വി ഉണ്ണികൃഷ്ണന്‍
മാലിദ്വീപില്‍ തടവിലാക്കപ്പെട്ട മലയാളിയുടെ കേസിന്റെ വിശദ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് മാലി സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്ന് മാലിയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ വെല്‍ഫെയര്‍ ഓഫീസറായ നാരായണ്‍ കുമാര്‍ ഝാ അഴിമുഖത്തോട് പറഞ്ഞു. ബാലപീഡനം എന്ന കുറ്റം ആരോപിച്ചാണ് വില്‍സണ്‍ തോമസ് എന്ന അധ്യാപകനെ മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തടവിലാക്കപ്പെട്ടതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കിട്ടുന്ന മുറയ്ക്ക് മാധ്യമങ്ങളെയും വില്‍സണ്‍ തോമസിന്റെ സഹപ്രവര്‍ത്തകരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളിയായ അധ്യാപകന്‍ വില്‍സണ്‍ തോമസ് ജയിലിടക്കപ്പെട്ട സംഭവത്തിന്റെ വിശദവിവരങ്ങള്‍ക്കായി അഴിമുഖം മാലിദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷനെ ബന്ധപ്പെട്ടപ്പോഴാണ് ഝാ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 13ന് ലൈംഗിക പീഡന കുറ്റം ചുമത്തി ഗാഫ് അലിഫ് ജമ്‌നാഫുസി സ്‌കൂളിലെ അധ്യാപകനായ വില്‍സണ്‍ തോമസിനെ മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്ത വിവരം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു.