UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്ബര്‍ കക്കട്ടില്‍: സൗഹൃദങ്ങളുടെ സൂക്ഷിപ്പുകാരന്‍

Avatar

കെ എ ആന്റണി

കക്കട്ടിലില്‍ നിന്നും അക്ബര്‍ ഇനി വിളിക്കില്ല. അക്ബര്‍ മാഷെന്ന് ഞാനേറെ സ്‌നേഹത്തോടെ വിളിക്കുന്ന അക്ബര്‍ കക്കട്ടില്‍ എഴുതിയ അനേകം കഥകളിലൊന്നിന്റെ പേര് വടകരയില്‍ നിന്നും കുഞ്ഞബ്ദുള്ള വിളിക്കുന്നു എന്നായിരുന്നു. പിന്നീട് നേരില്‍ കാണുമ്പോഴും ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയിലും ഇക്കാര്യം ഞാന്‍ തമാശരൂപേണ ഓര്‍മ്മപ്പെടുത്തിയിരുന്നതു കൂടി കൊണ്ടാകണം ഇടയ്ക്ക് എപ്പോഴെങ്കിലും ഒക്കെ ഇങ്ങോട്ടു വിളിക്കുന്ന വേളകളില്‍ ആന്റണി കക്കട്ടിലില്‍ നിന്ന് അക്ബര്‍ വിളിക്കുന്നു എന്ന് പറഞ്ഞിരുന്നത്. വിളിക്കുന്നത് തിരുവനന്തപുരത്ത് നിന്നോ തൃശൂരില്‍ നിന്ന് ഒക്കെയോ ആകും. എങ്കിലും ഫോണിന്റെ മറുതലയില്‍ മാഷിന്റെ കള്ളച്ചിരി നിറഞ്ഞ മുഖം വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

ഇനിയിപ്പോള്‍ കക്കട്ടില്‍ നിന്ന് വിളിക്കാന്‍ അക്ബര്‍ മാഷില്ല. ആ വിളി എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു.

1985-കളുടെ ഒടുവിലാണ് അക്ബര്‍ മാഷിനെ ആദ്യമായി നേരില്‍ പരിചയപ്പെടുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ ജേര്‍ണലിസം പഠനത്തിന്റെ ഭാഗമായി കോഴിക്കോട് മാതൃഭൂമിയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയതായിരുന്നു ഞാന്‍. റിപ്പോര്‍ട്ടിങില്‍ അന്നത്തെ ഗുരു മരിച്ചു പോയ കെ ജയചന്ദ്രന്‍ എന്ന വിപ്ലവകാരി മാധ്യപ്രവര്‍ത്തകന്‍. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയതിന്റെ ഭാഗമായി കോഴിക്കോട് മാത്രം ഏഴ് സ്വീകരണ പരിപാടികള്‍ ഉണ്ടായിരുന്നു. അതില്‍ രണ്ടെണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടതിനാല്‍ അന്ന് രാത്രി ഹോസ്റ്റലിലേക്ക് മടങ്ങാന്‍ ഗത്യന്തരമുണ്ടായിരുന്നില്ല.


അക്ബര്‍ കക്കട്ടില്‍ ടി വി കൊച്ചുബാവയോടൊപ്പം

തിരിച്ചെത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനിടെ തന്നെ കണ്ടിരുന്നു റിപ്പോര്‍ട്ടിങ് മുറിയില്‍ എത്തി ഒരു ചെറു ചിരിയോടെ കസേരയില്‍ ഉപവിഷ്ഠനാകുന്ന കക്കട്ടിലിനെ. ജയചന്ദ്രനെ കാണാനെത്തിയതായിരുന്നു കക്കട്ടില്‍. അതിനിടയില്‍ മറ്റൊരു ആള്‍ കൂടി വന്നു. കവിയല്ലെങ്കിലും കടമ്മനിട്ട കവിതകളുടെ പ്രചാരകനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍. അയാളും വന്നതും ജയചന്ദ്രനെ കാണാനായിരുന്നു. ജോലി തീര്‍ന്ന് പുറത്തിറങ്ങാന്‍ നില്‍ക്കുന്ന ജയചന്ദ്രന്‍ പറഞ്ഞു, നിനക്കിന്ന് എന്റെ കൂടെ തങ്ങാമെന്ന്. കോഴിക്കോട് ബീച്ചിനടുത്തുള്ള എയര്‍ലൈന്‍സ് ഹോട്ടലില്‍ ആയിരുന്നു ജയചന്ദ്രന്റെ വാസം. ഞങ്ങള്‍ നാലുപേരും അവിടേക്ക് വച്ചു പിടിച്ചു.

കസ്റ്റംസുകാരന്‍ രണ്ടു കുപ്പി സ്‌കോച്ചുമായാണ് വന്നത്. ഇടയ്ക്കിടെ അദ്ദേഹം കടമ്മനിട്ട കവിതകള്‍ ചൊല്ലി തിമിര്‍ത്തു കൊണ്ടിരുന്നു. രാവേറെ ആയപ്പോള്‍ കസ്റ്റംസുകാരന്‍ പോയി. മുറിയില്‍ ഞങ്ങള്‍ മൂന്നു പേരും ഒരുപാട് ഭക്ഷണവും ബാക്കിയായി.

‘നമുക്കിത് കടലിലെ മീനുകള്‍ക്ക് കൊടുക്കാം’ ജയചന്ദ്രന്‍ സ്വതസിദ്ധമായ ഗാംഭീര്യത്തില്‍ കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. പിന്നെ താമസമുണ്ടായില്ല. ബാക്കിയായ ഭക്ഷണം പൊതിഞ്ഞെടുത്ത് കടല്‍ തീരത്തേക്ക് നടന്നു. ജയചന്ദ്രന്‍ കടലില്‍ അല്‍പം ഇറങ്ങി നിന്ന് ഉച്ചത്തില്‍ വിളിച്ചു. –മീനേ വരിക. തിരമാലകളുടെ ഗര്‍ജ്ജന കോലാഹലങ്ങള്‍ക്ക് ഇടയില്‍ തീയേ വരിഹയെന്ന വിപ്ലവ കവിതയായേ എനിക്ക് അന്ന് തോന്നിയുള്ളൂ. മീനുകള്‍ വന്നോയെന്ന് അറിയില്ല. അക്ബര്‍ മാഷും ഞാനും കൈമാറിയ ഭക്ഷണ പൊതികളില്‍ നിന്നും ജയചന്ദ്രന്‍ എല്ലാം വാരിയെടുത്ത് കടലിലേക്ക് എറിഞ്ഞു.


അക്ബര്‍ കക്കട്ടില്‍, യു കെ കുമാരന്‍, കെ പി സുധീര, കെ പി രാമനുണ്ണി

അതിനുശേഷം അക്ബര്‍ മാഷിനെ ഇടയ്ക്കിടെ അളകാപുരിയില്‍ വച്ച് കാണും. കാണുമ്പോഴൊക്കെ മാഷ് പുറത്തു തട്ടി പറഞ്ഞു ചിരിക്കും. എന്നാലും നമ്മുടെ ഭക്ഷണം മീന്‍ കഴിക്കുന്നത് കാണാന്‍ കഴിഞ്ഞില്ലല്ലോയെന്ന്.

കുഞ്ഞബ്ദുള്ള വടകരയില്‍ നിന്ന് വിളിക്കുന്നുവെന്ന കഥ മാതൃഭൂമിയില്‍ അച്ചടിച്ച് വന്നത് ഓരോരുത്തരും ഓരോ വഴിക്ക് തിരിഞ്ഞെങ്കിലും പഴയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ എന്നും നിലനിന്നു. ജയചന്ദ്രന്‍ ഏഷ്യാനെറ്റില്‍ എത്തിയപ്പോഴും അത് തുടര്‍ന്നു. ഒടുവില്‍ ജയചന്ദ്രന്‍ മരണത്തിന് കൂട്ടുപോയി. ഇന്നിപ്പോള്‍ അക്ബര്‍ മാഷും.

രാവിലെ ആറേയഞ്ചിന് ഭാര്യ വിളിച്ചു പറഞ്ഞു. നിങ്ങളുടെ ഒരു സുഹൃത്ത് മരിച്ചിട്ടുണ്ട്. ആരെന്ന് ചോദിക്കും മുമ്പ് തന്നെ അവള്‍ പറഞ്ഞു. അക്ബര്‍ മാഷ്. നേരിട്ടല്ലെങ്കിലും അവള്‍ക്ക് അക്ബര്‍ മാഷിനെയറിയാം. വായനയിലൂടെയും ഇടയ്ക്കിടെ ഞങ്ങള്‍ തമ്മില്‍ നടത്തിയിരുന്ന ഫോണ്‍ ഭാഷണങ്ങള്‍ക്കിടയില്‍ അതിഥിയായി വന്നും.

അക്ബര്‍ മാഷിന് കേരള സാഹിത്യ അക്കാദമിയുടേത് അടക്കം ഒരുപിടി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് ഒരിക്കലും അറ്റുപോകാത്ത സൗഹൃദങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ കൂടിയാണ്.

എഴുത്തിന്റെ വഴിയില്‍ സ്വന്തം പാത വെട്ടിത്തുറന്ന് എടുത്ത അദ്ദേഹത്തിനെ വായിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയുണ്ട്. മലബാറിന്റെ, പ്രത്യേകിച്ചും കടത്തനാടിന്റെ ജീവിതവും ഹൃദയ സ്പന്ദനങ്ങളും അല്‍പം നര്‍മ്മം കലര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിക്കുന്ന ആ രചനയ്ക്ക് വല്ലാത്തൊരു വശ്യത തന്നെയുണ്ട്.

മാതൃഭൂമി ബാലപംക്തിയിലൂടെ കുഞ്ഞുണ്ണി മാഷിന്റെ ശിഷ്യനായിട്ടായിരുന്നു സാഹിത്യ ജീവിത തുടക്കമെങ്കിലും അക്ബര്‍ കക്കട്ടിലിന്റെ രചനാ രീതി തികച്ചും വ്യത്യസ്തമായിരുന്നു. സ്‌കൂള്‍ വാധ്യാന്‍മാരുടെ പതിവ് മുരടന്‍ സ്വഭാവം തൊഴിലിലും എഴുത്തിലും പെരുമാറ്റത്തിലും പ്രകടിപ്പിക്കാതിരുന്ന നല്ലൊരു മാതൃകാ അധ്യാപകന്‍ കൂടിയായിരുന്നു അക്ബര്‍ മാഷ്. അദ്ദേഹത്തിന്റെ സ്മരണക്കള്‍ക്ക് മുന്നില്‍ ഒരു പ്രിയ സുഹൃത്തിന്റെ പ്രണാമം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍