UPDATES

വിദേശം

മാലിദ്വീപില്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു; യാമീന്‍ റഷീദിന്റെ എഴുത്തുകള്‍ എന്നും സര്‍ക്കാരിന് തലവേദന

സുന്നി ഭൂരിക്ഷ രാഷ്ട്രമായ മാലിദ്വീപുകളില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും വധഭീഷണി ലഭിക്കാറുണ്ട്.

മാലിദ്വീപിലെ രാഷ്ട്രീയ, മതസ്ഥാനങ്ങളെ ഡെയ്‌ലി പാനിക് എന്ന ബ്ലോഗിലൂടെ കളിയാക്കിയിരുന്ന യാമീന്‍ റഷീദ് എന്ന 29കാരന്‍ ഞായറാഴ്ച രാവിലെ കുത്തേറ്റ് മരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ദ്വീപില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് യാമീന്‍ റഷീദ്. തലസ്ഥാനമായ മാലിയിലെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ ഇന്നലെ രാവിലെയാണ് റഷീദിനെ കഴുത്തിലും ഞെഞ്ചിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

ആക്ഷേപഹാസ്യം നിറഞ്ഞ ഡെയ്‌ലി പാനിക് എന്ന അദ്ദേഹത്തിന്റെ ബ്ലോഗ് മാലിദ്വീപില്‍ വലിയ പ്രചാരം നേടിയിരുന്നു. ഐടി ഉദ്യോഗസ്ഥനായിരുന്ന റഷീദ് തന്റെ ഒഴിവ് സമയങ്ങളിലാണ് ബ്ലോഗ് എഴുതിയിരുന്നത്. ബ്ലോഗില്‍ സര്‍ക്കാരിനെതിരെ എഴുതിയതിന് നേരത്ത നിരവധി തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ തലസ്ഥാനത്ത് നടന്ന ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ മൂന്ന് മാസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

യാമീന്‍ റഷീദിന് പലപ്പോഴും വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും അതെല്ലാം അദ്ദേഹം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും സുഹൃത്തും മാല്‍ഡീവിസ് ഇന്റിപെന്റന്റ് ന്യൂസ് എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്ററുമായ സഹീന റഷീദ് പറയുന്നു. റഷീദിന് വധഭീഷണിയുണ്ടായിരുന്നതായി എല്ലാവര്‍ക്കും അറിയാമായിരുന്നവെന്നും എന്നിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല എന്നും അവര്‍ ആരോപിക്കുന്നു. മതനിരപേക്ഷ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ആളെന്ന് അദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടായിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സമൂഹിക നീതി, സര്‍ക്കാരിന്റെ കാര്യക്ഷമത ഇല്ലായ്മ, അഴിമതി, ധൂര്‍ത്ത് എന്നിവയ്‌ക്കെതിരെയാണ് അദ്ദേഹം പോരാടിയതെന്ന് സഹീന പറയുന്നു.

സുന്നി ഭൂരിക്ഷ രാഷ്ട്രമായ മാലിദ്വീപുകളില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും വധഭീഷണി ലഭിക്കാറുണ്ട്. ആരും അത് അത്ര കാര്യമായി എടുക്കാറില്ല. 2014 ഓഗസ്റ്റില്‍ മിനിവാന്‍ ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് റില്‍വാന്‍ അപ്രത്യക്ഷനായിരുന്നു. ഇദ്ദേഹത്തിന്റെ തിരോധാനത്തെ സംബന്ധിച്ച് സര്‍ക്കാരിന് അസുഖകരമായ ചോദ്യങ്ങള്‍ യാമീന്‍ റഷീദ് നിരന്തരം ഉന്നയിച്ചിരുന്നു.

മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ നടപ്പിലാക്കിയ അപകീര്‍ത്തി നിയമങ്ങള്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ഈ നിയമം ദ്വീപിലെ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് ഉപയോഗിക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റഷീദിന്റെ കൊലപാതകത്തെ യാമീന്റെ ഓഫീസ് അപലപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍