UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാലേഗാവ് ഭീകരാക്രമണം: പ്രഗ്യാ സിംഗ് താക്കൂറിന് എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്

അഴിമുഖം പ്രതിനിധി

2008-ലെ മാലേഗാവ് ഭീകരാക്രമണ കേസില്‍ സന്ന്യാസിനിയായ സ്വാധി പ്രഗ്യാ സിംഗ് താക്കൂറിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു. ഇത് കേസിനെ ദുര്‍ബലപ്പെടുത്തും.

കേസില്‍ മുന്‍ മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും കേസിലെ മറ്റൊരു പ്രതിയായ കേണല്‍ പ്രസാദ് പുരോഹിതിന് എതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി മൊഴി എടുത്തതാണെന്നും കുറ്റപത്രത്തില്‍ രേഖപ്പെടുത്തും. കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. എങ്കിലും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പുരോഹിത് തന്നെയാകും പ്രധാനപ്രതി.

2008-ലാണ് പുരോഹിതിനെ എടിഎസ് അറസ്റ്റ് ചെയ്യുന്നത്. ഡിയോലാലി സൈനിക ക്യാമ്പിലെ പുരോഹിതിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ എടിഎസ് കൊണ്ടുവന്നു വച്ചതാണെന്നും കുറ്റപത്രത്തില്‍ ചേര്‍ക്കും. പിടിച്ചെടുത്ത ആര്‍ഡിഎക്‌സ് എടിഎസ് കൊണ്ടുവച്ചതാണെന്നതിന് തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്ന് എന്‍ഐഎയുടെ വാദിക്കുന്നു.

കൂടാതെ പുരോഹിതിനും മറ്റു കുറ്റാരോപിതര്‍ക്കും എതിരെ ചുമത്തിയിട്ടുള്ള മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക ഒഴിവാക്കാനും ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്. പകരം യുഎപിഎയാകും ചുമത്തുക. പ്രഗ്യയേയും പുരോഹിതിനേയും കൂടാതെ കുറഞ്ഞത് മൂന്ന് പ്രതികള്‍ക്കെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കാനാണ് എന്‍ഐഎയുടെ തീരുമാനം. അവര്‍ക്ക് സ്‌ഫോടനത്തില്‍ കാര്യമായ പങ്കില്ലെന്നും ഗൂഢാലോചനയെ കുറിച്ച് അറിവില്ലെന്നും പറഞ്ഞാണ് അവരെ കുറ്റവിമുക്തരാക്കുന്നത്. 2008 സെപ്തംബര്‍ 29-ന് നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഹൈന്ദവ ഭീകരാക്രമണ കേസുകളില്‍ മൃദു സമീപനം സ്വീകരിക്കാന്‍ എന്‍ഐഎയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയന്‍ 2015 ജൂണില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യവുമായി അവരെ സമീപിച്ച എന്‍ഐഎ ഓഫീസറുടെ പേര് പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്നും ഒഴിവാക്കിയശേഷം ഒക്ടോബറില്‍ രോഹിണി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രഗ്യാ സിംഗിനേയും പുരോഹിതിനേയും അടക്കം 14 പേരെ പ്രതി ചേര്‍ത്താണ് മഹാരാഷ്ട്ര എടിഎസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ മുന്‍ ഭാരവാഹിയാണ് പ്രഗ്യാ. പ്രഗ്യയുടെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിളിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍