UPDATES

പ്രവാസം

യുദ്ധമല്ല, പേടി ജീവിതത്തെ; കൊലക്കളങ്ങളില്‍ നിന്നുയരുന്ന നഴ്സുമാരുടെ വിലാപങ്ങള്‍

Avatar

രാകേഷ് സനല്‍

ജീവന്‍ കൈയില്‍ പിടിച്ച് ഇവിടെ ജോലി ചെയ്യേണ്ടി വരുന്നത് ഞങ്ങളുടെ ഗതികേടുകൊണ്ടാണ്. ബാങ്ക് ലോണിന്റെ ഭാരം, മാതാപിതാക്കളുടെ നിസ്സഹായത; ഇതൊക്കെ ഞങ്ങളെയിവിടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ്. നാട്ടില്‍ തിരികെ വന്നാല്‍ തന്നെ എങ്ങനെ ജീവിക്കും? മാന്യമായ ശമ്പളത്തോടെ എവിടെ ജോലി കിട്ടും? ഇറാഖില്‍ നിന്നും ഒരു മലയാളി നഴ്‌സ് ഈ ചോദ്യങ്ങള്‍ ചോദിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. ഏതു നിമിഷവും ഒരു വെടിയുണ്ടയോ ബോംബ് സ്‌ഫോടനമോ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന ഭയത്തിനിടയിലും മരണത്തേക്കാള്‍ ഭീകരമായ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെ നേരിടാനാകാത്ത അനേകം മലയാളി നഴ്‌സുമാര്‍ക്കുള്ള അതേ ചോദ്യം. ആരും അവര്‍ക്ക് കൃത്യമായ ഉത്തരം കൊടുത്തില്ല. പലരും അവരെ എന്തൊക്കെയോ പറഞ്ഞ് പറ്റിക്കുകമാത്രം ചെയ്തു. അതിന്റെ ഫലമാണ് എന്താണോ അവര്‍ ഇത്രനാളും ഭയപ്പെട്ടിരുന്നത് ഒടുവിലത് സംഭവിക്കാനിടയാക്കിയതും. ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ 29 കാരിയായ സുനുവിനും അവരുടെ ഒന്നരവയസുകാരന്‍ മകന്‍ പ്രണവിനും ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ വാസ്തവത്തില്‍ സഹതപിക്കാനുള്ള അവകാശം പോലും നമുക്കില്ല.

ഭരണകൂടത്തിന് പറയാനുള്ള ചില ന്യായങ്ങള്‍ ഇതായിരിക്കാം; യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് ജോലിക്കായി പോകരുതെന്ന് മാറിമാറി മുന്നറിയിപ്പ് നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പു വകവയ്ക്കാതെ പോകുന്നവരാണ് അപകടത്തില്‍ ചാടുന്നത്. ഇതിന്റെ ഉത്തരവാദിത്തം അവരവര്‍ക്കു തന്നെയാണ്. ഈ ന്യായവും പ്രഖ്യാപിക്കാനിരിക്കുന്ന നഷ്ടപരിഹാരവും കൊണ്ട് സര്‍ക്കാരുകള്‍ കൈകഴുകും. പക്ഷേ അതുകൊണ്ടു മായുന്നതാണോ അവരുടെ കൈകളിലെ പാപക്കറകള്‍?

2015 സെപ്തംബര്‍ മാസത്തില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരും അവരുടെ മാതാപിതാക്കളും സമരം നടത്തിയിരുന്നു. ആ കുട്ടത്തിലുണ്ടായിരുന്ന ജെറിന്‍ പറഞ്ഞകാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിക്കാം; യെമനിലെ യുദ്ധത്തിന്റെ ഇടയ്ക്ക് ഗ്രനേഡുകളും വെടിയുണ്ടകളും ഉണര്‍ത്തിയ മരണഭയം കൊണ്ട് അവിടെനിന്നും ഓടി രക്ഷപ്പെടാന്‍ തോന്നുമ്പോഴൊക്കെ ബാങ്കില്‍ അടയ്ക്കാനുള്ള വായ്പാ തുകയുടെ കനം ഓര്‍മ്മ വരുമായിരുന്നു. ജോലിയുടെ കാര്യം ശരിയാക്കാമെന്നും വായ്പയുടെ കാര്യത്തില്‍ ബാങ്കുകളോട് സംസാരിച്ച് അവധിക്കു ശ്രമിക്കാം എന്നും സര്‍ക്കാരിന്റെ ഉറപ്പു കിട്ടിയപ്പോള്‍ ഒരുപാടു പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. നാട്ടില്‍ വീട്ടുകാരോടൊപ്പം കഴിയാം, ബാധ്യതകള്‍ തീര്‍ക്കാം എന്നൊക്കെ കണക്കു കൂട്ടിയാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. വന്നിറങ്ങിയപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു സ്വീകരിക്കാന്‍, അത് കൂടി കണ്ടപ്പോള്‍ ജീവിക്കാന്‍ പറ്റും എന്നൊരു ധൈര്യം വന്നു. മുഖ്യമന്ത്രി പറഞ്ഞ വാക്കുകളും അതിനു കരുത്തേകി. പക്ഷേ മാസങ്ങള്‍ക്ക് ശേഷം എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ യുദ്ധത്തിന്റെ നടുവില്‍ പെടുന്നതായിരുന്നു ഇതിലും ഭേദം എന്നു തോന്നിപ്പോകുന്നു.

മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നു പറയുന്ന സര്‍ക്കാര്‍ ജെറിനെപോലുള്ള ആയിരങ്ങള്‍ക്ക് എന്തു മറുപടിയാണ് നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതു കൊണ്ടു തന്നെയാണ് ബോംബിന്റെയും തോക്കിന്റെയും നടുവില്‍ ഇപ്പോഴും ആയിരക്കണക്കിനു മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യേണ്ടി വരുന്നത്. ഇപ്പോഴതിലൊരു രക്തസാക്ഷിയും ഉണ്ടായിരിക്കുന്നു.

ഇറാഖില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോള്‍ മടങ്ങിയെത്തിയത് 46 നഴ്‌സുമാരാണ്. നമുക്കതൊരാഘോഷമായിരുന്നു. മാധ്യമങ്ങള്‍ കൊണ്ടുപിടിച്ചു വാര്‍ത്തകള്‍ നല്‍കി. മന്ത്രിമാരും എംഎല്‍മാരും രാഷ്ട്രീയക്കാരും മത്സരിച്ചു നഴ്‌സുമാരെ സ്വീകരിക്കാന്‍. പ്രമുഖ വ്യക്തികളും ആശുപത്രികളും മടങ്ങിവന്നവരെ തങ്ങള്‍ കൈയേല്‍ക്കുമെന്നു പ്രഖ്യാപിച്ചു. കനത്ത ബാധ്യതകളുടെ ലോകത്തേക്ക് തിരിച്ചിറങ്ങിയ പാവം കുട്ടികളുടെ മനസ് ആ സമയത്ത് ഒരുപാട് ആഹ്ലാദിച്ചു. ജീവനും ജീവിതവും തങ്ങള്‍ക്ക് തിരിച്ചു കിട്ടിയെന്നവര്‍ ആശ്വസിച്ചു. എന്നിട്ടെന്തുണ്ടായി? എത്രപേര്‍ക്ക് ഈ പറഞ്ഞ സഹായങ്ങള്‍ കിട്ടി? എത്രപര്‍ക്ക് ജോലി കിട്ടി? കിട്ടിയവര്‍ക്കാകട്ടെ എത്ര രൂപ ശമ്പളം നല്‍കി? ഉത്തരം പറയില്ലയാരും. നാണംകെടും. സര്‍ക്കാരാണെങ്കിലും പൗരപ്രമുഖരാണെങ്കിലും. ഒടുവില്‍ ഏതു ഭയത്തില്‍ നിന്നുവന്നോ അവിടേയ്ക്കു തന്നെ തിരിച്ചു പോകേണ്ടി വന്നില്ലേ ആ പാവങ്ങള്‍ക്ക്.

പിന്നെയും തിരിച്ചുവരവുണ്ടായി, ഇറാഖില്‍ നിന്നും യമനില്‍ നിന്നും. ആയിരത്തിയഞ്ഞൂറിലധികം പേര്‍ ഇങ്ങനെ ജോലി ഉപേക്ഷിച്ചു വന്നവരാണ്. സര്‍ക്കാര്‍ എന്താണ് ചെയ്തത്? നോര്‍ക്കയും ആശുപത്രി മാനേജ്‌മെന്റുകളും സര്‍ക്കാരും ചേര്‍ന്ന് എവിടെയൊക്കെയോ മീറ്റിംഗുകള്‍ സംഘടിപ്പിച്ചു മടങ്ങിവന്ന നഴ്‌സുമാര്‍ക്ക് ജോലി തരാം, സാമ്പത്തികസഹായം ചെയ്യാം, കടബാധ്യത തീര്‍ക്കാന്‍ സാവകാശം നേടിത്തരാം എന്നൊക്കെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി. വാഗ്ദാനങ്ങള്‍ ജലരേഖകളായി. ഒടുവില്‍ ആവലാതി പറയാന്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതോ; നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാരിനറിയാം, കുറച്ചു കൂടി കാത്തിരിക്കൂ എന്നാണ്.

എത്രനാള്‍? ഓരോ ദിവസവും കുന്നുകൂടുന്ന ബാങ്ക് പലിശയോര്‍ക്കുമ്പോള്‍, കരയാനുള്ള ശക്തിപോലുമില്ലാത്ത അച്ഛനമ്മാരുടെ മുഖം കാണുമ്പോള്‍ എങ്ങനെയാണവര്‍ കാത്തിരിക്കേണ്ടത്? ലക്ഷങ്ങളുടെ ബാങ്ക് ലോണാണ് ഓരോ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്കും തന്റെ പഠനം പൂര്‍ത്തിയാക്കേണ്ടതിനായി വേണ്ടി വരുന്നത്. മക്കളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി തങ്ങള്‍ക്കുള്ളതെല്ലാം ബാധ്യതപ്പെടുത്തുന്ന അച്ഛനമ്മമാര്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിക്കുന്നത് ആ മക്കളിലാണ്. അവരെ വഞ്ചിക്കണോ? വന്നവര്‍ക്കെല്ലാം ജോലി ശരിയാക്കാന്‍ കഴിയില്ലെന്നു പറഞ്ഞതു സര്‍ക്കാര്‍ തന്നെയാണ്. പിന്നെ എന്താണു മാര്‍ഗം. ആത്മഹത്യയോ? 

2012 ല്‍ ലിബിയയില്‍ എത്തിയതാണ് സുനുവും ഭര്‍ത്താവ് വിപിനും. ഇതിനിടയില്‍ അവര്‍ നാട്ടിലേക്ക് വന്നിട്ടേയില്ല. ഒടുവില്‍ സമാധാന ജീവിതം സാധ്യമാകാത്ത രാജ്യത്ത് തുടരുകയെന്നത് അസാധ്യമായതോടെ നാട്ടിലേക്ക് തിരികെ പോരാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. പക്ഷേ മരണം അതിനിടയില്‍ കയറി കളിച്ചു. ഇത്രയൊക്കെ പ്രശ്‌നം ഉണ്ടായിട്ടും എന്തിനവിടെ ഇക്കാലമത്രയും നിന്നൂ എന്നു ചോദിക്കാം. മരണം മുന്നില്‍ കണ്ടും സുനുവിനെയും വിപിനെയും പോലുള്ളവര്‍ ഇവിടങ്ങളില്‍ നില്‍ക്കേണ്ടി വന്നതിന് ഒരുത്തരമേയുള്ളൂ; ജീവിക്കാന്‍. അഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്കു പോകുന്ന നഴ്‌സുമാര്‍ സുഖജീവിതം കൊതിച്ചു പോകുന്നവരല്ല. തങ്ങളുടെ പ്രാരാബ്ദങ്ങള്‍ തീര്‍ക്കാനാണ്. നന്നേ ചെറുപ്രായത്തില്‍ തന്നെയാണ് ഇവരില്‍ പലരും പോകുന്നത്. അതു ചില കണക്കുകൂട്ടലുകളോടെയാണ്. നാട്ടില്‍ കിട്ടുന്നതിന്റെ നല്ലൊരിരട്ടി തുക ഈ രാജ്യങ്ങളില്‍ നിന്നും കിട്ടും. അഞ്ചാറു വര്‍ഷം ജോലി ചെയ്താല്‍ ലോണും മറ്റു പ്രാരാബ്ദങ്ങളും ഒരു പരിധിവരെ തീര്‍ക്കാം. അങ്ങനെ വന്നാല്‍ മുപ്പതിലെത്തുമ്പോഴെങ്കിലും ഒരു വിവാഹജീവിതത്തെ കുറിച്ച് ചിന്തിക്കാമല്ലോ! ഇത്രയൊക്കെയുള്ളൂ അവരുടെ സ്വപ്‌നങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അതുപോലെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ കിട്ടുന്ന ചില ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. പണച്ചെലവും താങ്ങാനാവാത്തത്. അതുകൊണ്ടാണ് പോകാന്‍ താരതമ്യേന എളുപ്പമായ സിറിയ, ഇറാഖ്, യെമന്‍, ലിബിയ പോലുള്ളിടങ്ങളിലേക്ക് ഭൂരിഭാഗവും പോകുന്നത്.

‘യുഎന്‍എ നടത്തിയ സമരത്തിനിടിയില്‍ ഒന്നു രണ്ടു പെണ്‍കുട്ടികള്‍ എന്നെ വിളിച്ചു. അവര്‍ ബോട്‌സ്വാന എന്ന ആഫ്രിക്കന്‍ രാജ്യത്ത് ജോലി ചെയ്യുന്നവരാണ്. സത്യം പറഞ്ഞാല്‍ അങ്ങനൊരു രാജ്യമുണ്ടെന്നു തന്നെ ഞാന്‍ ആദ്യം കേള്‍ക്കുകയായിരുന്നു. എനിക്കത്ഭുതമായി? എവിടെയാണ് ഈ രാജ്യം? ആഫ്രിക്കയിലാണ്. ഇന്ത്യയില്‍ നിന്നും പന്ത്രണ്ടര മണിക്കൂറോളം യാത്രയുണ്ട്, അവര്‍ പറഞ്ഞു. നിങ്ങള്‍ക്കെങ്ങനെ അവിടെ ജോലി ശരിയായി? ഏജന്റ് വഴിയാണ്. മുംബൈയില്‍ നിന്നാണ് യാത്ര തിരിച്ചത്. നേരെ ദുബൈയില്‍. അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പത്തര കിലോമീറ്ററോളം സ്വകാര്യവാഹനത്തില്‍ പോയാലാണ് ബോട്‌സ്വാനയില്‍ എത്തുന്നത്. വളരെ ചെറിയ രാജ്യമാണെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ല. അവര്‍ പറഞ്ഞു. മറ്റൊന്നുകൂടിയുണ്ട്. ആകെ എണ്ണായിത്തിയഞ്ഞൂറോളം നഴ്‌സുമാരെ ആ രാജ്യത്ത് ഉള്ളൂ. അതില്‍ ഏഴായിരിത്തിയഞ്ഞൂറു പേരും മലയാളികളാണത്രേ! തീരെ ചെറിയ കുട്ടികളാണ് എന്നെ വിളിച്ചത്. എല്ലാവരും അവിവാഹിതര്‍. എത്ര റിസ്‌ക് എടുത്താണവര്‍ പോയിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ എംബസികള്‍ അറിഞ്ഞാണോ ഇവരൊക്കെ പോയിട്ടുള്ളതെന്നും സംശയമാണ്. ഇങ്ങനെ ജീവന്‍ പണയംവച്ച് ഇവര്‍ ജീവിതത്തില്‍ അതുവരെ കേള്‍ക്കാത്ത രാജ്യങ്ങളിലേക്ക് പോകുന്നതെന്തിനാണ്? ഇവിടെ ഞങ്ങള്‍ക്ക് അറുപത്തിയയ്യായിരം രൂപ ശമ്പളം കിട്ടും.താമസവും ഭക്ഷണവുമെല്ലാം കഴിച്ചാല്‍ അമ്പതിനായിരമെങ്കിലും മിച്ചമുണ്ടാകും. മുപ്പത്തിയയ്യായിരത്തോളം രൂപ ബാങ്ക് ലോണ്‍ അടയ്ക്കാനുണ്ട്. റിസ്‌ക് ആണെങ്കിലും ഇവിടെ നില്‍ക്കുന്നത് കുടുംബത്തിനെങ്കിലും ആശ്വാസമല്ലേ? ആ പെണ്‍കുട്ടികളുടെ പറയുന്നു. അവര്‍ എന്നെ വിളിച്ചത് മറ്റൊരു കാര്യം അറിയാനായിരുന്നു, കേരളത്തില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ എന്നറിയാന്‍. ആ കൊച്ചു സഹോദരിമാരുടെ മനസ് എനിക്ക് കാണാന്‍ കഴിഞ്ഞു. പക്ഷേ എന്താണ് ഞാനവരോട് പറയേണ്ടത്?’ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ വാക്കുകളാണിത്.

നാട്ടില്‍ വന്ന് ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ ഇവിടെ വന്നിട്ട് എന്തു ചെയ്യാന്‍? തിരികെ വന്നവരില്‍ ഭൂരിഭാഗവും തിരിച്ചുപോവുകയാണ്. ലിബിയയില്‍ ഗദ്ദാഫി ഭരണത്തിനെതിരെ ഉണ്ടായ ആഭ്യന്തരകലഹ സമയത്ത് നിരവധി പേര്‍ നാട്ടിലേക്ക് പോന്നിരുന്നു. ഇവിടെ വന്നവര്‍ക്ക് നട്ടം തിരിയേണ്ടി വന്നു. ലിബിയയില്‍ പുതിയൊരു ഭരണകൂടം വന്നെന്നറിഞ്ഞതോടെ വന്നവരില്‍ പലരും തിരിച്ചുപോയി. ഇത്തരം രാജ്യങ്ങളില്‍ ആഭ്യന്തരകലാപം ഏതു നിമിഷം വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം എന്നറിയാഞ്ഞിട്ടല്ല. ഭരണകൂടങ്ങളുടെ അസ്ഥിരത ഈ രാജ്യങ്ങളില്‍ നിന്നുമുള്ള മടക്കം ബുദ്ധിമുട്ടിലാക്കും. വിമാനത്താവളങ്ങള്‍ അക്രമകാരികളുടെ കൈവശമോ, അല്ലെങ്കില്‍ അടച്ചിട്ടിരിക്കുകയോ ആവാം. അതു കൂടാതെ യാത്രരേഖകള്‍ ശരിയാക്കാന്‍ ഭരണസംവിധാനങ്ങള്‍ ഉണ്ടാവില്ല. അതിലുമെല്ലാം വല്യപ്രശ്‌നം ജോലി സ്ഥലത്തുള്ള ശമ്പള കുടിശികയാണ്. സുനുവിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. നാട്ടിലേക്കുള്ള മടക്കം വൈകിപ്പിച്ചതിനു ശമ്പളം കിട്ടാത്തത് അടക്കം കാരണമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌ന സാധ്യത മുന്‍കൂട്ടി കണ്ട് ഈ രാജ്യങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്നതും പലരെയും മടക്കി കൊണ്ടുവരുന്നുണ്ടെന്നതും ശരിയാണ്. അവ അഭിനന്ദനീയവുമാണ്. പക്ഷേ പലപ്പോഴും സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരിലേക്ക് എത്താറില്ല. രക്ഷാപ്രവര്‍ത്തനങ്ങളുടെ സൗകര്യവും ഇവര്‍ക്ക് ലഭ്യമാകില്ല. സംഘര്‍ഷം രൂക്ഷമായ സ്ഥലങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായിരിക്കും. വാഹനസൗകര്യം ലഭിക്കില്ല. ഇതെല്ലാം നഴ്‌സുമാരെ ഒറ്റപ്പെടുത്തും. എത്രപേര്‍ ഓരോരോ രാജ്യത്തും ഉണ്ടെന്ന വിവരം സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാത്തതും (ഇത് സര്‍ക്കാരിന്റെ മാത്രം തെറ്റല്ല. അനധികൃതമായി ജോലിക്ക് പോകുന്നവരും ഉണ്ട്. ഏജന്റുമാരുടെ ചതിയില്‍പ്പെടുന്നവരാണിവര്‍) രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കും.

സര്‍ക്കാര്‍ നടപടികള്‍ സ്വാഗതാര്‍ഹം തന്നെയാണ്. നഴ്‌സുമാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നത് അവര്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ വീണ്ടും ചോദിക്കേണ്ടി വരുന്നത് ഇവിടെ വന്നിട്ട് എന്തു ചെയ്യും? മടങ്ങി വന്നവരില്‍ പത്തുശതമാനത്തിനു പോലും ആഗ്രഹിച്ച രീതിയിലുള്ള ജോലി കിട്ടിയില്ല. ബാക്കിയുള്ളവരൊക്കെ മടങ്ങിപ്പോവുകയായിരുന്നു. ഇറാഖിലും ലിബിയയിലും യെമനിലുമെല്ലാം ഇപ്പോഴും നൂറുകണക്കിനു നഴ്‌സുമാര്‍ ജോലി ചെയ്യുന്നു. ജീവിക്കണ്ടേ അവര്‍ക്ക്. കേരളത്തില്‍ അറുപതിനായിരത്തോളം നഴ്‌സുമാരാണ് ജപ്തി ഭീഷണി നേരിടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അറുപതിനായിരത്തോളം പേര്‍ കേരളത്തില്‍ ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്നു. ലക്ഷങ്ങളാണ് അവര്‍ക്ക് കടം. വഴിയടയുമ്പോള്‍ എന്തു ചെയ്യുമെന്ന് കഴിഞ്ഞ ദിവസംകൂടി ആലപ്പുഴയില്‍ നിന്നും ഒരു ഉദ്ദാഹരണം കണ്ടതാണ്. മക്കളെ പഠിപ്പിക്കാന്‍ ലോണെടുത്ത അച്ചനമ്മമാര്‍ വിഷത്തിലും കയറിലും അഭയം തേടേണ്ടി വരുന്ന ഗതികേട്. ആ ദുഃഖഭാരം ജീവിതാവസാനം വരെ വേട്ടയാടുന്ന മക്കള്‍…ഈ കാഴ്ചകള്‍ നമുക്കൊരു വാര്‍ത്തയല്ലാതായി മാറിത്തുടങ്ങിയിട്ടുണ്ട്…പക്ഷേ അതനുഭവിക്കുന്നവര്‍ക്ക് ജീവിതം വലിയൊരു പരീക്ഷണമാണ്. അതുകൊണ്ടാണവര്‍ മരണത്തെ വെല്ലുവിളിച്ചും ജീവിക്കാന്‍ ശ്രമിക്കുന്നത്… അതിനിടയില്‍ സുനുവിനെ പോലുള്ളവര്‍ വീണുപോകുന്നു… അങ്ങനെയുള്ളവരെ നോക്കി നമ്മുക്ക് സഹതപിക്കാം, അത്രയല്ലേ നമ്മള്‍ ചെയ്യാറുമുള്ളൂ…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍