UPDATES

സയന്‍സ്/ടെക്നോളജി

മാമ്മോഗ്രാമിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Avatar

അര്യാന യൂനങ് ചാ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സ്ത്രീകള്‍ക്ക് ഏതു പ്രായം മുതല്‍ മാമ്മോഗ്രാം എടുത്തു തുടങ്ങാം, എത്ര ഇടവിട്ട് മാമ്മോഗ്രാം പരിശോധനകള്‍ നടത്തണം തുടങ്ങിയ കാര്യങ്ങളില്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസേറ്റി ഈയടുത്തു ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ക്യാന്‍സര്‍ പരിശോധനകളുമായി ബന്ധപ്പെട്ടു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിഭാഗങ്ങളില്‍ വൈദ്യ ലോകം ഏറെ വിശ്വാസം അര്‍പ്പിക്കുന്നതും വില കല്‍പ്പിക്കുന്നതും എ.സി.എസിനാണ്.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍  ജേണലിന്റെ പുതിയ ലക്കത്തില്‍ എ.സി.എസ് നല്‍കുന്ന പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ശരാശരി ക്യാന്‍സര്‍ അപകട സാധ്യതയുള്ള സ്ത്രീകള്‍ 45 വയസ്സു മുതല്‍ മാത്രം  മാമ്മോഗ്രാം പരിശോധനയ്ക്കു വിധേയമായിത്തുടങ്ങിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. നേരത്തെ ഇത് 40 വയസായിരുന്നു. മാമ്മോഗ്രാം എടുക്കേണ്ട ഇടവേള സംബന്ധിച്ചും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 45 മുതല്‍ 54 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കു വര്‍ഷാവര്‍ഷം മാമ്മോഗ്രാം നിര്‍ദ്ദേശിക്കുമ്പോള്‍ 54 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാമ്മോഗ്രാം നടത്തിയാല്‍ മതിയെന്നാണ് പറയുന്നത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ജീവിച്ചിരിക്കാന്‍ സാധ്യത ഉള്ള സ്താനാര്‍ബുദ രോഗികളില്‍ ഇത്തരം പരിശോധനകള്‍ നടത്തേണ്ടതില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. മാത്രമല്ല ക്ലിനിക്കുകളില്‍ പതിവായി നടത്തുന്ന സ്തന പരിശോധനകളെ എ.സി.എസ് പിന്തുണയ്ക്കുന്നുമില്ല. 

രോഗികള്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കു ഇപ്പറഞ്ഞിരിക്കുന്ന പ്രായപരിധിക്കു മുമ്പായി തന്നെ പരിശോധനയ്ക്കു വിധേയമാകാമെന്നു നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. അത്തരം പരിശോധനകള്‍ക്ക് ചിലവ് വഹിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബാധ്യസ്ഥമാണെന്നും, പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ അവസരമൊരുക്കണമെന്നും എ.സി.എസ് വ്യക്തമാക്കുന്നു. 

ശരാശരി അപകട സാധ്യതയുള്ള രോഗികളുടെ കാര്യത്തില്‍ മാത്രമാണ് ഈ നിര്‍ദ്ദേശങ്ങളൊക്കെ ബാധകമെന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടുതല്‍ അപകട സാധ്യതയുള്ള രോഗികള്‍ക്ക് തീവ്ര ചികിത്സയും പരിശോധനയും തന്നെ വേണം.

ചോദ്യം: എന്തിനാണവര്‍ (എ.സി.എസ്) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്?

ഉത്തരം: മരണ കാരണമായേക്കാവുന്ന സ്തനാര്‍ബുദ ലക്ഷണങ്ങള്‍ സ്ത്രീകളിലുണ്ടോയെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത് 45നോടടുത്ത പ്രായത്തിലാണെന്നാണു ഈയടുത്തു നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. 40 വയസ്സു മുതല്‍ തന്നെ ചിലരില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാമെങ്കിലും ഇക്കാലയളവിലെ പരിശോധനകളില്‍ പല കാരണങ്ങള്‍ കൊണ്ടും രോഗാവസ്ഥ വ്യക്തമാവണമെന്നില്ല. മാത്രമല്ല രോഗാവസ്ഥയുണ്ടെന്ന തെറ്റായ പരിശോധന ഫലം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. പൊതുവേ ആര്‍ത്തവ വിരാമത്തിനു ശേഷമാണ് സ്ത്രീകളില്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. പക്ഷേ അത് അര്‍ബുദമായി വളരാന്‍ ഒരുപാട് സമയമെടുക്കും. 

10 വര്‍ഷത്തില്‍ കുറവ് മാത്രം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികളെ ഇത്തരം പരിശോധനകളില്‍ നിന്നൊഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത് അവര്‍ക്ക് പരിശോധനകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനാവശ്യ മാനസിക- ശാരീരിക സമ്മര്‍ദ്ദങ്ങളും വിഷമങ്ങളും ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ്. രോഗം മൂര്‍ഛിക്കുകയാണെന്ന അറിവ് അവര്‍ക്ക് ക്യാന്‍സറിനേക്കാള്‍ വലിയ വേദനയായിരിക്കും നല്‍കുന്നത്. 

പതിവായുള്ള സ്തന പരിശോധനയെ പിന്തുണയ്ക്കുന്നില്ല എന്നതുകൊണ്ട് ഡോക്ടര്‍മാര്‍ ഒരിക്കലും അത്തരത്തില്‍  പരിശോധിക്കരുത് എന്നൊന്നും അര്‍ത്ഥമില്ല. ആവശ്യമെങ്കില്‍ ചെയ്യാം. ദിനം പ്രതി വലിയ പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍ ബാധ്യസ്ഥനല്ല എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളു. പരിശോധന സമയം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍  ലക്ഷ്യമിട്ടുകൊണ്ടുകൂടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം. 15 മുതല്‍ 30 മിനിട്ടു വരെ നീളുന്ന സാധാരണ പരിശോധന വേളയില്‍ (ശരിയായ രീതിയിലാണെങ്കില്‍) രണ്ടു സ്തനങ്ങളുടേയും പരിശോധനയ്ക്കായി 6 മിനിട്ടു മാത്രം ചിലവഴിച്ചാല്‍ മതിയാകും.

ചോ: ഒരാള്‍ ശരാശരി അപകട സാധ്യതയ്ക്കകത്താണോ അല്ലയോ എന്നു എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും?

ഉ: ശരാശരി അപകട സാധ്യത എന്ന ആശയം സംബന്ധിച്ച് വിവിധ ആരോഗ്യ സംഘടനകള്‍ തമ്മില്‍ സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ശരാശരി അപകട സാധ്യത കണക്കാക്കുന്നതിന് വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ അവലംബിച്ചു വരുന്നത്. എങ്കിലും നിങ്ങള്‍ക്ക്  BRCA1, അല്ലെങ്കില്‍   BRCA2  എന്നീ തരത്തിലുള്ള ജനിതക വൃതിയാനങ്ങളുണ്ടെങ്കിലോ, നിങ്ങളുടെ കുടുംബത്തിലാര്‍ക്കെങ്കിലും മുമ്പ് സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കിലോ (ഇപ്പോള്‍ ഉണ്ടെങ്കിലോ), അല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ക്യാന്‍സര്‍ ഉണ്ടെങ്കിലോ നിങ്ങള്‍ ശരാശരി അപകട സാധ്യതയ്ക്കും മുകളിലാണെന്നു പറയാം. ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നര്‍ത്ഥം. ശരാശരി അപകട സാധ്യത എന്നത് വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ലാത്തെ അപൂര്‍ണ്ണമായൊരു ആശയമാണെന്നതു തന്നെയാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസേറ്റിയുടെ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന ന്യൂനത. അവര്‍ രോഗികള്‍ കൂടുതല്‍ ജാഗരൂഗരാകാനും 40 വയസ്സില്‍ തന്നെ പരിശോധന ആരംഭിക്കാനും നിര്‍ദ്ദേശിക്കുന്നു.  

ചോ: മാമ്മോഗ്രാമിനെ സംബന്ധിച്ച് ഇത്രയധികം വിയോജിപ്പുകളും ചര്‍ച്ചകളും ഉണ്ടാകാന്‍ കാരണമെന്താണ്?

ഉ: എല്ലാ വിവാദങ്ങളുടേയും ചര്‍ച്ചകളുടേയും ഇടയ്ക്ക് മുങ്ങിപ്പോകുന്നൊരു വസ്തുതയുണ്ട്. അതു ഞാന്‍ എല്ലാവരുടേയും ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ മാമ്മോഗ്രാം പരിശോധന നിര്‍ണ്ണായകമാണെന്നതിലും ഒരു സ്തനാര്‍ബുദ രോഗിക്ക് തന്റെ അപകട സാധ്യത കുറയ്ക്കാന്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മാമ്മോഗ്രാം പരിശോധനയ്ക്കു വിധേയയാകുകയാണെന്ന കാര്യത്തിലും ഡോക്ടര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ മാമ്മോഗ്രാം എത്ര മാത്രം ഫലപ്രദമായി നടത്താന്‍ കഴിയുന്നുണ്ട് എന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.  നേരത്തെ സൂചിപ്പിച്ച പോലെ രോഗാവസ്ഥയുണ്ടെന്നു തെറ്റായിക്കാണിക്കുന്ന പരിശോധനഫലം ഉണ്ടാകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ മാമ്മോഗ്രാമിന്റെ നല്ല വശങ്ങളുടെ ശോഭ കെടുത്തുന്നതായി മാറുന്നുണ്ട്. 

ചോ: മാമ്മോഗ്രാമില്‍ എന്താണിത്ര പ്രശ്‌നങ്ങള്‍? അത് വെറും എക്‌സറേ മാത്രമാണെന്നതാണ് എന്റെ ധാരണ. അടുത്തുള്ള കോശങ്ങളെ ബാധിക്കില്ലെന്നും.

ഉ: രോഗികള്‍ പരിശോധനകളെ വൈകാരികമായി സമീപിക്കുന്നതിന്റെയും കൂടാതെ  മാമ്മോഗ്രാം സംവിധാനം കൃത്യമല്ലാത്തതിന്റേയും പ്രശ്‌നങ്ങളുണ്ട്. ആദ്യ മാമ്മോഗ്രാം പരിശോധനകളില്‍ കൃത്യമായ ഫലം ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം സ്ത്രീകളെയും വീണ്ടും മറ്റൊരു മാമ്മോഗ്രാം പരിശോധനയ്ക്കായി വിളിക്കാറുണ്ട്. ഇത് രോഗികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രണ്ടാമത്തെ മാമ്മോഗ്രാമില്‍ ട്യൂമര്‍ പോലെ എന്തെങ്കിലും കാണുകയാണെങ്കില്‍ ഡോക്ടര്‍ ഉടനെ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ബയോസ്പി  പരിശോധനയ്ക്കു നിര്‍ദ്ദേശിക്കും. സ്തനകോശത്തിലെ മൂലകലകളെടുത്തു അവ ക്യാന്‍സര്‍ ബാധിതമാണോയെന്നു പരിശോധിക്കുന്ന രീതിയാണ് ബയോസ്പി. മാമ്മോഗ്രാം ചെയ്യുന്നത് മറ്റു കോശങ്ങളെ ബാധിക്കുന്നില്ലെങ്കിലും തുടര്‍ന്നു വ്യക്തത വരുത്താനായി നടത്തുന്ന ബയോസ്പി പോലുള്ള പരിശോധനകളിലൂടെ സമീപ കോശങ്ങളിലേക്കും സിരകളിലേക്കും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.

ഇനി സ്തനാര്‍ബുദ ചികിത്സയില്‍ രോഗികള്‍ വൈകാരികമായി പ്രതികരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാം. മുലഞട്ടില്‍ അസാധാരണ കോശങ്ങള്‍ രൂപപ്പെടുന്ന അവസ്ഥയാണ് സീറോ സ്റ്റേജ് ക്യാന്‍സര്‍. ഭൂരിഭാഗം കേസുകളിലും ഇത്തരം അസാധാരണ കോശങ്ങള്‍ മരണകാരണമാവുന്ന ക്യാന്‍സറായി വളരില്ല. മറ്റു ഭാഗത്തേക്കു വ്യാപിക്കുകയുമില്ല. എന്നാല്‍ പല രോഗികള്‍ക്കും ഇക്കാര്യം ബോധ്യമാവാറില്ല. അത്യന്തം ആശങ്കാകുലരായി പെരുമാറുന്ന അവര്‍ പലപ്പോഴും രണ്ടു സ്തനങ്ങളും നീക്കം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്യണമോ എന്നു തീരുമാനിക്കാനുള്ള അവകാശം രോഗിക്കുണ്ട്. പക്ഷേ ഈ പ്രവണത സ്തനാര്‍ബുദം സംബന്ധിച്ച അനാവശ്യ ഭീതി കൊണ്ടാണെന്നും രോഗാവസ്ഥയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൊണ്ടാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍