UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുപാട് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള മണ്ടന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു: മാമുക്കോയ

“വിദ്യാഭാസം മാത്രം പോര സഹജീവികളെ മനസ്സിലാക്കാനുള്ള സംസ്കാരവും കൂടെ വേണം. കുടുംബ സംസ്കാരം, സമുദായ സംസ്കാരം, പ്രാദേശിക സംസ്കാരം, കൂടായ്മയുടെ സംസ്കാരം ഇതെല്ലാം യോജിപ്പിച്ച് നമ്മള്‍ കുട്ടികളെ പഠിപ്പിക്കണം”

ഒരു കാലത്തു മലയാള സിനിമയില്‍ മാറ്റി നിര്‍ത്താനാവാത്ത മുഖങ്ങളില്‍ ഒന്നായിരുന്നു മാമുക്കോയയുടേത്. സ്വതസിദ്ധമായ പ്രതിഭകൊണ്ടു നിരവധി സിനിമകളില്‍ നമ്മെ അമ്പരപ്പിക്കുകയും ജീവിതഗന്ധിയായ നര്‍മ്മങ്ങള്‍ കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത മാമുക്കോയ കേവലം ഒരു നടന്‍ മാത്രമായിരുന്നില്ല. മലബാറിന്റെ സാമൂഹ്യ സാംസ്കാരിക വളര്‍ച്ചയോടൊപ്പം നടന്ന കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ കൂടിയായിരുന്നു. രാഷ്ട്രീയം, സംസ്കാരം, ഭാഷ, നാടകം, സിനിമ, ജാതിമത വിവേചനങ്ങള്‍, ഭക്തി, വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, സ്ത്രീസ്വാതന്ത്ര്യം, പ്രണയം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തില്‍ മാമുക്കോയ സംസാരിക്കുന്നു. കഴിഞ്ഞ അറുപത് വര്‍ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ മാമുക്കോയ വിലയിരുത്തുന്നത് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്.

സൃഷ്ടാവ് നമ്മക്ക് തന്ന ആനുകൂല്യങ്ങള്‍ക്ക് നന്ദി പറയലാണ് എന്‍റെ ഭക്തി. യഥാര്‍ഥത്തില്‍ ഭക്തി ഉള്ളില്‍ നിന്നു വരേണ്ടതാണ്. പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇപ്പോ ഓരോ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഭക്തി ഉണ്ടാക്കുകയാണ്. പ്രസംഗത്തിലൂടെ ഉണ്ടാക്കുന്ന ഒരു ഭക്തി റൂട്ട്. പണ്ട് ബാബുക്കയും കോഴിക്കോട് അബ്ദുള്‍ ഖാദറുമൊക്കെ പാടിത്തകര്‍ത്തത് മുസ്ലിം കല്യാണ വീടുകളിലാണ് ഇന്ന് വിവാഹത്തിന് ഗാനമേള നടത്തിയാല്‍ ചില മഹല്ല് ഒറ്റപ്പെടുത്തുന്ന രീതിയുണ്ട്.

പാട്ടുകേള്‍ക്കലും ഫോട്ടോ എടുക്കലും മൈക്ക് ഉപയോഗിക്കുന്നതും ഹറാമാണെന്ന് പണ്ടും പറഞ്ഞിട്ടുണ്ട്. ഇന്ന് മൈക്ക് ഇല്ലാതെ ഉറങ്ങാനാവില്ല. ഹജ്ജിന് പോകണമെങ്കില്‍ പാസ്പോര്‍ട്ട് വേണം അതിനു ഫോട്ടോ എടുക്കണം അപ്പോ ഹറാം ഹലാല്‍ ആകുന്നു. എന്‍റെ ബാപ്പയും ഉമ്മയും ഒക്കെ പഴയ പണ്ഡിതന്മാര്‍ പറയുന്നതു കേട്ടു എത്ര ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാവും എന്നു ആലോചിക്കുമ്പോള്‍ എനിക്കു വിഷമം തോന്നാറുണ്ട്. ലോകം മാറുമ്പോള്‍ നമ്മള്‍ മാറി നില്‍ക്കേണ്ടവരല്ല. അത് പാടില്ല ഇത് പാടില്ല എന്നുപറഞ്ഞു നമ്മള് സ്വയം അന്യരാകേണ്ടതില്ല.

മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോകുന്നതിനു പകരം മക്കത്ത് പോകാത്തതെന്താന്നു ഒരുകുട്ടി ചോദിച്ചതായി എവിടെയോ വായിച്ചു. ഇതാണ് കാലം ഇങ്ങനെ ഒരു ചിന്ത മുന്‍പുണ്ടായിരുന്നില്ല. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കോഴിക്കോട് ഉണ്ടായിരുന്നപ്പോള്‍ കോഴിപ്പുറത്ത് മാധവ മേനോനും കുട്ടിമാളു അമ്മയുമൊക്കെയാണ് അദ്ദേഹത്തെ ആദരിച്ചു നടന്നത്. നായന്മാരും മേനോന്‍ മാരുമാണ് അദ്ദേഹത്തെ കൂടുതല്‍ തുണച്ചത്. കെ എ കൊടുങ്ങല്ലൂരിനെയും ബാബുക്കയെയും ഒക്കെ ആളുകള്‍ ഇഷ്ടപ്പെട്ടത് ജാതി നോക്കിയിട്ടായിരുന്നില്ല. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒരു സൌഹൃദം ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ഒരു മുജാഹിദ് പള്ളിയില്‍ ജുമുഅക്ക് പോയി. ഓണാഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കരുതെന്ന് ഖുതുബയില്‍ പറയുന്നത് കേട്ടു. എനിക്കതുകേട്ടപ്പോള്‍ ഭയങ്കര വിഷമം തോന്നി. ഓണവും പെരുന്നാളുമൊക്കെ മലയാളികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണം കൊടുക്കുന്ന കാലമാണ്. ഓണം, പെരുന്നാള്‍, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളൊക്കെ സ്നേഹം ഊട്ടി ഉറപ്പിക്കുന്ന ആഘോഷങ്ങളാണ് ആ നിലപാടിനെ എതിര്‍ക്കണമെന്ന് തോന്നി പക്ഷേ അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ കച്ചറയാകും ഞാന്‍ ഒറ്റപ്പെട്ടു പോകും. വൃത്തികെട്ട ഒരു ബോധം എങ്ങനെയോ വരികയാണ്. സമൃദ്ധിയിലുള്ള ഒറ്റപ്പെടലിനെക്കാള്‍ ദാരിദ്ര്യത്തിലെ സ്നേഹവും ഐക്യവും അന്നുണ്ടായിരുന്നു. എല്ലാം തികഞ്ഞു ലാവിഷായിരിക്കുമ്പോഴാണ് വൃത്തികെട്ട ചിന്തകള്‍ വരിക. സമൃദ്ധി വരുമ്പോ ഞാനായി എന്‍റെ ജാതിയായി എന്‍റെ മതമായി. പൈശകൂടിവരുമ്പോള്‍ മനുഷ്യരുടെ ബോധം അല്പം കുറയുന്നുണ്ടെന്നാ എന്‍റെ തോന്നല്.

നമ്മള് ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഭാഷയാണ്. പച്ചവെള്ളം പോലെ ഒഴുകുന്ന ഭാഷ, നമ്മുടെ ദേശം നമ്മുടെ ഭാഷ തന്നെയാണ്. ഭാഷയുടെ പേരില്‍ മാപ്പിളമാര്‍ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. അത് ഉള്ളില്‍ തട്ടുന്ന പരിഹാസമൊന്നും ആയിരുന്നില്ല. ‘ഹമുക്ക് വാക്ക് ചെവിക്ക് പുറത്ത്’ എന്നുകണ്ടു പഴയ മാപ്പിളമാര്‍ അത് തള്ളിക്കളകയാണുണ്ടായത്. പുതിയ തലമുറ ഒരേ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൊക്കെ സാഹിത്യ ഭാഷയാണ്. അതിലും ചില കുത്തിത്തിരുകലുകള്‍ നടക്കുന്നുണ്ട്. പണ്ട് ഒരാള്‍ ചമ്മിയാല്‍ സൂയിപ്പായി എന്നാണ് നമ്മള്‍ പറയുക. ഇന്ന് ശശിയായി എന്നാണ് പറയുന്നതു. ചെത്ത് പിള്ളേര്, അടിപൊളി എന്നൊക്കെ യുവതലമുറയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുകളാണ്. കോഴിക്കോടന്‍ ഭാഷയില്‍ അന്നൊക്കെ അധികമായി ഉപയോഗിച്ചിരുന്ന വാക്കുകളാണ് മക്കാറാക്കുക, കിഴങ്ങന്‍, പൊങ്ങന്‍ എന്നൊക്കെ. അതൊന്നും ഇപ്പോള്‍ അധികം കേള്‍ക്കാറില്ല. അറുപത് വര്‍ഷത്തിനിടയില്‍ ഒഴുകി വന്ന വാക്കുകളും ഒലിച്ചുപോയ വാക്കുകളും നിരവധിയുണ്ട്. സോഷ്യല്‍ മീഡിയയിലെ നോസ്റ്റാള്‍ജിയ കാരണം നാരങ്ങ മുട്ടായി ഇപ്പോ തിരിച്ചു വന്നിട്ടുണ്ട്. അതുപോലെ ഭാഷയും മറ്റൊരു വഴിയിലൂടെ തിരിച്ചു വരും. ഭാഷ നഷ്ടപ്പോ നമുക്ക് കുറെ രോഗങ്ങള്‍ തിരിച്ചു കിട്ടി. ചികിത്സയുമായി ബന്ധപ്പെട്ടു കുറെ പുതിയ വാക്കുകള്‍ വന്നു. അങ്ങാടിയിലെ പഴയ ഭാഷാപോലെ ആശുപത്രിയുമായി ബന്ധപ്പെട്ടും പുതിയൊരു ഭാഷ രൂപപ്പെടുന്നുണ്ട്. ആശുപത്രിയിലും അങ്ങാടിയിലും ബിവറേജസിലും നിറച്ചും ആളുകളാണിപ്പോള്‍. രോഗത്തിനും ഉന്‍മാദത്തിനും ഇടയിലൂടെയുള്ള ഒരോട്ടപ്പാച്ചിലിലാണ് നമ്മള്‍ മലയാളികള്‍.

സ്ത്രീ ശാക്തീകരണം എന്ന വാക്കുതന്നെ ഞാന്‍ ഇപ്പോഴാ കേള്‍ക്കുന്നത്. ആണുങ്ങള് പോകുന്നിടത്തൊക്കെ പെണ്ണുങ്ങള്‍ക്കും പോകണമെന്നാണ് അതിന്റെ അര്‍ത്ഥം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മുടെ സംസ്കാരം അത്ര മെച്ചപ്പെട്ടിട്ടില്ല. സെക്യൂരിറ്റിയില്ല. ലൌ എന്നത് ആളുകളെ ട്രാപ്പില്‍ പെടുത്തുന്ന ഗൌരവമില്ലാത്ത ബാലിശമായി .പെട്ടുപോകുന്ന സംഗതി ആയി മാറിപ്പോകുന്നുണ്ട് ചിലപ്പോള്‍. അത് നമ്മള്‍ ശ്രദ്ധിയ്ക്കണം. മുസ്ലിം സ്ത്രീകള്‍ ധാരാളമായി ഷോപ്പിങ്ങിനോക്കെ ഇറങ്ങുന്നത് ഗുണപരമായ മാറ്റമാണ്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്തെ ചിന്ത പുറത്തുപോകുന്ന സ്ത്രീകള്‍ വഴിപിഴച്ചവരാണ് എന്നായിരുന്നു. തന്‍റേടമുള്ള പെണ്ണ് എന്ന ഒരു ധാരണ ഇപ്പോഴുണ്ട്. അത് നല്ലതാണ്. തന്‍റേടമുള്ള പെണ്ണിനോട് പുരുഷന്‍ വഴിവിട്ട് പെരുമാറില്ല.

ഇപ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കാരവാന്‍ ഉണ്ട്. പഴയ സിനിമാ സെറ്റുകളില്‍ സ്നേഹവും തമാശകളും ഒക്കെയായി ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. എത്ര കൊല്ലം ചോദിച്ചാലും ഒരേ വയസ്സു പറയുന്ന ശങ്കരാടി നിര്‍മ്മലമായ മനസ്സോടെ അത് കേട്ടിരിക്കുന്ന ഒടുവിലാന്‍ അങ്ങനെ തമാശകള്‍ പറഞ്ഞും സങ്കടങ്ങള്‍ പങ്കുവെച്ചും പരസ്പരം രൂപപ്പെടുന്ന ഒരു ജീവിത കാഴ്ചപ്പാട് ഉണ്ടായിരുന്നു. പഴയ തലമുറയുടെ ഭാഗ്യമായിരുന്നു അത്.  

പുതിയ തലമുറ കാണുന്ന കാഴ്ചക്കനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. പഴയ മനുഷ്യരുടെ ത്യാഗങ്ങളൊന്നും അവര്‍ ഓര്‍ക്കുന്നില്ല. ഉമ്മാനെയും ബാപ്പാനെയുമൊക്കെ എങ്ങനെയാണ് വീട്ടില്‍ നിന്നു പുറത്താക്കുക എന്നാണ് പുതിയ തലമുറ ചിന്തിക്കുന്നത്. പ്രായമുള്ളവരെ വീട്ടില്‍ നിന്നു മാറ്റുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളെ തന്നെയാണ് മാറ്റുന്നത്. വീട്ടില്‍ തനിച്ചാവുന്ന വൃദ്ധര്‍ മരിക്കുന്നത് രോഗം കൊണ്ടല്ല. ബോറടിച്ചാണ്. ഒറ്റയ്ക്ക് മനുഷ്യന്മാരില്ലാത്ത വീട്ടില്‍ താമസിക്കുന്നതിനെക്കാള്‍ നല്ലത് വൃദ്ധ സദനത്തില്‍ സമപ്രായക്കാരോടൊപ്പം ചിലവഴിക്കുന്നതാണ്.

രാഷ്ട്രീയ സാക്ഷരതയുള്ള നാട് എന്നൊക്കെ നമ്മള്‍ പറയും. മണ്ണാങ്കട്ടയാണ്. പരസ്പരം അരിഞ്ഞു വീഴ്ത്തുന്നത് എന്തു പൊളിറ്റിക്സാണ്. നമ്മുടെ ബോധം മെച്ചപ്പെട്ടിട്ടില്ല എന്നല്ലേ മനസ്സിലാക്കുന്നത്. കൊലപാതകങ്ങളെ രാഷ്ട്രീയമായി ന്യായീകരിച്ചിട്ടു കാര്യമില്ല. നേതാക്കന്‍മാര്‍ സുരക്ഷിതരാണ്. അരക്ഷിതരാകുന്നത് അണികളാണ്. അറുപത് വര്‍ഷത്തിനിടയില്‍ മലയാളി ‘ഭയങ്കരനായ മലയാളി’ യായി മാറി. കൊല്ലപ്പെടുന്നത് ആറുമാകട്ടെ മലയാളി മലയാളിയെയാണ് കൊല്ലുന്നത്. എങ്ങനെയാണ് വെട്ടി വെട്ടി ജീവനെടുക്കാന്‍ പറ്റുന്നത്. അറുപത് കൊല്ലമായിട്ടും ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ മനസ്സിലാക്കാന്‍ പറ്റുന്നില്ല. രാഷ്ട്രീയത്തില്‍ മാത്രമല്ല വിശ്വാസത്തിലും ഭയങ്കരമായ അധഃപതനം വന്നിട്ടുണ്ട്. 

ജനനത്തിനും മരണത്തിനും ഇടയിലുള്ള ദൂരത്തില്‍ എങ്ങനെ നന്നായി ജീവിക്കാം എന്ന തിരിച്ചറിവുണ്ടാക്കുന്ന ബോധത്തെയും സംസ്കാരത്തെയുമാണ് വിദ്യാഭ്യാസം എന്നു പറയുന്നത്. ഒരുപാട് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള മണ്ടന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് ഇന്ന്. പഠിക്കാത്ത കുറെ മനുഷ്യരുടെ ശ്വാസോഛ്ച്വാസം കൊണ്ടുകൂടിയാണ് ഈ ലോകം മുന്നോട്ട് പോകുന്നത്. ടെററിറിസ്റ്റുകളൊക്കെ ഹൈ എഡുക്കേറ്റഡ് ആണ്. പരസ്പരം കശാപ്പുചെയ്യുന്ന ആള്‍ക്കാര്‍ക്ക് ഉന്നത വിദ്യാഭാസം ഉണ്ട്. വിദ്യാഭാസം മാത്രം പോര സഹജീവികളെ മനസ്സിലാക്കാനുള്ള സംസ്കാരവും കൂടെ വേണം. കുടുംബ സംസ്കാരം, സമുദായ സംസ്കാരം, പ്രാദേശിക സംസ്കാരം, കൂടായ്മയുടെ സംസ്കാരം ഇതെല്ലാം യോജിപ്പിച്ച് നമ്മള്‍ കുട്ടികളെ പഠിപ്പിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍