UPDATES

സിനിമ

മമ്മൂട്ടീ, സീരിയലുകള്‍ കലാവൈകൃതങ്ങളാണ്, സമ്മതിക്കുന്നു; താങ്കളുടെ സിനിമകളോ?

Avatar

അഴിമുഖം പ്രതിനിധി

ഒരു പ്രമുഖ ചാനല്‍ വര്‍ഷാവര്‍ഷം നടത്തുന്ന അവാര്‍ഡ് വിതരണോത്സവത്തിന്റെ ബാക്ക് സ്‌റ്റേജില്‍ ചെന്നുകയറാനുള്ള ഗതികേട് രണ്ടുവര്‍ഷം മുമ്പുണ്ടായി. അവാര്‍ഡ് രഹസ്യങ്ങളെക്കുറിച്ച് മുന്നേ അറിയാമായിരുന്നെങ്കിലും മലയാളത്തിലെ ഈ പ്രസ്റ്റീജിയസ് അവാര്‍ഡ് നൈറ്റിനു പിന്നിലെ തിരക്കഥകള്‍ നേരിട്ടറിയാനുള്ള ഭാഗ്യം അന്നാണുണ്ടായത്. ഓരോ അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുമ്പോഴും ചാനല്‍ അധികാരികള്‍ ആദ്യം പറയുന്നത്; പരിപാടി കളര്‍ഫുള്ളായിരിക്കണം എന്നായിരിക്കും. നിറപ്പകിട്ടുള്ള താരങ്ങളെല്ലാം കൂടണഞ്ഞാലേ ചാനല്‍ പ്രതീക്ഷിക്കുന്ന കളര്‍ഫുള്‍നെസ് കിട്ടൂ. എങ്കിലേ പരിപാടി ചാനലിലൂടെ വിറ്റുപോകൂ, കുറച്ചുകോടികളുണ്ടാക്കാന്‍ പറ്റൂ. ഏതൊക്കെ താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞിട്ടാണു സ്വര്‍ണ്ണക്കടക്കാരന്‍ തൊട്ട് ഉപ്പുമാങ്ങ അച്ചാറുകാരന്‍ വരെ പരസ്യം കൊടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ രാജാക്കന്മാരെ തൊട്ട് രാജകുമാരന്മാരെ വരെ പരിപാടിക്കെത്തിക്കണം. അതത്ര എളുപ്പമല്ല. മിനിമം ഒരു അവാര്‍ഡെങ്കിലും കൊടുത്താലേ കാര്യമുള്ളൂ (കാശു വേണ്ടവര്‍ക്ക് അതുകൊടുക്കും). ബെസ്റ്റ് നടന്‍, മോസ്റ്റ് ബെസ്റ്റ് നടന്‍, പോപ്പുലര്‍ നടന്‍, ജനകീയനടന്‍ എന്നുവേണ്ട വായില്‍ തോന്നുന്ന പേരിലെല്ലാം അവാര്‍ഡ് കൊടുത്തുകളയും. പാവം പ്രേക്ഷന്റെ വിചാരം ഞങ്ങള്‍ വോട്ട് ചെയ്തവര്‍ക്കാണ് അവാര്‍ഡുകള്‍ കിട്ടുന്നതെന്നാണ് കൂടുതല്‍ വോട്ട് കിട്ടി ജയിക്കുന്ന ഏര്‍പ്പാട് രാഷ്ട്രീയത്തിലെയുള്ളൂ കേട്ടോ. ഇവിടെയങ്ങനയല്ല.

മുഖ്യസംഘാടകരോരോരുത്തരായി നമ്മുടെ സിനിമിക്കാരെ (നടീനടന്മാര്‍- സാങ്കേതിക പ്രവര്‍ത്തകര്‍) വിളിക്കും; നമ്മുടെ അവാര്‍ഡ് നൈറ്റ് ഇന്ന ദിവസാട്ടോ, എത്തിയേക്കണം, സാറിനാണ് മറ്റേ അവാര്‍ഡ് (പ്രോത്സാഹന സമ്മാനങ്ങള്‍ വേറെയുമുണ്ട്). സമ്മതം മൂളുന്നവരുടെ പേരില്‍ അവാര്‍ഡ് ഫിക്‌സ് ചെയ്യും. പക്ഷെ ചിലരുണ്ട്, വരാന്നു സമ്മതവും പറയും സമയാകുമ്പോള്‍ എത്തുകയുമില്ല. ഇങ്ങനത്തെ സന്നിഗ്ദ്ധാവസ്ഥയില്‍ മനസാന്നിധ്യം കൈവിടാതെ സംഘാടകകര്‍ പതിയെ കര്‍ട്ടന്‍ മാറ്റി സദസിനെ നോക്കൂം. ബെസ്റ്റ് സംവിധായകന്‍ എത്താന്‍ വഴിയില്ല. വേറെയാരുണ്ട്. മറ്റേ പുള്ളിക്കാരന്‍ വന്നിട്ടുണ്ടല്ലോ. എന്നാ പിന്നെ മറ്റേ പുള്ളിക്കാരന്റെ പേരുവെട്ടി ഇങ്ങേരുടെ പേരെഴുതഡേയ്… ഇതാണ് പ്രിയ പ്രേക്ഷകരെ ഒരുമാതിരിപ്പെട്ട ചാനല്‍ അവാര്‍ഡ് നൈറ്റുകളിലെ പിന്‍കഥ. അതല്ലെങ്കില്‍ അവര്‍ നല്‍കുന്ന അവാര്‍ഡുകളുടെ മാനദണ്ഡം.

എന്നിരിക്കെ ഏഷ്യാനെറ്റ് നല്‍കുന്ന മികച്ച നടനുള്ള പുരസ്‌കാരം ആറുതവണ കൈനീട്ടി വാങ്ങിയ മമ്മൂട്ടി അതേ ചാനലിന്റെ സീരിയല്‍ അവാര്‍ഡുകളുടെ മാനദണ്ഡത്തെ കുറിച്ച് രോഷാകുലനായപ്പോള്‍, സത്യായിട്ടും തമാശയാണ് തോന്നിയത്.

ചാനല്‍ അവാര്‍ഡുകളുടെ ലക്ഷ്യം എന്താണെന്ന് അദ്ദേഹത്തിന് അറിയാത്തതാണോ? അതൊരു സ്‌പോണ്‍സേഡ് പ്രോഗ്രാം ആണെന്നും കച്ചവടം മാത്രമാണ് ഇതിനുപിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹത്തിനെന്നല്ല ഇതുമായിട്ടൊക്കെ അല്‍പ്പമെങ്കിലുമൊക്കെ ബന്ധമുള്ളവര്‍ക്കെല്ലാം മനസ്സിലാവും. എന്നിട്ടും പുതിയതായതെന്തോ ഒന്നു കണ്ടുപിടിച്ചെന്ന മട്ടില്‍ വേദിയില്‍ നിന്ന് തന്റെ മുന്നിലിരുന്നവരുടെയെല്ലാം തലകുനിപ്പിച്ച പെര്‍ഫോമന്‍സ് നടത്തേണ്ടിയിരുന്നോ? ഈ ചാനലിന്റെ ആണ്ടുതോറുമുള്ള അവാര്‍ഡ് മാമാങ്കത്തിന്, അതിങ്ങ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലായാലും അങ്ങ് ദുബായിലായാലും പങ്കെടുക്കുന്നയാളല്ലേ മമ്മൂട്ടി. അവാര്‍ഡ് വാങ്ങാനാണെങ്കിലും കൊടുക്കാനാണെങ്കിലും വേദിയില്‍ കയറി നില്‍ക്കാറില്ലേ. ലുങ്കി ഡാന്‍സ് കളിക്കാനും പാടാനും ആടാനുമൊക്കെ ഒരു മടിയും കാണിച്ചിട്ടുമില്ല. അവാര്‍ഡ് വിതരണ വേദിയില്‍ നിന്ന് താരങ്ങള്‍ നടത്തുന്ന ഓരോ പെര്‍ഫോമന്‍സും ചാനലിന്റെ കീശയില്‍ കാശിട്ടുകൊടുക്കാനുള്ള ഏര്‍പ്പാടാണെന്ന് മൂന്നുനേരം ചോറുന്നുണ്ണവന്റെ കോമണ്‍സെന്‍സ് കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. അപ്പോഴൊന്നും മമ്മൂട്ടിയുടെ ഉള്ളിലെ പ്രതിഷേധിക്ക് ബോധോദയമുണ്ടായില്ലേ. മലയാളിയുടെ മഹാമനസ്‌കതയെന്നു പറഞ്ഞു ഷാരുഖ് ഖാനും അമിതാഭ് ബച്ചനും വിജയ്ക്കും സൂര്യക്കും ധനുഷിനുമൊക്കെ ഓരോരോ പേരില്‍ അവാര്‍ഡ് കൊടുക്കുന്നതിനു പിന്നിലും പ്രത്യേക താല്‍പര്യം മാത്രമാണ്. ഇവരെ കാണാന്‍ ആളുകൂടും; അത് ഗ്രൗണ്ടിലാണെങ്കിലും ചാനലിനു മുന്നിലാണെങ്കിലും. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് അന്യഭാഷ സൂപ്പര്‍താരങ്ങളെ ഇറക്കുന്നതും. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഷാരുഖ് ഖാന് കൊടുക്കുമ്പോള്‍, ഇവിടെയുള്ള അവഗണിക്കപ്പെട്ട കലാകാരന്മാര്‍ക്ക് വേണ്ടി മമ്മൂട്ടി വാദിച്ചു കേട്ടിട്ടില്ല. അവാര്‍ഡ് തുകയായി ആയിരം രൂപ കിട്ടിയാല്‍പോലും ഒരു ദിവസത്തെ മരുന്നിനെങ്കിലും ഉപകാരപ്പെടുന്ന കലാകാരന്മാര്‍ ഇവിടെയില്ലേ? അവര്‍ പക്ഷേ ഇപ്പോള്‍ സെലിബ്രിറ്റിയല്ല. ഈ അവാര്‍ഡിന്റെയൊക്കെ മാനദണ്ഡം എന്താണെന്ന് ഒരിക്കല്‍പ്പോലും ചോദിക്കാന്‍ ഈ മഹാനടന് തോന്നാതിരുന്നതെന്തേ? ഒരു ബ്ലോക്ബസ്റ്റര്‍ നായകനൊപ്പം കൈകൊട്ടി കളിക്കുമ്പോള്‍, സ്യൂട്ടിനകത്ത് മറച്ചു വയ്ക്കുമോ ധാര്‍മികത? സീരിയലിനോട് മാത്രം രോഷം കൊള്ളുമ്പോള്‍, അതിലൊരു മാടമ്പി മനോഭാവത്തിന്റെ ഈര്‍ഷ്യ തന്നെയാണ് മുഴച്ചു നിന്നത്. 

മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് സീരിയലിനെ പുകഴ്ത്താനല്ല ശ്രമം. ശരീരത്തിനു കൊള്ളില്ലെന്നറിഞ്ഞിട്ടും ഫ്രൈഡ് ചിക്കന്‍ തിന്നാന്‍ തിരക്കുകൂട്ടുന്ന മലയാളി ആമാശയത്തിന്റെ അതേ സ്വഭാവമാണ് സീരീയലു കാണുന്ന തലച്ചോറിനും. സീരിയലുകള്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ഇവിടെ ഉണ്ടെന്നുള്ളതാണ്, ആ വ്യവസായം സജീവമായി പോകുന്നതിനും കാരണം. കോടികള്‍ സാറ്റ്‌ലൈറ്റ് റൈറ്റ് വാങ്ങി പ്രദര്‍ശിപ്പിക്കുന്ന സിനിമകളല്ല, ഒരു ചാനലിനെ നിലനിര്‍ത്തുന്നത് പ്രതിദിന സീരിയലുകള്‍ തന്നെയാണ്. അതായത് സിനിമയെപ്പോലെ തന്നെ ഒരു ബിസിനസ് ആണ് സീരിയലും. പക്ഷെ ഒരു വ്യത്യാസം, സിനിമ അംബാനിയുടെ ബിസിനസ് ആണെങ്കില്‍ സീരിയല്‍ തൃശൂര്‍ റൗണ്ടിലെ ആന്റോട്ടേന്റെ അരിവ്യാപാരം പോലെ. രണ്ടിന്റെയും ഗ്ലാമര്‍ വേവ്വേറെയാണ്. ചെയ്യണ പണി ഒന്നാണെങ്കിലും, സീരിയലുകാരുടെയെല്ലാം മനസ്സില്‍ എന്നുമൊരു പ്രാഞ്ചിയേട്ടന്‍ സിന്‍ഡ്രോം ഉണ്ട്. 

ഇതൊക്കെ അറിവുള്ളയാളാണല്ലോ മമ്മൂട്ടി. അദ്ദേഹത്തിനു സീരിയല്‍ ബിസിനസുമായും ബന്ധമുണ്ട്. അതവിടെ നില്‍ക്കട്ടെ. ചെറിയൊരു ചോദ്യം ഇതാണ്, ഏഷ്യാനെറ്റ് സിരിയല്‍ അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടെ നടക്കാന്‍ പോകുന്നത് എന്താണെന്നതിനെ കുറിച്ച് മമ്മൂട്ടിക്ക് അറിവുണ്ടായിരുന്നില്ലേ? പ്രസ്തുത വേദിയില്‍ എത്തിയശേഷമായിരുന്നോ താന്‍ ചെയ്യേണ്ടതിനെ കുറിച്ച് അറിഞ്ഞത്. ആണെങ്കില്‍ തന്നെ ഇതേ ചാനലിന്റെ തന്റെ സിനിമ അവാര്‍ഡ് നൈറ്റില്‍ മണിക്കൂറുകളോളം സമയം ചെലവഴിക്കാന്‍ തയ്യാറാകുന്നൊരാള്‍ രംഗം സീരിയലിന്റെതാകുമ്പോള്‍ അക്ഷമനാകുന്നതെന്തുകൊണ്ട്? ഒരുുപക്ഷേ ആ ചാനലിനോടുള്ള കടപ്പാടുകൊണ്ടോ, താല്‍പര്യം കൊണ്ടോ ആയിരിക്കാം മമ്മൂട്ടി ഈ പ്രോഗ്രാമില്‍ എത്തിയത് (മമ്മൂട്ടിയെപ്പോലൊരാള്‍ ഉണ്ടെങ്കിലെ തങ്ങളുടെ സീരിയല്‍ അവാര്‍ഡ് നൈറ്റ് വിറ്റുപോകൂ എന്നുറപ്പിക്കുന്ന ചാനലുകാര്‍ ഏതുവിധേനയും അദ്ദേഹത്തെ കൊണ്ടുവന്നതുമാകാം). പക്ഷേ മമ്മൂട്ടിയോട് എതിര്‍പ്പു തോന്നുന്നത് മറ്റൊരു കാര്യത്തിലാണ്. തന്റെ സമയം പാഴാകുന്നുവെന്ന് അദ്ദേഹത്തിന് തോന്നിയെങ്കില്‍, പ്രതികരിക്കേണ്ടത് ചാനലിനോടായിരുന്നു. അവിടെ വന്നിരുന്ന സീരിയല്‍ കലാകാരന്മാരോടല്ലായിരുന്നു, വിമര്‍ശിക്കണമെങ്കില്‍ ചാനലുകളുടെ ഈ അവാര്‍ഡ് കച്ചവടത്തെയായിരുന്നു, സീരിയലിനെ ആയിരുന്നില്ല. ബോധപൂര്‍വം മമ്മൂട്ടി ചാനലിനെ ഒഴിവാക്കിയതാണോ? 

മമ്മൂട്ടിയുടെ കടുത്ത രോഷം സീരിയലുകള്‍ കലാവൈകൃതങ്ങളാകുന്നു എന്നാണ്. കലയെ ആണല്ലോ അദ്ദേഹം ഫോക്കസ് ചെയ്തത്. ഇതേ വൈകൃതങ്ങള്‍ തന്നെയല്ലേ സിനിമയിലും നടക്കുന്നത്. അതോ അവിടെ എന്തു കാണിച്ചാലും കുഴപ്പമില്ലെന്നാണോ? മമ്മൂട്ടി, താങ്കള്‍ തന്നെ വൈകൃതങ്ങളെന്നും നിസ്സംശയം പറയാവുന്ന എത്ര സിനിമകളില്‍ ഈയടുത്ത കാലത്ത് അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷേ അങ്ങയുടെ ഫാന്‍സ് പറയുമായിരിക്കും അതൊക്കെ വിജയങ്ങളാണെന്നു. ശരിയാണ്, സാമ്പത്തിക വിജയം. അല്ലാതെ അവയൊന്നും കലാവിജയം ആയിരുന്നില്ലെന്ന് പറയാന്‍ യാതൊരു മടിയുമില്ല. അങ്ങേയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് നല്‍കുന്നൊരു സദ്ദസില്‍ വച്ച് മറ്റൊരാള്‍ ഈ വൈകൃതസിനിമകളെ കുറിച്ച് പറയുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം.

ബെസ്റ്റ് ഓഫ് അഴിമുഖം 

വിധേയന്‍മാരും മാടമ്പികളും മാത്രം വാഴുന്ന മലയാള സിനിമ; പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു
അടൂരില്‍ നിന്നുള്ള ഡോക്ടര്‍ ബിജു ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ആകരുത്
ഈ ശുദ്ധാത്മാവിനെ ഇങ്ങനെ കല്ലെറിയരുത്
ചെമ്മീനിന്റെ പകിട്ടില്‍ നിന്ന് എസ് എല്‍ പുരത്തിന് ഭ്രഷ്ട് കല്‍പ്പിച്ചത് ആരുടെ ഗൂഡാലോചന?
താനൊരു താരമല്ല, നടനാണ്‌ എന്ന ബോധമില്ലാത്ത മമ്മൂട്ടി

കല കലയ്ക്കു വേണ്ടിയുള്ളതാണെന്ന വാദമൊന്നും ഇക്കാലത്ത് ആരും ഉന്നയിക്കില്ല, കല കച്ചവവടത്തിനുവേണ്ടി മാത്രമുള്ളതാണെന്നതു തന്നെയാണ് ഇപ്പോഴത്തൈ പ്രമാണം. എങ്കില്‍ പിന്നെ സീരിയലുകള്‍ക്ക് മാത്രം എന്തേ അയിത്തം. എല്ലാ സിരിയലുകളും ഒരേ പോലെയിരിക്കുന്നുവെങ്കില്‍, അതു വിജയിച്ചൊരു കച്ചവട ഫോര്‍മുലയെ പിന്തുടരലാണ്. സിനിമയില്‍ അതില്ലേ. പാട്ടും ഇടിയും നായികയുടെ മേനി പ്രദര്‍ശനവും സിനിമയിലേയുള്ളൂ, സീരിയലുകളില്ല. കുടുംബ സീരിയലുകളെന്നാണല്ലോ അവയുടെ വിളിപ്പേരു തന്നെ. അങ്ങനെയൊരു മാന്യതയെങ്കിലും അവ കാണിക്കുന്നുണ്ട് (തിയെറ്ററില്‍ ഇരുന്ന് അശ്ലീല തമാശയും സഭ്യതവിട്ട രംഗങ്ങളും ആസ്വദിക്കുന്ന മലയാളി കുടുംബം തന്നെയാണ് ടീവിയിലിതൊന്നും പാടില്ലെന്നു പറയുന്നതും, വീടാണ് പ്രശ്‌നം). സീരിയലുകള്‍ കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്നും മനുഷ്യമനസ്സുകളില്‍ മാലിന്യം നിറയ്ക്കുമെന്നൊക്കെ പറയുന്നവര്‍ സിനിമയും ഇതേ തൊന്തരവുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മറന്നുപോകരുത്. സിനിമ കണ്ട പ്രചോദനത്തില്‍ അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ വന്ന വാര്‍ത്തകളെക്കാള്‍ കൂടുതലൊന്നും സീരിയലുകള്‍ കണ്ട് വഴിപിഴച്ചവരെ കുറിച്ച് വന്നിട്ടില്ല. വൈകൃതങ്ങള്‍ രണ്ടിടത്തുമുണ്ട്. സ്വന്തം കാലിലെ പുണ്ണ് മറച്ചുവച്ചുകൊണ്ട് മറ്റവന്റെ കാലിലെ വടുവിനെ ഭര്‍ത്സിക്കരുത്. ഏതെങ്കിലുമൊരു ചാനല്‍ സംഘടിപ്പിക്കുന്ന സിനിമ അവാര്‍ഡ് വിതരണ വേദിയില്‍ നിന്ന് സ്വന്തം തട്ടകത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും, അവാര്‍ഡ് നിശ സംഘടിപ്പിക്കുന്ന ചാനലിന്റെ അലോസരത്തെപ്പറ്റിയും ഇതേപോലെ ആത്മരോഷം കൊള്ളാന്‍ സാധിക്കുമെങ്കില്‍ അന്ന് കയ്യടിക്കാം അങ്ങേയ്ക്ക്.

മമ്മൂട്ടി പറഞ്ഞതിനോടല്ല, അതിനുപയോഗിച്ച സാഹചര്യത്തോടാണ് എതിര്‍പ്പ്. അത് പറഞ്ഞു കഴിഞ്ഞു. ഇനി പറയാനുള്ളത് പ്രിയപ്പെട്ട സീരിയല്‍ അഭിനേതാക്കളോടാണ്. ഒരു മനുഷ്യന്റെ പരുഷവചനങ്ങള്‍ മുഴവന്‍ തല താഴ്ത്തി കേട്ടിരുന്നിട്ട്, ഒന്നു പ്രതികരിക്കാന്‍പോലും ധൈര്യം കാണിക്കാത്തവരോട് സഹതപാമാണ് തോന്നുന്നത്, വിലകുറഞ്ഞ സഹതാപം. അടിയാള മനോഭാവത്തിന്റെ ഉദാത്തമാതൃകകള്‍ തന്നെ നിങ്ങള്‍. ഈ സംഭവത്തിന് സാക്ഷിയായി നിന്ന ഒരു അവാര്‍ഡ് ജേതാവിനെ ഫോണില്‍ വിളിച്ച് പ്രതികരണം ആരാഞ്ഞപ്പോളുള്ള മറുപടി ഇപ്രകാരമായിരുന്നു- എനിക്ക് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ല, ഇതൊരു സെന്‍സിറ്റീവ് ഇഷ്യൂ ആണ്. നിങ്ങള്‍ എന്തെഴുതിയാലും എന്റെ പേരു പറയുകപോലും ചെയ്യരുത്.- ഇല്ല, പറയില്ല, നിങ്ങളോട് ദയകാണിക്കുന്നു. പക്ഷേ ഒരു സംശയം, എങ്ങനെയാണ് സാര്‍ ഇതിത്ര സെന്‍സിറ്റീവ് ഇഷ്യൂ ആകുന്നത്. നിങ്ങളെ പരസ്യമായി ഒരാള്‍ അപമാനിച്ചതിന്റെ കഥ നാട്ടില്‍ അറിയാന്‍ ആരും ബാക്കിയില്ല. എന്നിട്ടാണോ നിങ്ങളത് ഗോപ്യമാക്കി വയ്ക്കാന്‍ പണിപ്പെടുന്നത്. പ്രിയ നായകാ…ഇത് സെന്‍സിറ്റീവിറ്റിയുടെ പ്രശ്‌നമല്ല, നിങ്ങളുടെ രോഗത്തിന്റെ പേര് ഭയമെന്നാണ്. 

ഒരു പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ അതു തിരിഞ്ഞുനിന്നു കുരയ്ക്കുകയെങ്കിലും ചെയ്യും. അതുപോലും ചെയ്യാന്‍ കഴിവില്ലാത്തവരോട് കൂടുതലെന്തു പറയാന്‍. അങ്ങും സിനിമയെന്ന മായിക ലോകത്തെ കുറിച്ച് സ്വപ്‌നം കാണുന്ന സീരിയല്‍ നടനാണെന്നു അറിയാം. എങ്ങനെയെങ്കിലും അവിടെയൊന്നു എത്തപ്പെട്ടിട്ട് സീരിയലിനെ മൊറാലിറ്റി പറഞ്ഞ് പരിഹസിക്കാന്‍ തയ്യാറാകുന്നവരുടെ സംഘത്തിലുള്ളവന്‍. അന്നമുണ്ണുന്ന പാത്രത്തില്‍ തന്നെ കാര്‍ക്കിച്ചു തുപ്പുന്നവന്റെ സാംസ്‌കാരം ഇതല്ല, ഇതിനപ്പുറം കാണിക്കാനുള്ള ആത്മബലം തരും. പക്ഷെ, നിലവില്‍ നിങ്ങളൊക്കെ സീരിയല്‍ താരങ്ങളാണല്ലോ. ഉണ്ട ചോറിനോട് നന്ദി കാണിക്കുന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ല കേട്ടോ.

ഒരാളെങ്കിലും, അതേ ഒരാളെങ്കിലും, ബഹുമാനപ്പെട്ട മമ്മൂട്ടി, അങ്ങയുടെ വിമര്‍ശനങ്ങള്‍ ശരിയായില്ലെന്നും അങ്ങയുടെ ആക്ഷേപം ഞങ്ങളെയെല്ലാവരേയും വേദനിപ്പിച്ചെന്നും പറയാന്‍ തയ്യാറായെങ്കില്‍. അതിനു തയ്യാറാകാതെ കുനിഞ്ഞിരുന്ന് കണ്ണീരൊപ്പിയത്രേ, കണ്ണീര്‍ പരമ്പരകളിലെ താരങ്ങള്‍ക്ക് അതല്ലേ അറിയൂ.

സിനിമയെ തള്ളിപ്പറയാന്‍ നിങ്ങള്‍ക്കൊന്നും ആവില്ലെന്നറിയാം. അതാണല്ലോ അള്‍ട്ടിമേറ്റ് ലക്ഷ്യം. മമ്മൂട്ടിയെ പോലൊരാളെ പിണക്കിയാല്‍ പിന്നെ അതുവെറുമൊരു സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്ന പേടിയാണ് നിങ്ങള്‍ക്ക്. നിങ്ങളുടെ സഹനത്തിനു മുന്നില്‍ നമിക്കുന്നു. മെഗാസ്റ്റാര്‍ പറഞ്ഞ കലാവൈകൃതത്തില്‍ വര്‍ഷങ്ങളോളം ഭാവം മാറ്റാതെ സാരി മാത്രം മാറ്റി മാറ്റിക്കൊണ്ട് അഭിനയിച്ചൊരു താരവും ആന്റി-സീരിയല്‍ സ്പീച്ച് കേട്ട് വേദിയിലുണ്ടായിരുന്നല്ലോ. പല അഭിമുഖങ്ങളിലും ആയമ്മ പറഞ്ഞതായി കേട്ടിട്ടുണ്ട്, അവരുടെ ബോള്‍ഡ് ക്യാരക്ടര്‍ ആണെന്ന്. വര്‍ഷം അധികമൊന്നും ആയിട്ടില്ല മാഡം അങ്ങ് മിനിസ്‌ക്രീനില്‍ നിന്ന് ഇറങ്ങി ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട്. നാലാളറിയുന്ന ഒരു മുഖം നിങ്ങള്‍ക്ക് കിട്ടിയത് ഒരു സീരിയലിലൂടെയാണ്. എന്നിട്ടും ആ ഭള്ളു പറച്ചില്‍ കേട്ട് ഒരു കുലുക്കവും തോന്നിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. അതോ താന്‍ അഭിനയിച്ച സീരിയല്‍ ഉദാത്ത കലാസൃഷ്ടിയാണെന്നാണോ ധാരണ. 

മിസ്റ്റര്‍ മമ്മൂട്ടി, കടുത്ത വിയോജിപ്പുണ്ടെങ്കിലും ഒരുതരത്തില്‍ നിങ്ങളുടെ താന്‍പോരിമയോട് ബഹുമാനം തോന്നുന്നു. പക്ഷേ, പ്രിയപ്പെട്ട സീരിയല്‍ നായകന്മാരേ…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍