UPDATES

മാലേഗാവ് സ്‌ഫോടനം: പ്രതികളാക്കപ്പെട്ട മൂന്ന് മുസ്ലീങ്ങള്‍ എവിടെ?

രാമചന്ദ്ര കല്‍സംഗ്രെ , സന്ദീപ് ഡാങ്കെ എന്നിവരെ 2008ല്‍ തന്നെ എടിഎസ് വധിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസില്‍ പ്രതികളായ മുസ്ലീങ്ങളായ മൂന്ന് പേരെ കൂടി കാണാനില്ലെന്ന വിവരം പുറത്തുവന്നത്

മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ആദ്യം അറസ്റ്റ് ചെയ്തത് സിമി പ്രവര്‍ത്തകരെ ആയിരുന്നു. ഇവരെ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയാണ് 2008ലെ സ്ഫോടനത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. ഇപ്പോള്‍ മാലേഗാവ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടതായുള്ള വിവരത്തിലാണ്. രാമചന്ദ്ര കല്‍സംഗ്രസ്, സ്ന്ദീപ് ഡാങ്കെ എന്നിവരെ 2008ല്‍ തന്നെ ഭീകരവിരുദ്ധ സ്‌ക്വാഡ് വധിച്ചിരുന്നതായാണ് അസിസ്റ്റന്‌റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹിബൂബ് മുജാവര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇവരെ കാണാനില്ലായിരുന്നു. മഹിബൂബിന്‌റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കുമെന്നാണ് എന്‍ഐഎ മുംബൈ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ മാലേഗാവ് കേസില്‍ പ്രതികളായ മുസ്ലീങ്ങളായ മൂന്ന് പേരെ കൂടി കാണാനില്ല എന്ന വിവരമാണ് ലഭിക്കുന്നത്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് പ്രതികളെ വെറുതെ വിട്ടിരുന്നതായി ചൂണ്ടിക്കാട്ടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നു.

മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒമ്പത് പേരെയാണ് എടിഎസും സിബിഐയും അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു പാകിസ്ഥാന്‍ പൗരനടക്കം നാല് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുനാവര്‍ അഹമ്മദ്, റിയാസ് അഹമ്മദ് ഷാഫി, ഇഷ്തിയാഖ് അഹമ്മദ് ഇസഹാഖ് എന്നിവരെയാണ് കാണാതായ മറ്റുള്ളവര്‍. ഇവരുടെ പേരിലുള്ള കേസുകള്‍ റദ്ദായിട്ടും ഇവര്‍ എന്തുകൊണ്ട് മടങ്ങിവരുന്നില്ല എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. അതേസമയം മുനാവറിനെ അവസാനമായി കണ്ടത് പൊലീസ് വാഹനത്തിലാണെന്നാണ് മുസ്ലീം സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. ഷാഫിയെ ഔറംഗബാദ് പൊലീസ് ചോദ്യം ചെയ്്തിരുന്നു. രണ്ട് പേരും സിമി പ്രവര്‍ത്തകരായിരുന്നു.

രാമചന്ദ്ര കല്‍സംഗ്രെ, സന്ദീപ് ഡാങ്കെ എന്നിവരെ 2008 നവംബര്‍ 26ന് എടിഎസ് വെടിവെച്ച് കൊന്നതായാണ് മഹിബൂബ് മുജാവര്‍ പറയുന്നത്. ഭോപ്പാലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2016 ഓഗസ്റ്റ് 19ന് സോളാപൂരിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് തെളിവ് സമര്‍പ്പിച്ചതായി മുജാവര്‍ പറയുന്നു. മഹാരാഷ്ട്ര പൊലീസിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തിലും വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതിലും പങ്കുണ്ടെന്നാണ് മുജാവറിന്‌റെ ആരോപണം. കല്‍സംഗ്രേയേയും ഡാങ്കെയേയും കാലാചൗക്കിയിലെ എടിഎസ് ഓഫീസില്‍ കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് പുറത്തുകൊണ്ടു പോയി വധിച്ചത്. ഇവരെ കൊന്നതിന് ശേഷം ഇവരെക്കുറിച്ച് അന്വേഷിക്കാനെന്ന് പറഞ്ഞ് തന്നെ മേലുദ്യോഗസ്ഥര്‍ കര്‍ണാടകയിലേയ്ക്ക്  അയച്ചതായും മുജാവര്‍ പറയുന്നു. ‘കൊലപാതകത്തെ താന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തനിക്കെതിരെ കള്ള കേസെടുക്കുകയും 2009 ഏപ്രില്‍ 17ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പല തവണ താന്‍ ഡിജിപിക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും തെളിവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെല്ലാം വിവരങ്ങള്‍ മറച്ചുവച്ചു.’ മുജാവര്‍ പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ മഹിബൂബ് മുജാവറിന്‌റെ വെളിപ്പെടുത്തലിന്‌റെ അടിസ്ഥാനത്തില്‍ മൂവരുടേയും തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യമാണ് ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഉന്നയിക്കുന്നത്. കേസ് ഇല്ലാതായിരിക്കുന്നു. മൂന്ന് പേര്‍ക്കുമെതിരെ നിലവില്‍ കേസില്ല. സ്‌ഫോടനം നടക്കുന്നതിന് മുമ്പും ശേഷവും സിമി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇവര്‍ പൊലീസിന്‌റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഒളിവില്‍ പോയി എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതികളുടെ അഭിഭാഷകയായിരുന്ന ഇര്‍ഫാന ഹംദാനി പറയുന്നു.

2006 സെപ്റ്റംബര്‍ എട്ടിനും 2008 സെപ്റ്റംബര്‍ 29നുമാണ് മാലേഗാവില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 2006ല്‍ 37 പേരും 2008ല്‍ ആറ് പേരും കൊല്ലപ്പെട്ടു. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള മുന്‍വിധികള്‍ക്കും ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിനും ശക്തമായ തിരിച്ചടിയായിരുന്നു മാലേഗാവ് സ്‌ഫോടനം. 2008ലെ മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് കല്‍സംഗ്രെയ്ക്കും സന്ദീപ് ഡാങ്കെയ്ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഹിന്ദുത്വ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട പ്രഗ്യാസിംഗ് ഠാക്കൂര്‍, സ്വാമി അസീമാനന്ദ്, കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവരെല്ലാം പ്രതികളായി. മാലേഗാവിന് പുറമെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്‌ഫോടനം തുടങ്ങിയ കേസുകളിലെല്ലാം ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നു. അസീമാനന്ദ് അടക്കമുള്ളവര്‍ പിന്നീട് മൊഴി മാറ്റിയെങ്കിലും കേസിലെ ഹിന്ദുത്വ തീവ്രവാദ ബന്ധം ശക്തമായി തന്നെ നില്‍ക്കുന്നു.

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടവരെന്ന് പറഞ്ഞ് സിമി പ്രവര്‍ത്തകരെ വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് വിശ്വസനീയമായ മറുപടി തരാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മാലെഗാവ് കേസിലെ പ്രതികളെ കാണാതാവുന്നത്. ഇതിനിടെയാണ് രണ്ട് പ്രതികളെ 2008ല്‍ തന്നെ വധിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇവര്‍ക്കും കാണാതായ മറ്റ് മൂന്ന് പേര്‍ക്കും യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു എന്നതാണ് പ്രശ്‌നം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍