UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ചന്‍മാരെ നിരീക്ഷിക്കാന്‍ പള്ളിമേടകളില്‍ സിസിടിവി ക്യാമറകള്‍

എല്ലാ ഇടവകകളിലും പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കാനും തീരുമാനിച്ചു

കൊട്ടിയൂര്‍ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ പള്ളിമേടകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ മാനന്തവാടി അതിരൂപത തീരുമാനിച്ചു. ഭാവിയിലും വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളിലൊന്നായാണ് ഇത്.

കൂടാതെ വൈദികരെയും സന്യസ്തരെയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ ഇടവകകളിലും പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കാനും തീരുമാനിച്ചു. മാനന്തവാടി രൂപതയിലെ വൈദികരുടെയും പാസ്റ്റര്‍ കൗണ്‍സിലിന്റെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യോഗം ചേര്‍ന്നത്. അതേസമയം യോഗതീരുമാനങ്ങള്‍ രൂപതാ അധികൃതര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതെ എത്രയും വേഗം നടപ്പാക്കാനാണ് തീരുമാനം. പരാതി പരിഹാര സെല്‍ ഉടന്‍ രൂപീകരിച്ച് ഇടവകയില്‍ നിന്നും കിട്ടുന്ന പരാതികള്‍ എത്രയും വേഗം പരിഗണിച്ച് പരിഹാരം നല്‍കണമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. സമിതിയില്‍ വൈദികര്‍, കന്യാസ്ത്രീകള്‍, അല്‍മായര്‍ എന്നിവരെ ഉള്‍പ്പെടുത്തണം.

പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. പള്ളിമേടയിലെ സന്ദര്‍ശകര്‍ ആരെന്ന് മനസിലാക്കാന്‍ ആണ് ഇത്. ഇതുവഴി പള്ളിമേടകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ഇടവകകളില്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ മാത്രം പൂര്‍ത്തിയാക്കും. പിരിവിന്റെയോ സംഭാവനയുടെയോ പേരില്‍ ഒരു ശിക്ഷാ നടപടികളും പാടില്ല. അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് വസ്ത്രം മാറാന്‍ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കണം. പള്ളിമുറിയില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ഇടവക വികാരി, അസിസ്റ്റന്റ് വികാരിമാര്‍ എന്നിവര്‍ക്ക് മാത്രമാണ് പള്ളിമുറിയില്‍ രാത്രി തങ്ങാന്‍ അനുവാദമുണ്ടായിരിക്കൂ. കൗണ്‍സിലിംഗ് പോലുള്ളവ പൊതുസ്ഥലത്ത് മാത്രമേ നടത്താന്‍ പാടുള്ളൂ. ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ വിദേശയാത്രയ്ക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുകയാണ്. വൈദികരുള്‍പ്പെടെയുള്ളവരെക്കുറിച്ച് രൂപതയ്ക്ക് പരാതി നല്‍കാം. കുര്‍ബാന പ്രസംഗത്തിനിടയില്‍ വൈദികന്‍ ആരെയും തേജോവധം ചെയ്യാന്‍ പാടില്ല. പിരിവ്, സംഭാവന എന്നിവ കുടിശികയായതിന്റെ പേരില്‍ വിവാഹം, മാമോദീസ, മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങിയവ നിഷേധിക്കാന്‍ പാടില്ല.

വൈദികരുടെയും സന്യസ്തരുടെയും ആഡംബര ജീവിതത്തെ അല്‍മായര്‍ യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഒരു വൈദികന്റെ പ്രവര്‍ത്തി മുഴുവന്‍ വൈദിക സമൂഹത്തിനും അപമാനമായതിനാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം കൊട്ടിയൂര്‍ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം രൂപതാ നേതൃത്വത്തിനാണെന്നാണ് പല അല്‍മായരുടെയും നിലപാട്. ഫാ. റോബിനെക്കുറിച്ച് പല ഭാഗത്തുനിന്നും പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ മൗനം പാലിച്ചതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തില്‍ പൊതുചര്‍ച്ചയ്ക്ക് ഇടനല്‍കാതെ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേരം തന്നെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍