UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

കാഴ്ചപ്പാട്

പേയിളകിയ മലയാളി പുരുഷാധിപത്യം

രഞ്ജിനി ഹരിദാസിനെ സ്ത്രീത്വം പഠിപ്പിക്കുന്ന മലയാളി പുരുഷാരം, അരുന്ധതീ റോയിയെ അടക്കവും ഒതുക്കവും പഠിപ്പിക്കുന്ന മലയാളി പുരുഷാരം… അവരിങ്ങനെ പേയിളകി ഇറങ്ങി നടക്കുകയാണ്.

മായ ലീല

നടി കനിഹയെ മര്യാദ പഠിപ്പിക്കാന്‍ നടക്കുന്ന മലയാളി പുരുഷാരം, അവര്‍ക്ക്‌ റാന്‍ മൂളുന്ന പുരുഷാധിപത്യ പെണ്ണുങ്ങള്‍, റിമി ടോമിയെ വിനയത്തിന്‍റെ സ്കൂളില്‍ ചേര്‍ത്ത് ശിക്ഷകള്‍ കൊടുക്കുന്ന സോഷ്യല്‍ മീഡിയ മലയാളി പൊതുബോധം, അഴിഞ്ഞാടുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സ്ത്രീകളെ കല്ലെറിയാന്‍ അവസരം പാര്‍ത്ത് പുരുഷാരം നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ആണുങ്ങള്‍ എത്ര ദയനീയമായ ജീവിതമാണ് നയിക്കുന്നത്. അവര്‍ക്ക്‌ യാതൊരു സ്വാതന്ത്ര്യവുമില്ല. കള്ളുകുടിച്ചു കൂത്താടുക, അങ്ങേ ലോകം വരെ കാണുന്ന പോലെ മുണ്ടും മടക്കി കുത്തി വഴിയില്‍ പോകുന്ന സ്ത്രീകളെ തോണ്ടിയും മണത്തും ശല്യപ്പെടുത്തുക, കുളിക്കടവില്‍ മുതല്‍ ഫേസ്ബുക്കില്‍ വരെ സ്ത്രീകളെ ഒളിഞ്ഞു നോക്കുക, തരം കിട്ടിയാല്‍ ഏതു പെണ്ണിനേയും അശ്ലീലമോ തെറി പദങ്ങളോ ഉപയോഗിച്ച് അഭിസംബോധന ചെയ്യുക, അതില്‍ ആത്മനിര്‍വൃതി അടയുക തുടങ്ങി അവര്‍ക്ക്‌ ജീവിതത്തില്‍ ചെയ്യാന്‍ ആകെ ഉള്ള ഈ കാര്യങ്ങള്‍ കാണിക്കുന്നത് എത്ര ദയനീയമായ ഒരു അവസ്ഥയാണ് എന്ന് ചിന്തിക്കുന്നുണ്ടോ?

സ്വയം സ്വാതന്ത്ര്യം ഇല്ലാത്ത സമൂഹത്തില്‍ അവന്‍ സ്ത്രീയെ അടിച്ചമര്‍ത്താന്‍ വെമ്പി നടക്കുകയാണ്. കുടുംബനാഥന്‍ എന്ന വേഷം മുതല്‍ക്ക്‌ അയല്‍ക്കാരന്‍, നാട്ടുകാരന്‍ മുതലായ വേഷങ്ങള്‍, കൂടെ ജനപ്രതിനിധി നേതാവ്, ദൈവാവതാരം എന്നീ വേഷങ്ങളില്‍ വരെ അവന് ഒരൊറ്റ ചിന്തയേ ഉള്ളൂ- സ്ത്രീ. സ്ത്രീയെ എങ്ങനെ കൈപ്പെടുത്താം, എങ്ങനെ അടക്കി വയ്ക്കാം, എങ്ങനെ അവളുടെ ശരീരം തന്‍റെ സൌകര്യത്തിനു പാകപ്പെടുത്താം, മറ്റൊരുവന്റെ കൈയ്യിലുള്ളതിനെ എങ്ങനെ തട്ടിപ്പറിക്കാം! തന്നോടൊപ്പം തുല്യതയുള്ളതോ അല്ലെങ്കില്‍ തന്നേക്കാളും മുകളില്‍ കഴിവുകള്‍ ഉള്ളതോ ആയ സ്ത്രീകളെ കണ്ടാല്‍ അവന് ഭയന്ന് പേയിളകും. പിന്നെ മുറവിളി ആയി, അവളുടെ ലൈംഗീകതയെ പറ്റി, അവളുടെ സദാചാര വിരുദ്ധതയെ പറ്റി അവന്‍ ഓരിയിട്ടു കൊണ്ടേയിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഈ പേയിളക്കത്തിന് നല്ല സാധ്യതകള്‍ ഉണ്ട്, കാരണം ഒളിഞ്ഞിരുന്നു ചെയ്യാം എന്ന സൗകര്യം. അവന് അവന്‍റെ ജീവിതത്തെ കുറിച്ച് യാതൊരു ആകുലതയും ഇല്ല. തിരികെ വീടെത്തുമ്പോള്‍ അടിമകളായ അമ്മ, ഭാര്യ, സഹോദരികള്‍ ഭക്ഷണം ഊട്ടും, തുണിയെല്ലാം വൃത്തിയാക്കി വച്ചിരിക്കും, പരിസരവും തനിക്ക്‌ ഇഷ്ടമുള്ളത്‌ പോലെ ശരിപ്പെടുത്തി വച്ചിരിക്കും. അവന്‍റെ സഹോദരിയുടെ ആഗ്രഹങ്ങള്‍ അവനറിയില്ല, അവന്‍റെ ഭാര്യയുടെ അഭിലാഷങ്ങള്‍ അവനറിയില്ല, അമ്മയുടെ അവകാശങ്ങള്‍ അവനറിയില്ല. കൂടെയുള്ള സ്ത്രീകളുടെ നൈസര്‍ഗ്ഗികമായ കഴിവുകളോ സ്വപ്നങ്ങളോ അവനറിയില്ല. നേരേ ചൊവ്വേ സര്‍വ്വ സ്വതന്ത്രയായി നില്‍ക്കുന്ന ഒരു പെണ്ണ് അവന്‍റെ സ്വഭാവവും പെരുമാറ്റവും ശീലങ്ങളും നിലപാടുകളും കണ്ട് അവനോടു പ്രണയാഭ്യര്‍ത്ഥന നടത്തുക എന്നത് അവനൊരിക്കലും ജീവിതത്തില്‍ കിട്ടാന്‍ ഇടയില്ലാത്ത സാഹചര്യമാണ്. ഭരിക്കാന്‍ വരുന്ന പുരുഷനെ സ്ത്രീകള്‍ക്ക് ഭയമാണ്, പുച്ഛമാണ്. അവരുടെ ഭാര്യമാരായി ഇരിക്കുന്നത് സമൂഹമെന്ന ജഡ്ജിയെ ഭയന്നാണ്. അച്ഛനമ്മമാര്‍ കണ്ടുപിടിച്ചു തരുന്ന ഭര്‍ത്താവിനെ അവള്‍ അകമഴിഞ്ഞ് സ്നേഹിക്കുന്നു എന്നാ വിഡ്ഢി കരുതുന്നു. അവനെയല്ല, സാഹചര്യം കൊണ്ട് അവന്‍റെ അച്ഛന് ആയിരുന്നു ആ പെണ്ണിന് കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വന്നിരുന്നതെങ്കില്‍ അവള്‍ അയാളേയും ഇതേ അളവില്‍ സ്നേഹിച്ചു ബഹുമാനിച്ചു പെറ്റ് പെരുകി കഴിഞ്ഞു കൊടുത്തേനെ എന്ന സത്യം അവന് മനസ്സിലാവില്ല. അങ്ങനെയുള്ളവരുടെ ഇടയില്‍ മനുഷ്യരോടല്ല സ്നേഹം, ആ വേഷത്തോടാണ്. അങ്ങനെ വേഷം കെട്ടലില്‍ മാത്രം ഒരു സ്ത്രീയുടെ അംഗീകാരം കിട്ടാന്‍ വിധിക്കപ്പെട്ട പുരുഷന്‍ സ്വതന്ത്ര്യയായ സ്ത്രീയെ കാണുമ്പോള്‍ അസൂയയിലും നിരാശയിലും ഭ്രാന്തമായി പ്രതികരിക്കുന്നു.


ഷോട്സ് ധരിച്ച തന്റെ ചിത്രത്തിന് നേർക്ക് വന്ന കമന്റുകളോട് കനിഹ പ്രതികരിച്ചത് ഇവിടെ വായിക്കാം

സ്വന്തം ജീവിതം ജീവിക്കുന്ന, ഉച്ചത്തില്‍ സംസാരിക്കുന്ന, ചിരിക്കുന്ന സ്ത്രീയെ കാണുമ്പോള്‍ പേടിച്ചോടി കല്ലെറിയാതെ കൂടെ ചിരിക്കാനും ജീവിക്കാനും ഉള്ള വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ മലയാളി പുരുഷാധിപത്യത്തിനു സാധ്യമല്ല. കൂട്ടുകാരികളെ ഉണ്ടാക്കാന്‍ അവനറിയില്ല. കൂടെ നടക്കുന്ന ‘പീസു’കളെ കാട്ടി മറ്റുള്ള പുരുഷന്മാരുടെ മുന്നില്‍ മേനി നടിക്കാന്‍ ഉപയോഗ്യമായ സ്ത്രീകളെ മാത്രമേ അവനറിയൂ. കൂടെയിരുന്നു കള്ളു കുടിക്കുന്ന, ഒരുമിച്ച് ഒരു പുക വലിക്കാന്‍ കഴിയുന്ന, ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഒരുപോലെ അണിയാന്‍ കഴിയുന്ന, ശാസ്ത്രവും രാഷ്ട്രീയവും കലയും അങ്ങനെ എന്തിനെ പറ്റിയും വാഗ്വാദങ്ങള്‍ നടത്താന്‍ കഴിയുന്ന, ഒരുമിച്ച് യാത്ര ചെയ്യാന്‍, ജീവിതം ആഘോഷമാക്കാന്‍ പറ്റുന്ന കൂട്ടുകാരികളെ, പ്രണയിനികളെ അവനറിയില്ല. അവനതു കണ്ടാല്‍ മനസ്സിലാവില്ല, ഭയന്നോടും. മനുഷ്യരെ കാണാന്‍ അവനറിയില്ല, സ്ത്രീ ശരീരങ്ങളും പിന്നെ പുരുഷന്മാരും എന്ന രണ്ടു വര്‍ഗ്ഗത്തെ ആണ് അവന്‍ കാണുന്നത്. മനുഷ്യരുടെ സ്വഭാവ ഗുണങ്ങളും ദോഷങ്ങളും വേര്‍തിരിച്ച് വിമര്‍ശനങ്ങള്‍ നടത്താന്‍ അവനറിയില്ല. പകരം സ്ത്രീകളുടെ ജീവിതം എന്ന അവന്‍ നിര്‍മ്മിച്ച കൂട്ടില്‍ നിന്നും വെളിയില്‍ ഇറങ്ങിയവരെ മാത്രമേ അവന് വിമര്‍ശിക്കാന്‍ അറിയൂ. അത് മാത്രമാണ് അവന്‍റെ വിമര്‍ശനം. “നീ എന്‍റെ ഇഷ്ടപ്രകാരം എന്‍റെ വിശ്വാസങ്ങള്‍ പ്രകാരം ജീവിക്കുന്നില്ല” എന്നത്.

കാലവസ്ഥയക്ക് അനുസരിച്ച്, ഇഷ്ടങ്ങള്‍ അനുസരിച്ച് വസ്ത്രം ധരിക്കാന്‍ ആ നാട്ടില്‍ സ്ത്രീകള്‍ക്ക് സൌകര്യമുണ്ടോ? ഇഷ്ടമുള്ള സമയത്ത് ഒരു കൂട്ടുകാരനെയോ കാമുകനെയോ കാണാന്‍ പോകാന്‍ അവകാശമുണ്ടോ? വിവാഹിതയാകാതെ ഒറ്റയ്ക്ക് ജീവിക്കാന്‍, അല്ലെങ്കില്‍ ഒറ്റയ്ക്ക് അമ്മയായി ജീവിക്കാന്‍ ആ നാട്ടില്‍ സാധിക്കുമോ? ഒറ്റയ്ക്കൊരു സിനിമയ്ക്ക് പോകാന്‍, സ്വസ്ഥമായി ഒരു ബീച്ചിലോ പാര്‍ക്കിലോ ഒറ്റയ്ക്കിരിക്കാന്‍, ഒരു ഹോട്ടലില്‍ ഒറ്റയ്ക്ക് പോയി ചായ കുടിക്കാന്‍, ഒരു ബാറില്‍ കയറി മദ്യം കഴിക്കാന്‍ ഇതിനെന്തിനെങ്കിലും സൌകര്യമുണ്ടോ? അവിടെയെല്ലാം പേ ഇളകിയ പുരുഷാരം അണച്ചും കിതച്ചും വന്ന് സ്ത്രീയെ കണ്ണുകൊണ്ട് ഭോഗിക്കുകയും, മനസ്സില്‍ ഭോഗിക്കുകയും, അതേ സമയം പുറത്ത് സഹോദരനെന്ന വേഷം കെട്ടി അവളെ കൂട്ടിലേയ്ക്ക് ആനയിക്കുകയും ചെയ്യുന്നു.


റിമി ടോമിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണങ്ങള്‍ 

കേരളത്തിലെ പുരുഷന് വ്യക്തിസ്വാതന്ത്ര്യമില്ല; അതെന്താണെന്ന് അറിയുകയുമില്ല. പെണ്ണിനെ അറിയാന്‍, മനസ്സിലാക്കാന്‍ അവന് ബുദ്ധിയില്ല. മനുഷ്യരുടെ പരിണാമം ആസ്വദിച്ചറിയാന്‍ അവന് കഴിവില്ല. കൂട്ടിലടച്ച ചിന്തകളുടെ ഭാരവും പേറി അവന്‍ തെരുവ് തോറും അലയുന്നു, സോഷ്യല്‍ മീഡിയയിലും. അവന്‍റെ സങ്കല്‍പ്പം വിട്ടു പുറത്തുപോയ സ്ത്രീകളെ തേടി; അവരെ എങ്ങനേയും കൂട്ടില്‍ ആക്കുന്നത് വരെ ഉറക്കമില്ലാതെ ഊണില്ലാതെ ഭ്രാന്തന്‍ അലഞ്ഞു നടക്കും.

രഞ്ജിനി ഹരിദാസിനെ സ്ത്രീത്വം പഠിപ്പിക്കുന്ന മലയാളി പുരുഷാരം, അരുന്ധതീ റോയിയെ അടക്കവും ഒതുക്കവും പഠിപ്പിക്കുന്ന മലയാളി പുരുഷാരം… അവരിങ്ങനെ പേയിളകി ഇറങ്ങി നടക്കുകയാണ്. ഒന്നിനും ആര്‍ക്കും സ്വാതന്ത്ര്യമില്ലാത്ത കേരളമെന്ന ഭ്രാന്താലയത്തില്‍ തളയ്ക്കപ്പെടുന്ന കൂടിന് ഒരു പേര് കൂടെ; “സംസ്കാരം”.

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍