UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി വണ്‍, ടു, ത്രീ.. ഇല്ല: മണിക്കെതിരായ കേസ് തള്ളി

മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു

മണക്കാട് പ്രസംഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്കെതിരായ കേസ് തള്ളി. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.

നേരത്തെ കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ടു മണി സമര്‍പ്പിച്ച ഹര്‍ജി തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാം പ്രതിയായി മണി വിചാരണ നേരിടണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.
2012 മെയ് 25നാണ് എം.എം. മണി വിവാദമായ മണക്കാട് പ്രസംഗം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ടായിരുന്നു മണിയുടെ വിവാദ പ്രസംഗം.

കൂടാതെ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്നും മണി പറഞ്ഞു. അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണ് മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇതേത്തുടര്‍ന്ന് തൊടുപുഴ പോലീസ് മണിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

1982 നവംബര്‍ 13ാം തിയ്യതിയാണ് അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. അന്ന് ഒമ്പതു പേരെ പ്രതികളാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും 88ല്‍ ഇവരെ കോടതി വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു. 2012ല്‍ മണിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

പ്രകോപനപരവും ഭീതി പരത്തുന്നതും ലഹളയ്ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനുമുളള വകുപ്പുകളാണ് മണിക്കെതിരെ ചുമത്തിയത്. ഈ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ കോടതിക്ക് സമീപം ലഡു വിതരണം നടത്തി.

മണക്കാട് പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ മണിക്കെതിരെ മൂന്ന് കേസുകള്‍ കൂടി നിലനില്‍ക്കുന്നുണ്ട്. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസുകളാണ് ഇവ. ഇതില്‍ അഞ്ചേരി ബേബി വധക്കേസില്‍ മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. വിചാരണ നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രസംഗത്തിന്റെ പേരില്‍ 45 ദിവസം യുഡിഎഫ് സര്‍ക്കാര്‍ മണിയെ ജയിലില്‍ അടച്ചിരുന്നു. കൂടാതെ ഒമ്പത് മാസത്തേക്ക് അദ്ദേഹത്തെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍