UPDATES

സിനിമ

ഉത്തമ കാമുകനും ഉത്തമ ഭാര്യയും; വെള്ളിത്തിരയിലെ ചില സ്ത്രീ വിവേചനങ്ങള്‍

Avatar

നിയതി ആര്‍ കൃഷ്ണ

നമ്മുടെ ഇന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് മലയാള സിനിമയില്‍ വളരെ കാലമായി വിവേചനം നേരിടുന്ന കുറെ കൂട്ടരുണ്ട്. അതായത് ഉത്തമാ, ഒരു ഉത്തമ കാമുകന്‍ എന്ന് പറഞ്ഞാല്‍ അവന്‍ നായികയുടെ ആട്ടും തുപ്പുമേറ്റ് അവള്‍ക്കു പുറകെ അലയണം. അവളെ പ്രേമം സമ്മതിപ്പിക്കാന്‍ എന്ത് കടും കൈ ചെയ്യാനും തയാറാവണം. നാണം കെടണം, എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിയണം, മരണത്തെ വരെ വിരിമാറു നീട്ടി ഏറ്റു വാങ്ങാന്‍ ശ്രമിക്കണം (ശ്രമിച്ചാല്‍ മതി, ഓവറാക്കി മരിക്കാന്‍ നില്‍ക്കരുത്). തമിഴ് സിനിമയിലാണേല്‍ കാമുകന്മാരുടെ സെല്‍ഫ് റെസ്‌പെക്ടിനെയൊക്കെ നിലത്തിട്ട് ചവുട്ടി അരച്ചാണ് നായികയുടെ ഹൃദയം (നമ്മുടെയും) കവരിപ്പിക്കുക (അല്ല പിന്നെ!!! അതിനൊക്കെ പറ്റിയ ഒരു വാക്ക് വേണ്ടേ??). ചില സിനിമയില്‍ (പ്രത്യേകിച്ച് തെലുങ്ക്) നായകനെ അവസാനം ‘നായികയെ കല്യാണം കഴിച്ചിട്ടും പ്രയോജനമൊന്നുമില്ല’ എന്ന അവസ്ഥയിലാക്കി അടിച്ച് പരിപ്പിളക്കാറുണ്ട് നായികയുടെ അച്ഛനോ അല്ലേങ്കില്‍ വേറെ വല്ല വില്ലന്മാരോ. മലയാളത്തില്‍ ദിലീപിനൊക്കെ ഈ ഭാഗ്യം കിട്ടിയിട്ടുണ്ട്…

എന്റെ പൊന്നോ, എന്തൊരു വിധിയാണിവരുടെത്..വേറൊന്നും കൊണ്ടല്ല…കാമുകി ദുഷ്ടയായിട്ടും അല്ല..നമ്മുടെ മനസ്സലിയണമെങ്കില്‍ അതൊക്കെ വേണം. കാമുകി അങ്ങനെ എളുപ്പത്തില്‍ വളയുന്നവളല്ല എന്ന് തെളിയിക്കപ്പെടണം..അന്യ പുരുഷന്മാരെ തെറി വിളിക്കണം നമ്മുടെ ചാരിത്ര്യവതി മഹിളകള്‍…അതവരുടെ സ്വഭാവ മഹിമയ്ക്ക് ബോണസാണ്.

ഇനി വിവാഹ ജീവിതം കാണിക്കുന്ന സിനിമയാണെന്ന് വയ്ക്കുക…അപ്പൊ പ്ലേറ്റ് അപ്പാടെ തിരിയും. ഇനി നായികയുടെ ഊഴമാണ്…അവള്‍ ഉത്തമ ഭാര്യയും നായകന് കൂടെ ജീവിക്കാന്‍ പറ്റിയവളുമാണെന്നു ബോധ്യപ്പെട്ട് നമ്മള്‍ സര്‍ടിഫിക്കറ്റ് കൊടുക്കാന്‍ എന്തൊക്കെ ചെയ്താല്‍ മതിയാവും?? (പ്രിയമാന തോഴിയൊക്കെ കണ്ടിട്ട് ചത്താ മതീന്ന് തോന്നീട്ടുണ്ട്)…അവള്‍ അച്ചനും അമ്മയും സ്വത്തും സുഖ സൗകര്യങ്ങളും ഇഷ്ടങ്ങളും എല്ലാം ഭര്‍ത്താവിനു വേണ്ടി ത്യജിച്ചാലേ ഒരു ‘ഇത്’ ഒള്ളൂ..പിന്നെ ഫര്‍ത്താവിനു വേണ്ടി മരിക്കാനും അവസാനം ‘ഈ താലി പീലി’ എന്നൊക്കെ പറഞ്ഞ് നമ്മളെ മോറല്‍ സയന്‍സ് പഠിപ്പിക്കാനും അവള്‍ തന്നെ വേണം. സിനിമയില്‍ പോലും ഒരു ഉത്തമ ഭാര്യയാവാന്‍ എന്തൊരു കഷ്ടമാണെന്നെ…!

ഈ കാമുക/ഭര്‍തൃ വ്യതാസത്തിനു ഒരു ചെറിയ ഉദാഹരണം പറയാം..അലൈ പായുതേയില്‍ വിവാഹ ശേഷം ശാലിനിയുടെ അച്ഛന് അസുഖമാണെന്ന് അറിയുമ്പോള്‍ കൂടെ പോകാന്‍ മാധവന്‍ വിസമ്മതിക്കുന്ന ഒരു സീനുണ്ട്..’എന്നെ അന്ന് നാണം കെടുത്തി വിട്ട മനുഷ്യന്റെ അടുത്തേക്ക് ഞാന്‍ വരില്ല’ എന്ന് മാധവന്‍ പറയുന്നുണ്ട്..അതേ മണിരത്‌നത്തിന്റെ അതേ ഫ്ലേവര്‍ സിനിമയായ ഓക്കേ കണ്മണിയില്‍ നായികയുടെ അമ്മ രണ്ടു ദിവസം ആദിയെ ജയിലിട്ടിട്ടും എത്ര നന്നായി ആണ് ദുല്‍ക്കര്‍ അതിനെ കൈകാര്യം ചെയ്യുന്നത്…അത് താര അറിയേണ്ട എന്ന് പോലും അവന്‍ വിചാരിക്കുന്നു…കാരണം അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആല്ല; ഇവിടെ ദുല്‍ക്കറിനു നല്ല കാമുകനായെ പറ്റൂ…

അത് പോലെയാണ് ഒരാളെ സ്‌നേഹത്തിന്റെ വില മനസ്സിലാക്കി കൊടുപ്പിക്കുന്നത് എപ്പോഴും പുരുഷനിലൂടെയാകുന്നത്…അത് സ്ത്രീയെ താഴ്ത്തിക്കെട്ടുകയല്ല, പകരം സ്ത്രീയുടെ സ്‌നേഹം ഒരു ഫിക്‌സെഡ് ഡെപ്പോസിറ്റ് ആണെന്നും പുരുഷന്റെ സ്‌നേഹം എപ്പോള്‍ വേണേലും മാറി മറിയാമെന്നും എന്നിട്ടും അങ്ങനെ സ്‌നേഹം നഷ്ടപ്പെട്ടു വിട്ടു പോകാത്ത പുരുഷന്മാരുണ്ടെന്നു കാണിക്കുകയും ചെയ്യുമ്പോള്‍ ശുഭം, ആരുടേയും കരളലിയും..ഭാര്യ വണ്ടിയോടിച്ച് ആക്‌സിഡന്റ്‌റ് ഉണ്ടാക്കിയത് ഏറ്റെടുക്കുന്ന ഭര്‍ത്താവും (അലൈ പായുതേ), മറവി രോഗം ബാധിച്ച് ബുദ്ധിമുട്ടുകളുണ്ടാക്കുന്ന ഭാര്യയെ അതീവ കരുതലോടെ പരിചരിക്കുകയും വീട്ടുകാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഭര്‍ത്താവും (ഓക്കേ കണ്മണി) മറ്റു രണ്ടു പേര്‍ക്ക് വിവാഹ ജീവിതത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയാണ്… (ഇതിലും മോശമായ അവസ്ഥയിലെ ഒരു മറവി രോഗിയായിരുന്നല്ലോ തന്മാത്രയിലെ മോഹന്‍ലാല്‍…അയാളുടെ ഭാര്യയുടെ പരിചരണത്തെ അതില്‍ മഹത്വവല്ക്കരിക്കുകയോ ഭാര്യയുടെ അവസ്ഥ എംഫസൈസ് ചെയ്ത് കാണിക്കുകയോ ചെയ്തിട്ടില്ല…കാരണം, അത് ഏതൊരു ഭാര്യയും ചെയ്യേണ്ട സാധാരണ കടമയാണ്…)

ഇതിനു മറ്റൊരു വശം കൂടി ഉണ്ട്…നമ്മുടെ നാട്ടില്‍ ഭാര്യക്ക് അസുഖമായി ഭര്‍ത്താവ് പരിചരിക്കുമ്പോള്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ‘അവനെ പോലെ ഒരാണും ചെയ്യില്ല…വേറെ വല്ലോരുമായിരുന്നെങ്കില്‍ ഇട്ടിട്ടു പോയേനെ..’എന്ന്…എത്ര നിസാരവല്‍ക്കരിച്ചാണ് ആളുകള്‍ ഒരു പുരുഷന്റെ സ്‌നേഹത്തെയും ബന്ധങ്ങളേയും കാണുന്നത്!!! സ്ത്രീ ശരീരം ലൈംഗികതക്കോ മറ്റു പരിചരണങ്ങള്‍ക്കോ വീട്ടുജോലികള്‍ക്കോ വഴങ്ങാത്ത ഒരു അവസ്ഥ വരുമ്പോള്‍ അവളെ പരിചരിക്കുന്ന ഭര്‍ത്താവ് എന്നത് അത്രയേറെ ത്യാഗ മനോഭാവം വേണ്ട ഒരു പ്രവര്‍ത്തിയാണ് എന്നാണു അതിന്റെ സാരം…അതെ സമയം ശരീരം തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ പരിചരിക്കുകയും കുട്ടികളെ വളര്‍ത്തുകയും വീട്ടുകാര്യവും പുറത്ത് പോയി പണിയെടുത്ത് സാമ്പത്തിക കാര്യവും നോക്കുന്ന ഒരു ഭാര്യ നമുക്ക് ഒരു അത്ഭുതമല്ല…അത് അവളുടെ കടമ; കൂടി പോയാല്‍ അവള്‍ക്ക് കഷ്ടപ്പാടാണ് എന്ന് നമ്മള്‍ സഹതപിക്കും, അത്രമാത്രം!!! ഒന്നുമില്ലേലും അയാള്‍ ജീവനോടെ ഉണ്ടല്ലോ, അവള്‍ സുമംഗലിയാണല്ലോ എന്ന് സമാധാനിക്കും…അങ്ങനെയുള്ള അത്രമാത്രം സ്ത്രീകള്‍ നമ്മുടെ ചുറ്റുമുണ്ട്…

ഇതിനിടേല്‍ സ്ഥിരം കാണപ്പെടുന്ന മറ്റൊരു അവശ വിഭാഗമാണ് എപ്പോഴും ത്യാഗം സഹിക്കേണ്ടി വരുന്ന ചില ഹാഫ് (വണ്‍ വേ) കാമുകി കഥാപാത്രങ്ങള്‍. ഒന്നുകില്‍ വില്ലത്തി, അല്ലേല്‍ ഒരു ഓവര്‍ പെണ്ണ്..അവള്‍ ഏകദേശം ക്ലൈമാക്‌സിനോടടുപ്പിച്ച് ത്യാഗം സഹിക്കാന്‍ തയ്യാറാവും…നായികയ്‌ക്കോ നായകനോ പകരം മരണം ഏറ്റു വാങ്ങിയിട്ടോ ചിലപ്പോള്‍ നായകന്റെ ഒരു കോട്ടോ അണ്ടര്‍വെയറോ കൊണ്ട് ശിഷ്ടകാലം കഴിച്ചോ അവള്‍ ഒതുങ്ങിക്കോളും.. ഇനി അത് ഹാഫ് ‘കാമുക’നാണെകില്‍ അത്രേം സഹിക്കേണ്ടി വരില്ല, അങ്ങേര്‍ക്ക് ക്ലൈമാക്‌സിനുള്ളില്‍ ഒരു പുതിയ പ്രേമം ഉണ്ടാകും…അങ്ങനെ നായകനും നായികയും കല്യാണം കഴിച്ച ആശ്വാസത്തില്‍, അല്ലെങ്കില്‍ അവരുടെ ബന്ധം അരക്കിട്ടുറപ്പിച്ച ആശ്വാസത്തില്‍ നമ്മള്‍ പ്രേക്ഷകര്‍ കൃതാര്‍ത്ഥരാകും…

അപ്പോള്‍ മുകളില്‍ പറഞ്ഞ വിവേചനം അനുഭവിക്കുന കഥാപാത്രങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു…

(ഐ.ഐ.ടി റൂര്‍ക്കിയില്‍ ഗവേഷകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍