UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിഹാസം നിര്‍ത്താം, വേണ്ടത് എയര്‍ലൈന്‍ സാക്ഷരത

Avatar

അഴിമുഖം പ്രതിനിധി

‘വിമാനം കത്തിയമരുമ്പോള്‍ ലാപ്‌ടോപ് എടുക്കാന്‍ ഓടുന്ന മലയാളികള്‍’; തിരുവനന്തപുരം-ദുബായി എമിറേറ്റ്‌സ് വിമാനാപകടത്തിന്റെ ഞെട്ടലിലും ഇത്തരം വാര്‍ത്തകള്‍ ആഘോഷിക്കപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും മലയാളിയുടെ സ്വഭാവത്തെ കണക്കറ്റാണ് പരിഹസിച്ചത്.

വിമാനം കത്തിയമരുമ്പോള്‍ ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കാതെ മലയാളി യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ എടുക്കുന്ന തിരക്കിലായിരുന്നുവെന്ന് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗുകള്‍ എടുക്കാതെ പുറത്തേക്കു വരില്ല എന്ന വാശിയിലായിരുന്നു ചില യാത്രക്കാരെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എമര്‍ജന്‍സി എക്‌സിറ്റിലൂടെ ഒരു വിഭാഗം യാത്രക്കാര്‍ പുറത്തിറങ്ങാന്‍ കഷ്ടപ്പെടുമ്പോള്‍ തടസമായത് മലയാളി യാത്രക്കാരാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ വിമാനത്തിനകത്ത് പരിഭ്രാന്തരായി കൈയില്‍ കിട്ടിയതെല്ലാം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങളും എത്തി.

ഇതെല്ലാം മലയാളിയെ മനഃപൂര്‍വം കളിയാക്കാന്‍ ചെയ്യുന്നതാണോ അതോ നടന്നതാണോ എന്ന് തീര്‍ച്ചയില്ല. എന്നലും ഒരു കാര്യത്തില്‍ കുറ്റസമ്മതം നടത്തിയേപറ്റൂ. സമ്പൂര്‍ണ സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന മലയാളിക്ക് എയര്‍ലൈന്‍ ലിറ്ററസിയില്‍ അത്രകണ്ട് വിജ്ഞാനം ഇല്ല. അതിന്റെ ഉദാഹരണമാണ് ദുബായി വിമാനത്താവളത്തില്‍ കണ്ടത്.

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു വിമാനകമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്: 

‘അടിയന്തര സാഹചര്യം വന്നാല്‍ എന്തു ചെയ്യണം എന്നു വിശദീകരിക്കുന്ന എയര്‍ഹോസ്റ്റസിനെ പരിഹസിക്കുന്ന മലയാളികളെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇവിടിങ്ങനെയൊന്നും നടക്കില്ല, പിന്നെന്തിനാ ഈ കോപ്രായമൊക്കെ കാണിക്കുന്നേ എന്നായിരിക്കും മിക്കവരുടെയും ഭാവം. അവരുടെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നതെന്നു ആരും മനസിലാക്കുന്നില്ല’. 

ഓരോ തവണയും വിമാനയാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ നല്‍കും. എമര്‍ജന്‍സി വിന്‍ഡോയുടെ ഭാഗത്തിരിക്കുന്നവര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശങ്ങളും കൊടുക്കും. ഇവയൊക്കെ അവഗണിക്കുകയാണ് മലയാളികളുടെ രീതി.

അടുത്തിടെയാണ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറി പൈലറ്റിനെ ഭീഷണിപ്പെടുത്തുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യാത്തതിനെ തുടര്‍ന്ന് അക്ഷമനായ യാത്രക്കാര്‍ പൈലറ്റിനോട് കാര്യം അന്വേഷിക്കാന്‍ ചെന്നതാണ്…

എന്താ ടെയ്ക്ക്ഓഫ് ചെയ്യാത്തത്?

വിസിബിലിറ്റിയിലുള്ള പ്രശ്‌നം കാരണമാണെന്ന് പൈലറ്റ്

എനിക്ക് കാണാമല്ലോ. പിന്നെ നിങ്ങള്‍ക്കെന്താ കാണാന്‍ വയ്യാത്തത്? അതായിരുന്നു മറുചോദ്യം. പോരാത്തതിനു മൊബൈല്‍ ക്യാമറ ഓണാക്കി വിസിബിലിറ്റി വ്യക്തമാക്കുന്ന രീതിയില്‍ വീഡിയോയും റെക്കോര്‍ഡ് ചെയ്തു.

വിസിബിലിറ്റി എന്ന വാക്കിന്റെ അര്‍ത്ഥം മാത്രം മനസ്സിലാക്കിയാണ് യാത്രക്കാരന്‍ പൈലറ്റിനോട് കയര്‍ത്തത്. സമാനമായ സംഭവങ്ങള്‍ അനേകം.

‘മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ള കേരളത്തിലെ 90 ശതമാനം യാത്രക്കാരും വിമാനത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് നല്‍കുന്നതെന്ന് ബ്രസീല്‍ സ്വദേശിയായ എയര്‍ഹോസ്റ്റസ് ഇന്‍ഗ്രിദ് അമീലിയ അഭിപ്രായപ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ പലരും ശ്രദ്ധിക്കുന്നില്ല’, അമീലിയ പറയുന്നു.

‘വിമാനത്താവളങ്ങളില്‍ പലപ്പോഴും നാടകീയമായ സന്ദര്‍ഭങ്ങള്‍ കാണേണ്ടിവരുന്നത് വിമാനം വൈകുമ്പോഴോ റദ്ദാക്കപ്പെടുമ്പോഴോ ആണ്. വിമാനം വൈകുമെന്നു കണ്ടാല്‍ യാത്രക്കാര്‍ പ്രകോപിതരാവുകയാണ്. മനഃപൂര്‍വം വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വൈകില്ല. അതിനൊരു കാരണം ഉണ്ടാകും. എന്നാല്‍ അതാരും അന്വേഷിക്കാറില്ല’, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

‘എയര്‍ലൈന്‍ കമ്പനിക്കു തന്നെയാണ് ഒരു വിമാനം റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്താല്‍ നഷ്ടമുണ്ടാവുക. പലപ്പോഴും എയര്‍ലൈന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങള്‍ കൊണ്ടല്ല അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ആളുകളെ സംബന്ധിച്ച് അവരുടെ രോഷം മുഴുവന്‍ എയര്‍ലൈന്‍ കമ്പനിയോടാകും.’

വിമാനം പുറപ്പെടുന്നതിനു മൂന്നു മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നുണ്ട് , പ്രത്യേകിച്ച് മലയാളികള്‍ അതും അവഗണിക്കുകയാണ് പതിവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. 

മൂന്നു മണിക്കൂര്‍ മുമ്പ് അന്താരാഷ്ട്ര വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണു നിയമം. മിക്കവാറും ആളുകള്‍ ചോദിക്കുന്നത്, എന്തിനാണ് മൂന്നു മണിക്കൂര്‍ എന്നാണ്. ഇതൊരു സെക്യൂരിറ്റി റിക്വയര്‍മെന്റ് ആണ്. പലരും ഈ നിര്‍ദേശം അവഗണിക്കുകയാണ്. അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം; അതു ന്യായവുമാകാം. പക്ഷേ ഒരു വിമാനം പുറപ്പെടുന്നതിനു മുമ്പ് സ്വാഭാവികമായും നടത്തിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പല ഘട്ടങ്ങളായുള്ള പരിശോധനകളുണ്ട്. അതിനായാണ് ഈ മൂന്നു മണിക്കൂര്‍ സമയം ഉപയോഗിക്കുക. ഡിപ്പാര്‍ച്ചറിനു 45 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗെയ്റ്റ് ക്ലോസ് ചെയ്യണം. അതു നിയമമാണ്. എന്നാല്‍ അപ്പോഴാവും പലരുമെത്തുക.

അടുത്ത പ്രശ്‌നമാണ് ബാഗേജ്.

അധിക ബാഗേജ് കയറ്റുന്നില്ല എന്നുള്ള വഴക്കുകള്‍ പതിവാണ്. അതിനു കാരണം പേയ് ലോഡ് റെസ്ട്രിക്ഷന്‍( pay load restricion) എന്ന നിയമമാണ്. ഒരു വിമാനത്തിന് താങ്ങാവുന്ന ഭാരത്തിന്റെ അളവ് ആണ് അതിലൂടെ നിര്‍ണ്ണയിക്കുന്നത്.

ഗള്‍ഫ് പോലെയുള്ള ചൂടേറിയ രാജ്യങ്ങളില്‍ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഇന്ധനം ചൂടാകുമ്പോള്‍ അത് വികസിക്കുകയും ആകെ ഭാരം കൂടുകയും ചെയ്യും.

189 സീറ്റ് ഉള്ള ഒരു ബോയിംഗ് വിമാനം ആണെങ്കില്‍ അതില്‍ മിനിമം ഭാരം 70 കിലോ ഉള്ള 185 യാത്രക്കാര്‍ അതില്‍ കയറുന്നു എന്നിരിക്കട്ടെ. അവരുടെ ബാഗേജും ഇന്ധനത്തിന്റെ ഭാരവും ആകുമ്പോള്‍ അനുവദിച്ചിട്ടുള്ളതിനും അപ്പുറത്താകും. അത്തരം അവസരങ്ങളില്‍ ആണ് കമ്പനി ബാഗേജ് ലിമിറ്റ് ചെയ്യുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി തന്നെയാണ് ഇതൊക്കെ ചെയ്യുന്നതും. യാത്രക്കാരുടെ ബാഗേജ് അനുവദിക്കാതിരിക്കാന്‍ ഒരു വിമാനക്കമ്പനിയും ഇഷ്ടപ്പെടുന്നില്ല. ജീവനേക്കാള്‍ വലുതല്ലല്ലോ ബാഗേജുകള്‍. 

ബാഗേജുകള്‍ കയറ്റാതെ വരുമ്പോള്‍ അതിന്റെ നഷ്ടവും കമ്പനിക്കു തന്നെയാണ്. യാത്രക്കാരന്റെ വിലാസത്തിലേക്ക് ലഗ്ഗേജ് എത്തിച്ചു കൊടുക്കേണ്ട ബാധ്യത ആ ഘട്ടത്തില്‍ കമ്പനിക്ക് ഏറ്റെടുക്കേണ്ടി വരും. പക്ഷേ യാത്രക്കാര്‍ ഈ അവസ്ഥ മനസ്സിലാക്കില്ല; നമ്മുടെ ആളുകള്‍ പ്രതേകിച്ചും.

സുരക്ഷാ കാര്യങ്ങള്‍ വിശദീകരിക്കുന്ന എയര്‍ഹോസ്റ്റസിനെ പരിഹസിക്കുന്നതില്‍ തുടങ്ങി വളരെ ടെക്‌നിക്കല്‍ ആയ കാര്യങ്ങളില്‍ വരെ താത്പര്യമില്ലയ്മയോ പരിഹാസമോ ആണ് യാത്രക്കാര്‍ പ്രകടിപ്പിക്കുക.

വിസിബിലിറ്റി കുറവായതിനാല്‍ കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയപ്പോള്‍ വനിതാ പൈലറ്റ് ഉള്ള കോക്ക്പിറ്റിലേക്ക് ഒരു യാത്രക്കാരന്‍ ഇടിച്ചുകയറുകയുണ്ടായി. ഹൈജാക്കിംഗ് ആണോയെന്നു വരെ സംശയമുണര്‍ത്തിയ നാടകീയസംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. യാത്രക്കാരുടെ പ്രതിഷേധമായിരുന്നു അത്. 

എയര്‍ലൈന്‍ ലിറ്ററസിയില്‍ വളരെ പരിതാപകരമാണ് നമ്മുടെ അവസ്ഥ എന്നുള്ളതിന് കൂടുതല്‍ ഇനിയും തെളിവുകളുണ്ട്. കമ്പനികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഇതിനു പരിഹാരം ഉണ്ടാകും എന്ന് വിദഗ്ധര്‍ പറയുന്നു. 

ഈ ചര്‍ച്ചയ്ക്ക് കാരണമായത് എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നും പുറത്തെത്തിയ വീഡിയോ ആണ്. റെസ്‌ക്യൂ ഓപ്പറേഷനുകള്‍ നടക്കുമ്പോള്‍ മലയാളികള്‍ ലഗേജ് തപ്പി നടക്കുന്നത് ചിത്രീകരിച്ച ആ വീഡിയോ ഇതിനകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു.

ഒരു ചോദ്യം അവശേഷിക്കുന്നു. അത്രയും അപകടകരമായ ഒരു സന്ദര്‍ഭമുണ്ടായപ്പോള്‍ വീഡിയോ പകര്‍ത്തിയ വ്യക്തിയുടെ മാനസികാവസ്ഥ എന്തായിരുന്നു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍