UPDATES

സിനിമ

ലിംഗ ചലനം കൊതിച്ചു വിളിക്കുന്നവരെ, ക്ഷമിക്കുക…ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്നയാളുടെ നമ്പറല്ല

Avatar

അഴിമുഖം പ്രതിനിധി

ചന്ദ്രേട്ടന്‍ എവിടെയാണ് എന്ന മലയാള ചലച്ചിത്രം ഒരു വീട്ടമ്മയുടെ ഉറക്കവും ഒപ്പം മനസമാധനവും കളഞ്ഞിരിക്കുന്നു. ഈ ചിത്രത്തില്‍ നമിത പ്രമോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോണ്‍ നമ്പറിന് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറും ബ്യൂട്ടീഷനുമായ തിരുവനന്തപുരം സ്വദേശിയിയായ ഈ സ്ത്രീയുടെ മൊബൈല്‍ നമ്പറുമായി സാമ്യം ഉണ്ടായതാണ് കുഴപ്പമായത്. സിനിമ കണ്ട പലരും തങ്ങളുടെ പ്രിയനായികയുടേതാകും എന്ന വിശ്വാസത്തില്‍ പ്രസ്തുത നമ്പര്‍ മൊബൈലില്‍ സേവ് ചെയ്തുവച്ചു. അതോടെ പണി കിട്ടിയത് പാവം വീട്ടമ്മയ്ക്കും.

പകലും രാത്രിയിലും തുടരെ ഫോണ്‍ കോളുകള്‍, സുഖം വിവരം അന്വേഷിച്ച്, ചിലര്‍ അതിലും കടന്ന്…അതോടെ ഭര്‍ത്താവിനുപോലും സംശയം. കാര്യമറിയാതെ പകച്ച ഇവര്‍ ഒടുവില്‍ ചിലരുടെ നിര്‍ദശപ്രകാരം സിനിമ കണ്ടതോടെയാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയത്. സിനിമയുടെ സ്‌ക്രീനീംഗ് തടഞ്ഞുവയ്ക്കണമെന്നാവശ്യപ്പെട്ട് ഇവരിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം പ്രസ്തുത സംഭവത്തില്‍ തങ്ങള്‍ തീര്‍ത്തും നിരപരാധികളാണെന്നും ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫോണ്‍ നമ്പര്‍ സിനിമയുടെ ഒരു സഹസംവിധായകന്റെതായിരുന്നുവെന്നുമാണ് നിര്‍മാതാക്കളില്‍ ഒരാളായ ആഷിഖ് ഉസ്മാന്‍ പറയുന്നത്. പല ഫോണ്‍കോളുകളും ഈ സംഹസംവിധായകനു വരികയും അതേപ്പറ്റി പറഞ്ഞു ചിരിക്കാറുണ്ടെന്നും ആഷിഖ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്ന വീട്ടമ്മയുടെ നമ്പര്‍ ആണ് നമിതയുടെ കഥാപാത്രത്തിന്റെതെന്ന് പറയുന്നതിലെ കാരണം മനസ്സിലാകുന്നില്ല. ആ നമ്പര്‍ ഉപയോഗിക്കുന്ന സീന്‍ ഏതാണെന്നു പരിശോധിച്ചാല്‍ മാത്രമെ മനസ്സിലാകൂ. ഇതുവരെയും പരാതിക്കാരിയോ മറ്റാരെങ്കിലുമോ ഈ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളെയോ സംവിധായകനെയോ സമീപിച്ചിട്ടില്ലെന്നും ആഷിഖ് ഉസ്മാന്‍ പറയുന്നു. ഏതായാലും ജീവിതത്തില്‍ ഒരു തവണപോലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഒരു സ്ത്രീയെ അപമാനിക്കണമെന്ന് ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുമില്ലായിരുന്നു- ആഷിഖ് ഉസ്മാന്‍ തന്റെ നിലപാട് വ്യക്തമാക്കി പറഞ്ഞവസാനിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. കേവലം ഒരു കഥാപാത്രം ഉപയോഗിച്ച ഫോണ്‍ നമ്പര്‍, ആ കഥാപാത്രത്തെ അവതരിപ്പിച്ച നായികയുടേതാണന്നു കരുതി അതിലേക്ക് വിളിച്ച് സായൂജ്യം അടയാന്‍ കൊതിച്ച മലയാളി മനസ്സിന്റെ പെര്‍വര്‍ട്ടല്‍ ടെന്‍ഡന്‍സിയെ കുറിച്ച്.

നിങ്ങള്‍ക്കു കിട്ടിയ നമ്പര്‍, യഥാര്‍ത്ഥത്തില്‍ നമിത പ്രമോദ് എന്ന ചലച്ചിത്രനടിയുടേത് തന്നെ ആവട്ടെ, അങ്ങനെയങ്കില്‍ പോലും അവരെ വിളിക്കേണ്ടത് പാതിരാത്രിയിലാണോ? ഇനി നിങ്ങള്‍ അവരുടെ ആരാധകരാണെങ്കില്‍ തന്നെ ഇക്കിളി ചോദ്യങ്ങള്‍ മാത്രമെ ചോദിക്കാനുള്ളോ? ഫോണ്‍ എടുത്തില്ലെങ്കില്‍ ഉടനെ അക്ഷേപകരവും അസഭ്യവുമായ മെസേജുകളാണോ അയക്കേണ്ടത്? നിങ്ങളുടെ മനസ്സില്‍ ഒരു സിനിമാനടിയെന്നാല്‍ ഏതുപാതിരാത്രിക്കും വിളിച്ച് എന്തും പറയാന്‍ കഴിയുന്ന ഒരു ‘കേസ് കെട്ടുമാത്രമാണോ?

പണ്ട്(ഇപ്പോഴും വലിയ മാറ്റമുണ്ടെന്നു തേന്നുന്നില്ല) ഒരു സ്ത്രീ നാടക അഭിനേത്രിയാണെങ്കില്‍ അവരോട് സമൂഹം ഒരു ജളന്റെ ഭാവഭേദങ്ങളോടെ ആയിരുന്നു ഇടപെട്ടിരുന്നത്. നാടക നടിയെന്നാല്‍ പോക്കുകേസ് ആണെന്ന വാക്യപ്രയോഗം ഇന്നും മലയാളി ഉപേക്ഷിച്ചിട്ടില്ല. മലയാളി മനസിന്റെ പ്രജുഡിസം. ഇതേ മാനസികനിലയോട് തന്നെയാണ് സിനിമയിലെ അഭിനേത്രികളോടും പെരുമാറുന്നത്. ഒരു നായികയെ ആരാധിക്കുന്നവരില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും അവരിലെ സ്ത്രീയുടലിനെയാണ് മോഹിക്കുന്നത്. ഒരു നായികയെ പൊതുസ്ഥലത്ത് വച്ചുകാണാന്‍ ഇടിച്ചുകൂടുന്നവര്‍ വിളിച്ചു പറയുന്ന സ്‌നേഹവാക്കുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം ഇതു മനസ്സിലാക്കാം. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകള്‍ പരിശോധിച്ചാല്‍ മതി, എങ്ങനെയാണ് നമ്മുടെ നായികമാര്‍ ആഘോഷിക്കപ്പെടുന്നതെന്നു മനസിലാകും. അഴകിലും ആകാരവടിവിലുമാണ് നമ്മുടെ നായികമാര്‍(മറ്റു സ്ത്രീ അഭിനേത്രികളാണെങ്കിലും) വിലയിരുത്തപ്പെടുന്നത്. അഭിനയ മികവൊക്കെ ചിലരുടെ കാര്യത്തില്‍ മാത്രം പരിഗണിക്കും. പെണ്ണ് ഒരുപഭോഗ വസ്തുവാണെന്നത് സിനിമാനടികളുടെ കാര്യത്തിലാണ് കൂടുതല്‍ വ്യക്തമാക്കപ്പെടുന്നത്. പുറത്തുള്ളവനെ മാത്രം കുറ്റം പറയരുത്. സിനിമോലോകത്തുള്ളവര്‍ക്കും ഈ ദീനമുണ്ട്. രാത്രിയായാല്‍ മിസ്ഡ് കോളും മെസേജും അയക്കുന്ന എത്രയോ നായകന്മാരെക്കുറിച്ചും സംവിധായകന്മാരെ കുറിച്ചും നമ്മുടെ പല നടിമാരും പരാതി പറഞ്ഞിട്ടുണ്ട്. ഒരുപകല്‍ മുഴുവന്‍ സെറ്റില്‍ ഒരുമിച്ചു കണ്ടാലും പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ രാത്രി, രണ്ടെണ്ണം വിട്ട്, പുകയുമൂതികൊണ്ട് ഫോണിലൂടെ പറഞ്ഞാലേ ഒരു സുഖം കിട്ടൂ. 

മലയാളത്തിലെ ഒരു പുതുമുഖ നായികയുടെ പരാതി ഇങ്ങനെയാണ്; തന്നെ സിനിമിയില്‍ ആദ്യമായി അവതരിപ്പിച്ച സംവിധായകന്‍, സെറ്റില്‍ വച്ച് ഭയങ്ക ഗൗരവത്തിലാണ് ഇടപെടുന്നത്. പക്ഷെ രാത്രിയായാല്‍ ഒരു കൗമാരക്കാരനെ തോല്‍പ്പിക്കും വിധം പൈങ്കിളിയാകും. നിന്നെ നേരിട്ട് കാണുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് കൂടുമെന്നും കാണാതെ നിന്നെ കാണുന്നതിലാണ് എന്റെ രസമൊന്നുമൊക്കെ പുള്ളി ഫോണിലൂടെ കാച്ചും. ഷൂട്ടംഗ് കഴിയുന്നതുവരെ ഈ പ്രണയമെസേജുകളും കിന്നാരങ്ങളും സഹിച്ചു. പിന്നെ സിം മാറ്റി. 

നായകനും സഹനടനും വില്ലനുമൊക്കെയായി വിളങ്ങുന്നൊരുു നടനാണെങ്കില്‍ തന്റെ ആരാധികമാരുടെയടുത്താണ് നമ്പര്‍ ഇറക്കുന്നത്. സെറ്റില്‍ വെച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഫങ്ഷനില്‍ വെച്ചോ തന്റെ നമ്പര്‍ ചോദിക്കുന്ന സ്ത്രീകളോട് കക്ഷി കനപ്പിച്ച ശബ്ദത്തില്‍ ആദ്യം പറയുന്നത്, ഞാന്‍ ഫ്രീയാകുമ്പോള്‍ മാത്രമെ എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാവൂ എന്നാണ്. സാര്‍ എപ്പോഴാണ് ഫ്രീയാവുന്നത്? മിക്കവാറും ഒരു ട്വല്‍വ് ഒ ക്ലോക്ക് കഴിയൂം! കെണി…!അതിലേക്ക് ആരുംവന്നു വീണില്ലെങ്കില്‍ പുള്ളി വിളിച്ചു വീഴ്ത്തും. ഇക്കാര്യത്തിലാണ് കക്ഷി ശരിക്കും വില്ലന്‍.

സിനിമയേക്കാള്‍ രാഷ്ട്രീയം ഇഷ്ടപ്പെടുന്നൊരു നടന്‍ വിളിച്ചു വിളിച്ചു നായികയുടെ ഫഌറ്റിനു ഏതിര്‍വശത്തായി പുതിയൊരു ഫഌറ്റ് വാങ്ങിച്ചു വിളി തുടര്‍ന്നിട്ടുണ്ട്. ഒരുമിച്ചൊരു സിനിമ ചെയ്തിട്ടുണ്ടെന്നും സാറിനെ കാണാന്‍ എന്റെ അച്ഛന്റെ ഛായ ഉണ്ടെന്നും ഒരിക്കല്‍ സ്‌നേഹവായ്പകളോട് പറഞ്ഞുപോയതാണ് ഈ ആ നായിക നടി ആകെ ചെയ്ത അപരാധം.

ഒരിക്കല്‍ ഒരു നായിക പറഞ്ഞതാണ്, എല്ലാവരും പരിഹസിക്കും സിനിമ നടിമാര്‍ കൈയില്‍ നാലും അഞ്ചും ഫോണും കൊണ്ടാണ് നടക്കുന്നതെന്ന്. ശരിയാണ്, ഞാന്‍ മൂന്നു ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഒരെണ്ണം ഇന്‍ഡസ്ട്രയിലുള്ളവരുടെ നമ്പരുകള്‍ സേവ് ചെയ്തത്. മറ്റൊരെണ്ണം പബ്ലിക് ആണ്. ഈ രണ്ടും ഞാന്‍ അറ്റന്‍ഡ് ചെയ്യില്ല, ഒന്നുകില്‍ അച്ഛന്‍ അല്ലെങ്കില്‍ അമ്മ. മൂന്നമാത്തെ ഫോണ്‍ ആണ് എന്റെ സ്വന്തമെന്നു പറയുന്നത്. അതില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ നമ്പരുകള്‍ മാത്രമെയുള്ളൂ. ആദ്യത്തെ രണ്ടു ഫോണുകളും അപകടകാരികളാണ്. ആരാണ് വിളിക്കുന്നതെന്നോ എന്താണ് പറയുന്നതെന്നോ പ്രവചിക്കാന്‍ പറ്റില്ല. കൂടുതല്‍ ശല്യം രണ്ടാമത്തെ ഫോണാണ്; സിനിമാക്കാര്‍ വിളിക്കുന്ന ഫോണ്‍…

ഒരു സിനിമാതാരത്തിന് ഒന്നില്‍ കൂടുതല്‍ ഫോണുകള്‍ കൊണ്ടു നടക്കാം, പക്ഷേ സാധാരണക്കാരിക്കോ? ഒരെണ്ണം വാങ്ങുന്നതു തന്നെ വല്യ കാര്യമാണ്. നമ്പറു കിട്ടിയാല്‍ ആരും അതിലേക്കു വിളിക്കും. 

സിനിമാക്കാര്‍ ഇങ്ങനെയൊക്കെ വിളിക്കുമ്പോള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വഴിക്കുവന്നെന്നും വരാം. ഒരിക്കല്‍ തന്റെ മുറിയില്‍ നിന്നറങ്ങി മറ്റൊരു മുറി ലക്ഷ്യമാക്കി പോകുന്ന ഒരു സഹനടി അപ്രതീക്ഷിതമായി മറ്റൊരു നടിയുടെ മുന്നില്‍ പെട്ടുപോയി. ഈ രാത്രിയില്‍ നീയിതെങ്ങോട്ടാന്നു സഹതാരം. എന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നുപോയി, നമ്മുടെ ആ അസിസ്റ്റന്റ് ഡയറക്ടറുടെ മുറിയില്‍ ചാര്‍ജ്ജര്‍ ഉണ്ടെന്നു പറഞ്ഞു. സഹനടിയുടെ മറുപടി. സഹ സംവിധായകനാണല്ലോ പിന്നീട് സംവിധായകനാകുന്നത്, സഹനടി നായികയും- കാര്യങ്ങള്‍ മനസ്സാലിക്കിയ സഹതാരം മനസ്സില്‍ ചിരിച്ചുകൊണ്ട് നടന്നകന്നു. ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് ഇത്തരം ഉപകാരസ്മരണകള്‍ ചിലര്‍ നടത്താറുണ്ടെങ്കിലും ഭൂരിപക്ഷം നടിമാരും ഓരോ ഷൂട്ടിംഗും അവസാനിപ്പിക്കുന്നത് എന്തൊക്കെ ശല്യം സഹിച്ചാണെന്നോ!

ഇതൊക്കെ സിനിമയ്ക്കുള്ളിലെ കാര്യങ്ങള്‍, ഒട്ടും വ്യത്യസ്തമായല്ല പുറത്തു നടക്കുന്നത്. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ ഫോണ്‍ നോക്കിയപ്പോള്‍ കുറെ നമ്പരുകള്‍ ചില ഇംഗ്ലീഷ് അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍, അദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീടവന്‍ സത്യം പറഞ്ഞു. ട്രെയിനിലെ ടോയ്‌ലെറ്റുകളില്‍ എഴുതിവച്ചിരിക്കുന്ന ഓരോ നമ്പറുകളും ഫോണില്‍ സേവ് ചെയ്തിരിക്കുകയാണ്. 

നീ ആരെയെങ്കിലുമൊക്കെ വിളിക്കാറുണ്ടോ? 
ഇടയ്‌ക്കൊക്കെ. 
റെസ്‌പോണ്‍സ് എങ്ങനാ? 
ഇതുവരെ ഒന്നും അനുകൂലമായിട്ടില്ല, എന്നാലും ഹോപ് ഫോര്‍ ബെസ്റ്റ്… 

അവന്‍ തന്റെ ആത്മവിശ്വാസം തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു. 

ഈ സുഹൃത്ത് വലിയൊരു വിഭാഗം മലയാളിയെ പ്രതിനിധാനം ചെയ്യുകയാണ്. തനിക്കു കിട്ടുന്ന ഒരു ഫോണ്‍ നമ്പറിലൂടെ തന്റെ കാമപൂരണം സാധ്യമാകുന്നു കരുതുന്നവരുടെ പ്രതിനിധി. ഫോണ്‍ സുരതത്തിലൂടെ തന്റെ ലിംഗചലനത്തിന് ശമനം കണ്ടെത്തുന്നവര്‍.

സിനിമയിലെ നായികയുടെയോ നായകന്റെയോ നമ്പര്‍ ആണെന്നു കരുതി അവരുടെ കഥാപാത്രങ്ങള്‍ സിനമയില്‍ ഉപയോഗിക്കുന്ന നമ്പര്‍ ഓര്‍ത്തുവച്ച് അതിലേക്ക് വിളിക്കുകയും മെസേജ് അയക്കുന്നതുമൊന്നും ഇതാദ്യമായല്ല. മമ്മൂട്ടിക്കും മോഹന്‍ ലാലിനും വേണ്ടിയൊക്കെ പല പാവങ്ങളും മറുപടി പറഞ്ഞ് വലഞ്ഞിട്ടുണ്ട്. പക്ഷേ ആണുങ്ങളെ വിളിക്കുന്നതുപോലെ ആകിലല്ലോ പെണ്ണുങ്ങളെ വിളിക്കുമ്പോള്‍. തേനും വയമ്പുമൊക്കെ പുരട്ടും. കഴുത കാമം കരഞ്ഞു തീര്‍ക്കുമെങ്കില്‍ ചില മനുഷ്യര്‍ അത് പറഞ്ഞുതീര്‍ക്കും. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരിക്കല്‍ ഒരു സുഹൃത്ത് മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ നമ്പര്‍ ചോദിച്ചു. ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ നമ്പര്‍ കൊടുത്തു, ഒപ്പം നിര്‍ദേശവും, മാന്യമല്ലാത്തൊരു വാക്കും അവരോട് പറയരുത്. സുഹൃത്ത് കൈയില്‍ അടിച്ച് സത്യം ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ആ സുഹൃത്തിനെ വീണ്ടും കണ്ടു. 

നീ അവരെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്‌തോ? 
ഒരു ദിവസം വിളിച്ചു നോക്കി, എടുത്തില്ല. മറ്റേ സിനിമയിലെ അവരുടെ പെര്‍ഫോമന്‍സിന് ഒരു അഭിനന്ദനം പറയാനായിരുന്നു.
പിന്നീട് ട്രൈ ചെയ്തില്ലേ? 
ഒരു കണ്‍ഗ്രാജുലേഷന്‍ പറഞ്ഞ് മെസേജ് അയച്ചു.അതേ…നമ്മള് വേറെ എന്ത് പറയാനാടാ…
അപ്പോള്‍ പിന്നെ നീ അവര്‍ക്ക് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ‘മത്തേഭമസ്തകമൊത്ത….എന്നു തുടങ്ങുന്ന നാലു വരി മെസേജ് അയച്ചതോ? 
ഞാനോ? നിന്നോടിതാരു പറഞ്ഞു.
പ്രിയ സ്‌നേഹിതാ നിന്നെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട് തന്നെ നിനക്കു തന്നത് ഞാന്‍ ഉപയോഗിക്കുന്ന മറ്റൊരു നമ്പറാണ്…അതുകൊണ്ട് തന്നെ നിന്റെ കണ്‍ഗ്രാജുലേഷന്‍സ് എല്ലാം വായിക്കേണ്ട ഗതികേടും എനിക്കുണ്ടായി…

ഇതുകൊണ്ടെല്ലാം പറയുകയാണ് പ്രിയ സിനിമാക്കാരെ…ഇനിയെങ്കിലും നിങ്ങള്‍ സ്ത്രീകഥാപാത്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പരസ്യമായി കാണിക്കരുതേ… അതുവഴി ഒരു പാവത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തരുത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍