UPDATES

സിനിമ

പട്ടടയിലെ സെല്‍ഫിയെടുപ്പുകാരോട്; ലജ്ജിക്കുക, തല താഴ്ത്തുക

Avatar

പറയാനേറെ കഥാപാത്രങ്ങളുണ്ട് മണിയുടേതായി. ചിരിപ്പിച്ചത്, കരയിപ്പിച്ചത്, പേടിപ്പിച്ചത്…അങ്ങനെ പലതും. ഇതില്‍ അംബുജാക്ഷന് വളരെ പ്രിയപ്പെട്ടൊരു കഥാപാത്രമുണ്ട്. കെ ബി മധു സംവിധാനം ചെയ്ത് ജയറാം നായകനായി 1998 ല്‍ ഇറങ്ങി ചിത്രശലഭം എന്ന സിനിമയിലെ ബക്കര്‍ പരപ്പനങ്ങാടി. ഒരു ചെറിയ വേഷം. നാടകകൃത്തും നടനും സംവിധായകനുമൊക്കെയാണ് ബക്കര്‍. പക്ഷേ നാടകത്തിലും ജീവിതത്തിലും ഒന്നുമാകാതെ പോയൊരാള്‍. കടക്കാരില്‍ നിന്നും രക്ഷപ്പെട്ടോടിയോടി മടുത്ത് ഒടുവില്‍ തോള്‍സഞ്ചിയിലെ നാടകസ്‌ക്രിപ്റ്റിനൊപ്പം കയറുമായി നടക്കുന്ന ബക്കര്‍. ദേവനോട്(ജയറാം) ആയാള്‍ പറയുന്നുണ്ട്, രക്ഷയില്ലാതാകുമ്പോള്‍ ഈ സ്ക്രിപ്റ്റ് ഞാനെടുത്ത് പ്രയോഗിക്കുമെന്ന്. പിന്നീടൊരിക്കല്‍ ദേവന്റെ രോഗവിവരം അറിയുമ്പോള്‍ തന്റെ വേദന മുഴുവന്‍ അടക്കിപ്പിടിച്ച് സ്വതസിദ്ധമായ നര്‍മമാണ് അയാള്‍ പുറത്തെടുക്കുന്നത്. ‘മുകളില്‍ നിന്നാവാട്ടോ നമ്മുടെ മത്സരം. താന്‍ ആദ്യം പോയി അവിടെയൊരു നാടകസമിതിയൊക്കെ ഉണ്ടാക്ക്, വൈകാതെ ഞാനും വരാട്ടോ…’ ഇതും പറഞ്ഞിരുവരും ചിരിച്ച്, ആ ചിരി ചുണ്ടില്‍ നിന്നും മാറ്റാതെയാണയാള്‍ ദേവന്റെ അരികില്‍ നിന്നും പോകുന്നത്. പക്ഷേ പുറത്തെത്തിയ ബക്കര്‍ അതുവരെ അടക്കിപ്പിടിച്ച സങ്കടമെല്ലാം ഒരു പൊട്ടിക്കരച്ചിലിലൂടെ ഒഴുക്കിക്കളയുകയാണ്.

മണിയുടെ തുടക്കകാലത്തുള്ള കഥാപാത്രമാണ് ബക്കര്‍. തമാശയും സീരിയസ്‌നെസും സെന്റിമെന്റ്‌സുമെല്ലാം എത്ര തന്മയത്വത്തോടെ, അതിരു കടക്കാതെയാണ് ആ വേഷത്തില്‍ മണി സമന്വയിപ്പിച്ചത്…

മണി അതിനുശേഷം എത്രയോ കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ചു…ദേശീയ പുരസ്‌കാരം നേടി, വിവിധി ഭാഷകളില്‍ ആരാധകരെ സ്വന്തമാക്കി… അതെല്ലാം പിന്നിലുപേക്ഷിച്ച് മണി പെട്ടെന്നൊരു പോക്കുപോയി…!

മണി ഇനി ഇല്ലെന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മനസിനെ പ്രേരിപ്പിച്ചത് പട്ടയിലെ ആ തീയായിരുന്നു. ഉള്ളിലെ സങ്കടത്തിന്റെ തീപ്പൊള്ളലേറ്റ് ആ കാഴ്ച്ച കണ്ടിരിക്കുമ്പോള്‍ അതാ മറ്റൊരു കാഴ്ച്ച, ലജ്ജിച്ചു തലതാഴ്ത്തിപ്പോയ ഒന്ന്. എരിയുന്ന ചിത ഫോക്കസില്‍ വരുത്തി ഒരുവന്റെ സെല്‍ഫിയെടുക്കല്‍…! 

നമ്മളെല്ലാം കണ്ടതാണ്, എവിടെ നിന്നൊക്കെയോ ഏതൊക്കെയോ ആളുകള്‍ മണിയുടെ മരണവാര്‍ത്ത കേട്ടെത്തുന്നു. അവരെല്ലാവരും ഒരു താരത്തിന്റെ ആരാധകരാകാന്‍ വഴിയില്ല. പകരം മണിയെന്ന മനുഷ്യനെ സ്‌നേഹിച്ച, മണിയെന്ന സുഹൃത്തിനെ സ്‌നേഹിച്ച, മണിയെന്ന കലാകാരനെ സനേഹിച്ചവരാകണം. ഒരുപക്ഷേ നാളെ നമ്മുടെ മറ്റേതെങ്കിലും താരത്തിന് ഇത്രമേല്‍ ജനകീയനായി നിലനില്‍ക്കാന്‍ പറ്റുമോ? ഇല്ല. കാരണം മണി ഒരിക്കലും ഒരു താരമായിരുന്നില്ല. ഇരുട്ടിലാഴ്ന്നിരുന്ന തന്റെ ജീവിതത്തിലേക്ക് വെളിച്ചം കിട്ടിയപ്പോള്‍ അതു മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ശ്രമിച്ച ഒരു വിളക്കായിരുന്നു. ആ വിളക്ക് പെട്ടെന്ന് അണഞ്ഞപ്പോള്‍ ചുറ്റും നിന്നവരില്‍ ഉണ്ടായ സംഭ്രമം ആയിരുന്നു മണിയെ കാണാന്‍ ജനം തടിച്ചു കൂടാന്‍ കാരണം. പക്ഷേ ഒരു തനി സാധാണക്കാരനായി ജിവിച്ചിട്ടും മരിച്ചപ്പോള്‍ നമ്മളെന്തിനാണ് മണിയെ താരമാക്കിയത്?

ചിത്രശലഭത്തിലെ ബക്കര്‍ എന്ന മണിയുടെ കഥാപാത്രം അബുജാക്ഷന്‍ ആദ്യമേ പരാമര്‍ശിച്ചത്, ഒരുവനെ നമ്മള്‍ ഏറെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവന്റെ നഷ്ടപ്പെടുന്നതിന്റെ വേദന എങ്ങനെയായിരിക്കും നാം പ്രകടിപ്പിക്കുക എന്ന് മണി തന്നെ കാണിച്ചു തന്നിട്ടുണ്ട് എന്നോര്‍മിപ്പിക്കാനായിരുന്നു.

മണിയെ അവസാനമായി കാണാന്‍ വന്നവരില്‍ പകുതിയിലേറെയും കാപട്യക്കാരായിരുന്നോ? നിര്‍ജീവമായ ആ ശരീരം അവര്‍ക്ക് വെറും കാഴ്ച്ചവസ്തുവോ? സിനിമ നടനെ പിച്ചിയും നുള്ളിയുമെല്ലാം സായൂജ്യമടയുന്നവരുടെ കുലത്തില്‍പ്പെട്ടവരോ ഇവര്‍? ആളുകളുടെ സെല്‍ഫി പിടുത്തവും മൊബൈല്‍ ക്ലിപ്പുകള്‍ എടുക്കാനുള്ള വ്യഗ്രതയുമാണ് ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.  

വാട്‌സ് ആപ്പ് വീഡിയോകള്‍ അയച്ചു കൊടുത്തു, ഞാന്‍ വലിയൊരു സംഭവമാണെന്നു കൂട്ടുകാരെ അറിയിക്കാന്‍ മത്സരിക്കുന്നവര്‍ നാട്ടില്‍ ഒരുപാടുണ്ട്. വെടിവച്ചു കൊല്ലുന്നതിന്റെയും തല അറത്തു കൊല്ലുന്നതിന്റെയും വണ്ടിക്കടയില്‍ ജീവനുവേണ്ടി പിടിയുനതിന്റെയുമെല്ലാം ചലിക്കുന്ന ചിത്രങ്ങള്‍ കണ്ട് കോള്‍മയിര്‍ കൊള്ളാനിരിക്കുന്നവരും ഏറെയാണ്. അങ്ങനെയുള്ളവരുടെ ഇടയില്‍ എന്തും നടക്കും.

മമ്മൂട്ടിയുടെ പിതാവ് മരിച്ച ദിവസം ചെമ്പിലെ വീടിനു മുന്നില്‍ വലിയൊരു പുരുഷാരം കൂടി. വളരെ പ്രായസപ്പെട്ടു അവരെയെല്ലാം വീടിന്റെ ഗെയ്റ്റിനു പുറത്താക്കാന്‍. കേള്‍ക്കുമ്പോള്‍ തോന്നും എന്തൊരു ദുഷ്ടത്തരം എന്ന്. പക്ഷേ ആ കൂടിയവരെല്ലാം മമ്മൂട്ടിയെന്ന താരത്തെയും ആ വീട്ടിലെത്തുന്ന മറ്റു സിനിമാക്കാരെയും കാണാനായി വന്നവരാണെന്നു തിരിച്ചറിയുമ്പോഴാണ് അവരെ പുറത്താക്കിയതിന്റെ ന്യായം മനസിലാകുന്നത്. അവിടെ ഒരു മൃതദേഹത്തോട് കാണിക്കേണ്ട മര്യാദ നാം കാണിച്ചോ? പിതാവ് മരിച്ചൊരു മകനോട് കാണിക്കേണ്ട മര്യാദ നാം കാണിച്ചോ? നടന്‍ മുരളിയുടെ മൃതദേഹം ചാനലുകളില്‍ ക്ലോസപ്പായി കാണിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് ഉര്‍വശി തന്റെ അസ്വസ്ഥ പ്രകടിപ്പിച്ചിട്ടുണ്ട്. ചാനല്‍ കാമറകള്‍ക്ക് അതൊരു താരശരീരം മാത്രമാണ്. പക്ഷേ മുരളിയെ സ്‌നേഹിച്ച കുറേപ്പേര്‍ക്ക് അടഞ്ഞ കണ്ണുകളോടെയുള്ള മുരളിയുടെ മുഖം ഇത്തരത്തില്‍ ആവര്‍ത്താവര്‍ത്തിച്ച കണ്‍മുന്നില്‍ വന്നുപോകുന്നത് വല്ലാത്ത മാനസികാഘാതമാണ് ഉണ്ടാക്കുന്നത്. അന്നത്തേതിനാക്കളൊക്കെ എത്രയോ ക്രൂരരായി മാറിയിരിക്കുന്നു നാം.

താരങ്ങളോട് മാത്രമല്ല ഈ ആവേശം. ഒരപകടം നടന്നാല്‍, നടുറോഡില്‍ ഒരുത്തന്‍ ചോരവാര്‍ന്നു കിടക്കുന്നതു കണ്ടാല്‍, വെട്ടിക്കീറിയിട്ടതോ കെട്ടിത്തൂങ്ങി കിടക്കുന്നതോ ആയ ശരീരങ്ങള്‍ കണ്ടാല്‍ ഉടനെ നമുക്കത് കാമറയില്‍ പകര്‍ത്തണം. കടലുണ്ടിയില്‍ തീവണ്ടിയപകടം നടന്നപ്പോള്‍ വന്ന ട്രാജഡി ടൂറിസ്റ്റുകളെ നാം കണ്ടു, കോട്ടയം താഴത്തങ്ങാടിയില്‍ ബസ് അപകടം നടന്നപ്പോഴും കണ്ടു, പിന്നെയും എത്രയോ ഇടങ്ങളില്‍…ഇപ്പോള്‍ ഒരപകടം നടന്നാല്‍ പൊലീസിന്റെ ആദ്യത്തെ പണി മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാരെ സ്ഥലത്തു നിന്നു തുരത്തുകയാണ്… മുങ്ങിത്താഴുന്നവനെ കൈ നീട്ടി രക്ഷപ്പെടുത്താനല്ല, അവന്‍ മുങ്ങിപ്പൊങ്ങുന്നതുവരെയുള്ള നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി ഷെയര്‍ ചെയ്യാനാണ് നമുക്ക് വ്യഗ്രത.

ഇത്രയേറെ ലജ്ജാകരമായി പെരുമാറുന്നവരുടെ അലമുറകളെക്കാള്‍ അംബുജാക്ഷന്‍ വിലമതിക്കുന്നത് മൗനമാര്‍ന്നു നിന്ന മോഹന്‍ ലാലിനെ തന്നെയാണ്.  മണി മരിച്ചു കഴിഞ്ഞ് അദ്ദേഹത്തെ കുറിച്ച് പലരും തങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ചു. ആ പറഞ്ഞവര്‍ക്കു മാത്രമേ മണിയോട് സ്‌നേഹമുള്ളൂ എന്നുണ്ടോ? മണിയെക്കുറിച്ച് ബ്ലോഗ് എഴുതാതിരുന്നത് മോഹന്‍ ലാല്‍ ചെയ്ത അപരാധമായി കൊണ്ടാഘോഷിച്ചു നാം. ഒരാള്‍ മരണപ്പെട്ടാല്‍ അയാളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നാലുകോളത്തില്‍ പ്രസിദ്ധീകരിക്കാന്‍ അനുസ്മരണം എഴുതി കൊടുക്കുന്നവരും ചാനലുകള്‍ക്കു മുന്നില്‍ കണ്ണീര്‍ തുടയ്ക്കുന്നവരും ആണ് മനുഷ്യസ്‌നേഹികളെന്ന് എന്നുമുതലാണ് നാം തീര്‍ച്ചപ്പെടുത്തിയത്? മരണത്തിന്റെ വേദന സെല്‍ഫിയെടുത്ത് സൂക്ഷിച്ചവരുള്‍പ്പെടെ പറയുന്നത് ലാല്‍ ബ്ലോഗ് എഴുതാതിരുന്നത് മണിയോട് താത്പര്യമില്ലാത്തതുകൊണ്ടാണെന്ന്.

പക്ഷേ മോഹന്‍ ലാല്‍ പറഞ്ഞ, മണിയുടെ വിയോഗം ഉണ്ടാക്കിയ നിസംഗതയുണ്ടല്ലോ, അതു തിരിച്ചറിയണമെങ്കില്‍ അത്രമേല്‍ പ്രിയപ്പെട്ടൊരാള്‍ നമുക്ക് നഷ്ടപ്പെടണം. മനസ് നഷ്ടപ്പെട്ടുപോയരവസ്ഥയില്‍ ഒരു കവിള്‍ വെള്ളംപോലും ഇറക്കാന്‍ കഴിയാതെ വരും, പിന്നെയാണോ ബ്ലോഗെഴുതുന്നത്.

ആദ്യം നമ്മള്‍ കലാഭവന്‍ മണിയെ നമ്മുടെയെല്ലാം മൊബൈല്‍ ഫോണിന്റെ കാഴ്ച്ച വസ്തുവാക്കി അപമാനിച്ചു. പിന്നീട് മണിയേറെ സ്‌നേഹിച്ചവരുടെ കൂട്ടത്തിലുള്ളൊരാളെ അപഹസിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും പറയുന്നു കലാഭവന്‍ മണിയെ ഞങ്ങള്‍ ഇപ്പോഴും സ്‌നേഹിക്കുകയാണെന്ന്….എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ അതില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍