UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമുക്ക് വൈറലാവാന്‍ ഇപ്പോഴും ഇത്തിരി സെക്‌സും ഒളിഞ്ഞു നോട്ടവും മതി

Avatar

ലിഷ അന്ന

 

കനിയും കാവ്യയുമാണ് ഈ ആഴ്ചത്തെ പ്രധാന സംസാരവിഷയങ്ങള്‍. അതിപ്പോള്‍ കല്യാണമായാലും സെക്‌സായാലും കോ-ലിവിംഗ് ആയാലും ജീവിതം മറ്റുള്ളവരുടെതാവുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഭീകര ഉത്സാഹം ഉണ്ടാവുന്നത് നമ്മളെ സംബന്ധിച്ച് സാധാരണമാണ്. പവിത്രമായ കുടുംബ ബന്ധമാണല്ലോ ആര്‍ഷഭാരത സംസ്‌കൃതിയുടെ ഐക്കണ്‍. അപ്പോള്‍ അതില്‍ ഒരു പോറല്‍ വീഴുന്നത് പോലും നമ്മള്‍ സഹിക്കില്ല. മറ്റുള്ളവരുടെതാവുമ്പോള്‍ പ്രത്യേകിച്ചും. താത്വിക അവലോകനം നടത്തി നശിപ്പിച്ചു കളയും. മനുഷ്യനെ സംബന്ധിച്ച് തികച്ചും നോര്‍മലായ രണ്ടു കാര്യങ്ങളാണ് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ മറന്ന് മലയാളി അങ്ങോട്ടുമിങ്ങോട്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്.

 

സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിന്റെ ആഘോഷം എന്നാണ് ഇതേക്കുറിച്ച് പറയാന്‍ തോന്നുന്നത്. നമ്മുടെ സാംസ്‌കാരിക സാഹചര്യത്തില്‍ മറ്റുള്ളവന്റെ ജീവിതം എന്നത് എപ്പോഴും ആഘോഷിക്കപ്പെടേണ്ട സംഗതിയാണല്ലോ. അതിപ്പോള്‍ സെലിബ്രിറ്റിയായാലും തൊട്ടയല്‍പ്പക്കക്കാരനായാലും. അപ്പോള്‍ നമുക്ക് മറ്റൊന്നും വിഷയമല്ല. നോട്ടുപ്രശ്‌നമോ അമേരിക്കന്‍ തെരഞ്ഞെടുപ്പോ മന്‍മോഹന്‍ വാ തുറന്നതോ മാവോയിസ്റ്റുകളോ ഒന്നും ഓര്‍മ്മയുടെ ഒരു കോണില്‍പ്പോലും വരില്ല.

 

രണ്ടുപേര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നു; ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ല എന്ന് മനസിലാവുന്നിടത്ത് വച്ച് മാന്യമായി പിരിയുന്നു. അത്രയും കാലം ഉണ്ടായിരുന്നു എന്ന് കരുതിയിരുന്ന എന്തൊക്കെയോ ജീവിതത്തില്‍ നിന്ന് പടിയിറക്കി വിടുമ്പോള്‍ ചിലപ്പോള്‍ വിഷമം കാണും. അത് ഇതില്‍ നിന്നും വേറിട്ടൊരു സംഗതിയല്ല. വിഷമം ഒരു ബൈപ്രോഡക്റ്റ് മാത്രമാണ്. അല്ലാതെ അബലയ്‌ക്കോ ചപലയ്‌ക്കോ പതിച്ചു കൊടുത്ത പ്രത്യേക സാധനം ഒന്നുമല്ല. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിപരമായ ഒരു എലമെന്റിന്റെ വ്യാപ്തി ആലോചിച്ച് അവരോടു സഹതാപിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളുമെല്ലാം എപ്പോള്‍ മുതലാണ് തികച്ചും വ്യത്യസ്തമായ ഒരു സ്‌പേസില്‍ നില്‍ക്കുന്ന മറ്റുള്ളവരുടേതു കൂടിയായി തുടങ്ങുന്നത്?

 

അന്യന്റെ ജീവിതത്തില്‍ കയറി ഇടപെടാനുള്ള നമ്മുടെ സഹജബോധം അങ്ങനെ പെട്ടെന്ന് മാറുന്ന ഒന്നല്ല. അവര്‍ ഒരുമിച്ചു പങ്കിട്ട സന്തോഷങ്ങളും സങ്കടങ്ങളും അവരുടേത് മാത്രമാണ് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ അവരുടെ തീരുമാന പ്രകാരം അവര്‍ പിരിയുകയോ ഒന്നിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ വികാര വിക്ഷോഭിതരാവുന്നത് എന്തിന്റെയൊക്കെ പേരിലായാലും ന്യായീകരിക്കാനാവില്ല. അല്ലെങ്കില്‍ പിന്നെ ഉദ്ബുദ്ധരും പുരോഗമനവാദികളും വിപ്ലവകാരികളും അതെ, വിപ്ലവം, അതു തന്നെയാണ് ഉദ്ദേശിച്ചത് ആയി ചമയുന്നത് നിര്‍ത്തണം.

 

 

പ്രണയം, രതി, ചുംബനം, ശരീരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ എല്ലാം ആഘോഷിക്കപ്പെക്കടേണ്ടത് തന്നെയാണ്. അതിലുള്‍പ്പെട്ട രണ്ടോ അതിലധികമോ പേരുടെ ഇടയില്‍ മാത്രമുള്ള ആഘോഷം. മറ്റുള്ളവര്‍ അതില്‍ കയറി അഭിപ്രായപ്രകടനമോ ആശയ വിസ്‌ഫോടനമോ ഛര്‍ദ്ദിക്കണം എന്ന് അവര്‍ ആശിക്കുന്നതു വരെ അതങ്ങനെത്തന്നെയാണ്.

 

മെറ്റീരിയലിസ്റ്റിക്കായ ആസ്‌പെക്റ്റുകള്‍ കൊണ്ടോ ഉള്ളില്‍ നിന്നും ഊറി വരുന്ന പ്രണയം കൊണ്ടോ എന്തുകൊണ്ടെങ്കിലുമാവട്ടെ രണ്ടുപേര്‍ ഒന്നിക്കുന്നു. അവര്‍ക്കിഷ്ടമുള്ളവരെയെല്ലാം അറിയിക്കുന്നു. അതിന് മുന്‍ഭാര്യയോട് പെട്ടെന്നൊരു ബഹുമാനം തോന്നുന്നതിന്റെ പിന്നിലെ ലോജിക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ബന്ധം വേര്‍പെടുത്തുന്നതോടെ രണ്ടുപേര്‍ തമ്മിലുള്ള വൈകാരികമായതോ നിയമപരമായതോ ആയ ഒന്നും അവര്‍ തമ്മില്‍ നിലനില്‍ക്കുന്നില്ലെന്നിരിക്കെ മൂന്നാമതൊരാള്‍ക്ക് അവിടെ കയറി അഭിപ്രായം പറയാന്‍ എന്തവകാശമാണുള്ളത്?

 

‘മെമ്മറീസ് ഓഫ് എ മെഷീന്‍’ ഷോര്‍ട്ട് ഫിലിം വലിയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നഭിപ്രായമില്ല. കാഴ്ചപ്പാടിന്റെയായിരിക്കാം. പേഴ്‌സണല്‍ സ്‌പേസിനെ മലയാളത്തിന് അത്ര പരിചിതമല്ലാത്ത ഒരു രീതിയില്‍ നന്നായിത്തന്നെ ആവിഷ്‌കരിച്ചിരിക്കുന്നു. അതിനെ ഇത്രയും കണ്ണീരോടെയും ഉള്‍പ്പുളകത്തോടെയും സ്വീകരിക്കാന്‍ മാത്രം അതില്‍ എന്താണ് എന്നുള്ളതും മനസിലാവുന്നില്ല. ലൈംഗികതയോടും ഇത്തരം തുറന്നു പറച്ചിലുകളോടുമുള്ള ഇഷ്ടക്കുറവു കൊണ്ടല്ല അത്. മറിച്ച് ഒരാള്‍ അയാളുടെ ലൈംഗികപര്യവേഷണങ്ങള്‍ തികച്ചും സ്വാഭാവികമായി പറയുമ്പോള്‍ അതിലിത്രത്തോളം വികാരം കൊള്ളാന്‍ എന്തിരിക്കുന്നു എന്നതാണ്.

 

പുതിയ ട്രെന്‍ഡ് ഇതാണ്. പെണ്‍കുട്ടികള്‍ ലൈംഗികതയെക്കുറിച്ച് മിണ്ടിപ്പോയാല്‍, ആദ്യ സ്വയംഭോഗത്തെക്കുറിച്ച്, യോനിയില്‍ തൊട്ട പുരുഷലിംഗങ്ങളെക്കുറിച്ച് ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്താല്‍ അത് മതി മലയാളിക്ക്. (കനിയ്ക്ക് മെസേജുകളായി എത്രത്തോളം തന്തയ്ക്കു വിളികള്‍ വന്നിട്ടുണ്ടാവും എന്നാണ് ഇതെഴുതുമ്പോഴും എന്റെ ആലോചന)

 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍