UPDATES

വിദേശം

മാഞ്ചസ്റ്റര്‍ സ്‌ഫോടനം; അമേരിക്കയ്‌ക്കെതിരേ ബ്രിട്ടന്‍

ന്യുയോര്‍ക്ക് ടൈംസ് ആണ് ചിത്രം പുറത്തുവിട്ടത്

മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ നിര്‍ണായക വിവരങ്ങളും ചിത്രവും അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍ ബ്രിട്ടന് അമര്‍ഷം. ബ്രസല്‍സ്സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ ഈ കാര്യം അദ്ദേഹത്തിന്റെ മുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഉന്നയിക്കും. കുട്ടികള്‍ അടക്കം 22 പേരാണ് തിങ്കളാഴ്ച രാത്രിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.64 പേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനുവമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അമേരിക്കന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് വഴിയോ വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ നിന്നോ ആകണം ന്യുയോര്‍ക്ക് ടൈംസ് പത്രത്തിനു വിവരങ്ങളും ചിത്രവും ചോര്‍ന്നിരിക്കുന്നതെന്നാണു ബ്രിട്ടീഷ് കേന്ദ്രങ്ങള്‍ കരുതുന്നതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞങ്ങള്‍ രോഷാകുലരാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഈ ചിത്രം ചോര്‍ന്നിരിക്കുന്നത് അമേരിക്കന്‍ സംവിധാനത്തിന്റെ ഉള്ളില്‍ നിന്നു തന്നെയാണ്. ഇരകളെയും അവരുടെ ബന്ധുക്കളെയും ഈ നാടിനെ തന്നെ അപമാനിക്കുന്ന കാര്യമാണ്. ഈ പ്രശ്‌നം ഓരോ ഘട്ടത്തിലും ഞങ്ങള്‍ അമേരിക്കന്‍ അധികൃതരുടെ മുന്നില്‍ ഉയര്‍ത്തും; ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ദി ഗാര്‍ഡിയനോടു പറഞ്ഞു.

ന്യുയോര്‍ക്ക് ടൈംസ് പുറത്തുവിട്ട സ്‌ഫോടനസാമഗ്രിയുടെതെന്നു സംശയിക്കുന്ന ചിത്രം

സ്‌ഫോടനത്തിനു കാരണമായ ഉപകരണത്തിന്റെതെന്നു സംശയിക്കുന്ന ചിത്രം ന്യുയോര്‍ക്ക് ടൈംസ് പുറത്തു വിട്ടതിനു പിന്നാലെ തന്നെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആമ്പെര്‍ റൂഡ് അമേരിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ട് സ്‌ഫോടനവുമായയി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചാവേര്‍ ആയ സല്‍മാന്‍ അബേദിയുടെ പേരു വിവരങ്ങളും അമേരിക്കന്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇതു വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്; റൂഡ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇനി ഒരു വിവരവും പുറത്തുവിടരുതെന്ന് വളരെ വ്യക്തമായി തന്നെ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. തങ്ങളുടെ ഉത്കണ്ഠ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ നേരില്‍ തന്നെ ധരിപ്പിക്കുമെന്നും ബ്രിട്ടീഷ് കേന്ദ്രങ്ങള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍