UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അത് 14 സെക്കന്‍റില്‍ തീരില്ല: ഒരു അനുഭവക്കുറിപ്പ്

Avatar

ജോഷിന രാമകൃഷ്ണന്‍

 

ഈ ‘male gaze’ എല്ലാം പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ക്ക് എന്തുപദ്രവമാണുണ്ടാക്കുന്നത്? ചിലരൊക്കെ നോക്കുന്നു പോകുന്നു എന്ന രീതിയിലുള്ള മനസ്സിലാക്കലില്‍ മാത്രമാണ് ഋഷിരാജ് സിങ്ങിന്റെ കമന്റിനോടുള്ള പാതിയിലേറെ പ്രതികരണങ്ങളും സംഭവിക്കുന്നത് . അത്ര നിരുപദ്രവകരമായ ഒന്നാണോ അത്? അങ്ങനെ ആണെന്ന് തെളിയിക്കാന്‍ പ്രണയനോട്ടങ്ങളെ കൂട്ട് പിടിക്കുന്നവരേറെ! നിത്യജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന പലവിധ നോട്ടങ്ങളില്‍ നിന്നും എന്തുകൊണ്ട് gazes-ഉം voyeurism-വും വ്യത്യസ്തമാവുന്നു എന്ന് നമ്മുടെ സമൂഹം മനസ്സിലാക്കുന്നില്ല. 

 

ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് ‘അരോചക’മായി തോന്നുന്നുവെന്ന് ചിലരും പ്രതികരിച്ചിട്ടുണ്ട്. സ്ത്രീയായതുകൊണ്ടാവും, സത്യത്തില്‍ എനിക്ക് ഒരല്‍പം പോലും അരോചകമായി തോന്നുന്നില്ല എന്ന് മാത്രമല്ല male gaze, staring culture തുടങ്ങിയവയിലൂടൊക്കെ കടന്ന് പോയിട്ടുള്ളത് കൊണ്ട് ഇത്തരം തുറിച്ചുനോക്കലുകളെപ്പറ്റിയും അതിന്റെ നിയമവശങ്ങളെപ്പറ്റിയും ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുമ്പോള്‍ അത്തരം നിയമവശങ്ങളുടെ സാധ്യതകളെപ്പറ്റിയുള്ള അറിവ് മറ്റ് സ്ത്രീകള്‍ക്ക് നല്‍കാവുന്ന ആത്മവിശ്വാസം മുന്നില്‍ കാണുന്നു.

 

ജീവിതത്തില്‍ ഒന്നോ രണ്ടോ സംഭവമൊഴിച്ച് എടുത്തു പറയാവുന്ന, അസ്വസ്ഥതപ്പെടുത്തുന്ന ഒരു ആണ്‍ തുറിച്ച് നോട്ടത്തിലൂടെയും കടന്ന് പോയിട്ടില്ല. സ്വന്തമായി യാത്ര ചെയ്യാനോ എന്തിനേറെ പതിനഞ്ച് വയസ്സായിട്ടും ഒരു കടയില്‍ തനിച്ച് പോയി എന്തെങ്കിലും വാങ്ങാനോ സ്വാതന്ത്ര്യമുള്ള വീട്ടില്‍ നിന്നായിരുന്നില്ല എന്റെ വരവ്. എവിടേയും പോകണ്ട എന്ന് പറയാറില്ലെങ്കിലും പോകുന്നിടത്തെല്ലാം ഒരു ബോഡിഗാര്‍ഡിനെ കൂടി ഒപ്പം വിടുന്ന പതിവ് വീട്ടുകാര്‍ക്കുണ്ടായിരുന്നു. പതിനാറ് വയസ്സില്‍ പതിനഞ്ച് വയസ്സുള്ള ആണ്‍കസിനെ എന്റെ ‘സുരക്ഷ’യ്ക്കായി ഒപ്പം പേറേണ്ടുന്ന ദുര്‍വിധി എനിക്കുണ്ടായിട്ടുണ്ട്. ഡിഗ്രിക്കാലത്ത് വയനാട്ടില്‍ നിന്ന് പേരാമ്പ്ര വരെ ഒറ്റയ്ക്ക് വരാനുള്ള അനുവാദമാണ് ജീവിതത്തില്‍ ആദ്യം കിട്ടിയത്. അതില്‍ തന്നേയും ചില നിഷ്കര്‍ഷകള്‍ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ ബസ്സ് കേറാന്‍ സമ്മതിക്കില്ല. വഴിയിലെന്തെങ്കിലും പ്രശ്നങ്ങളുണ്ടായി യാത്ര വൈകിയാല്‍ എന്ത് ചെയ്യും എന്ന പേടിയില്‍ പിറ്റേന്ന് രാവിലെ യാത്ര ചെയ്യാനേ അനുവദിച്ചിരുന്നുള്ളൂ.

 

 

കോയമ്പത്തൂരിലെ എം.സി.എ കാലത്താണ് കുറച്ചുകൂടി ദീര്‍ഘമായ യാത്രകള്‍ ആരംഭിക്കുന്നത്. അപ്പോഴേയ്ക്കും ആവശ്യത്തിനുള്ള കള്ളത്തരങ്ങളൊക്കെ ഞാന്‍ പഠിച്ച് തുടങ്ങിയിരുന്നു. എം.സി.എ ആദ്യവര്‍ഷം കുറച്ച് ദിവസം എന്തോ കാരണത്താല്‍ പെട്ടെന്ന് ലീവ് കിട്ടി. സുഹൃത്തുക്കളെല്ലാം വൈകീട്ട് തന്നെ പെട്ടിയുമെടുത്ത് പോകുന്നതു കണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി. അത്ര സമയമൊന്നുമായില്ലല്ലോ. രാത്രി വീട്ടിലേക്ക് കേറി ചെന്ന് ഞെട്ടിക്കുക തന്നെ. വിളിച്ചൊന്നും പറയേണ്ട, സര്‍പ്രൈസാവട്ടെ!

 

വിചാരിച്ച പോലെ കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടെത്തി. പാലക്കാട്ടു നിന്ന് കോഴിക്കോട്ടേയ്ക്ക് കയറാന്‍ ഒരല്‍പം വൈകി. കോഴിക്കോട് എത്തിയപ്പോഴേക്കും പത്തര. പഴയ കെ.എസ്.ആര്‍.ടി സ്റ്റാന്റിലാണ് ഇറങ്ങിയത്. പേരാമ്പ്രയ്ക്ക് പിന്നെ അടുത്തൊന്നും ബസ്സില്ല. വളരേ കൂളായി സ്ത്രീകളുടെ മൂത്രപ്പുരയ്ക്കടുത്ത ഒരു ബഞ്ചില്‍ ഇരുപ്പുറപ്പിച്ചു. കയ്യിലെ മൊബൈലില്‍ വലിയ കാശൊന്നുമില്ല. റോമിങ്ങ് ചാര്‍ജ്ജിനെ അന്ന് പേടിക്കുകയും വേണം. സൈഡില്‍ തൂക്കിയിടുന്ന ഒരു ലാപ്‌ടോപ്, പിന്നെ ചെറിയൊരു ബാഗ്, അതു രണ്ടും അടുത്തടുത്തായി വെച്ചാണ് ഇരിപ്പ്. മുഖമൊക്കെ വലിയ സീര്യസ് ആക്കി വെച്ചിട്ടുണ്ട്. പെട്ടെന്ന് സൈഡില്‍ നിന്നൊരാള്‍ നോക്കാന്‍ തുടങ്ങി. നോട്ടമോ നോട്ടം. ശരിയല്ല എന്ന് തോന്നിയപ്പോള്‍ ‘അന്വേഷണങ്ങള്‍’ ചേട്ടന്റെ പഴുതിനടുത്ത ഒരു സീറ്റിലേയ്ക്ക് മാറി. അവിടെ ശൂന്യമാണ്. അതെന്നെ പിന്നേയും പേടിപ്പിച്ചു. അയാളെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പല ആങ്കിളില്‍ നിന്നയാള്‍ നോക്കാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മിലുള്ള ദൂരം കുറയാനും. ബാഗൊക്കെ എടുത്ത് പിന്നേയും മാറിയപ്പോള്‍ വേറൊരാള്‍ പ്രത്യക്ഷപ്പെട്ടു.

 

അപ്പോഴേയ്ക്കും തരിശായ സ്റ്റാന്റ് എന്നെ ശരിക്കും ഭയപ്പെടുത്തി. എന്ത് ചെയ്യും, ഇതു പേടിക്കേണ്ടുന്ന സാഹചര്യമാണോ എന്നൊക്കെ ആലോചിച്ചിരിക്കുമ്പോള്‍ എന്നെ നോക്കികൊണ്ടിരുന്ന രണ്ട് മനുഷ്യരും സംസാരിക്കുന്നത് കണ്ടു. അവര്‍ പരിചയക്കാരാണെന്നതും എനിക്ക് മനസ്സിലായി. ഒരു പത്ത് നിമിഷം കൂടി ആയാല്‍ ബസ്സ് വരുമായിരിക്കും എന്ന ധൈര്യത്തില്‍ ഞാനിരിക്കുമ്പോള്‍ അവര്‍ മൂന്നാളായി. മൂന്ന് പേരും മൂന്ന് ആങ്കിളില്‍ നിന്നു നോക്കാന്‍ തുടങ്ങി. വീട്ടിലേക്ക് വിളിച്ചിട്ടെന്ത് കാര്യം. ഒന്നര മണിക്കൂര്‍ വേണം അവരെത്താന്‍. പോലീസില്‍ വിളിക്കണമെന്നൊന്നും അന്ന് തോന്നിയില്ല. നേരെ എന്റെ ഒരു കസിനെ വിളിച്ചു. എവിടെയാണ് എന്ന് ചോദിച്ചപ്പ കെ.എസ്.ആര്‍.ടി .സി എന്നു പറയാനുള്ള ബാലന്‍സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ബാക്കി പറയാന്‍ അവിടെയൊരു ബൂത്തുണ്ടല്ലോ എന്നോര്‍ത്ത് അങ്ങോട്ട് നടന്നു. പെട്ടെന്ന് മറുഭാഗത്ത് ഒരു ജീപ്പ് വന്നു നിന്നു. പകുതിഭാഗം ഇരുട്ടായതിനാല്‍ നമ്പറൊന്നും കാണാന്‍ കഴിഞ്ഞില്ല. ഫോണ്‍ ചെയ്യാനായി ഞാന്‍ ബൂത്തില്‍ കയറി; വീട്ടില്‍ ഫോണടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. പേടിച്ച് ഞാന്‍ വിളറിക്കൊണ്ടിരുന്നു. പുറത്തിറങ്ങിയാല്‍ അവര്‍ വീണ്ടും അടുത്തേക്ക് വരുമോ എന്നെനിക്ക് ഭയമായി. പെട്ടെന്ന് എന്റെ കസിനും ഭര്‍ത്താവും വണ്ടിയിലെത്തി. ഞാനിറങ്ങി എല്ലാം വാരിപ്പിടിച്ച് ഓടി. ആ ഒരു നിമിഷം കൊണ്ട് മൂന്ന് പേരും അപ്രത്യക്ഷരായി.

 

 

എന്നെ അന്നങ്ങനെ തുറിച്ച് നോക്കാനും ഒരു പ്രത്യേകതരം അരക്ഷിതാവസ്ഥയിലാക്കാനും ആ ആണുങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു അന്‍പത് മിനിട്ടോളം ബസ്സ് വരുന്നതും കാത്ത് ഞാനിരിക്കുമായിരുന്നു. അവരെന്നെ വെറുതേ നോക്കി പോവുമായിരുന്നു, എന്നെ അപകടപ്പെടുത്തില്ലായിരുന്നു എന്നൊക്കെ കരുതാന്‍ ഇന്നും ബുദ്ധിമുട്ടുണ്ട്. ഒരു പ്രത്യേക നിശ്ചയദാര്‍ഢ്യം അവരുടെയൊക്കെ കണ്ണിലുണ്ടായിരുന്നു. എന്റെ രാത്രി യാത്ര കുറേകാലത്തേയ്ക്ക് അലങ്കോലമാക്കിയതിന് ആ തുറിച്ചുനോട്ടങ്ങള്‍ക്ക് പങ്കുണ്ട്.

 

എനിക്കുറപ്പുണ്ട്, ഇത്തരം നോട്ടങ്ങള്‍ കൊണ്ടോ അനാവശ്യ ഇടപെടലുകള്‍ കൊണ്ടോ പല സാഹചര്യങ്ങളിലും പലതരം വിഷമതകളിലൂടെ കടന്നുപോവാത്ത സ്ത്രീകള്‍ കുറവായിരിക്കും. രാത്രിയെന്നും പകലെന്നും അതിനു വ്യത്യാസമില്ല. എന്നാല്‍ ഇതൊക്കെ ഇല്ലാതാവേണ്ടത് ‘നിയമപരിരക്ഷ’യും അറസ്റ്റും വഴിയാണോ എന്നതില്‍ എനിക്ക് വ്യക്തതയില്ല.

മറ്റ് സംസ്ഥാനങ്ങളിലെവിടേയും യാത്ര ചെയ്യുമ്പോഴില്ലാത്ത തുറിച്ചുനോട്ടങ്ങളും അന്വേഷണങ്ങളും കേരളത്തിലെ യാത്രകള്‍ക്കിടെ ഇപ്പോഴും അനുഭവിക്കുന്നു ഞാന്‍.

 

(എഴുത്തുകാരിയും സോഫ്റ്റ്വേര്‍ എഞ്ചിനീയറുമാണ് ജോഷിന- ഫേസ്ബുക്ക് ലിങ്ക്: https://www.facebook.com/joshinaa

 

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍