UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

മാല്‍ഗുഡി ഡെയ്‌സ്; യഥാര്‍ത്ഥ സംഭവം ആയാല്‍ മാത്രം പോര സിനിമ നന്നാവാന്‍

അപര്‍ണ്ണ

നാഗാലാന്‍ഡിലെ ഒരു റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ സംഭവിച്ച ദുരന്തമാണ് മാല്‍ഗുഡി ഡെയ്‌സ് എന്ന സിനിമയുടെ പശ്ചാത്തലം. ശീതകാല അവധിക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ ഒരു പത്താം ക്ലാസ്സുകാരി പെണ്‍കുട്ടി അവിടെ കുടുങ്ങി പോയി. പൂട്ടിയിട്ട ഹോസ്റ്റല്‍ മുറി തുറക്കാന്‍ പറ്റാതെ ഒരു മാസം ഭക്ഷണവും വെള്ളവും കിട്ടാതെ ആ കുട്ടി തണുത്തു മരവിച്ചു മരിച്ചു. ഈ സംഭവത്തിന്റെ സ്വതന്ത്ര പുനരാഖ്യാനമാണ് മാല്‍ഗുഡി ഡെയ്‌സ്. സഹോദരങ്ങളായ വിശാഖ്, വിവേക്, വിനോദ് എന്നിവരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വതയാണ്. പേരുകൊണ്ടും മാല്‍ഗുഡി ഡെയ്‌സ് പ്രേക്ഷകരില്‍ കൗതുകം ഉണ്ടാക്കിയിരുന്നു. ആര്‍ കെ നാരായന്റെ മാല്‍ഗുഡി എന്ന സങ്കല്പ ദേശത്തെയും ആ പഴയ ദൂരദര്‍ശന്‍ ഗൃഹാതുരതയും ഒക്കെ ഈ പേരു കൂട്ടിക്കൊണ്ടുവരുന്നുണ്ട്.

മിലന്‍ ജോസഫും (വിശാല്‍) അഥീനയും ഇടുക്കിയിലെ മലയോരത്തുള്ള മാല്‍ഗുഡി റെസിഡന്‍ഷ്യല്‍ സകൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ്. അടുത്ത സുഹൃത്തുക്കളായ ഇവര്‍ ഒരു ദിവസം പന്ത് അന്വേഷിച്ചു സ്‌കൂളിനു പിറകിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്നു. അവിടെ മേലാസകലം പരിക്ക് പറ്റി കാലൊടിഞ്ഞു കിടക്കുന്ന സെഫാനെ (അനൂപ് മേനോന്‍)കാണുന്നു. ഇവര്‍ തമ്മില്‍ വല്ലാത്ത ആത്മബന്ധം ഉണ്ടാകുന്നു. ഒരു വലിയ ദുരന്തത്തിനു ശേഷമാണ് സെഫാന്‍ അവിടെ എത്തുന്നത്. ഭാര്യ ജാനറ്റും (ഭാമ) മകള്‍ ജെന്നിയും ഒത്ത് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു അയാള്‍. മകള്‍ ബന്ധു വീട്ടില്‍ പോയ ഒരു രാത്രിയില്‍ തന്നെ സെഫാന്റെ ജീവിതത്തില്‍ വലിയൊരു ദുരന്തം സംഭവിക്കുന്നു. ആ വീട്ടില്‍ നടന്ന അപ്രതീക്ഷിതമായൊരു ആക്രമണത്തില്‍ ഭാര്യയെ നഷ്ടപ്പെടുന്ന സെഫാന് ഗത്യന്തരമില്ലാതെ ഒരു കൊലയാളി ആവേണ്ടിയും വരുന്നു. താന്‍ ചെയ്ത കുറ്റത്തിന് നിയമത്തിനു മുന്നില്‍ കീഴടങ്ങാതെ തീര്‍ത്തും അവശനായ അവസ്ഥയിലും അയാള്‍ രക്ഷപ്പെടാന്‍ വ്യഗ്രത കാണിക്കുന്നത് മകളോടുള്ള അതിയായ വാത്സല്യം കൊണ്ടാണ്. ജീവനും ജീവിതവും കൈയില്‍ നിന്നും വഴുതിപ്പോയിക്കൊണ്ടിരിക്കുമ്പോഴും സെഫാന്‍ ഓടുന്നത് മകളുടെ അടുത്തേക്കാണ്. പക്ഷെ പാതി വഴിയില്‍ അയാള്‍ വീണുപോവുന്നു. അങ്ങനെയാണ് ആ രണ്ടു കുട്ടികളും അയാളെ കണ്ടുമുട്ടുന്നത്. മൂന്നുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പരിണാമങ്ങളാണ് മാല്‍ഗുഡി ഡെയ്സ് തുടര്‍ന്നു പറയുന്നത്.

കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യം വച്ച സിനിമ പക്ഷെ അതിനാടകീയത കൊണ്ടും അവ്യക്തമായ കഥാഗതി കൊണ്ടും കൈവിട്ടു കളഞ്ഞ പോലെ തോന്നി. സെഫാനും മാവോവാദികളും തമ്മിലുള്ള സംഭാഷണങ്ങള്‍, അമ്മയും അഥീനയും തമ്മില്‍ ഉള്ള സംസാരം എന്നിവിടങ്ങളിലൊക്കെ നാടകീയത കയറിവരികയാണ്. യഥാര്‍ത്ഥ സംഭവത്തെ പറ്റി പറയുമ്പോള്‍ അതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഉപകഥകള്‍ കാഴ്ച്ചയെ ബാധിക്കുന്നുണ്ട്. ഭൂതകാല ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മിലനും ജാനറ്റും എന്ന സൂചന സിനിമയില്‍ ഉണ്ട്. പക്ഷെ അതിലേക്ക് ആഴത്തില്‍ കടന്നുചെല്ലാന്‍ സംവിധായകര്‍ ശ്രമിക്കുന്നില്ല. ഇത് പുതുമയുള്ള രീതിയാണ്. പക്ഷെ കുട്ടിക്കള്‍ക്കുള്‍പ്പെടെ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തതക്കുറവുണ്ട്.

മിലനും അഥീനയുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. കുട്ടികളുടേത് എന്ന് മലയാള സിനിമ കാലാകാലങ്ങളായി നിര്‍വചിച്ചു വച്ചിരിക്കുന്ന ചലനങ്ങളും സംഭാഷണങ്ങളും രണ്ടു പേരുടെയും കയ്യില്‍ ഭദ്രമാണ്. അനൂപ് മേനോന്റെ രഹസ്യ സങ്കേതം ആരണ്യകത്തിലെ അമ്മിണി കുട്ടിയുടെ സ്വകാര്യ താവളത്തെ മാതൃകയാക്കും പോലെ…വിപ്ലവം, ഭീകരത ഇതൊക്കെ വലിച്ചിഴച്ചത് കൊണ്ട് സിനിമക്ക് എന്തെങ്കിലും പ്രയോജനം ഉള്ളതായി അനുഭവപ്പെട്ടുമില്ല. ഒരു പാട്ടും രണ്ടോ മൂന്നോ രംഗങ്ങളും മാത്രമാണ് ഭാമക്ക് ചെയ്യാനുള്ളത്. അഥീനായുടെ അമ്മയായി വരുന്ന പ്രിയങ്ക നായര്‍ വിലാപങ്ങള്‍ക്കപ്പുറം പോലുള്ള സിനിമകളിലെ സൂക്ഷ്മാഭിനയം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ്. പക്ഷെ മാല്‍ഗുഡി ഡയ്‌സില്‍ അവര്‍ ആകെ പതറി പോയ പോലെ തോന്നി. മുഖ്യ ദുരന്തങ്ങള്‍ക്ക് ഇടയ്ക്ക് വരുന്ന ഉപകഥകളും ദുരന്തങ്ങളാണ്. അഥീനയുടെ അച്ഛനെ കൊന്നതും മിലാനെ വിചിത്ര സ്വഭാവി ആക്കിയതും എന്തിനാണ് എന്ന് മനസിലാവുന്നില്ല. ഇതിനിടയില്‍ എപ്പോഴൊക്കെയോ കടന്നു വരുന്ന തമാശകള്‍ ഏല്‍ക്കുന്നുമില്ല. 

അശ്രദ്ധമായ മേക്കിംഗ് ആണ് മാല്‍ഗുഡി ഡെയ്‌സിന്റെത്. ആദ്യ പകുതിയില്‍ 10 മിനിറ്റ് ഇടവിട്ട് പ്രണയ ശോക ഗാനങ്ങള്‍ കുത്തി നിറച്ചിട്ടുണ്ട്. കുട്ടികളുടെ ഡാന്‍സ് ഒക്കെയുള്ള ”കളം കളം എഫക്ടും പൂ വിരിയുന്ന എഫ്‌ഫെക്ട്ടും ” ഉള്ള പാട്ട് ആള്‍ക്കാരെ തീയറ്റര്‍ വിട്ടിറങ്ങി പോകുന്നതില്‍ എത്തിച്ചു. മരിച്ച ജാനറ്റിന്റെ കൈ അനങ്ങുന്നത് അത്രയൊന്നും സൂക്ഷ്മ ദര്‍ശികള്‍ അല്ലത്തവര്‍ക്കും കുറെ തവണ വ്യക്തമായി കാണാം. ഒട്ടും സന്ദര്‍ഭോചിതമല്ലാതെ. വന്ന റഷ്യന്‍ ഗാനത്തിന് ഒരു മലയാള സിനിമയില്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ നല്‍കിയതിന്റെ യുക്തിയും പിടി കിട്ടുന്നില്ല.

മാല്‍ഗുഡി ഡെയ്‌സ് എന്ന നിത്യ ഹരിത സങ്കല്‍പ്പവുമായി ഈ സിനിമയ്ക്കോ ഇതിലെ വലിയ സാങ്കല്‍പ്പിക സ്‌കൂളിനോ പ്രകടമായി എന്തെങ്കിലും ബന്ധം തോന്നാത്തത് അത്രയൊന്നും സൂക്ഷ്മമായി അവധാരണം ചെയ്യാത്തത് കൊണ്ടാണോ എന്നറിയില്ല…എന്തായാലും അടിക്കടി സംഭവിക്കുന്ന ദുരന്തങ്ങള്‍ ആണ് സിനിമയെ കഥയുള്ളതും മൂല്യവത്തും ഒക്കെ ആക്കുന്നത് എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാല്‍ഗുഡി ഡെയ്‌സ് കണ്ടു പരീക്ഷിക്കാവുന്നതാണ് എന്ന് മാത്രം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍