അനീ…
വാക്കുകള്‍ കീപാഡിലേക്ക് എഴുതാന്‍ പോലും കഴിയാത്ത അത്ര നിരാശയിലും വേദനയിലുമാണു ഞാനീ കത്തെഴുതാന്‍ ഇരിക്കുന്നത്. നീയും എഴുതപ്പെടാന്‍ മടിക്കുന്നൊരു നിസ്സംഗതയിലാണെന്ന് എനിക്കറിയാം. പെരുമ്പാവൂരും അങ്ങനെ ഒരു സ്ഥലപ്പേരായി. വിതുര, സൂര്യനെല്ലി, ഡല്‍ഹി, പിന്നെ പേരറിയാത്ത മറ്റേതൊക്കെയോ സ്ഥലങ്ങള്‍പോലെ. നിന്റെ കൊരട്ടിയില്‍ നിന്നും ഏറെ ദൂരയല്ല ഈ സ്ഥലം എന്നല്ലേ നീ പറഞ്ഞിരിക്കുന്നത്? ഒരു ദുരന്തമാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന മാനകമെങ്കില്‍ പെരുമ്പാവൂര്‍ മറ്റനേകം സ്ഥലങ്ങളുടെ അരികിലാണ്. എവിടെനിന്നും അവിടേക്ക് എത്തിച്ചേരാന്‍ സാധ്യമായ ദൂരമേയുള്ളൂ.
ഇവിടെ ഗ്രാമത്തില്‍ എന്നെ കേരളവുമായി ബന്ധപ്പെടുത്തുന്ന ഏക വസ്തു ഫേസ്ബുക്ക് എന്നതാണ്. ഞാന്‍ ഈ വാര്‍ത്ത അറിഞ്ഞതും അതിലൂടെ തന്നെ. ഈ വാര്‍ത്ത കൈരളി പീപ്പിള്‍ ചാനല്‍ ആണത്രെ ബ്രേക്ക് ചെയ്തത്. ഇത്രയും പൈശാചികമായി (മൃഗീയം എന്നെഴുതിയാല്‍ ഞാന്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ എന്നെ ആട്ടും) ഒരാള്‍ക്ക് മറ്റൊരു ജീവന്‍ കവരാന്‍ സാധിക്കുക? ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് തന്നെ പൈശാചികമാണെന്നിരിക്കെ.
അനീ, ഞാന്‍ വല്ലാതെ നിരാശയിലാണ്. എന്തോ, പീഡന വാര്‍ത്ത എന്നെ ഇത്രയേറെ വിഷമിപ്പിച്ചില്ല എന്ന് പറയുമ്പോള്‍ എന്റെ നിര്‍വികാരതയെ നീ പുച്ഛിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കട്ടെ. പക്ഷെ അതിനു ശേഷം യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാതെ, മാപ്പ് തരൂ പെങ്ങളെ… എന്നൊക്കെയുള്ള വാചാടോപങ്ങള്‍ കാണുമ്പോഴാണ് അടിവയറ്റില്‍ നിന്ന് അറപ്പും വെറുപ്പും ഓക്കാനമായി പുറത്തേക്കൊഴുകുന്നത്.
ജ്യോതി സിംഗിനെ ഇതേ വിധത്തില്‍ പീഡിപ്പിച്ചു കൊന്നപ്പോഴും, സൗമ്യയുടെ കൊലപാതകം നടന്നപ്പോഴും ഒക്കെ ഉണ്ടായ അമിത വൈകാരിക പ്രകടനങ്ങള്‍ക്ക് ഇത്തവണയും യാതൊരു കുറവും ഇല്ല. ‘ഞങ്ങള്‍ക്കവനെ വിട്ടു തരൂ, അവന്റെ രക്തത്താല്‍ ശുദ്ധമാക്കട്ടെ തെരുവുകള്‍’ തുടങ്ങിയ ആക്രോശങ്ങളാണ് എല്ലാവരുടെയും വാളുകളില്‍. rape culture എന്നത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലെന്നും സമൂഹത്തിന്റെ പ്രശ്‌നമാണെന്നും അറിയാത്തവരായിട്ടാണോ ഇങ്ങനെ അഭിപ്രായം പറയുന്നത്? ദുരന്തം ഉണ്ടാകുമ്പോള്‍ പഴിചാരാന്‍ ഒരു ‘അന്യനെ’ ലഭിക്കുമ്പോള്‍ അതില്‍ അഭിരമിക്കുകയും, തന്റെയുള്ളില്‍ സജീവമായി നിലനില്‍ക്കുന്ന ഒരു potential rapistനെ അടക്കി നിര്‍ത്തുകയുമാണ് പലപ്പോഴും ഈ കൊലവിളികള്‍.
‘ദേ ഞാന്‍/ഞങ്ങള്‍ അല്ല അവന്‍/അവര്‍ ആണ് ഇതിനൊക്കെ കാരണം. നമുക്കവരെ കൊല്ലാം. എന്നിട്ട് ഞാനും നീയും മാത്രമുള്ള, കുറ്റവാളി വിമുക്തമായ, സമാധാനം പുലരുന്ന ഒരു സമൂഹത്തില്‍ ജീവിക്കാം’; ഈ ഞാനും അവനും സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടേ ഇരിക്കും എന്നു മാത്രം. സരിതയുടെ ഒളിക്യാമറ വീഡിയോ കിട്ട്യോടാ എന്നന്വേഷിക്കുന്ന, കുളിമുറികളില്‍ ഒളിപ്പിച്ച, തെളിച്ചമില്ലാത്ത നഗ്‌നവീഡിയോ കണ്ടു മുഷ്ടിമൈഥുനം നടത്തുന്ന, തിരക്കിനിടയില്‍ ഒരു പെണ്‍ശരീരത്തെ അടുത്ത് കിട്ടിയാല്‍ ഞെക്കിയും തോണ്ടിയും ഉദ്ധരിച്ച ലിംഗം വച്ചുരച്ചും ‘സുഖം ലഭിക്കുന്ന’ സമൂഹത്തിന് പീഡനത്തിനെതിരെ നെഞ്ചത്തടിച്ചു കരയാന്‍ യാതൊരു അവകാശവുമില്ല. ജിഷയെ പീഡിപ്പിക്കുന്ന വീഡിയോ ഉണ്ടായിരുന്നെങ്കില്‍, പീഡനത്തിനെതിരെ പോസ്റ്റിട്ട് പെര്‍വെഷണല്‍ ചാറ്റില്‍ ‘എടാ കിട്ട്യോ’ എന്നു ചോദിക്കുന്ന കപടതയാണ് മലയാളി പുരുഷന്‍ എന്നത് ലജ്ജയോടെ കുറിക്കട്ടെ.
ജിഷ ഒറ്റപ്പെട്ട ഒരു പ്രതീകമല്ല. ഇന്നോ നാളെയോ നീയോ ഞാനോ നമ്മളില്‍ ആരുമോ ഇത്തരത്തില്‍ കൊല്ലപ്പെടാവുന്നതെയുള്ളൂ. പെണ്ണിനെ സംരക്ഷണം കൊണ്ട് മൂടും എന്ന് ഓരോ മിനിട്ടിലും സമൂഹം വാദിക്കുന്ന; സ്വന്തം അച്ഛനും ഭര്‍ത്താവും അമ്മാവനും മുത്തശ്ശനും ഉദ്ധരിച്ച ലിംഗങ്ങളില്‍ കാമപൂര്‍ത്തീകരണം നടത്തുന്ന വീടകങ്ങളിലാണ് ജിഷയുടെ കൊലപാതകവും. ഓരോ പീഡനവും ഇരയുടെ കുഴപ്പം കൊണ്ടാണ് എന്ന് വാദിച്ചു ‘ജയിക്കുന്നവര്‍ക്ക് ‘ ഇവിടെ മൗനമാണ് തുണയെന്നു തോന്നുന്നു.
മനീഷ നാരായണന്‍ ഇങ്ങനെ ചോദിക്കുന്നു;
നിസ്സഹായത, അരക്ഷിതം, അപമാനം, നിരാശ ഒക്കെയാണ് ഞാനടക്കമുള്ള പെണ്ണുങ്ങളുടെ ജീവിതം. ഒരു മാനിഫെസ്‌റ്റോയും മുന്നോട്ട് വെച്ചിട്ട് കാര്യമില്ല. നമ്മുടെയൊക്കെ വീട്ടിലെ ആണ്‍കുട്ടികളെ മര്യാദയ്ക്കു വളര്‍ത്താത്തിടത്തോളം കാലം പെണ്‍കുട്ടികള്‍ക്ക് എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുക? മരിക്കാന്‍ കഴിയുക? മനസ്സു കൊണ്ടെങ്കിലും ഒരു പെണ്ണിനെ ബലാത്സംഗം ചെയ്യാത്ത എത്ര പേരുണ്ടാകും?
ഇത് നമ്മള്‍ ഒരോരുത്തരോടുമുള്ള ചോദ്യമാണ്.
രാവണ്‍ കണ്ണൂര്‍ ഇങ്ങനെ കുറിക്കുന്നു;
‘പെങ്ങളെ’ ബലാത്സംഗം ചെയ്തു കൊന്നവനെ പിടിക്കണം, എന്നിട്ട് അടിച്ചു കൊല്ലണം എന്നൊക്കെ പറഞ്ഞു ആങ്ങളമാര്‍ ഇങ്ങനെ വരുവാണേ, അപ്പോഴാണു വേറൊരു പെങ്ങളിട്ട പോസ്റ്റില്‍ ആങ്ങളമാര്‍ക്ക് ഇഷ്ടമല്ലാത്ത എന്തൊക്കയോ എഴുതിയിരിക്കുന്നത്. ഒന്നും നോക്കിയില്ല പെങ്ങളെ തേവടിച്ചിയാക്കി, കൂട്ടികൊടുപ്പുകാരിയാക്കി, അവളുടെ അച്ഛനും അമ്മയ്ക്കും പറഞ്ഞപ്പോള്‍ ഒരു ആശ്വാസം. അത് കഴിഞ്ഞു അടുത്ത പെങ്ങളുടെ പോസ്റ്റും നോക്കി അലയുന്ന ആങ്ങളമാര്‍!
ഫേസ് ബുക്കില്‍ എന്തിനെതിരെയെങ്കിലും പ്രതികരിക്കുന്ന സ്ത്രീകളുടെ വാളില്‍ അസഭ്യവര്‍ഷം ചൊരിയുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും അവളുടെ പൂറ് അടിച്ചുപൊളിക്കണമെന്നും അവളുടെ അമ്മയെ പണ്ണണമെന്നും യാതൊരു മറയുമില്ലാതെ എഴുതി വിടുമ്പോള്‍ സുഹൃത്തേ, നിങ്ങള്‍ ചെയ്യുന്ന അതേ പ്രവര്‍ത്തിയാണ് പത്രങ്ങള്‍ എഴുതുന്ന ഈ ബലാത്സംഗം. നിങ്ങളുടെ ഓരോ വാക്കുകളിലും ആത്മവിശ്വാസമുള്ള ഒരു സ്ത്രീ ക്രൂരമായി കൊല്ലപ്പെടുന്നുണ്ട്. ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഇടുന്നവളുമാരൊക്കെ പോക്ക് കേസുകള്‍ ആണെന്നും, എന്റെ പെങ്ങളോ മറ്റോ അങ്ങനെ ആയാല്‍ പ്രശ്‌നമാണ് എന്നു ചിന്തിക്കുകയും ചെയ്യുന്ന, നിന്നെയൊക്കെ എന്റെ കുഞ്ഞു പെങ്ങള്‍ ആയാണ് കാണുന്നതെന്ന് പറഞ്ഞ് അധികാരം സ്ഥാപിക്കുന്ന ആളുകളാണ് അനീ… നമുക്ക് ചുറ്റും.
ജിഷയുടെ മരണത്തിലും ഇതേ അധികാരബോധമാണ് വാക്കുകളായി പുറത്തേക്കു വരുന്നത്. നിന്നെ സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന വിലകുറഞ്ഞ ആണ്‍ബോധമാണ് ഇവിടെയും പ്രകടമാകുന്നത്. നിന്നോടുള്ള കടമ നിനക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന ഒരു സമൂഹത്തെ ഒരുക്കലല്ല മറിച്ച്, ‘കഴുകന്‍’ കണ്ണുകളില്‍ നിന്ന് പൊതിഞ്ഞു പിടിക്കുകയും അരുതുകളുടെ വേലിക്കെട്ടില്‍ തളച്ചിടുകയുമാണ് എന്ന് വിശ്വസിക്കുന്ന ഒരു ജനതയാണ് നമ്മുടെ ചുറ്റിനും. നിനക്ക് നേരെ വരുന്ന ആക്രമണങ്ങളെ എതിര്‍ക്കുക, അതിനുള്ള കരുത്ത് നീ നേടിയെടുക്കുക, അല്ലാതെ ഈ കണ്ണീര്‍ ഒഴുക്കുന്ന ഒരു ആങ്ങളയും നിന്നെ ‘രക്ഷിക്കാന്‍’ ഓടിയെത്തും എന്ന് നീ പ്രതീക്ഷിക്കേണ്ടതില്ല.
മിണ്ടരുതെന്നും ഒച്ചയുയര്‍ത്തി ചിരിക്കരുതെന്നും അടക്കവും ഒതുക്കവുമാണ് പെണ്ണിന്റെ അലങ്കാരമെന്നും പേടിച്ചരണ്ട മുഖവും വിറയ്ക്കുന്ന പേടമാന്‍ മിഴികളുമാണ് പെണ്ണിന് സ്വന്തമാകേണ്ടത് എന്നും പറയുന്ന ഒരു സമൂഹം ഉണ്ടല്ലോ, നീയും ഞാനും അടങ്ങുന്ന ഒരു സമൂഹം, അവരെയാണ് വെട്ടി പട്ടിക്കിട്ടുകൊടുക്കേണ്ടത്. അവരെയാണ് കല്ലെറിയേണ്ടത്. എന്റെ അധികാരത്തിന് കീഴില്‍ അനുസരിച്ചും വിധേയയായും കഴിയുന്ന, ഞാന്‍ എന്ന ലോകത്തില്‍ മാത്രം ജീവിക്കുന്ന ‘അനുസരണശീലയായ’, ‘പാവം പെണ്ണിനെ സൃഷ്ടിക്കുന്ന’, അതിനെ പ്രണയിക്കുന്ന ഓരോ ഭര്‍ത്താവിനെയും കാമുകനെയുമാണ്, അത് നിര്‍മിക്കുന്ന ആണത്ത ബോധങ്ങളെയുമാണ് വരിയുടക്കേണ്ടത്. ‘ശ്ശേ… നീ ഒരു ആണല്ലേ, ഇങ്ങനെ ഉശിരില്ലാത്ത പെണ്ണന്‍’ ആയാലോ എന്ന് ചോദിക്കുന്ന, അവന്റെ വാശികളും ദേഷ്യങ്ങളും ആണിന്റെ പൗരുഷമായി കണ്ട് അഭിമാനിക്കുന്ന മാതാപിതാക്കളാണ് കുറ്റക്കാര്‍ എന്ന് വിധിക്കപ്പെടേണ്ടത്. ബലാത്സംഗ വീഡിയോകള്‍ കാണുമ്പോള്‍ മാത്രം ഉദ്ധാരണം സംഭവിക്കുന്ന സമൂഹത്തില്‍ ജീവിക്കുക എന്നത് തന്നെയാണ് അപമാനകരമായി തോന്നേണ്ടത്. ഇവരോടൊക്കെ എനിക്ക് ഇത്രയേ പറയാനുള്ളൂ,
നിങ്ങള്‍ കുറ്റവാളികളുടെ ചോരക്കുവേണ്ടി ദാഹിക്കേണ്ട. ഒരു കുറ്റവാളിയെ കൊല്ലുന്നതോടെ തീരുന്ന ഒന്നല്ല ഇവയൊന്നും. കൊല്ലുക എന്നത് ഒരു പരിഹാരമല്ല എന്നും കൊല്ലല്‍ നല്ലൊരു ശിക്ഷയല്ല എന്നും തെളിയിച്ച രാജ്യമാണ് സൗദി അറേബ്യ. കൊന്നു തള്ളുന്നതിനും എത്രയോ എളുപ്പമായ പരിഹാരമാര്‍ഗം മുന്നിലുണ്ട്. ആണിന് അടക്കാനും ഭരിക്കാനും തന്റെ കാമം ഇറക്കിവയ്ക്കാനും പീഡിപ്പിക്കാനും അതിലൂടെ രസം കണ്ടെത്താനും പെണ്ണിനെ ഉപയോഗിക്കാം എന്ന് പറഞ്ഞുകൊടുത്തു വളര്‍ത്തുന്ന സമൂഹത്തെ തിരുത്താനാണ് നിങ്ങളില്‍ ഇപ്പോഴുള്ള ആവേശം ഉപയോഗിക്കേണ്ടത്.
വൈഖരി ഇങ്ങനെ പറയുന്നു:
ജിഷയുടെ കൊലപാതകിക്കെതിരെ സൗദി നിയമം ആവശ്യപ്പെട്ട് കൊണ്ടുള്ള പലവിധ സ്റ്റാറ്റസുകള്‍, ന്യൂസ് റിപ്പോര്‍ട്ടുകള്‍, കോപ്പി പേസ്റ്റ് കമന്റുകള്‍ ഒക്കെ കാണുന്നു. മനംപുരട്ടുന്നു. ഒരു കൂട്ടര്‍ ആളെ കയ്യില്‍ കിട്ടിയാല്‍ എങ്ങനെയൊക്കെ വയലന്‍സ് കാണിച്ച് ഇഞ്ചിഞ്ചായി കൊല്ലണം എന്ന് വര്‍ണിക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ ജിഷയുടെ ശരീരത്തിന്മേല്‍ കാണിച്ച വയലന്‍സ് സഹതാപമെന്ന വ്യാജേന വര്‍ണിച്ച് രതിമൂര്‍ച്ചയടയുന്നു. എത്ര രോഗാതുരമായ സമൂഹമാണ് നമ്മള്‍. എന്തെളുപ്പം ഒരു വയലന്‍സിനെ ആഘോഷിക്കുന്നു, ആഹ്വാനം ചെയ്യുന്നു, സങ്കല്‍പ്പിച്ച് ആവേശം കൊള്ളുന്നു. മറ്റൊന്നിനെ ആവര്‍ത്തിച്ചു വിശദീകരിച്ചു മൂര്‍ച്ഛിക്കുന്നു. രണ്ടുകൂട്ടരും കൊലപാതകിയും തമ്മിലുള്ള വ്യത്യാസം പ്രവര്‍ത്തിയില്‍ മാത്രമേ ഉള്ളൂ.
കുറ്റവാളിയെ പിടിച്ചാല്‍ തൂക്കിക്കൊലയ്ക്ക് അലറും എന്നതില്‍ തര്‍ക്കമില്ല. കാരണം. നമുക്ക് വേണ്ടത് എളുപ്പമുള്ള പരിഹാരങ്ങളാണ്. കാരണങ്ങള്‍ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ ഇഷ്ടമല്ല. അതൊക്കെ മെനക്കേടാണ്. നമ്മുടെ സുഖവും പ്രിവിലെജുകളും നഷ്ടപ്പെടുത്തണം, എല്ലാവരും മനുഷ്യരാണ് എന്ന് അംഗീകരിക്കണം, ജാതിയുണ്ടെന്നു അംഗീകരിക്കണം… ഓ വല്യ ബുദ്ധിമുട്ടാ… ഇതാവുമ്പോ ആളെ തീര്‍ത്തു പ്രശ്‌നം രാജിയാക്കാം. ഒന്നും നഷ്ടപ്പെടാനില്ല. പിന്നെ അടുത്ത ആള്‍, വല്ല അമലയോ വിമലയോ ലീലയോ മാലയോ മറ്റോ, ഇതുപോലെ വരുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അപ്പോള്‍ നാടകം തുടരാം. ‘പ്രതി അന്യസംസ്ഥാന തൊഴിലാളി കൂടി ആയിരുന്നെങ്കില്‍’ എന്ന സ്വകാര്യ ഇച്ഛഭംഗം കൂടി കൂട്ടത്തില്‍ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്.
പ്രബുദ്ധ മലയാളി സമൂഹം മൂര്‍ച്ഛിക്കട്ടെ!
നിങ്ങള്‍ കൂടുതല്‍ ഒന്നും ചെയ്യണ്ട. അടുത്ത തവണ കൂട്ടുകാരന്റെ/ കാരിയുടെ മൊബൈലില്‍ കാണുന്ന പെണ്ണിനെ ഉഗ്രന്‍ ചരക്ക് ആണല്ലോ എന്ന് കമന്റും മുന്‍പ്, നിങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്ന അവളെ റേപ്പ് ചെയ്യണം എന്നെഴുതും മുമ്പ് , പെണ്ണ് = ശരീരം എന്ന് ചിന്തിക്കും മുമ്പ്, നിങ്ങള്‍ ഇന്ന് വേദനയിലും അമര്‍ഷത്തിലും മുങ്ങി എഴുതിയ വാക്കുകള്‍ ഓര്‍ക്കുക. ആ വാക്കുകളില്‍ നിങ്ങള്‍ പട്ടിക്കിട്ട് കൊടുക്കാനും ലിംഗം വെട്ടിയെറിയാനും തെരുവില്‍ കല്ലെറിഞ്ഞു കൊല്ലാനും ആഗ്രഹിച്ച വ്യക്തിയുടെ മുഖത്തിന് നിങ്ങളുടെ ഛായയാണ് ഇപ്പോഴെന്ന് ചിന്തിക്കുക.’
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് നിന്റെ സ്വന്തം
……………
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)