UPDATES

ഷിബിന്‍ എവിടെ? ഭക്ഷണത്തിന്റെ കണക്കുചോദിച്ചതിന് മലയാളി ജവാനെ തടങ്കലിലാക്കിയെന്ന് കുടുംബം

‘അവനെ സൈന്യത്തില്‍ നിന്ന് പിരിച്ചു വിട്ടോട്ടെ, ജീവനോടെ തിരിച്ചു കിട്ടിയാല്‍ മതി’

‘എന്നെ ഇവര്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഇരുട്ടുമുറിയ്ക്കുള്ളിലാണ് ഞാന്‍’… ദിവസങ്ങള്‍ക്ക് ശേഷം സോഫിയയെ തേടി ഷിബിന്റെ ഫോണ്‍ കോള്‍ എത്തി. പക്ഷെ പറഞ്ഞത് ഇത്രമാത്രം. കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് മുമ്പെ അയാളുടെ ഫോണ്‍ മറ്റാരോ പിടിച്ച് വാങ്ങി സോഫിയയ്ക്ക് മനസ്സിലാവാത്ത ഭാഷയിലെന്തോ പറഞ്ഞു. പിന്നീട് ഫോണ്‍ നിശ്ചലമായി.

ഷിബിന്‍ എവിടെയാണെന്ന് പോലും അറിയാതിരുന്ന നാല് ദിവസങ്ങളുടെ അനിശ്ചിതത്വം അതോടെ അവസാനിച്ചെങ്കിലും ഷിബിന്റെ യഥാര്‍ഥ അവസ്ഥ, ജോലി, ഭാവി എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ സോഫിയയ്ക്കും കുടുംബത്തിനും അവ്യക്തത തുടരുകയാണ്. സോഫിയയുടെ ഭര്‍ത്താവ് ഷിബിന്‍ ബിഎസ്എഫ് ജവാനാണ്. സേനയില്‍ നിന്ന് പിരിച്ച് വിട്ടാലും ഷിബിനെ തങ്ങള്‍ക്ക് ജീവനോടെ തിരിച്ച് തന്നാല്‍ മതിയെന്ന ആവശ്യവുമായി അധികാരികളുടെ കനിവിന് യാചിക്കുകയാണ് ഈ കുടുംബം. മേലധികാരികള്‍ക്കെതിരെ പരാതി പറഞ്ഞതിന് പീഡനമേറ്റുവാങ്ങേണ്ടിവന്ന ഷിബിനെ ഇപ്പോള്‍ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് അച്ഛന്‍ തോമസ് ജോണ്‍ ആരോപിക്കുന്നു.

ആലപ്പുഴ വടക്കനാര്യാട് ഇട്ടിയംവെളിയില്‍ ഷിബിന്‍ തോമസ് പശ്ചിമബംഗാളില്‍ ബിഎസ്എഫിന്റെ 28-ാം ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. 13 വര്‍ഷമായി ബിഎസ്എഫില്‍ ജോലി ചെയ്യുന്ന ഷിബിന്‍ മുമ്പ് പശ്ചിമബംഗാളില്‍ തന്നെ 41-ാം ബറ്റാലിയനിലായിരുന്നു. ജവാന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടില്‍ ലഭ്യമാകാത്തതിനെതിരെ 2015 ഡിസംബറില്‍ പ്രതികരിച്ചതോടെയാണ് മേലധികാരികള്‍ പീഡനം തുടങ്ങിയത്.

ജവാന്മാര്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ ചില മേലധികാരികള്‍ മറിച്ചുവില്‍ക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ഷിബിന്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. ഒരു ജവാനായി സര്‍ക്കാര്‍ എന്തെല്ലാം നല്‍കുന്നുവെന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇതിനു ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയില്ല. വൈകാതെ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ചില കുറ്റങ്ങള്‍ ചുമത്തി സര്‍വീസില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഷിബിന്‍ നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അമ്മ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. തനിക്ക് നീതി ലഭ്യമാക്കണമെന്നഭ്യര്‍ഥിച്ച് ഷിബിന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ബിഎസ്എഫ് അധികാരികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസും ഈ വിഷയത്തില്‍ അനുഭാവപൂര്‍വമാണ് ഇടപെട്ടെതെന്ന് തോമസ് ജോണ്‍ പറയുന്നു.

ജോലി തിരികെ ലഭിക്കാനുള്ള പോരാട്ടങ്ങള്‍ ഫലം കണ്ടു. ഷിബിനെ തിരിച്ചെടുത്തുകൊണ്ടുള്ള ബിഎസ്എഫ് അധികൃതരുടെ ഉത്തരവ് കഴിഞ്ഞ നവംബറില്‍ ലഭിച്ചു. എന്നാല്‍ ചുമതലയേല്‍ക്കാന്‍ ചെന്നപ്പോള്‍ നാല് ദിവസം വൈകിയാണ് ഇതിന് അനുവദിച്ചത്. സേനയില്‍ തിരിച്ചെത്തിയ ഷിബിനെ 41-ാം ബറ്റാലിയനില്‍ നിന്ന് 28-ാം ബറ്റാലിയനിലേക്ക് മാറ്റി. എന്നാല്‍ അവിടെയും കാത്തിരുന്നത് ദുരനുഭവങ്ങള്‍ തന്നെയായിരുന്നു. ഷിബിന്റെ പേരിലുള്ള പഴയ കേസുകള്‍ അന്വേഷിക്കാന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. അന്വേഷണം നടക്കുമ്പോള്‍ തന്നെ ഷിബിനെ ബാംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി. എതിര്‍കക്ഷികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് ഒപ്പിട്ട് നല്‍കാന്‍ ഷിബിനെ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്ന് ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാതാകുകയായിരുന്നെന്നും സോഫിയ പറയുന്നു.

കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ സോഫിയയും തോമസ് ജോണും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ബിഎസ്എഫിലെ ഒരു പരിചയക്കാരന്‍ വഴി അന്വേഷിച്ചപ്പോള്‍ ഷിബിന്‍ ഇപ്പോള്‍ തടങ്കലിലാണെന്ന വിവരമാണ് ഇവര്‍ക്ക് ലഭിച്ചത്. മകന്‍ എവിടെയാണെന്ന് അറിയണമെന്ന് കാണിച്ച് തോമസ് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ഫോണില്‍ കുടുംബത്തെ ബന്ധപ്പെടാന്‍ ഇയാള്‍ക്ക് അനുമതി ലഭിച്ചതെന്ന് തോമസ് പറയുന്നു. ഇതിന് മുമ്പ് ഫെബ്രുവരി 23ന് വൈകിട്ടാണ് സോഫിയ ഷിബിനുമായി ഫോണില്‍ സംസാരിച്ചത്. ‘ഡെപ്യൂട്ടി കമാന്‍ഡന്റ് വിളിച്ചെന്നും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുകയാണെന്നുമാണ് അവസാനമായി പറഞ്ഞത്. പിന്നീട് പലതവണ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. ഇടയ്ക്ക് ഒരു സ്ത്രീശബ്ദം കേള്‍ക്കാം. അവര്‍ പുലഭ്യംപറഞ്ഞുകൊണ്ട് ഫോണ്‍ കട്ടു ചെയ്യുകയാണ്.
അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കാന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ശ്രമിച്ചതിനെക്കുറിച്ച് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഷിബിന്റെ മുറിയില്‍ അംഗരക്ഷകനൊപ്പമെത്തിയാണ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഈ ആവശ്യമുന്നയിച്ചതെന്നും എന്നോട് പറഞ്ഞിരുന്നു. താന്‍ നല്‍കിയ തെളിവുകള്‍ സ്വീകരിക്കാതെ ഏകപക്ഷീയമായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പിടില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ വധിക്കുമെന്നായിരുന്നു പ്രതികരണം. നിന്നെ എന്റെ ഗണ്‍മാന്‍ വെടിവെച്ച്‌ കൊല്ലും. അന്വേഷണത്തിനെത്തിയ എന്നെ നീ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചതാണെന്ന് തെളിയിക്കുമെന്നായിരുന്നു ഭീഷണിയെന്ന് ഷിബിന്‍ ഭയത്തോടെ പറഞ്ഞിരുന്നു’ സോഫിയയുടെ വാക്കുകള്‍.

മകനെ അപായപ്പെടുത്തുമോയെന്ന ആശങ്കയാണ് തോമസിനെ ഇപ്പോഴും അലട്ടുന്നത്. ‘ജവാന്‍മാര്‍ക്ക് നല്‍കുന്ന ഭക്ഷണം പലപ്പോഴും മേലുദ്യോഗസ്ഥര്‍ തന്നെ കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്ന് അവന്‍ പലപ്പോഴും പറഞ്ഞിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്ന ഡീസല്‍ മറിച്ചുവില്‍ക്കുന്നതിനാല്‍ അതിര്‍ത്തികാക്കുന്ന സൈനികര്‍ പലപ്പോഴും കൂരിരുട്ടിലാണ് ജോലി ചെയ്യേണ്ടി വരുന്നതെന്നും അവന്‍ പറയുമായിരുന്നു. ഇതിനെതിരെയാണ് അവന്‍ ശബ്ദമുയര്‍ത്തിയത്. വിവരാവകാശ നിയമ പ്രകാരം ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ആഭ്യന്തര കാര്യങ്ങളായതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ സേനയ്ക്കുള്ളില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്ത ഷിബിന്‍ അതോടെ അവരുടെ നോട്ടപ്പുള്ളിയായി. ഡ്യൂട്ടി ചെയ്യുന്നില്ല, മെഡിക്കല്‍ ഓഫീസറെ ധിക്കരിച്ചു, മേലുദ്യോഗസ്ഥനെ അനുസരിക്കുന്നില്ല, യൂണിഫോം ധരിക്കുന്നില്ല തുടങ്ങിയ കുറ്റങ്ങള്‍ അവന് മേല്‍ ചുമത്തിയാണ് അന്ന് പിരിച്ചുവിട്ടത്. എന്നാല്‍ നിയമ പോരാട്ടത്തിലൂടെ അവന്‍ തിരിച്ചെത്തുമെന്ന അവര്‍ കരുതിയിരിക്കില്ല. അവനെതിരെയുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് മേലുദ്യോഗസ്ഥന്‍ നല്‍കിയിരിക്കുന്നത്. കേസ് നടപടിയെന്ന നിലയിലായിരിക്കാം അവനെ തടങ്കലില്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ കോടതി കൂടുമെന്നാണ് അറിഞ്ഞത്. ജോലി പോണമെങ്കില്‍ പൊയ്‌ക്കോട്ടെ. അവനെ ജീവനോടെ തിരിച്ച് കിട്ടിയാല്‍ മതി ഞങ്ങള്‍ക്ക്” തോമസ് ജോണ്‍ പറയുന്നു.

മുമ്പ് ബിഎസ്എഫ് ജവാനായ തേജ് ബഹദൂര്‍ യാദവ് അതിര്‍ത്തി കാക്കുന്ന സൈനികരുടെ ദുരവസ്ഥ തുറന്നുകാട്ടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം യാദവ് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയാണ് തോമസ് ഭയക്കുന്നത്.

(മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍