UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാല്‍ക്കാന്‍ഗിരി ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകള്‍ക്കേറ്റ സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി

Avatar

അഴിമുഖം പ്രതിനിധി

മാല്‍ക്കാന്‍ഗിരി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ബന്ധുക്കള്‍ ഏറ്റു വാങ്ങാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. 72 മണിക്കൂറിലേറേ കാത്തിരുന്ന ശേഷമാണ് കൊല്ലപ്പെട്ട 28 പേരില്‍ പതിനേഴ് പേരുടെ മൃതദേഹങ്ങള്‍ പാന്‍സാപുത് ഗ്രാമപഞ്ചായത്ത് അടക്കം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ജയ്‌റാം ഖിലോയുടെ മൃതദേഹം കൂടി ബന്ധുക്കള്‍ ഏറ്റ് വാങ്ങിയതോടെ പതിനൊന്ന് പേരുടെ മൃതദേഹങ്ങള്‍ക്ക് മാത്രമാണ് അവകാശികള്‍ എത്തുക എ്ന്ന് അധികൃതര്‍ പറയുന്നു. അഴുകി തുടങ്ങിയതിനാല്‍ ഇനി മൃതദേഹങ്ങള്‍ സുക്ഷിക്കാനാവില്ല. മൃതദേഹങ്ങളുടെ ഫോട്ടോകള്‍ കൈവശമുള്ളതിനാല്‍ പിന്നീട് ബന്ധപ്പെട്ടവര്‍ എത്തുകയാണെങ്കില്‍ അടക്കം ചെയ്തിടത്ത് നിന്ന് അവ പുറത്തെടുക്കാം എന്നും പോലീസ് പറയുന്നു.

അച്ഛന്‍ മാവോയിസ്റ്റ് മകന്‍ പോലീസ് 
അതേസമയം, മാല്‍ക്കാന്‍ഗിരിയില്‍ മാവോയിസ്റ്റായ അച്ഛന്റെ ശരീരം ഏറ്റുവാങ്ങാനെത്തിയ പോലീസുകാരനായ മകന് അച്ഛനെ മാവോയിസത്തില്‍ നിന്നും പിന്തിരിപ്പിക്കാനാവാത്തതിന്റെ വേദനയാണ് ഇനി ബാക്കി. നിങ്ങളൊരു പോലീസുകാരനാണ്, അച്ഛന്‍ മാവോയിസ്റ്റും ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് 38 വയസ്സുകാരനായ റാവു മറുപടി പറയാന്‍ കാത്തുനിന്നില്ല. ആന്ധ്രപ്രദേശിലെ വിസിയ നഗരത്തിലെ പോലീസുകാരനായ തന്റെ ഇപ്പോഴത്തെ ജിവിതത്തെ കുറിച്ചോ മാവോയിസ്റ്റുകാരനായിരുന്ന തന്റെ കഴിഞ്ഞകാലത്തെ കുറിച്ചോ ഒന്നും പറയാതെ അച്ഛന്റെ ശരീരം ഏറ്റുവാങ്ങി ബന്ധുക്കളോടൊപ്പം ആംബലുന്‍സില്‍ റാവു മടങ്ങി. യമാല്‍പള്ളി സീമാചലം റെഡ്ഡി എന്ന മുരളി എന്ന ഹരി മാവോയിസ്റ്റ് പാര്‍ട്ടിയിലെ കമാന്‍ഡര്‍ റാങ്കുള്ള നേതാവാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാമകൃഷ്ണയുടെ സുരക്ഷാവലയത്തിലെ അംഗവുമാണ് റെഡ്ഡി. കഴിഞ്ഞ ദിവസം ആന്ധ്രപോലീസിന്റെ ഗ്രേഹൗണ്ട്‌സ് കമാന്‍ഡോസും ഒഡിഷയുടെ ഡിസ്ട്രിക്റ്റ് വോളണ്ടറി ഫോഴ്‌സും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 28 പേരില്‍ 58 വയസ്സുകാരനായ റെഡ്ഡിയുമുണ്ട്.

വിസിയ നഗരത്തിലെ ബോബ്ലിയില്‍ നിന്ന് 1991ല്‍ റെഡ്ഡി ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്. 90കളില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന റാവു ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഭാര്യക്കൊപ്പം 2001ല്‍ അന്നത്തെ ആന്ധ്ര ഡിജിപി എച്ച്‌ജെ ഡോറക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഡോറ മുന്നോട്ട് വെച്ച പുനരധിവാസ പദ്ധതകളിലൊന്നിന് കീഴില്‍ പെടുത്തി 2002ല്‍ വിസിയനഗരം പോലീസില്‍ റാവുവിന് ജോലിയും ലഭിച്ചു.

അച്ഛന്റെ മാവോയിസ്റ്റ് ജിവിതം അപ്പോഴും റാവുവിനെ വേട്ടയാടികൊണ്ടിരുന്നു. ആന്ധ്ര പോലിസിന്റെ ആന്റി മാവോയിസ്റ്റ് സെപഷ്യല്‍ ഇന്റ്‌റലിജന്‍സ് ബ്രാഞ്ച് അച്ഛനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് റാവുവിനെ കൊണ്ട് നിരവധി കത്തുകള്‍ എഴുതിച്ചു. എല്ലാതവണയും റെഡ്ഡി മകന്റെ അഭ്യര്‍ത്ഥന തള്ളി. റാവു അച്ഛന് കത്തുകള്‍ എഴുതിത്തുടങ്ങിയതോടെ അച്ഛനും മകനും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തു. ആന്ധ്ര, ഒഡീഷ അതിര്‍ത്തിയലെ മാവോയിസ്റ്റ് കൊറിയര്‍ വഴിയും ചാരന്മാര്‍ വഴിയും ആണ് കത്തുകള്‍ കൈമാറിയിരുന്നത് എന്നും പോലീസ് പറയുന്നു.

വിസിയ നഗരം എസ് പി ഓഫീസിലോ അല്ലെങ്കില്‍ സ്‌പെഷ്യല്‍ ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗമായോ ആയിരുന്നു റാവുവിന്റെ സേവനം കൂടുതലും പ്രയോജനപ്പെടുത്തിയിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റാവു അടുത്തിടെ വിസിയ നഗരത്തിലെ തേര്‍ളം മണ്ഡലത്തിലെ നന്ദബലാഗ എന്ന സ്വന്തം ഗ്രാമത്തിനടുത്ത് ഗാരിവിഡി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം വാങ്ങി.

അവിടെ ഡ്യുട്ടിയില്‍ കയറിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ റാവുവിനെ നിരന്തരം അലട്ടുന്നതിനാല്‍ 15 ദിവസം മുമ്പ് മെഡിക്കല്‍ ലീവ് എടുക്കുകയായിരുന്നു. റാവു ഒറ്റപ്പെട്ടേക്കാം എന്ന ഭയത്താല്‍ അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിടാറില്ല. റാവുവിന്റെ ജീവന് പോലും അപായം സംഭവിക്കാന്‍ സാധ്യതുള്ളതായും പോലിസുകാര്‍ ഭയപ്പെടുന്നു. എല്ലാ മാസവും ഫോണ്‍ നമ്പര്‍ മാറ്റേണ്ട ഗതികേടിലാണ് ഇദ്ദേഹം. മല്‍കന്‍ഗിരി ഏറ്റുമുട്ടലിന് ശേഷം കുറച്ച് ദിവസം കൂടി താന്‍ അവധിയിലായിരിക്കുമെന്ന് റാവും അറിയിച്ചിരുന്നതായും പോലീസ് പറയുന്നു. കഴിഞ്ഞ ചൊവാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ആദ്യം എത്തിയവരില്‍ ഒരാളായിരുന്നു റാവു. ആരാണ് എന്ന ചോദ്യത്തിന് താന്‍ വിസിയനഗരം പോലിസ് സ്റ്റേഷന് കീഴിലെ കോണ്‍സ്റ്റബിളാണ് എന്നും തന്റെ അച്ഛന്റെ മൃതദേഹം കൊണ്ടപോകാനാണ് എത്തിയത് എന്നും മാത്രമായിരുന്നു മറുപടി.

ഗ്രേഹൌണ്ട്സ് ഓപ്പറേഷന്‍
ആന്ധ്ര പോലീസിന്റെ ഗ്രേഹൌണ്ട്സ് സ്വകാഡിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ഏറ്റുമുട്ടല്‍ 2008ലെ തിരിച്ചടിക്ക് ശേഷമുള്ള പകവീട്ടല്‍ കൂടിയാണ്. 2008 ജൂണ്‍ 29ന് ഒരു സംയുക്ത ഓപ്പറേഷന് ശേഷം മാല്‍ക്കന്‍ഗിരിയില്‍ നിന്ന് രണ്ട് ബോട്ടുകളിലായി ബാലിമെല്ല റിസര്‍വോയര്‍ വഴി മടങ്ങുകയായിരുന്ന 60 പേരടങ്ങിയ ഗ്രേഹൌണ്ട്സ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബോട്ടിലെ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ആ ബോട്ടില്‍ നിന്ന് 6 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഒഡിഷ പോലിസിനൊപ്പം ഇതേ ഫോഴ്‌സിന് എട്ട് വര്‍ഷത്തിന് ശേഷമാണ് ഒക്ടോബര്‍ 24ന് ഉന്നത നേതാക്കള്‍ അടക്കം 50 പേരുടെ മാവോയിസ്റ്റ് സംഘം ഇവിടെ കൂടിച്ചേരുന്നു എന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. സര്‍ക്കാര്‍ തലയ്ക്ക് വില പറഞ്ഞിരുന്ന ചില ഉന്നത നേതാക്കളടക്കം 28 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയാണ് കഴിഞ്ഞ തിങ്കളാഴ്ച സംഘം തിരിച്ചടിച്ചത്. അടുത്തിടെ നടന്ന ഓപ്പറേഷനുകളില്‍ ഏറ്റവും വലുത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലിനെ വിശേഷിപ്പിക്കുന്നത്. ആന്ധ്ര, ഒഡിഷ അതിര്‍ത്തിയില്‍ കഴിഞ്ഞ പത്ത് കൊല്ലമായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരാണ് ഇപ്പോള്‍ സേനയുടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 2008ലെ പരാജയം ഇപ്പോള്‍ പൂര്‍ണ്ണ വിജയമാക്കാന്‍ സാധിച്ചു എന്നും സേന പറയുന്നു.

ഇന്റലിജന്‍സ് വിവരങ്ങള്‍ കൃത്യമായിരുന്നു. ആന്ധ്ര ഭാഗത്ത് നിന്നാണ് ഓപ്പറേഷന്‍ നയിച്ചത്. രാത്രിയും പകലും മുടല്‍ മഞ്ഞ് നിറഞ്ഞ് നിന്നിരുന്നതിനാല്‍ സേനയുടെ ചലനങ്ങള്‍ അത്ര പെട്ടെന്ന് നിരീക്ഷിക്കാനും മാവോയിസ്റ്റുകള്‍ക്ക് സാധിച്ചില്ല. ഒളിച്ചു നീങ്ങാന്‍ സൗകര്യമുള്ള തരത്തില്‍ കുന്നുകള്‍ നിറഞ്ഞ പ്രദേശമാണ് എന്നതും സേനയുടെ നീക്കത്തിന് ബലം നല്കി. തങ്ങളുടെ ശക്തി കേന്ദ്രത്തിലാണ് കൂടിയിരുന്നത് എന്നതിനാല്‍ വലിയ തോതിലുള്ള സുരക്ഷ വലയം തീര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിച്ചിരുന്നില്ല. ഇതും സേനക്ക് സൗകര്യമൊരുക്കി.

വളരെ എളുപ്പം പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് ഗ്രേഹൌണ്ട്സുകളുടെ നിരന്തര വിജയത്തിന് കാരണമെന്നും സുരക്ഷാസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പലതവണ കൂട്ടമായി നടന്ന കീഴടങ്ങലുകളും പാടിയ ഡലാം , കലിമേല തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനായതും വിജയമായി സേന എടുത്ത്പറയുന്നു.

ആന്ധ്ര, ഒഡിഷ അതിര്‍ത്തിയില്‍ 150ല്‍ പരം ഗ്രാമങ്ങളിലായി പടര്‍ന്ന് കിടക്കുന്ന കുന്നിന്‍ ചെരുവുകളാണ് മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായി മാറിയത്. ബാലിമെല, മാഹകുന്ദ് റിസര്‍വോയറുകളുടെ സാന്നിദ്ധ്യം ഈ മേഖലയെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയിട്ടുണ്ട്. മധ്യേന്ത്യയിലെ നിരവധി ആദിവാസി ഗ്രാമങ്ങളെ പോലെ ഇവിടെയും ഇത് വരെ ഭരണകേന്ദ്രങ്ങളുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി പണിതീരാതെ കിടക്കുന്ന ഗുരുപ്രിയോ പാലത്തിന്റെ പണി അടുത്ത ജൂണ്‍ മാസത്തോടെ തീര്‍ന്നാല്‍ ഒഡീഷയില്‍ നിന്ന് ഈ ഒറ്റപ്പെട്ട മേഖലയിലേക്ക് സൈന്യത്തിന് പൂര്‍ണ്ണ സജ്ജമായി എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
മല്‍ക്കന്‍ഗിരി ഏറ്റുമുട്ടലിന്റെ പശ്ചാലത്തില്‍ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുളളതിനാല്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് നേതാവ് ശ്യാമിന്റെ പേരില്‍ ലഭിച്ച ഭീഷണി കത്തില്‍ ഇത് വരെ കേള്‍ക്കാത്ത തരത്തിലുള്ള ചാവേറാക്രമണങ്ങളെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. മാല്‍ക്കന്‍ഗിരി ഏറ്റുമുട്ടലിന്റെ പശ്ചാലത്തില്‍ മുഖ്യമന്ത്രിയെയും മകനേയും വധിക്കും എന്ന ഭീഷണിപ്പെടുത്തുന്ന കത്ത് തെലുങ്ക് മാധ്യമത്തിനാണ് ലഭിച്ചത്. നിലവില്‍ z പ്ലസ് കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന് കൂടുതല്‍ പ്രഗത്ഭരായ സുരക്ഷ ഭടന്‍മാരെയാണ് നല്‍കുന്നത്.

കത്തിലെ ഭാഷയെ മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുടെ പ്രധാന സംഘങ്ങളില്‍ ഒന്നാകാം ഈ കത്തിന് പിന്നില്‍ എന്നതാണ് പോലീസിന്റെ അനുമാനം. ചാവോറാക്രമണത്തെ കുറിച്ച് പറയുന്നതിനാല്‍ യഥാര്‍ത്ഥ സംഘടനയുടതോണ് ഈ കത്ത് എന്നതിനോട് ഉദ്യേഗസ്ഥര്‍ക്ക് യോജിപ്പില്ല. അതേസമയം, കത്ത് ഭീഷണി വ്യാജമാണെന്ന ആരോപണവും ശക്തമാണ്. റവല്യുഷണറി റൈറ്റേഴ്‌സ് അസോസിയേഷന്‍ നേതാവ് കല്യാണ്‍ റാവുവിന്റെ വാക്കുകള്‍ അനുസരിച്ച് പ്രതൃയശാസ്ത്രപരമായ യുദ്ധം നയിക്കുന്നവര്‍ ചാവേറാക്രമണ ശൈലി സ്വീകരിക്കാറില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. 2004ല്‍ മാവോയിസ്റ്റുകളും സര്‍ക്കാരും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചകളില്‍ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് പങ്കെടുത്ത വ്യക്തിയായിരുന്നു കല്യാണ്‍ റാവു. അതുകൊണ്ട് തന്നെ കത്ത് തീര്‍ത്തും വ്യാജമാണെന്ന അഭിപ്രായക്കാരനാണ് കല്യാണ്‍ റാവു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍