UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്ക് വേണ്ടിയാണ് മലയാളിയുടെ ഈ ബുദ്ധിജീവി നാട്യങ്ങള്‍: മാമുക്കോയ തുറന്നടിക്കുന്നു

Avatar

കെ പി എസ് കല്ലേരി

“മലയാളി ബുദ്ധിജീവി നാട്യങ്ങള്‍ ആദ്യം ഒഴിവാക്കണം. അത് നാടകമായാലും സിനിമയായാലും. മനുഷ്യന്റെ ജീവിതവും അവന്റെ വികാരങ്ങളും വിചാരങ്ങളുമില്ലാതെ പുരസ്‌കാരങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് കലയെ സമീപിക്കുമ്പോഴാണ് അത് ജനങ്ങളില്‍ നിന്ന് അകന്നുപോകുന്നത്…” പറയുന്നത് ഗഫൂര്‍കാ ദോസ്ത്; മലയാളിയുടെ സ്വന്തം മാമൂക്കോയ. സിനിമയുടെ എത്രവലിയ തിരക്കുണ്ടായാലും നാടകങ്ങളെ മറക്കാതെ, കാര്‍ട്ടനുയരുന്നിടത്തെല്ലാം കാഴ്ചക്കാരനായി കയറിച്ചെല്ലുന്ന കോഴിക്കോട്ടുകാരുടെ മാമു. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ രണ്ടുദിവസവും ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി നാടക സദസ്സിന്റെ മുമ്പില്‍ തന്നെയുണ്ടായിരുന്നു മാമുക്കോയ. അതുകഴിഞ്ഞ ശേഷം കോഴിക്കോട് ദേശീയ നാടകോത്സവം വിരുന്നെത്തുമ്പോഴും തിരക്കുകളെല്ലാം വിട്ട് മാമൂക്കോയ ഓടിയെത്തി. ടാഗോര്‍ ഹാളിലും നളന്ദയിലുമായി കഴിഞ്ഞ നടന്ന ദേശീയ നാടകോത്സവ വേദിയില്‍ മാമുക്കോയയെ കാണുമ്പോള്‍ അല്‍പം ഗൗരവത്തിലായരുന്നു അദ്ദേഹം. 

 

ടാഗോര്‍ ഹാളില്‍ നിന്ന് കണ്ടിറങ്ങിയ മലയാള നാടകം അത്ര ദഹിച്ച മട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തുറന്നടിച്ചു.

‘സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്നതാകണം നാടകങ്ങള്‍. ഇത് ഒരുമാതിരി നാട്യങ്ങള്‍. പ്രേക്ഷകര്‍ക്ക് മനസ്സിലാവാത്ത നാടകങ്ങള്‍ എങ്ങനെയാണ് സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമാവുക. പരീക്ഷണങ്ങളുടെ പേരുപറഞ്ഞ് ഇപ്പോള്‍ പുറത്തിറക്കുന്ന പല നാടകങ്ങളും മനസിലാക്കാന്‍ പ്രയാസമുള്ളവയാണ്. കെ.ടി. മുഹമ്മദിനെപ്പോലെയുള്ളവരുടെ നാടകങ്ങള്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളോട് സംവദിക്കാനുള്ള അവയുടെ ശേഷിയും പ്രമേയത്തിന്റെ സാമൂഹിക പ്രതിബദ്ധതയും മൂലമാണ്. അല്ലാതെ ‘ബുദ്ധിജീവി’ കള്‍ക്ക് മാത്രം മനസ്സിലാവുന്ന നാടകങ്ങള്‍കൊണ്ട് കാര്യമില്ല.  ബുദ്ധിജീവികളെന്ന് പറഞ്ഞ് മുടിയും താടിയും വെട്ടാതെ കുളിക്കാതെ നടക്കുന്ന പലര്‍ക്കും സാമാന്യബുദ്ധി പോലുമുണ്ടോയെന്നു സംശയമാണ്. വലിയ ചര്‍ച്ചകളിലും മറ്റും വന്നിരുന്ന് തലയിടുകയും കൈയടിക്കുകയും ചെയ്യുന്ന പലര്‍ക്കും ഒരു ചുക്കും മനസ്സിലായിട്ടുണ്ടാവില്ല. ‘ബുദ്ധിജീവി’ ചമയുകയെന്നത് ഒരു തരം ഫാഷനാണിപ്പോള്‍. സിനിമയിലും ഇതുതന്നെയാണ് അവസ്ഥ. ഒരു ഭാഗത്ത് കുറേ ബുദ്ധിജീവികള്‍. മറുഭാഗത്ത് കച്ചവടക്കാരും. മുമ്പൊക്കെയുള്ള സംവിധായകര്‍ കലാ-സാഹിത്യബോധമുള്ളവരായിരുന്നു.എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ മുമ്പത്തെപ്പോലെ നല്ല കഥകളോ നോവലുകളോ സിനിമയാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല…’

മാമൂക്കോയ നാടകം കളിച്ചകാലത്തെ നാടകങ്ങള്‍?
അത് നാടകത്തിന്റെ സുവര്‍ണകാലമായിരുന്നു. അന്ന് ജനങ്ങള്‍ നാടകത്തെ നെഞ്ചിലേറ്റി നടന്നു. അവരുടെ ജീവിതവും പ്രയാസങ്ങളും സാമൂഹികമാറ്റങ്ങളുമായിരുന്നു നാടകം പറഞ്ഞത്. വലിയ സാമുഹിക വിപ്ലവങ്ങള്‍ക്ക് കാരണമായ ‘ഇത് ഭൂമിയാണ്’, ‘കറവറ്റ പശു’, ‘കാഫര്‍’ തുടങ്ങിയ പഴയകാല നാടകങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നങ്ങളായിരുന്നു പ്രമേയമാക്കിയത്. എന്നാല്‍ ഇന്ന് അത്തരം ശക്തമായ രചനകളുണ്ടാവുന്നില്ല. ജനങ്ങള്‍ നാടകത്തില്‍ നിന്ന് അകലാനുള്ള കാരണവും അതാണ്. സിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ നാടകാഭിനയം വെല്ലുവിളിയാണ്. സിനിമയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സാവകാശവും ഇവിടെ ലഭിക്കില്ല. ഓരോ കളിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നത് നാടകത്തിന്റെ സവിശേഷതയാണ്.

ഇടക്കാലത്ത് വീണ്ടും നാടകത്തിലേക്ക് വന്നല്ലോ…?
26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നു വര്‍ഷം മുമ്പാണ് വീണ്ടും നാടകത്തില്‍ വലിയ റോള്‍ അഭിനയിച്ചത്. ഇബ്രാഹിം വേങ്ങര സംവിധാനം ചെയ്ത ‘ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’ എന്ന നാടകമായിരുന്നു അത്. അതിലെ വില്ലന്‍ കഥാപാത്രമായിരുന്നു എന്റേത്. നന്നായി അധ്വാനിച്ച് ഏറെ പണം മുടക്കി ചെയ്ത ഈ ഗംഭീര നാടകത്തിന് ഗള്‍ഫ് നാടുകളില്‍ നിന്നടക്കം ക്ഷണം ലഭിച്ചിരുന്നുവെങ്കിലും സംഘാടകരുടെ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ കാരണം അതു നടന്നില്ല.

ആദ്യകാലത്ത് നാടകാഭിനയത്തിന് വലിയ എതിര്‍പ്പ് നേരിട്ടില്ലേ..?
നാടകവും സിനിമയുമെല്ലാം മുസ്‌ലീമിന് ഹറാമായിരുന്ന കാലത്താണ് എന്റേയും നാടക പ്രവേശം. നാടകങ്ങളോട് വലിയ എതിര്‍പ്പായിരുന്നു സമുദായത്തിനകത്ത് നിലനിന്നിരുന്നത്. നാടകത്തിലഭിനയിച്ചതു കാരണം ഒരു പ്രസിദ്ധീകരണസ്ഥാപനത്തിലെ സര്‍ക്കുലേഷന്‍ മാനേജര്‍ ജോലി നഷ്ടപ്പെട്ടയാളാണു ഞാന്‍. പക്ഷെ കെടിയേയും തിക്കോടിയനേയും വാസു പ്രദീപിനേയും പോലുള്ളവരുടെ സപ്പോര്‍ട്ടാണ് നാടകവും പിന്നീട് സിനിമയും എനിക്ക് പ്രാപ്യമാക്കിയത്. മുമ്പു കുന്ദമംഗലത്ത് പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന സമുദായ സംഘടനാ സമ്മേളനം നടന്നിരുന്നു. പ്രസംഗിക്കാനെഴുന്നേറ്റ വലിയ പണ്ഡിതന്‍, മൈക്കുകള്‍ എടുത്തുമാറ്റാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. പ്രവാചകന്റെ കാലത്ത് മൈക്കുണ്ടായിരുന്നില്ലെന്നായിരുന്നു പറഞ്ഞ കാരണം. പിറകെ വന്ന പ്രസംഗകരും മൈക്കില്ലാതെയാണ് പതിനായിരങ്ങളോട് സംസാരിച്ചത്. മുമ്പിലിരിക്കുന്ന പത്തോ അമ്പതോ പേര്‍ അവ കേട്ടുകാണും. പ്രവാചകന്റെ കാലത്തില്ലാതിരുന്ന മൈക്ക് ഉപയോഗിക്കാതിരുന്ന പണ്ഡിതന്‍, കുന്ദമംഗലത്തേക്ക് ജീപ്പിനു പകരം ഒട്ടകപ്പുറത്തായിരുന്നില്ലേ വരേണ്ടിയിരുന്നതെന്ന പിറ്റേന്നത്തെ പത്രത്തില്‍ കെ.ടി. മുഹമ്മദ് എഴുതിയിരുന്നു. പക്ഷെ അത്തരമൊരു വിമര്‍ശനത്തിന് സമുദായത്തിനകത്ത് നിന്ന് വലിയ കോളിളക്കമൊന്നും ഉണ്ടായില്ല. കെടി പറഞ്ഞതിന്റെ ശരി അവര്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഇക്കാലത്ത് കൂടുകയാണ്. സ്വന്തം സൃഷ്ടികള്‍ക്ക് സിനിമകള്‍ക്കോ എതിരേ ആരെങ്കിലും പ്രതികരിച്ചുപോയാല്‍ എന്തൊക്കെ പുകിലുകളാണ് ഇവിടെ നടക്കുന്നത്.

ദേശീയ നാടകോത്സവത്തക്കുറിച്ച്….?
ബുദ്ധിജീവി നാട്യങ്ങള്‍ മലയാളി കൈവിടണം എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. കേരളത്തില്‍ നിന്നുള്ളതും പുറത്തുനിന്നു വന്നതുമായി നിരവധി നാടകങ്ങള്‍ ഞാന്‍ കണ്ടു. ജീവിതഗന്ധിയും മനോഹരമായ അവതരണങ്ങളുമാണ്. നാടക സങ്കേതങ്ങള്‍ക്ക് തന്നെ വലിയ മാറ്റം വന്നു. ഇത്തരം നാടകമേളകള്‍ കേരളത്തില്‍ തളര്‍ന്നുകൊണ്ടരിക്കുന്ന നാടകപ്രസ്ഥാനങ്ങള്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കുകതന്നെ ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍