UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവിടെ മനോരമ ലേഖകന്‍ ഉണ്ട്, സൂക്ഷിക്കുക

‘കമിതാക്കള്‍ പരസ്യമായി പ്രണയിക്കുന്നു’ എന്ന തലക്കെട്ടില്‍ കോഴിക്കോട് സരോവരം പാര്‍ക്കില്‍ രണ്ട് പേര്‍ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ചിത്രമാണ് മനോരമ ഓണ്‍ലൈന്‍ ഉപയോഗിച്ചത്, ഈ ചിത്രം സമ്മതമില്ലാതെ എടുത്തതാണെന്നു മാത്രമല്ല ഏറെ വിചിത്രമായി തോന്നിയത് അത് റിപ്പോര്‍ട്ട് ചെയ്ത രീതിയാണ്

കിടപ്പുമുറി മുതല്‍ കടല്‍ത്തീരം വരെ സ്‌റേറ്റ് പോലീസ് ഉള്‍പ്പെടുന്ന സമൂഹത്തിന്റെ സൂക്ഷ്മനിരീക്ഷണ സംവിധാനമുള്ള നാടാണ് നമ്മുടേത്. ആഹാരം മുതല്‍ ശ്വസിക്കുന്ന വായു വരെയുള്ള സമസ്ത മേഖലകളിലും ബാഹ്യ ഇടപെടലുകള്‍ കൊണ്ട് പൊറുതിമുട്ടുന്ന ഒരു ജനതയായി മാറിക്കൊണ്ടിരിക്കുന്നു നാം.

 

കോഴിക്കോട് സരോവരം പാര്‍ക്കില്‍ കമിതാക്കള്‍ പരസ്യമായി പ്രണയിക്കുന്നു എന്ന മനോരമ ഓണ്‍ലൈന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മനോരമ ഓണ്‍ലൈനിന്റെ മാധ്യമ പ്രവര്‍ത്തനം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഒന്നാംതരാം സദാചാര ഗുണ്ടായിസമാണെന്നും വിമര്‍ശനം ഉയര്‍ന്നതോടെ പത്രമുത്തശിക്ക് വാര്‍ത്ത (!) പിന്‍വലിക്കേണ്ടി വന്നു.

 

മലയാള മാധ്യമങ്ങളുടെ സദാചാര പോലീസിംഗ് മനോഭാവം ഇതാദ്യമായല്ല വെളിവാക്കുന്നത്. കോഴിക്കോട് ഒരു കോഫീ ഷോപ്പില്‍ നടക്കുന്നത് ‘അനാശാസ്യം’ ആണെന്ന് ഇന്‍വെസ്റ്റിഗേറ്റ് ചെയ്ത് കണ്ടെത്തി കേരളത്തിലെ ഒരു ചാനല്‍ വളരെ ‘എക്ലുസീവ്’ ആയി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ മുഴുവന്‍ അലയടിച്ച ചുംബന സമരം എന്ന ആശയം ഉടലെടുത്തത്. ചാനലിന്റെ ആ ഒരൊറ്റ എക്‌സ്‌ക്ലൂസീവ് കൊണ്ട് ഒരു കോഫീ ഷോപ്പ് മുഴുവന്‍ അടിച്ചു തകര്‍ക്കപ്പെട്ടു.

വിവരസാങ്കേതികവിദ്യകളുടെ വിസ്‌ഫോടനം കൊണ്ട് അച്ചടി മാധ്യമങ്ങള്‍ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുന്നു എന്ന് കാണാം. സംസ്ഥാനത്തെ മുഴുവന്‍ അച്ചടി മാധ്യമങ്ങളും അതേ പേരുകളില്‍ തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ആരംഭിച്ചതോടെ ഇവിടെയും മത്സരം കടുത്തതായി. വാര്‍ത്തകളുടെ തലക്കെട്ടും വിവരണവും വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്ന രീതികളെ കുറിച്ച് ആദ്യം മുതലേ കല്ല് കടി ഉണ്ടായിരുന്നു. പതിവ് പോലെ വിവാദ ശ്രേണിയില്‍ ചെറുകിട പോര്‍ട്ടലുകളെ നാണിപ്പിക്കുന്ന വിധത്തില്‍ മനോരമയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുന്നിട്ടു നിന്നു.

 

 

‘കമിതാക്കള്‍ പരസ്യമായി പ്രണയിക്കുന്നു’ എന്ന തലക്കെട്ടില്‍ കോഴിക്കോട് സരോവരം പാര്‍ക്കില്‍ രണ്ട് പേര്‍ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ചിത്രമാണ് മനോരമ ഓണ്‍ലൈന്‍ ഉപയോഗിച്ചത്, ഈ ചിത്രം സമ്മതമില്ലാതെ എടുത്തതാണെന്നു മാത്രമല്ല ഏറെ വിചിത്രമായി തോന്നിയത് അത് റിപ്പോര്‍ട്ട് ചെയ്ത രീതിയാണ്. ‘കോഴിക്കോട് സരോവരം ബയോ പാര്‍ക്കില്‍ പ്രണയ ജോടികള്‍ പെരുകുന്നു എന്ന് നാട്ടുകാരുടെ പരാതി’- ചിക്കന്‍ ഗുനിയയോ മറ്റോ പരത്തുന്ന കൊതുക് ആണോ പ്രണയ ജോടികള്‍ എന്ന് തോന്നിപ്പോവും ആദ്യ വായനയില്‍.

 

സ്വന്തം ലേഖകന്‍ അഭിമാനപുരസരം തുടരുന്നു…. ‘മഴ എത്തിയതോടെ പാര്‍ക്കിന് പുറകിലെ ഗുഹ പോലത്തെ ഇടങ്ങളാണ് കമിതാക്കളുടെ പ്രിയപ്പെട്ട താവളം’ …. ഇത് പടച്ചു വിട്ടവന്റെ ബയോഡാറ്റ ഒന്ന് പരിശോധിച്ചു നോക്കണം; ഫയറിലോ മുത്തുച്ചിപ്പിയിലോ ആയിരിക്കും മിക്കവാറും പ്രവര്‍ത്തിപരിചയം.

 

‘ഇത്തരം കാഴ്ചകള്‍ കാണാന്‍ വേണ്ടി മാത്രം ടിക്കറ്റ് എടുത്ത് പാര്‍ക്കില്‍ വരുന്നവരും കുറവല്ല….’ ലേഖകനും ഇവരുടെ അതേ മാനസികാവസ്ഥ ആണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട്. ‘ചുംബന സമരം വിജയിച്ചാലും ഇല്ലെങ്കിലും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പോലെ ആണ് പലരും…’. ഒട്ടും പ്രിയപ്പെട്ടതല്ലാത്ത ലേഖകാ ചുംബന സമരം പ്രസവിച്ചത് ആണോ ചുംബനം? ചുംബന സമരത്തിന് മുന്‍പ് ആരും ഇന്നാട്ടില്‍ ചുംബിച്ചിട്ടില്ലേ!

 

ഫോട്ടോ എടുത്തവന്റെയും എഴുതി ഉണ്ടാക്കിയവന്റെയും ‘ചെള്ളക്കു നോക്കി ഒന്ന് കൊടുക്കണം’ എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് കണ്ടിരുന്നു; വയലന്‍സിന്റെ കണ്ടന്റ് ഉണ്ടെങ്കിലും ഇത് മുഴുവന്‍ വായിച്ചിട്ട് വെറുതെ ഇരിക്കാന്‍ കഴിയണമെങ്കില്‍ അപാരമായ ക്ഷമ കൈ മുതലായുണ്ടാവണം.

പാര്‍ക്കിലും ബീച്ചിലും കമിതാക്കളുടെ സാന്നിധ്യം കൊണ്ട് പൊറുതി മുട്ടി എന്ന് പരാതിപ്പെടുന്ന ലേഖകനും അതിനു നീണ്ടു നിവര്‍ത്തി സ്‌പേസ് കൊടുത്ത മനോരമയും അറിയേണ്ടത് അന്യഗ്രഹ ജീവികളല്ല കമിതാക്കള്‍. സ്വതന്ത്രമായി പ്രണയിക്കാന്‍ പോലും ഇടമില്ലാത്ത ഒരു രാജ്യത്ത് ജീവിക്കേണ്ടി വരുന്നതിലും വലിയ ഗതികേട് എന്തുണ്ട്? പോലീസും പട്ടാളവും സി സി ടി വി കാമറയ്ക്കും കാക്കി ഇല്ലാത്ത സദാചാര പോലീസുകാര്‍ക്കും പുറമേ മാധ്യമ ലേഖകന്മാരെയും ഫോടോഗ്രഫര്‍മാരെയും കൂടി ഭയപ്പെടണം എന്ന് ചുരുക്കം. പാര്‍ക്കില്‍ ഇരുന്നവര്‍ പ്രണയ ജോടികള്‍ ആണെന്ന് കണ്ടെത്തിയത് ഏതു ജ്യോതിഷന്‍ ആണെന്ന് കൂടി വ്യക്തമാക്കുന്നത് നന്നായിരിക്കും, ഈ നാട്ടില്‍ പരസ്പരം ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും കമിതാക്കള്‍ ആണെന്ന ധാരണ എത്ര മാത്രം അബദ്ധമാ\ണ്!

എന്റെ സദാചാരബോധവും നിങ്ങളുടെ സദാചാരബോധവും ഒന്നായിരിക്കണമെന്ന വാശിയില്‍ ഫാസിസത്തിന്റെ അണുക്കളുണ്ട്. റസ്സല്‍ ഷാഹുല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ആ ചിത്രത്തില്‍ അവരുടെ സമ്മതമില്ലാതെ പകര്‍ത്തി എന്നതൊഴിച്ചാല്‍, നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്രകാരം ഒരു അശ്ലീലവും ഞാന്‍ കാണുന്നില്ല. ഒരാള്‍ ഒരാളെ കൊന്നു /ഒരാള്‍ ഒരുവളെ ബാലാത്സംഘം ചെയ്തു എന്നൊക്കെ കേള്‍ക്കുമ്പോഴോ അത് കാണുമ്പോഴോ അറിഞ്ഞിട്ടില്ലാത്ത ആത്മസംഘര്‍ഷമാണോ സ്‌നേഹാശ്ലേഷങ്ങള്‍ നിങ്ങള്‍ക്ക് തരുന്നത് ? രണ്ടു പേര്‍ പരസ്പരം നോക്കി അംഗീകരിക്കുമ്പോള്‍ തന്നെ ലോകം മാറുന്നുവെന്നാണ് ഒക്ടോവിയോ പാസ് എഴുതിയത്. എന്നാല്‍ ഇപ്പോഴത്തേത് നാട്ടുകാരുടെ മനോരോഗമാണോ മനോരമയുടെ മനോരോഗമാണോ എന്നത് ഇനിയും വ്യക്തവുമല്ല; ഓര്‍ക്കുക വീക്ഷണങ്ങളും നിലപാടുകളും അവയോടുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ സമീപനങ്ങളുമാണ് ചരിത്രത്തില്‍ നിങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.

 

 

മാധ്യമ പ്രവര്‍ത്തനം തീവ്രവും മത്സരാധിഷ്ടിതവുമായ കേരള സമൂഹത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാനോ തമസ്‌ക്കരിക്കാനോ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു മടിയും ഇല്ലെന്ന തിരിച്ചറിവ് ദിനേന പൊതുജനം മനസ്സിലാക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് ആഷിക് ഖേതന്റെ അന്വേഷണ റിപ്പോര്‍ട്ട് മുതല്‍ ചെമ്മണൂര്‍ ജ്വല്ലറിയില്‍ നടന്ന ആത്മഹത്യ വരെ… ഉദാഹരണങ്ങളുടെ ലിസ്റ്റിന് അവസാനമില്ല.

 

ആഗോളീകരണത്തിന്റെ കാലത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ നാവുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ മധ്യവര്‍ഗ്ഗ സദാചാരബോധത്തിന് ശക്തമായ സാന്നിധ്യമുള്ള ഒരു സമൂഹത്തില്‍, പ്രണയം പാപം ആണെന്ന് കരുതുന്ന വലിയൊരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തില്‍ ഒരു പൊതു ഇടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നു സംസാരിക്കുന്നതോ ചുംബിക്കുന്നതോ ആയ വാര്‍ത്തകള്‍ പടച്ചു വിടുന്നതിലൂടെ, നവോഥാന മൂല്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് വിമോചനത്തിന്റെയും സമത്വത്തിന്റെയും ബഹുസ്വരമായ രീതികളിലൂടെ വളര്‍ന്ന, അനാചാരങ്ങളെയും അയിത്തത്തെയും അതതു കാലങ്ങളില്‍ ചോദ്യം ചെയ്തുപോന്ന, മലയാളത്തിന്റെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തോട് വലിയ നീതികേടാണ് ചെയ്യുന്നത്.
(ഈ ചരിത്രം മനോരമയ്ക്ക് ബാധകമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല എന്നുത്തരം പറയാനെ കഴിയു!)

 

ഇന്ത്യയില പ്രതിഭാധനരായ പത്രാധിപരില്‍ ഒരാളായ പോത്തന്‍ ജോസഫ് പറഞ്ഞു ‘ഒരു പത്രം ഉണ്ടാക്കിയെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്; ഒരിക്കല്‍ പേരെടുത്തു കഴിഞ്ഞാല്‍ പിന്നെ ചവറു കൊണ്ട് നിറച്ചാലും അത് വിറ്റു പോകും’. അച്ചടി മാധ്യമങ്ങളുടെ തളര്‍ച്ചയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ കുതിച്ചുചാട്ടവും കൊണ്ട് ശ്രദ്ധേയമായ ഒരു കാലഘട്ടമായിരുന്നു അന്നെങ്കില്‍ അദ്ദേഹം ഇത് പറയാന്‍ ധൈര്യപ്പെടില്ലായിരുന്നു.

 

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം പറയുകയും മര്‍ഡോക്കിന്റെ ശൈലി സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം പത്രമാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ എത്ര മൂടിവെച്ചാലും അവ പുറത്തുകൊണ്ടുവരുന്ന നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിങ്ങളെ വിചാരണ ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. നിങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് മുഴുവന്‍ പുറത്തുകൊണ്ടുവരാനുള്ള ത്രാണി ഈ ബദല്‍ മാധ്യമങ്ങള്‍ക്കുണ്ടെന്ന സത്യമെങ്കിലും അംഗീകരിക്കുക.

 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍