടീച്ചറെ പ്രേമിക്കുക എന്നതൊന്നും സീരിയലുകളില്‍ അല്ല വരുന്നത്. ഇതൊക്കെ സെന്‍സര്‍ ചെയ്ത് സിനിമകളില്‍ തന്നെയാണ് നാം കണ്ടത്. സീരിയലുകള്‍ തെറ്റായ സന്ദേശം പകര്‍ത്തുന്നു എന്നാണ് പറയുന്നത്, കേരളത്തില്‍ ഇന്നേവരെ സീരിയല്‍ കണ്ട പ്രേരണയില്‍ ഏതെങ്കിലും അമ്മായിയമ്മ മരുമകള്‍ക്കു വിഷം കൊടുത്തു കൊന്നോ? എല്ലാം കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സീരിയലുകളിലും പറയുന്നത്. അതില്‍ കുറച്ച് മസാല ചേര്‍ക്കുന്നുണ്ടെന്നു മാത്രം. സീരിയലുകളോ സിനിമകളോ പ്രേക്ഷകനെ സ്വാധീനിക്കുമെന്ന് പറയുന്നത് ശരിയല്ല. മാത്രമല്ല, സീരിയലുകള്‍ അത്ര സീരിയസായല്ല അതിന്റെ പ്രേക്ഷകര്‍ എടുക്കുന്നത്, ഇന്നു കണ്ട എപ്പിസോഡ് നാളെ മറന്നു പോകും, പക്ഷേ സിനിമ അങ്ങനെയല്ല. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് പ്രായോഗികമാണോ എന്ന് സംശയമുണ്ട്. സെന്‍സര്‍ഷിപ്പല്ല, ചില നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നാണ് വ്യക്തിപരമായയ അഭിപ്രായം; ഗായത്രി പറയുന്നു.

എല്ലാവരും വിമര്‍ശിക്കുമ്പോളും വലിയൊരു വിഭാഗം സീരിയലുകളെ പിന്തുണച്ച് കേരളത്തില്‍ ഉണ്ട്. വീട്ടമമ്മമാര്‍ക്കും പ്രായമായവര്‍ക്കും കിട്ടുന്ന ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് ആണ് സീരിയലുകള്‍. അതിന്റെ ശരി തെറ്റുകളൊക്കെ ഇത്ര വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. കാണുക, പോകുവ. കാണുന്നയത്ര സമയം മാത്രമാണ് അതിനെ കുറിച്ച് പറയുന്നത്, അല്ലാതെ സീരിയല്‍ കഥാപാത്രങ്ങളെ മനസിലിട്ട് ഒരാളും നടക്കുന്നില്ല. സെന്‍സര്‍ഷിപ്പ് വേണോ വേണ്ടയോ എന്നൊന്നും പറയുന്നില്ല, പക്ഷേ ഇതത്രവലിയ മഹാപാതകമൊന്നും സമൂഹത്തില്‍ ചെയ്യുന്നില്ല, അതുറപ്പാണ്; മിനി എന്ന വീട്ടമ്മ തന്റെ അഭിപ്രായം പറയുന്നു.

സെന്‍സര്‍ഷിപ്പ് സാധ്യമാണോ?
സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് എന്നത് ഏറെക്കുറെ അസാധ്യമാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗം വിജയകൃഷ്ണന്‍ പറയുന്നത്. അങ്ങനെവന്നാല്‍ അതിനായി തന്നെ മുഴുവന്‍ സമയം മാറ്റിവയ്‌ക്കേണ്ടി വരും. ഏതു തരത്തില്‍ സീരിയലുകളെ സെന്‍സര്‍ ചെയ്യാന്‍ കഴിയും? പ്രായോഗികമായി നോക്കിയാല്‍ സീരിയലുകളുടെ സെന്‍സര്‍ഷിപ്പ് സാധ്യമല്ല. സര്‍ക്കാരിന്റെ നീക്കം അതുകൊണ്ട് തന്നെ പരാജയപ്പെടാനാവും സാധ്യത. എല്ലാ എപ്പിസോഡുകളും ഷൂട്ട് ചെയ്തിട്ടല്ല സീരിയലുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്. ഇന്നത്തേക്കുള്ള എപ്പിസിഡ് തലേദിവസമായിരിക്കും ഷൂട്ട് ചെയ്തിട്ടുണ്ടാവുക, ഇതെങ്ങനെയാണ് സെന്‍സര്‍ ചെയ്യുക? അങ്ങനെ വന്നാല്‍ ഫുള്‍ടൈം ജോലിയായി സെന്‍സര്‍ ബോര്‍ഡ് മാറും. സെന്‍സര്‍ഷിപ്പല്ല, ബോധവത്കരണമാണ് ആവശ്യം. സീരിയലുകളുടെ ഗുണമേന്മ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. പക്ഷേ എന്തു കാണണം എന്ന സ്വാതന്ത്ര്യം നിങ്ങളുടെ വിരല്‍ തുമ്പിലുണ്ട്. ഇഷ്ടമില്ലാത്തതോ, കാണേണ്ടതല്ലാത്തതോ ആയ സീരിയലുകള്‍ നിങ്ങള്‍ക്ക് മാറ്റാം. എന്നാല്‍ ഒരു സിനിമയോ? മൂന്നൂറും അഞ്ഞൂറും രൂപ കൊടുത്ത് കയയറുന്ന ഒരു സിനിമ എത്ര ബോറാണെങ്കിലും നിങ്ങള്‍ കണ്ടിരിക്കേണ്ടി വരികയാണ്, സിനിമയ്ക്കില്ലാത്ത ആ സ്വാതന്ത്ര്യം സീരിയലുകള്‍ക്കുണ്ട്. അതേ സമയം ഗുണമേന്മ വലിയൊരു പ്രശ്‌നമായി സീരിയലുകളുടടെ കാര്യത്തില്‍ മാറിയിട്ടുണ്ട്; വിജയകൃഷ്ണന്‍ പറയുന്നു.

സിനിമയുടെ കാര്യത്തില്‍ സെന്‍സര്‍ഷിപ്പ് വേണ്ടായെന്നു വാദിക്കുന്നവര്‍ തന്നെയാണ് ഇപ്പോള്‍ സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് വാശിപിടിക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ തന്നെ. സെന്‍സര്‍ഷിപ്പ് ഫാസിസമാണെങ്കില്‍ അതു സീരിയലുകള്‍ക്കും ബാധകമാണ്. പ്രേമം എന്ന സിനിമയില്‍ സെന്‍സര്‍ബോര്‍ഡ് ഇടപെട്ടില്ല എന്നു പറഞ്ഞവര്‍ തന്നെ ഇപ്പോള്‍ ചില പടങ്ങളുടെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡംഗങ്ങളെ ചീത്ത വിളിക്കുന്നു. വല്ലാത്ത ഇരട്ടത്താപ്പാണത്. അതു തന്നെയാണ് സീരിയലുകളുടെ കാര്യത്തിലും നടക്കുന്നത്. വേണമെന്നും വേണ്ടന്നും പറയുന്നത് മലയാളി തന്നെയാണ്; വിജയകൃഷ്ണന്‍ തന്റെ അഭിപ്രായം പറഞ്ഞു.

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് എന്ന തീരുമാനം മാധ്യമശ്രദ്ധ കിട്ടാനല്ലാതെ മറ്റൊന്നിനും ഉതകില്ലെന്നാണ് എം എഫ് തോമസും പറയുന്നത്. അത് നടക്കാന്‍ പോകുന്ന കാര്യമല്ല. കേരളത്തിനു വേണ്ടി നിയമങ്ങളൊക്കെ പൊളിച്ചെഴുതുമെന്ന് വിശ്വസിക്കാന്‍ പറ്റില്ല. സെന്‍സര്‍ഷിപ്പിന് ശ്രമിക്കാതെ മറ്റേതെങ്കിലും വഴിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്; അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സെന്‍സര്‍ഷിപ്പ് വേണ്ടത് ചാനലുകള്‍ക്കാണ്
ഇവിടെ വിഷയം സീരിയലുകളല്ല, ചാനലുകളാണ്. ചാനലുകളാണ് എന്തു വേണമെന്ന് നിയശ്ചിക്കുന്നത്. അതുകൊടുക്കാന്‍ സീരിയല്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്. റേറ്റിംഗാണ് ഇവിടെ പ്രധാനം. ചാനലുകള്‍ തമ്മില്‍ ബിസിനസിന്റെ കാര്യത്തില്‍ കടുത്ത മത്സരമാണ്. അവര്‍ക്ക് തങ്ങളുടെ പരസ്യവരുമാനം കൂട്ടണമെങ്കില്‍ സീരിയലുകള്‍ അത്യാവശ്യമാണ്. അതൊരു കലാരൂപമെന്ന നിലയിലോ, അതിന്റെ സൃഷ്ടാക്കള്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്നോ ഇവിടെ ചിന്തിക്കാറില്ല. നിങ്ങളുടെ ഉത്പന്നം എത്ര പരസ്യവരുമാനം കൊണ്ടുവരുമെന്നതാണ് മുന്നിലുള്ള ഏകവിഷയം. സീരിയലുകള്‍ക്ക് ഗുണമില്ലാതെ പോയെങ്കില്‍ അതിന്റെ പ്രധാന കാരണം ചാനലുകളുടെ നിര്‍ബന്ധങ്ങളാണ്; വിജയകൃഷ്ണന്‍ പറയുന്നു. നിയന്ത്രണണങ്ങളും സെന്‍സര്‍ഷിപ്പും വേണ്ടത് ചാനലുകള്‍ക്കാണെന്ന് എം എഫ് തോമസും വ്യക്തമാക്കുന്നുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കണം, പ്രിസെന്‍സറിംഗ് ഓരോ ചാനലുകളിലും നിര്‍ബന്ധമാക്കണം, എന്നാല്‍ കുഴപ്പമില്ല; തോമസ് പറയുന്നു. ദൂരദര്‍ശനില്‍ അതുണ്ടായിരുന്നു. പക്ഷേ സ്വകാര്യ ചാനലുകാര്‍ അവരുടെ ലാഭം മാത്രമാണ് നോക്കുന്നത്, ദൂരദര്‍ശന്‍ അതിന്റെ കാഴ്ചക്കാരെ ബഹുമാനിച്ചിരുന്നു; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൂരദര്‍ശന്റെ കാലമല്ല ഇപ്പോള്‍. വിനോദചാനലുകള്‍ കൂണുപോലെയാണ്. ചാനല്‍ രംംഗം മത്സരാധിഷ്ഠിതമായി മാറി. ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍ ബിസിനസ് തന്ത്രങ്ങള്‍ അറിയണം. സീരയലുകള്‍ വിറ്റഴിക്കാവുന്ന പ്രൊഡക്ടാണ്. അതില്‍ മസാല എത്രത്തോളം ചേര്‍ക്കാമോ അത്രയും ഉത്പന്നം വിറ്റഴിക്കും. ഇവിടെ ചാനലുകളെയും സീരിയലുകളെയും കുറ്റം പറയുമ്പോള്‍, ഞങ്ങള്‍ നല്‍കുന്ന മസാല ആസ്വദിക്കുന്ന പ്രേക്ഷകരും ഒരുപോലെ അതില്‍ പങ്കാളിയാണ്; ഒരു സ്വകാര്യ ചാനലിലെ പ്രോഗ്രാം പൊഡ്യൂസര്‍ പറയുന്നു. ചാനലുകള്‍ ഒരു തരത്തില്‍ തെറ്റായ ബിസിനസ് തന്നെയാണ് ചെയ്യുന്നത്, പക്ഷേ ബിസിനസില്‍ ലാഭമാണ് പ്രധാനം, തെറ്റും ശരിയുമല്ല.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം അത്ര വേഗം ഫലം കാണില്ലെന്നും ഒന്നുമാലോചിക്കാതെയുള്ള ഒന്ന് മാത്രമായിരുന്നു സീരിയല്‍ സെന്‍സര്‍ഷിപ്പ് എന്നതെന്നും വിദഗ്ദരോടുള്ള സംസാരത്തില്‍ നിന്നും വ്യക്തമാണ്. നിയമങ്ങള്‍ പുതുക്കിയെഴുതിയാല്‍ മാത്രമെ ഫലം ഉണ്ടാവൂ. അതേസമയം സീരിയലുകളുടെ ഉള്ളടക്കങ്ങളും അവയുടെ അവതരണവും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ളതാവണമെന്നും നിയന്ത്രണം ഉണ്ടാവണമെന്നും ഏവരും പറയുന്നു. അതിനുള്ള നടപടികളാണ്  ആദ്യം എടുക്കേണ്ടത്.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍