UPDATES

തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ സദാചാര പോലീസിന്റെ അഴിഞ്ഞാട്ടം

Avatar

അഴിമുഖം പ്രതിനിധി 

“ഇത് എന്‍റെ നാടാണ്, ഇതൊന്നും ഇവിടെ അനുവദിക്കില്ല” എന്നലറിക്കൊണ്ടാണ് ഇന്നലെ വൈകിട്ട്  സദാചാര പോലീസുകാര്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമഴിച്ചു വിട്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ഏഴുപേര്‍ ഇവരുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു.

വിദ്യാര്‍ഥികള്‍ ചെയ്ത അക്ഷന്തവ്യമായ അപരാധം ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നുള്ളതായിരുന്നു. 


ഈ മാസം 27ന് കാമ്പസില്‍ നടത്താനിരിക്കുന്ന ലിംഗഭേദം-ലിംഗനീതി എന്ന സെമിനാറിന് ആവശ്യമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്ഥലത്തെ സദാചാരപോലീസുകാരില്‍ നിന്നും ആക്രമണമേല്‍ക്കേണ്ടി വന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. രണ്ടാം ശനിയാഴ്ച അവധിയായതിനാല്‍ കാമ്പസിനു സമീപത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് പത്രികകളും മറ്റും തയ്യാറാക്കിയ ശേഷം ഹൈവേയ്ക്ക് സമീപം ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഷംസീന, മനുജ മൈത്രി, ആതിര, നസീഹ്, ഇര്‍ഷാദ്, ഇബ്നു ബത്തൂത്ത എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. 

 

കേട്ടാല്‍ അറപ്പുളവാക്കുന്നതരം തെറികള്‍ ഉറക്കെ വിളിച്ചുകൊണ്ടാണ് ഇവര്‍ വിദ്യാർത്ഥികൾക്കുനേരെ തിരിഞ്ഞത്.

 

“കോളേജില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതും ബസ്സില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നതും ഞങ്ങള്‍ക്കറിയാം. ഇന്ന് കോളേജ് ഇല്ലല്ലോ. ഇതൊന്നും ഇവിടെ നടക്കില്ല എന്നു തുടങ്ങിയ ശേഷം വിദ്യാര്‍ത്ഥികളെ ഇവര്‍ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

 

പ്രദേശവാസിയായ ഇബ്നു ബത്തൂത്ത എന്ന വിദ്യാര്‍ത്ഥിയെയാണ് ആദ്യം സദാചാരപോലീസുകാര്‍ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കും മര്‍ദ്ദനമേറ്റു.

 

ഇന്ന്  തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായത്  കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ്. നാലരയ്ക്ക് പ്രദേശവാസികള്‍ വന്നിട്ട് സംസാരിച്ചു തീര്‍ക്കാനുള്ള നടപടികളിലേക്കാണ് പോലീസ് നീങ്ങുന്നത്‌ എന്നവര്‍ക്ക് ബോധ്യപ്പെട്ടു.

 

വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാറെ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് തികച്ചും നിരുത്തരവാദിത്വപരമായ മറുപടിയാണ്. കാമ്പസിന് അവധിയായതിനാല്‍ അന്ന് നടന്ന കാര്യങ്ങളില്‍ സര്‍വ്വകലാശാല ഇടപെടില്ല എന്ന നിലപാടിലാണ്  രജിസ്ട്രാര്‍.

തിരൂര്‍  മലയാളം സര്‍വ്വകലാശാലയില്‍ ഇതൊരു പുതിയ സംഭവമല്ല. നാളുകളായി നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ച മാത്രം.

സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തിരൂർ വെട്ടം പഞ്ചായത്തിലെ വാക്കാട് പ്രദേശം ‘സദാചാര സംരക്ഷക’രുടെ വിളനിലമായി മാറിയിരിക്കുകയാണ്. സര്‍വ്വകലാശാല ആരംഭിച്ച നാള്‍ മുതല്‍ക്കുതന്നെ വിദ്യാര്‍ഥികള്‍ ഇവരില്‍  നിന്നും നേരിടുന്ന അക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. കാമ്പസിനു പുറത്തു മാത്രമല്ല അകത്തും നടപ്പിലാക്കാനായുള്ള നിയമസംഹിതകളുമായി നടക്കുന്ന ഇവര്‍ വൈസ് ചാന്‍സലറിനു പോലും പേടിസ്വപ്നമാണ്.

ആണും പെണ്ണും ഒരുമിച്ചിരിക്കുകയോ ബസ്സില്‍ യാത്ര ചെയ്യുകയോ ബീച്ചില്‍ പോവുകയോ ചെയ്‌താല്‍ സദാചാരവിരുദ്ധതയായി കാണുന്ന ഇവര്‍ക്ക് പൊതുജനമധ്യത്തില്‍ വച്ചുപോലും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറാന്‍ ഒരു മടിയുമില്ല.   

 

സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുള്ളതായി ഇന്നലെ നടന്ന ആക്രമണത്തിനിരയായ സംഘത്തിലുണ്ടായിരുന്ന ഒന്നാം വര്‍ഷ പരിസ്ഥിതി പഠന വിദ്യാര്‍ഥിനി ഷംസീന ഉമൈബ പറയുന്നു.

 

കാമ്പസിന്‍റെ മതില്‍ ചാടിയൊക്കെയാണ് പ്രദേശവാസികള്‍ അകത്തു വരാറുള്ളത്. കാമ്പസിലെ ഏതോ ക്ലാസ്സില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു എന്ന് ആരൊക്കെയോ പരാതി നല്‍കിയതിനു ശേഷം വിസി ക്ലാസ് കഴിഞ്ഞാല്‍ ഉടനെ തന്നെ മുറികള്‍ പൂട്ടിയിടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മൂന്നരയ്ക്ക് ക്ലാസ് അവസാനിച്ചാല്‍ നാലുമണിക്ക് ബസ് എടുക്കും. അതിനു ശേഷം ഒരാള്‍ പോലും കാമ്പസില്‍ ഉണ്ടാവില്ല. ക്ലാസ്സ് സമയങ്ങൾക്കപ്പുറത്തെ ചർച്ചകളും വായനകളും സൗഹൃദങ്ങളും പ്രണയങ്ങളും അനുവദിക്കാത്ത അന്തരീക്ഷം നിലനിർത്തികൊണ്ട്  ക്ലാസ്സ് മുറികൾ 3.30-നു ശേഷം അടച്ചു പൂട്ടുകയാണ്. പഠനത്തിനു മാത്രമല്ല വ്യക്തിത്വവികസനത്തിനു കൂടി വേദിയാകേണ്ട കാമ്പസില്‍ ഇതിനെതിരെ വന്‍ പ്രതിഷേധം രൂപപ്പെട്ടു കഴിഞ്ഞു.

ബസ്സില്‍ കയറുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രദേശവാസി കയറിപ്പിടിച്ച സംഭവം പോലും ഇവിടെയുണ്ടായി. പ്രതികരിച്ച വിദ്യാര്‍ത്ഥിനിയോട് എനിക്ക് വികാരം വന്നത് കൊണ്ടാണ് ഞാന്‍ പിടിച്ചത്, വികാരമുണ്ടായാല്‍  ഇനിയും പിടിക്കും എന്നായിരുന്നു സാമൂഹ്യ വിരുദ്ധന്റെ മറുപടി. നാണക്കേട്‌ ഭയന്ന് ആ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി.‘  

 

സമീപത്തുള്ള തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലും സമാനമായ അവസ്ഥ തന്നെയെന്നും സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ പരിസ്ഥിതി പഠന വിദ്യാര്‍ത്ഥി നസീഹ് പറയുന്നു.

 

സ്ഥലത്തെ സദാചാര പോലീസുകാരുടെ നടപടികള്‍ ഇതുകൊണ്ടൊന്നും  അവസാനിക്കുന്നില്ല. സമീപത്തുള്ള ബീച്ചില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ പിടിച്ചു കെട്ടിയിടുക, പോലീസിനെ വിളിക്കുക എന്നിവയ്ക്ക് കൂടി ഇവര്‍ ഇരയാകേണ്ടി വരുന്നു. പല സംഭവങ്ങളും ഇതിനു മുന്‍പ് നടന്നിട്ടുണ്ടെങ്കിലും ഭയന്നാണ് പലരും ഒന്നും പുറത്ത് പറയാത്തതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഇവിടന്നു പോകുന്നത് വരെ ഇവരെ സഹിക്കേണ്ടി വരും, ഞങ്ങള്‍ക്ക് ശേഷം വരുന്നവര്‍ക്കും ഇതേ അവസ്ഥ നേരിടേണ്ടി വരും. അതൊരു ശരിയായ വഴിയല്ല’.

 

പ്രദേശവാസികളുടെ അനുമതിയില്ലാതെയാണ് സര്‍വ്വകലാശാല സ്ഥാപിച്ചത് എന്നുള്ള കാരണം കൊണ്ട് എങ്ങനെയും ഇവിടത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 

ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍