UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്ജെന്‍ഡര്‍ ഒരു ഭീകരജീവിയല്ല

Avatar

വ്യാസ് ദീപ്

ഇന്ന് കോഴിക്കോട്ടു വെച്ച്  നടക്കുന്ന കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയുടെ മുന്നോടിയായി കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ നടന്ന മാനവീയം ക്വീര്‍ ഫെസ്റ്റിവല്‍ അതിന്‍റെ സംഘാടകന്‍ എന്ന നിലയിലും എല്‍ ജി ബി ടി സമൂഹത്തിലെ ഒരാള്‍ എന്ന നിലയിലും കലാപ്രേമി എന്ന നിലയിലും സാമൂഹ്യ ജീവി എന്നനിലയിലും എനിക്ക് നല്‍കിയ സന്തോഷവും ചാരിതാര്‍ത്ഥ്യവും വാക്കുകളില്‍ വിവരിക്കാവുന്നതല്ല.

കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയുടെ പ്രചാരണാര്‍ഥം വിവിധ ജില്ലകളില്‍ ഒരുപാട് ഇവന്‍റുകള്‍ നടത്തി ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയില്‍ അടുപ്പവും ആത്മവിശ്വാസവും ഊട്ടിയുറപ്പിച്ചെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തിരുവനന്തപുരത്ത് മാനവീയം വീഥിയിലെ തെരുവോരക്കൂട്ടവും കമ്യൂണിറ്റി സംഘടനകളുമായും സഹകരിച്ച് പരിപാടി നടത്താം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എല്ലാ ഞായറാഴ്ച്ചകളിലും പതിവായി കലാസാംസ്കാരിക പരിപാടികള്‍ മാനവീയം വീഥിയില്‍ വെച്ച് നടത്തിപ്പോരുന്ന, പേരിനെ അന്വര്‍ത്ഥമാക്കുംവിധം പൂര്‍ണമായും ജനകീയമായ ഒരു സംഘമാണ് അവര്‍.  പൊതുഇടങ്ങളെ നിലനിര്‍ത്തുകയും അവയെ കലാ സാംസ്കാരിക പ്രവര്‍ത്തങ്ങള്‍ക്ക് വേദിയാക്കി തനതായ രീതിയില്‍ സാമൂഹ്യമാറ്റത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ഈ കൂട്ടത്തിന്‍റെ ആട്ടവും പാട്ടും ഊര്‍ജവും ഉത്സാഹവും കൊണ്ട് പൂരിതമായ ഞായറാഴ്ച പരിപാടിയില്‍ ഞാന്‍ എത്തുന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ്.  യാദൃശ്ചികമായി വഴിവക്കില്‍ വലിയ ജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു പരിപാടി എന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് അവിടെ ആടിപ്പാടി ഉല്ലസിക്കുന്ന പെണ്‍കൂട്ടമാണ്‌. പൊതുവേ ആണുങ്ങള്‍ മാത്രം ആടുകയും പാടുകയും ചെയ്യുക എന്ന അവസ്ഥയ്ക്ക് ചെറിയൊരു മാറ്റമുണ്ടാകുന്ന ഒരു സാഹചര്യം ഒരു പൊതുനിരത്തിലെ പരിപാടിയില്‍ ഇത്ര എളുപ്പത്തില്‍ നടക്കുന്നു എന്നത് വിസ്മയകരമായി തോന്നി. ആദ്യത്തെ ദിവസം ഞാനെത്തുമ്പോള്‍ ഒരുപാട് പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്യാനുണ്ടായിരുന്നു. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സിറ്റികളില്‍ കുറേ ജീവിച്ചിട്ടുണ്ട് എങ്കിലും  ഇത്തരം ഒരിടം അവിടെയൊന്നും കണ്ടിട്ടില്ല. ഇന്ത്യയില്‍ തന്നെ മറ്റെവിടെയെങ്കിലും നഗരത്തില്‍ ഇതുപോലെയൊരു കൂട്ടം ഉണ്ടാകുമെന്നും തോന്നുന്നില്ല. 

വ്യത്യസ്തതകളെ അലിയിച്ചു കളയാന്‍ ആട്ടവും പാട്ടും ഉപയോഗിക്കപ്പെടുന്നതിന്‍റെ സാധ്യതകളെപ്പറ്റിയൊക്കെ കുറേ ചിന്തിച്ചു എങ്കിലും ഇതേ വീഥിയില്‍ ട്രാന്‍സ് കൂട്ടുകാരെ കൊണ്ടുവന്ന് സോഷ്യലൈസ്‌ ചെയ്യുക എന്നതൊന്നും എനിക്ക് ചിന്തിക്കാന്‍ പറ്റാത്തതായിരുന്നു.  ഇടയ്ക്ക് വെച്ച് ആരോ പറയുന്നതും കേട്ടു, കഴിഞ്ഞ വര്‍ഷം ഇങ്ങനെയൊരു  ഇവന്‍റ് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വിധം ട്രാന്‍സ് സമൂഹം തൊട്ടുകൂടാത്തവരായിരുന്നു എന്ന്.  കുറച്ചു മാസങ്ങള്‍ കൊണ്ടുണ്ടായ മാറ്റം അതിശയിപ്പിക്കുന്ന തരത്തിലാണ്. ഇക്വാലിറ്റി പൊളിറ്റിക്സിന് വേണ്ടി നിലകൊള്ളുന്ന ഒരാളെന്ന നിലയില്‍  പെണ്‍കുട്ടികള്‍ ഇടം നേടിയെടുത്ത മാനവീയം വീഥിയില്‍ അതേ ഉല്ലാസത്തോടെ ട്രാന്‍സ് സമൂഹവും  ആടിപ്പാടുന്നതിന് ചെറിയ കാരണക്കാരനായി എന്നതിലും ചാരിതാര്‍ത്ഥ്യം നല്‍കുന്ന മറ്റെന്തെങ്കിലും കാര്യം ഈ വര്‍ഷം എന്നെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.

തിരുവനന്തപുരത്തെ ട്രാന്‍സ് സമൂഹത്തിന്‍റെ കൂട്ടായ്മയായ ഒയാസിസ്‌ കള്‍ച്ചറല്‍ സൊസൈറ്റിയിലെയും മറ്റ് ക്വീര്‍ കൂട്ടായ്മകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കുറച്ചു പേരുടെ ഡാന്‍സ് പെര്‍ഫോമന്‍സ് തെരുവോരക്കൂട്ടത്തിന്‍റെ പതിവ് പരിപാടികള്‍ക്കൊപ്പം നടത്തുക എന്ന തരത്തിലായിരുന്നു ആദ്യം ഇത് വിഭാവനം ചെയ്തത്. എന്നാല്‍ ക്വീര്‍ പ്രൈഡ് കേരളത്തിന്‍റെയും ഒയാസിസ്‌ കൂട്ടായ്മയുടെയും തെരുവോരക്കൂട്ടത്തിന്‍റെയും ആദ്യയോഗത്തില്‍ തന്നെ ഇത് അങ്ങനെ ചെറിയ പരിപാടിയായി നടത്താനുള്ളതല്ല എന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നു വന്നത്. ഒരു ഞായറാഴ്ച മുഴുവന്‍ തെരുവോരക്കൂട്ടം നിങ്ങള്‍ക്ക് വേദിയും സൗകര്യങ്ങളും ഒരുക്കിത്തരാം, നിങ്ങള്‍ ഏറ്റെടുത്ത് ആഘോഷിക്കൂ എന്നായിരുന്നു തെരുവോരക്കൂട്ടം ടീം ഞങ്ങള്‍ എല്‍ ജി ബി ടി കമ്യൂണിറ്റികളുടെ പ്രതിനിധികളോട് പറഞ്ഞത്.  അവിടെ വെച്ച് തന്നെ ഒയാസിസ്‌ കൂട്ടായ്മയുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു ട്രാന്‍സ് ഫാഷന്‍ ഷോ കൂടി ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ചെറിയൊരു  ചിന്താക്കുഴപ്പമുണ്ടായിരുന്നു എങ്കിലും പിന്നീട് ജഡ്ജ് പാനലിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് പ്രമുഖ കൊറിയോഗ്രാഫര്‍ സജ്ന നജാമിനെ ക്ഷണിച്ചപ്പോള്‍ ഇതിന്‍റെ മുഴുവന്‍ സംഘാടനവും അവര്‍ സന്തോഷത്തോടെ ചോദിച്ചു വാങ്ങി, അത് വലിയ വിജയമാക്കി തീര്‍ക്കുകയും ചെയ്തു. 

പൊതുവേദിയില്‍, അതും ആയിരത്തിലേറെ വരുന്ന ജനക്കൂട്ടത്തിന്‍റെ മുന്നില്‍ ഇത്രയും ട്രാന്‍സ് കലാപരിപാടികള്‍ ഒന്നിച്ച് അവതരിപ്പിക്കപ്പെടുന്നത് കേരളത്തില്‍ എന്തായാലും ഇതാദ്യമായിട്ടാണ് എന്നതില്‍ ഒത്തിരി അഭിമാനമുണ്ട്.  കൊല്ലത്തെ ലൌ ലാന്‍റ് ആര്‍ട്സ് സൊസൈറ്റിയിലെയും ഒയാസിസിലെയും ഡാന്‍സേഴ്സിന്‍റെ  ഡാന്‍സ് കണ്ട് ഒരുപാട് പേര്‍ വലിയ അതിശയം പ്രകടിപ്പിച്ചു.  ഇത്രയും ട്രാന്‍സ് കമ്യൂണിറ്റി അംഗങ്ങളെ ഇതാദ്യമായിട്ടാണ് ഞാനടക്കം പലരും ഒന്നിച്ച് അടുത്ത് കണ്ടത്. പിന്നീട് ഇതിനെപ്പറ്റി സംസാരിച്ചപ്പോള്‍ ട്രാന്‍സ് ഡാന്‍സേഴ്സ് ചെയ്ത താണ്ഡവ രീതിയിലുള്ള (അങ്ങനെ തന്നെയാണോ എന്തോ) ഡാന്‍സിനെപ്പറ്റിയും അവരില്‍ നിറഞ്ഞ് തുളുമ്പി പ്രേക്ഷകരിലേയ്ക്ക് പ്രസരിപ്പിയ്ക്കപ്പെട്ട ഊര്‍ജത്തെപ്പറ്റിയും രസകരമായ ഒരു നിരീക്ഷണം കേട്ടു. ആണിനും പെണ്ണിനും ഇടയിലോ അതിനപ്പുറത്തോ മറ്റോ എവിടെയോ കിടക്കുന്ന അവരുടെ, മുഴുവന്‍ പ്രതിഭയും ശേഷിയും പ്രകടിപ്പിക്കാന്‍ പോന്നതല്ല നിലവില്‍ അവര്‍ ചെയ്തതൊന്നും എന്നും, അതിനുതകുന്ന തരം പുതിയതായി ഒരു നൃത്ത രൂപം വേണ്ടിവന്നേക്കും എന്ന് പോലും അഭിപ്രായം കേട്ടു. (എനിക്ക് ഡാന്‍സിനോടുള്ള ആരാധനയല്ലാതെ അതിനെപ്പറ്റി ഒരു ചുക്കുമറിയില്ല എന്നത് മറ്റൊരു കാര്യം). ഇത് സംബന്ധിച്ച് ഡാന്‍സിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ അനുകൂലമായ യാതൊരു മറുപടിയും കിട്ടാതായിപ്പോയതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ മനസ്സിലും ട്രാന്‍സ് സമൂഹത്തോടുള്ള അജ്ഞതയും ആശങ്കയുമാണ് എന്ന് തോന്നുന്നു. അതില്ലാത്ത ആരെങ്കിലും മുന്നോട്ടു വന്നു ഡാന്‍സിനെ പ്രാണനായി കാണുന്ന ധാരാളം ട്രാന്‍സ് സുഹൃത്തുക്കളുടെ പ്രതിഭ ലോകമറിയും, അത് ആരുമറിയാതെ പോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കലയെ സ്നേഹിക്കുന്ന ആര് മുന്നോട്ടു വരും എന്നുള്ളതാണ് ചോദ്യം.

‘ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പറഞ്ഞാല്‍ ഈ ടൈപ്പാണല്ലേ’ എന്ന് ഒരാള്‍ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇന്ന് ഒരു അരമണിക്കൂര്‍ കൊണ്ട് ഇത്രയെങ്കിലും മാറ്റം വന്നു എങ്കില്‍ ഈ പുള്ളി അവരോടോന്നു സംസാരിക്കുകയോ കൂട്ടാവുകയോ ഒക്കെ ചെയ്‌താല്‍ എന്തോരം മാറ്റം ഉണ്ടാകും എന്നാണ്. നിര്‍ഭാഗ്യവശാല്‍ അത് വളരെ വളരെ പതുക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ.

മാനവീയം ക്വീര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ്. അദ്ദേഹം ഒരുപാട് സമയം പെര്‍ഫോമന്‍സ് കാണാന്‍ വേണ്ടി ചെലവഴിക്കുകയും ചെയ്തു. ജി രശ്മിയും കെ എസ് അനില്‍ കുമാറും രചിച്ച്  ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ “വിമതലൈംഗികത: ചരിത്രം, സിദ്ധാന്തം രാഷ്ട്രീയം” “ട്രാന്‍സ്ജെന്‍ഡര്‍ ചരിത്രം സംസ്കാരം പ്രതിനിധാനം” എന്നീ പുസ്തകങ്ങള്‍ ശീതളിനും സൂര്യയ്ക്കും നല്‍കിക്കൊണ്ട് പ്രമുഖ സാഹിത്യകാരന്‍ സക്കറിയ പ്രകാശനം ചെയ്തു. 

ശീതളും സൂര്യയും അല്ലാതെയും കേരളത്തില്‍ ട്രാന്‍സ്ജെന്റെഴ്സ് ഉണ്ട് എന്നും അവര്‍ക്കും മറ്റ് മനുഷ്യരെപ്പോലെ തന്നെ അമ്മമാരുടെയും കുടുംബത്തിന്‍റെയും സമ്മതവും സ്നേഹവും ഒക്കെ ആഗ്രഹിച്ചിട്ടും കിട്ടുന്നില്ല എന്നുമൊക്കെ ഇവിടെ എത്തിച്ചേര്‍ന്ന ധാരാളം പേര്‍ക്ക് മനസിലായി എന്നതും നല്ലൊരു കാര്യമായി ഞാന്‍ കാണുന്നു.  സദസ്സിനെ അഭിസംബോധന ചെയ്ത് പ്രമുഖ ട്രാന്‍സ് വ്യക്തിത്വം, കല്‍ക്കിയും സംസാരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയപ്പോള്‍ തനിക്ക് നേരിട്ട നോട്ടങ്ങളെപ്പറ്റിയും ഇപ്പോള്‍ കേരള സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ മാറ്റത്തെപ്പറ്റിയും കല്‍ക്കി പരാമര്‍ശിച്ചു. ട്രാന്‍സ് ഫാഷന്‍ ഷോയുടെ വിവിധ മാനങ്ങളെപ്പറ്റി ജെ ദേവികയും ചടങ്ങില്‍ സംസാരിച്ചു.  സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പ്രമുഖ ട്രാന്‍സ് കലാകാരി സൂര്യ കാണികളോട് പറഞ്ഞത് ഒന്ന് കൂവാന്‍ ആയിരുന്നു, അത് ചെയ്തപ്പോള്‍ ഇങ്ങനെ പൊതു നിരത്തില്‍ കൂവാനും സംസാരിക്കാനും സന്തോഷത്തോടെ ഇറങ്ങി നടക്കാനും ഒക്കെ തന്നെയാണ് തന്‍റെയും സ്വപ്നം എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് അതിനെ ജനങ്ങള്‍ സ്വാഗതം ചെയ്തത്.

എന്‍റെ ക്യാപ്ഷന്‍ വാചകം പറഞ്ഞ് (ഗേ ഒരു ഭീകരജീവിയല്ല, അങ്ങനെയൊരാള്‍ നിങ്ങള്‍ക്കിടയിലും ഉണ്ടാകും) എന്നെ സ്റ്റെജിലേക്ക് വിളിച്ച് ഓപ്പണ്‍ലി ഔട്ട്‌ ആയ ഗേ എന്ന നിലയില്‍ സംസാരിക്കാന്‍ വിളിക്കുമ്പോള്‍ ഫ്രണ്ട്സ് പറഞ്ഞ ധാരാളം കാര്യങ്ങളും പിന്നെ എന്‍റെ തന്നെ വ്യക്തിപരമായ നഷ്ടത്തിനെപ്പറ്റിയുമൊക്കെ ഒരുപാട്  പറയണം എന്നുണ്ടായിരുന്നു, പക്ഷേ പ്രൈഡ് ഫ്ലാഗ് എടുക്കുമ്പോഴും ഫോബിയയെ അഡ്രസ് ചെയ്ത് സംസാരിക്കുമ്പോഴും എന്തുകൊണ്ട് ഇതൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതനാക്കപ്പെട്ടു എന്ന കാരണം എപ്പോഴും എന്നപോലെ എന്നെ ഇമോഷനലാക്കി. പറഞ്ഞത് മുഴുമിയ്ക്കാന്‍ കഴിയാതെയായി. എന്നിരുന്നാലും പ്രസക്തമായി സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്, അത് വര്‍ക്ക് ആയിട്ടും ഉണ്ട്, അതുകൊണ്ട് മാത്രമാണ് ആ കൂടിയ കൂട്ടത്തില്‍ നിന്ന് പെണ്കുട്ടികള്‍ അടക്കം നാലുപേര്‍ ഇങ്ങോട്ട് വന്ന് ഞാനും ഗേ ആണ്, പബ്ലിക്കായി അങ്ങനെ വിളിച്ചു പറയാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്‍സ്പയര്‍ ചെയ്തു എന്ന് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത എന്നോട് പറഞ്ഞത്.  അവരൊന്നും ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല എന്നും കൂടി കേട്ടപ്പോഴാണ് ശരിക്കും എനിക്ക് സന്തോഷം തോന്നിയത്. പ്രിയ സുഹൃത്ത് കിഷോര്‍ പണ്ട് വിക്കിപീഡിയ എഡിറ്റത്തോണ്‍ വേദിയില്‍ എന്‍റെ കണ്‍മുന്നില്‍ ഇങ്ങനെയൊരു വിളിച്ചു പറയല്‍ നടത്തിയതാണ് എന്‍റെ കമിംഗ് ഔട്ടിനെ വലിയൊരു രീതിയില്‍ സ്വാധീനിച്ചത്.  ഞങ്ങള്‍ ഗേ സമൂഹത്തോടും ട്രാന്‍സ് സമൂഹത്തോടും ഒക്കെയുള്ള ഭീതിയുടെ കാരണം പോതുസമൂഹത്തിനുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയുമാണ്, അവ പത്രങ്ങളും മാധ്യമങ്ങളും തന്നെ കുത്തി വെച്ചതാണ്. അതിനെ പ്രതിരോധിക്കാന്‍ തുറന്നു പറഞ്ഞു ജീവിക്കുന്നതിലൂടെ കഴിയും എന്നാണ് ഞാന്‍ മനസിലാക്കുന്നത്.  സ്വന്തം സ്വത്വം അംഗീകരിയ്ക്കാന്‍ ആശങ്കയുള്ളവര്‍ക്കും മറ്റും ഇത്തരം പ്രഖ്യാപനം ധൈര്യം പകരും എന്നതിന് എന്‍റെ അനുഭവം തന്നെ സാക്ഷിയാണ്.

മാനവീയം ടീമിന്‍റെ നാടന്‍ പാട്ടോടെയാണ്‌ പരിപാടികള്‍ തുടങ്ങിയത് എന്നാല്‍ അപ്പോഴേയ്ക്കും ട്രാന്‍സ് കമ്യൂണിറ്റിയുടെ കൂടെ ചാടിത്തിമിര്‍ത്ത് ഡാന്‍സ് ചെയ്യാന്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ മുന്നോട്ടു വന്നത് തന്നെ മഹത്തായ ഒരു മാറ്റമായി തോന്നുന്നു.  ഇങ്ങനെയൊന്നും ആയിരുന്നില്ല നമ്മുടെ സമൂഹം. ഡാന്‍സ് പരിപാടികള്‍ക്കും ട്രാന്‍സ് ഫാഷന്‍ ഷോയ്ക്കും പൊതുജനം കൊടുക്കുന്ന പിന്തുണയും നഗരത്തിനു തികച്ചും പുതുമയുള്ള അനുഭവമായിരുന്നു.  മിക്സ് മാനവീയം ആയി ഹണിയെ തിരഞ്ഞെടുത്തപ്പോഴേയ്ക്കും ജനം പൂര്‍ണമായും ഉത്സവ ലഹരിയില്‍ ആയിരുന്നു.  ഡിജെയ്ക്ക് ഒപ്പം ചുവടു വെക്കുന്ന കൂട്ടത്തില്‍ ധാരാളം പേര്‍ തൊട്ടടുത്തുള്ളത് ആണോ പെണ്ണോ ട്രാന്‍സോ എന്ന ഭേദമില്ലാതെ ഇളകി മറിയുമ്പോഴും ട്രാന്‍സ് കമ്യൂണിറ്റിയിലുള്ളവരെ സംശയത്തോടെ നോക്കുന്ന കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.  ഇത്തരം കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിച്ച് എല്ജിബിടി സമൂഹത്തോടുള്ള അജ്ഞതയും സംശയവും മാറ്റിയെടുത്ത് പൊതുധാരയിലേയ്ക്ക് കൊണ്ടുവരുക എന്നുള്ളത് അത്യാവശ്യമാണ്, അത് നടത്തിയെടുക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ആര് വിചാരിച്ചാലും എളുപ്പവുമാണ്. 

ചിത്രങ്ങള്‍: ഗിരീഷ് പെരുവണ

(ട്രാന്‍സും എല്‍ ജി ബി ടി പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍