UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

പതിനാല് സെക്കന്‍ഡ്? ഒന്ന് ചുമ്മാ പോ ആശാനേ…

‘പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം’ എന്ന ഋഷിരാജ വചനം അതിന്റെ അന്തസത്ത ചോര്‍ത്തിക്കളഞ്ഞുകൊണ്ട് ജനം ട്രോളി ചീന്തുകയായിരുന്നോ? തുറിച്ച് നോട്ടത്തെ സ്വാഭാവികവല്‍ക്കരിക്കുന്ന മലയാളി പൊതുബോധത്തിന് നേരേ സിങ്ങ് ഊരി വീശിയ കൃപാണ്‍ പേട്രിയാര്‍ക്കിയുടെ പാറക്കെട്ടില്‍ തട്ടി വെറും ചിരിയായി ചിതറി വീഴുകയായിരുന്നോ?

 

തീര്‍ച്ചയായും ഉത്തരം ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ തന്നെ ഇവ. പക്ഷേ ഉത്തരത്തിലേയ്ക്ക് എത്തും മുമ്പ് ഒരു ചോദ്യത്തിന് ഒരുത്തരം എന്ന നിലയില്‍ രേഖീയമായി സമീപിക്കാവുന്നവയല്ല ഈ ചോദ്യങ്ങള്‍ എന്ന വസ്തുത കൂടി മനസിലാക്കേണ്ടതുണ്ട് എന്ന് മാത്രം.

 

കുറ്റവും ശിക്ഷയും നിയമവും
നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു എന്നതിനാല്‍ മാത്രം ഒരു കുറ്റകൃത്യം അതല്ലാതാവുന്നില്ല എന്നത് നൂറുശതമാനം ശരി. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് കുറ്റവാളികളെ ശിക്ഷിക്കുന്നത് എന്നതും ശരി. ഈ ശിക്ഷയിലൂടെ കുറ്റവാളി താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കുകയും അതില്‍ മാനസാന്തരപ്പെടുകയും വേണം എന്നത് മേല്പറഞ്ഞവയെക്കാള്‍ കുറച്ച് കൂടി സങ്കീര്‍ണ്ണമായ ശരി. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്നതും, അത് തടയാന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതും, ശിക്ഷയിലൂടെ കുറ്റവാളികളെ തെറ്റ് ബോദ്ധ്യപ്പെടുത്തി പശ്ചാത്തപിപ്പിച്ച് ആദര്‍ശ പൗരന്മാരായി തിരികെ സമൂഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരേണ്ടതുണ്ട് എന്നതുമായ നൈതിക ബോധ്യങ്ങളുടെ ഭദ്രമായ നടത്തിപ്പ് ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടവയാണ് ഒരു പരിഷ്‌കൃത സമൂഹത്തിലെ നിയമങ്ങള്‍. അതായത് ഇവ ഒറ്റപ്പെട്ട തുരുത്തുകളല്ല. ഇവയിലൂടെ ഒരു സുഗമ ഗതാഗതം ഉറപ്പ് വരുത്തുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ കടമ.

 

പറഞ്ഞുവരുന്നത് നിയമം കൊണ്ട് കുറ്റവും ശിക്ഷകളും ആവര്‍ത്തിക്കുന്നു എന്നത് മാത്രമാണ് ഫലം എങ്കില്‍ ആ നിയമങ്ങളുടെ, അവയുടെ നിര്‍വഹണ സംവിധാനങ്ങളുടെ ഫലപ്രാപ്തി പുന:പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നാണ്. അതായത്, നിയമത്തിന്റെയും നിര്‍വഹണ വ്യവസ്ഥയുടെതും, ശിക്ഷയുടേതല്ല. കാരണം ഒരു മനുഷ്യന് താന്‍ ചെയ്ത കുറ്റകൃത്യത്തിന് കൊടുക്കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയാണെന്നിരിക്കെ, അത് നല്‍കാന്‍ ലോകത്ത് അപൂര്‍വ്വം ചില ഇടങ്ങളിലൊഴികെ നിയമം അനുവദിക്കുന്നുണ്ട് എന്നിരിക്കെ, വധശിക്ഷകള്‍ ലോകത്ത് നിരന്തരം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നെങ്കില്‍ അതിനര്‍ത്ഥം മനുഷ്യര്‍ ജീവന്‍ കൊടുത്തും കുറ്റകൃത്യങ്ങള്‍ ചെയ്യും എന്നായിരിക്കുമോ?

 

പ്രശ്‌നം അതല്ല എന്നത് പ്രകടമാണ്. അധികാരമാണ് കുറ്റത്തെയും ശിക്ഷയെയും അവയുടെ നടത്തിപ്പ് ബന്ധിയായ നിയമങ്ങളെയും നിര്‍വചിക്കുന്നത്. ഒരു വ്യവസ്ഥയിലെ കുറ്റവാളികള്‍ മറ്റൊരു വ്യവസ്ഥയില്‍ പുണ്യാത്മാക്കളാകുന്നത് അതുകൊണ്ടാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിയും, നെഹൃവും ചെയ്തത് ദേശദ്രോഹ കുറ്റമാകുന്നത് ആ നിലയ്ക്കാണ്.

 

 

നിയമത്തിലാണോ കുറ്റങ്ങളുടെ കടിഞ്ഞാണ്‍?
നിയമം വഴി കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനാകുമോ? എന്താണ് കുറ്റം എന്നതിനെ കുറിച്ച് താരത്മ്യേനെ ഏകീകൃതമായ ഒരു ബോധം നിലനില്‍ക്കുന്നിടത്ത് അത് സാദ്ധ്യമാകും. അതായത് നാം ദുരഭിമാന കൊല എന്ന് വിളിക്കുന്ന കൃത്യത്തെ ‘അഭിമാന കൊല’ എന്ന് വിളിച്ച് നിയമപരമായി തന്നെ സാധൂകരിക്കുന്ന സമൂഹങ്ങളില്‍ അതിന് കാരണമാകുന്ന പ്രവര്‍ത്തിയാകും കുറ്റകൃത്യം, നാം കുറ്റമായി എണ്ണുന്ന പ്രവര്‍ത്തി അവിടങ്ങളില്‍ ശിക്ഷയും. പൊതുബോധത്തെ സംബന്ധിച്ചിടത്തോളം അതില്‍ വ്യക്തതയും സമ്മതിയും ഉള്ളിടത്തോളം കാലം അത് ചില വിരളമായ വ്യക്തിഗത അപഭ്രംശങ്ങള്‍ എന്ന നിലയിലല്ലാതെ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഒന്നാവില്ല. എന്നുവച്ചാല്‍ ഈ വിഷയത്തെ ഒരു അര്‍ദ്ധ പരിഷ്‌കൃത, സാംസ്‌കാരിക ബഹുസ്വര, ബഹുമത, ബഹുവംശ സമൂഹത്തില്‍ നിന്ന് രേഖീയമായി സമീപിച്ചാല്‍ ശിക്ഷിക്കാന്‍ ഇരകളെ വേണ്ടുവോളം കിട്ടും, പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവില്ല.

 

നാം വിഷയത്തിലേയ്ക്ക് മടങ്ങി വന്നാല്‍ ഇവിടെ പ്രശ്‌നം നോട്ടമോ അതിന്റെ ദൈര്‍ഘ്യമോ അല്ല എന്ന് വെളിവുള്ള ആര്‍ക്കും മനസിലാകും. ഓരോ നോട്ടത്തിനും പിന്നില്‍ അതിനെ നിയന്ത്രിക്കുന്ന, കേന്ദ്രീകരിക്കുന്ന ഒരു മസ്തിഷ്‌ക ഘടനയുണ്ടാവും. അതിന്റെ ഇരകള്‍ക്കും ഉണ്ടാകും അത്. നോട്ടം ഒരു ഭാഷയാകുന്നത് അങ്ങനെയാണ്. ഇവിടെ ദൈര്‍ഘ്യമല്ല, സ്വഭാവമാണ് വിഷയം. പതിനാല് സെക്കന്‍ഡ് എന്ന യാന്ത്രിക പരിധി പതിമൂന്നുസെക്കന്‍ഡിനെ നിയമവിധേയമാക്കുന്നുണ്ട്, പതിനെട്ട് വയസ്സ് തികയുംവരെ ബലാത്സംഗം ചെയ്താലും മൂന്ന് വര്‍ഷം തടവേ ഉള്ളു എന്ന് ഒരു മസ്തിഷ്‌കം നിയമത്തെ മനസിലാക്കാന്‍ ഇടയുള്ളത് പോലെ.

 

തുറിച്ചുനോട്ടം ഒരു കുറ്റകൃത്യമാണ്; അന്യന്റെ ഉടലിന്മേല്‍ നടത്തുന്ന ഒരു അധിനിവേശം. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും അത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമാവേണ്ടതുണ്ട്. പക്ഷേ അത്തരം ഒരു നിയമം നിര്‍മ്മിക്കേണ്ടതുണ്ട് എന്നല്ല ഋഷിരാജ് സിങ്ങ് പറയുന്നത്, അതിന്റെ യാന്ത്രികമായ ഒരു വ്യാഖ്യാനത്തെ 14 സെക്കന്‍ഡ് എന്ന് നിജപ്പെടുത്തുകയാണ്. തുറിച്ചുനോട്ടമെന്ന അധിനിവേശ പ്രക്രിയയ്ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും വിധേയമായിട്ടുള്ള സ്ത്രീയോ പുരുഷനോ അവരേക്കാളധികം അതിന് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകളോ ഒരിക്കലും പറയില്ല ദൈര്‍ഘ്യം കൊണ്ട് നിര്‍ണ്ണയിക്കാവുന്ന ഒരു അനുഭവമാണത് എന്ന്.

 

എന്താ പ്രശ്‌നം?
ഈ വിഷയം ചര്‍ച്ചയാകുന്നതിന് മുമ്പേ തുറിച്ച് നോട്ടം ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമാണ്. ഋഷിരാജ് സിങ്ങ് അങ്ങനെ ഒരു സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ അദ്ദേഹം മുമ്പ് പലപ്പോഴും ചെയ്തപോലെ ഒരു പ്രശ്‌നത്തിന്റെ അന്തസത്ത മനസിലാക്കാതെ നിയമത്തിന്റെ യാന്ത്രികതയിലൂടെ മാത്രം നൈതികതയില്‍ എത്തിച്ചേരാനാകുമെന്ന അബദ്ധധാരണ ആവര്‍ത്തിക്കുകയാണ് ഇപ്പോഴും ചെയ്തത് എന്നതാണ് അദ്ദേഹം ട്രോള്‍ ചെയ്യപ്പെടുന്നതിന്റെ കാരണം.

 

 

പതിനാല് സെക്കന്‍ഡ് തുറിച്ച് നോക്കി എന്ന് ഒരു പെണ്‍കുട്ടി പരാതി പറഞ്ഞാല്‍ ഉടന്‍ അത് ചെയ്തവനെ അകത്താക്കാന്‍ നിയമമുണ്ട് എന്ന് വീമ്പിളക്കുന്ന സിങ്ങിന്റെ അതേ അതേ വിഭാഗത്തില്‍ പെട്ട ഐപിഎസ് വനിതകള്‍, കടന്നു പിടിച്ചു, ചന്തിക്ക് അടിച്ചു തുടങ്ങിയ കേസുകളില്‍ വര്‍ഷങ്ങളൊളം നിയമ യുദ്ധം നടത്തിയത് നമുക്ക് അറിയാം. പിടിക്കേണ്ട, നോക്കിയാലേ അകത്താവുമെന്നാണ് നിയമം. ആ നിയമത്തിന്റെ പരിധിയില്‍പ്പെട്ട് ഇത്തരക്കാരില്‍ എത്രപേര്‍ അകത്തായി?

 

അപ്പോള്‍ നിയമമല്ല, നടത്തിപ്പാണ് പ്രശ്‌നം. നിരവധിയായ നിയമങ്ങള്‍ ഈ രാജ്യത്തിലുണ്ട്. പക്ഷേ അവ ദുര്‍ബലന് മാത്രം ബാധകമാക്കുന്ന ഒരു വ്യവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. തുറിച്ചുനോട്ടമാണ് പ്രശ്‌നം, അതിന്റെ ദൈര്‍ഘ്യമല്ല. ഇന്ത്യയുടെ ‘ബലാത്സംഗ മനസാ’ണ് പ്രശ്‌നം, അതിന്റെ പ്രായമല്ല. സ്ത്രീപക്ഷനിയമങ്ങളല്ല , അതിന്റെ പ്രവര്‍ത്തി തലത്തിന് മേല്‍ ഹെഗമണിക് പരിച തീര്‍ക്കുന്ന പേട്രിയാര്‍ക്കിയാണ് പ്രശ്‌നം. അതിനെതിരേ സംസാരിക്കാനുള്ള നൈതിക ആഴം ഉണ്ടാക്കാതെ ജനപ്രിയ നമ്പരുകള്‍ ഇറക്കി കൈയ്യടി നേടുന്നവരെ മുഖവിലയ്‌ക്കെടുക്കാന്‍ സംശയം തോന്നുന്നതിന്റെ കാരണം ചരിത്രമാണ്. അത് കണ്ണില്‍ പൊടിയിടുന്ന നിയമങ്ങളുടെതാണ്. നിലവിലുള്ള ഒരു നിയമത്തിന്റെ നിര്‍വഹണതലത്തിലുള്ള നോക്കുകുത്തി സ്റ്റാറ്റസ് അതൊന്നുകൂടി അക്ഷരാര്‍ത്ഥത്തിലാക്കിയാല്‍ മാറുമെന്നാണ് ഋഷിരാജന്‍ പറയുന്നത്; അതായത് സ്ത്രീകള്‍ക്ക് നിയമത്തെ കുറിച്ച് ഒരു ബോധവും പൊക്കണവുമില്ലാത്തതുകൊണ്ടാണ് ഇവിടെ സ്ത്രീ പീഢനങ്ങള്‍ പെരുകുന്നതെന്ന്.

 

പാവം രൂപന്‍ ഡിയോള്‍ ബജാജ്. കെപിഎസ് ഗില്ലിന്റെ നോട്ടത്തില്‍ നിന്ന് അദ്ദേഹം എന്തിനാണ് വന്നത് എന്ന് മനസിലാക്കാന്‍ പറ്റിയില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പഴേ അകത്തായേനേ, ഒന്ന് ചുമ്മാ പോ ആശാനേ!

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍