അഴിമുഖം പ്രതിനിധി
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയായ രജതിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ എഫ്ഐആറില്‍ പാന്‍മസാല കടക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ പ്രതിചേര്‍ത്ത് പോലീസ്. കടക്കാരനെ ഒഴിവാക്കിയാണ് ഈ കേസില്‍ മകനെ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. രണ്ടാം പ്രതിയുടെ പേരിന്റെ സ്ഥാനത്ത് അജ്ഞാതന്‍ എന്നുമാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
പ്രതികളായവരെ പോലീസ് സംരക്ഷിക്കുകയാണെന്നും പാന്‍മസാല വില്‍പ്പനക്കാരായ കുട്ടികളുമായി രജതിനു പ്രശ്നം ഉണ്ടായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഉണ്ടായത് ചെറിയ ഒരു തര്‍ക്കം മാത്രമാണ് എങ്കില്‍ എങ്ങനെ രജത് കൊല്ലപ്പെട്ടു എന്നുള്ള ചോദ്യവും ബന്ധുക്കള്‍ ഉന്നയിക്കുന്നു. കുട്ടിയെ പിടിച്ചു കൊണ്ടു പോയി മര്‍ദിച്ച തപോവന്‍ പാര്‍ക്ക് മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമാണെന്ന് മയൂര്‍ വിഹാറിലെ മലയാളികള്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ അനാസ്ഥയിലും കഞ്ചാവ് വില്‍പനയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് മലയാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു.