UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കെതിരേയുള്ള പ്രതിപക്ഷ പോരാട്ടം നയിക്കുക ഇനി മമത ബാനര്‍ജിയാകുമോ?

Avatar

അഴിമുഖം പ്രതിനിധി

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രപതി ഭവനിലേക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി നവംബര്‍ 17ന് മാര്‍ച്ച് നടത്തിയപ്പോള്‍, ആം ആദ്മി പാര്‍ട്ടിയും നാഷണല്‍ കോണ്‍ഫറന്‍സും ശിവസേനയും അവരോടൊപ്പം ചേര്‍ന്നു. ഒരാഴ്ചക്ക് ശേഷം മോദി സര്‍ക്കാരും നോട്ട് തീരുമാനത്തിനുമെതിരെ അവര്‍ ജന്തര്‍ മന്ദറില്‍ റാലി സംഘടിപ്പിച്ചപ്പോള്‍ എഎപിക്ക് പുറമെ ജനതാദള്‍ (യു), സമാജ്വാദി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവര്‍ അവരോടൊപ്പം ഉണ്ടായിരുന്നു. 

മമതാ ബാനര്‍ജിയോടൊപ്പം നിന്ന് സര്‍ക്കാരിനെതിരെ പോരാടാന്‍ തയ്യാറാണെന്ന് യോഗത്തില്‍ പ്രസംഗിച്ച വിവിധ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കേന്ദ്രത്തിനെതിരായ സമരങ്ങളില്‍ തങ്ങളുടെ പിന്തുണ ഉണ്ടാവുമെന്ന് മമതയെ അറിയിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ ചുമതലപ്പെടുത്തിയതായി എന്‍സിപിയിലെ മജീദ് മേമന്‍ അറിയിച്ചു. മമത ഒരു ദേശീയ നേതാവായി ഉയര്‍ന്നു വരുന്നതിന്റെ ലക്ഷണമായി വേണം ഇതിനെ വിലയിരുത്താന്‍.

ജനതാദള്‍ (യു), ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് ബിഹാറില്‍ രൂപീകരിച്ച മഹാഗഡ്ബന്ദന്‍ ബിജെപിക്കെതിരെ വലിയ വിജയം കണ്ടപ്പോള്‍ തന്നെ ദേശീയതലത്തില്‍ ഇത്തരം ഒരു നീക്കമുണ്ടാകണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. രാജ്യത്തെങ്ങും വേരുകളുള്ള കോണ്‍ഗ്രസ് ഇതിന് മുന്‍കൈയെടുക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ലോക്‌സഭയില്‍ വെറും 44 അംഗങ്ങളായി ചുരുങ്ങിയതും സോണിയ ഗാന്ധിയുടെ അനാരോഗ്യവും മറ്റൊരു യുപിഎ പരീക്ഷണത്തിന് മുത്തശ്ശിപ്പാര്‍ട്ടിയെ അശക്തയാക്കുന്നു. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദേശീയതലത്തിലേക്ക് വരുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും മദ്യനിരോധനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ആടിയാടി നില്‍ക്കുന്ന ഒരു മുന്നണിയും അദ്ദേഹത്തെ സംസ്ഥാനത്ത് തന്നെ തളച്ചിടുന്നു. ഇവിടെയാണ് മമത ബാനര്‍ജി ദേശീയ നേതാവായി ഉയര്‍ന്ന് വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരമ്പരകള്‍ക്ക് ശേഷം സര്‍ക്കാരിനെതിരായ പോരാട്ടങ്ങള്‍ ലക്‌നൗ, പാട്‌ന, പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അവര്‍ ലക്ഷ്യമിടുന്നത് ഈ ലക്ഷ്യം മനസില്‍വച്ചാവണം. പാവങ്ങളുടെ മിശിഹ എന്ന അവരുടെ പ്രതിച്ഛായ ഈ നീക്കത്തിന് മാറ്റുകൂട്ടുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മലര്‍ത്തിയടിക്കാന്‍ അവരെ സഹായിച്ചതും ഈ പ്രതിച്ഛായയാണെന്ന് ഈ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. 

കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപികരിക്കപ്പെട്ട എന്‍സിപി, ത്രിണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ കൈകോര്‍ക്കണമെന്ന ശരത് പവാറിന്റെ ആഗ്രഹവും മമതയ്ക്ക് തുണയാവും. ആരോഗ്യപരമായ കാരണങ്ങളാല്‍ അതിന് നേതൃത്വം നല്‍കാന്‍ തനിക്കാവില്ലെന്നും എന്നാല്‍ മമത നേതൃത്വം നല്‍കാന്‍ തയ്യാറായാല്‍ അങ്ങനെയൊരു വേദിയൊരുക്കുന്നതിന് താന്‍ മുന്‍കൈയെടുക്കാമെന്നും അദ്ദേഹം സൂചിപ്പിതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍