UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ മാംഗ കോമിക്കില്‍ തമാശയില്ല!

Avatar

ഫിന്‍ബാര്‍ ഫ്‌ളിന്‍, കാറ്റ് സുയോ കുവാക്കോ
(ബ്ലൂംബര്‍ഗ്)

ഈ മാംഗ കോമിക്കില്‍ തമാശയില്ല. ഓഫിസ് കെട്ടിടങ്ങളുടെ ചില്ലുകള്‍ തകരുന്നു. ട്രെയിനുകള്‍ പാളം തെറ്റുന്നു. കാറുകള്‍ വളഞ്ഞ പാലങ്ങളില്‍നിന്ന് താഴേക്കു വീഴുന്നു. ‘ ടോക്യോസ് എക്‌സ് ഡേ’ എന്നു പേരിട്ടിരിക്കുന്ന ദിവസം വൈകിട്ട് 4.35നാണ് സംഭവം.

ടോക്യോ മെട്രൊപ്പൊലീറ്റന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 30 പേജുകളുള്ള പുസ്തകത്തിലാണ് ഈ മഹാദുരന്തചിത്രീകരണമുള്ളത്. ഭൂകമ്പത്തെ നേരിടാന്‍ തയാറെടുക്കുക എന്നതാണ് പുസ്തക പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യം. പുനരധിവാസകേന്ദ്രങ്ങളില്‍ കീടങ്ങളെ ഒഴിവാക്കാന്‍ ഈച്ചക്കെണികള്‍ ഒരുക്കുന്നതെങ്ങനെ എന്നുപോലുമുള്ള വിവരം അടങ്ങിയ പുസ്തകം ആരംഭിക്കുന്നത് ഒരു മുന്നറിയിപ്പോടെയാണ്: വരുന്ന മൂന്നുദശകങ്ങള്‍ക്കുള്ളില്‍ ഗ്രേറ്റര്‍ ടോക്യോ പ്രദേശത്ത് നേരിട്ട് വന്‍ ഭൂകമ്പമുണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ കാണുന്നു. 36 മില്യണ്‍ ആളുകളാണ് ഇവിടെ ജീവിക്കുന്നത്.

‘ഭൂകമ്പവും ഞങ്ങളും തമ്മിലുള്ള ഒരു മല്‍സരയോട്ടമാണിത്. ഞങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ തലസ്ഥാനത്തെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല,’ ക്യോട്ടോ സര്‍വകാലാശാലയിലെ പ്രഫസര്‍ സടോഷി ഫൂജി പറയുന്നു. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മന്ത്രിസഭയില്‍ ദുരന്തങ്ങളെ നേരിടുന്നതുസംബന്ധിച്ച ഉപദേഷ്ടാവാണ് ഫൂജി.

ടോക്യോയില്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ക്ക് ഈയിടെ വേഗം കൂടി. ഈ മാസം തെക്കന്‍ ജപ്പാനിലുണ്ടായ രണ്ട് ഭൂകമ്പങ്ങളാണ് കാരണം. ഇത്തരം ദുരന്തങ്ങളെ നേരിടുന്നതില്‍ രാജ്യത്തിന്റെ ഒരുക്കമില്ലായ്ക ഈ സംഭവങ്ങളില്‍ വ്യക്തമായി. പസഫിക് മേഖലയെ വട്ടമിടുന്ന അഗ്നിപര്‍വതങ്ങളുടെയും ഫോള്‍ട്ട് ലൈനുകളുടെയും ‘റിങ് ഓഫ് ഫയറി’ല്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ്. ജനസാന്ദ്രതയേറിയ നഗരങ്ങളുള്ള ഇവിടെ വര്‍ഷം രണ്ടായിരം വരെ ഭൂകമ്പങ്ങള്‍ക്കുള്ള സാദ്ധ്യതയുണ്ട്. ഏതുസമയത്തും എത്താവുന്ന ദുരന്തം ആയിരക്കണക്കിനാളുകളുടെ ജീവനെടുക്കാം.

ജപ്പാന്റെ പ്രധാന ദ്വീപുകളില്‍ തെക്കേയറ്റത്തുള്ള കുമാമോട്ടോ പ്രദേശത്ത് ഏപ്രില്‍ 14നുണ്ടായ ഭൂകമ്പം 2011 മാര്‍ച്ചില്‍ വടക്കന്‍ തൊഹോക്കു പ്രദേശത്ത് 16,000 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു. 6.5 ശക്തിയോടെയുണ്ടായ ഭൂകമ്പത്തിനുശേഷം 28 മണിക്കൂറിനുള്ളില്‍ 7.3 ശക്തിയുള്ള മറ്റൊരു ഭൂകമ്പം കൂടിയുണ്ടായി. ഇത്തരമൊരു ഇരട്ടപ്രഹരം ശാസ്ത്രജ്ഞര്‍ പോലും മുന്‍കൂട്ടി കണ്ടിരുന്നില്ലെന്ന് ഫൂജി പറയുന്നു.

ദുരന്തസേനാ ആസ്ഥാനങ്ങളായി കരുതപ്പെടുന്ന ഔദ്യോഗിക കെട്ടിടങ്ങളുടെ സ്ഥിതി ഉടന്‍ പരിശോധിക്കണമെന്നും ഫൂജി ആവശ്യപ്പെടുന്നു. കുമാമോട്ടെയില്‍ ഇത്തരം പല കെട്ടിടങ്ങളും ഉപയോഗശൂന്യമായിരുന്നു. ‘ദുരന്തം അടുത്തെത്തി എന്ന തോന്നലോടെ വേണം ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കാന്‍.’ 10 മിനിട്ടില്‍ ഒന്ന് എന്ന നിലയിലാണ് ജപ്പാനില്‍ ചില മണിക്കൂറുകളില്‍ ഭൂകമ്പങ്ങളുണ്ടാകുന്നതെന്ന് ജപ്പാന്‍ കാലാവസ്ഥാ കേന്ദ്രം പറയുന്നു. കൈയുഷു ദ്വീപില്‍ ഇപ്പോഴും ഇടയ്ക്കിടെ ഭൂമി കുലുങ്ങുന്നു.

അത്തരമൊരു ദുരന്തം എന്താകും കൊണ്ടുവരിക എന്നതിനെപ്പറ്റി അനുമാനങ്ങള്‍ ഏറെയാണ്. ശക്തിയില്‍ ഏഴ് കാണിക്കുന്ന ഒരു ഭൂകമ്പം ടോക്യോയില്‍ നേരിട്ടെത്തിയാല്‍ മരിക്കുക കുറഞ്ഞത് 23,000 പേരായിരിക്കുമെന്ന് ക്യാബിനറ്റ് ഓഫിസിന്റെ ദുരിത നിവാരണസമിതി 2015ല്‍ പുറത്തിയ ധവളപത്രം പറയുന്നു. 856 ബില്യണ്‍ ഡോളറിന്റെ സാമ്പത്തികനഷ്ടവും പ്രവചിക്കപ്പെടുന്നു.

ഇവ പകുതിയെങ്കിലുമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വീടുകള്‍ ശക്തിപ്പെടുത്തുകയും അഗ്നിബാധ തടയുകയും അപകടസാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ ജനസാന്ദ്രത കുറയ്ക്കുകയും ചെയ്യാനാണ് ശ്രമം.

തുടര്‍ച്ചയായ മൂന്നു ഭൂകമ്പങ്ങളും തുടര്‍ന്നെത്തുന്ന സുനാമിയും ജപ്പാന്റെ പസഫിക് തീരത്തെ വിഴുങ്ങുമെന്നതാണ് മറ്റൊരു സാദ്ധ്യത. ടോക്കിയോ വരെ നാശനഷ്ടമുണ്ടാകാം. 323,000പേരുടെ മരണത്തിനു കാരണമാകാവുന്ന ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം 214 ട്രില്യണ്‍ ആണ്. അത്തരമൊരു ദുരന്തത്തിനുള്ള സാദ്ധ്യത വളരെക്കുറവാണെങ്കിലും 2011ലെ ദുരന്തത്തില്‍നിന്നു പഠിച്ച പാഠങ്ങള്‍ പങ്കുവയ്ക്കാനായി അതും പൊതുജനശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മൂന്നുവര്‍ഷം മുന്‍പത്തെ സമിതിയുടെ അന്തിമറിപ്പോര്‍ട്ട് പറയുന്നു.

ആളുകളെ വന്‍ തോതില്‍ മുന്‍കൂട്ടി ഭുകമ്പത്തെ ചെറുക്കാന്‍ശേഷിയുള്ള കെട്ടിടങ്ങളിലേക്കു മാറ്റുന്നത് മരണസംഖ്യ 80 ശതമാനത്തോളം കുറയ്ക്കുമെന്നാണ് സമിതിയുടെ കണക്കുകൂട്ടല്‍. തെക്കുപടിഞ്ഞാറന്‍ പ്രദേശമായ നാന്‍കൈയില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ എട്ടോ ഒന്‍പതോ ശക്തിയിലുള്ള ഭൂകമ്പമുണ്ടാകാനുള്ള സാദ്ധ്യത 70 ശതമാനമാണ്.

2014 മുതല്‍ വ്യത്യസ്ത ദുരിതനിവാരണ പദ്ധതികളാണ് ജപ്പാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നാന്‍കൈ പ്രദേശത്തുനിന്ന് ഉദ്ഭവിക്കുന്ന ഭൂകമ്പങ്ങളെ നേരിടുകയാണ് ഒന്ന്. 1600 മുതല്‍ ഉണ്ടായിട്ടുള്ള ഭുകമ്പങ്ങളില്‍ ആറും ഇവിടെനിന്നായിരുന്നു. ഏറ്റവും കുറഞ്ഞ ഭൂകമ്പത്തിന്റെ ശേഷി 7.9. ടോക്യോയുടെ 23 പ്രധാന വാര്‍ഡുകളില്‍ ഏഴ് ശേഷിയുള്ള ഭൂകമ്പമുണ്ടായാല്‍ നേരിടുകയാണ് മറ്റൊരു പദ്ധതി. ടോഹോകുവിലെ ദുരന്തത്തിന്റെ ആരംഭശേഷി ഒന്‍പതായിരുന്നു. ഇതുണ്ടാക്കിയ സുനാമിത്തിരകള്‍ 39 മീറ്റര്‍ വരെ ഉയരത്തിലെത്തി. ഒരു ആണവ വൈദ്യുതനിലയത്തെ പ്രവര്‍ത്തനരഹിതമാക്കിയ ഇത് നിരവധി പട്ടണങ്ങളെ വിഴുങ്ങി.

ടോക്യോ സര്‍ക്കാരിന്റെ ദുരിത തയാറെടുപ്പ് പുസ്തകത്തില്‍ ‘മാമൊരു’വാണ് നായകന്‍. സംരക്ഷകന്‍ എന്നാണ് ഈ പേരിന് അര്‍ത്ഥം. ചെരിയുന്ന കെട്ടിടങ്ങളിലേക്കും വിള്ളുന്ന റോഡുകളിലേക്കും നോക്കി അന്തംവിടുന്ന നായകന്‍ തന്റെ മൊബൈല്‍ ഫോണില്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ലെന്നും കാണുന്നു. ക്രമേണ സാധാരണനില കൈവരുന്നു. ചുറ്റും ഒന്നും സംഭവിച്ചിട്ടില്ലെന്നും കാണുന്നു. കാലാവസ്ഥാ കേന്ദ്രത്തില്‍നിന്നുള്ള ഒരു മുന്നറിയിപ്പിനെത്തുടര്‍ന്ന് നായകന്റെ ഭാവനയിലാണ് ഭൂകമ്പമുണ്ടാകുന്നത്. കഥ ഭാവനയാണെന്നും യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും കുറിപ്പുമുണ്ട്.

പുസ്തകത്തില്‍ ഉടനീളം പ്രായോഗിക നിര്‍ദേശങ്ങളാണ്. പലതരം രക്തസ്രാവത്തെ തടുക്കാന്‍ കംപ്രസ് ഉണ്ടാക്കുന്ന രീതികളും ടൈകളും ടൈറ്റ്‌സും ബാന്‍ഡേജുകളാക്കി മാറ്റുന്നതും ദിനപ്പത്രങ്ങള്‍ ഉപയോഗിച്ച് ശരീരതാപം നിലനിര്‍ത്തുന്നതുമെല്ലാം ഇതിലുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് സഞ്ചികള്‍ എമര്‍ജന്‍സി ഡയപ്പറുകളാക്കുന്ന മാര്‍ഗവുമുണ്ട്.

ആവശ്യം വന്നാല്‍ ഓഫിസുകള്‍ അടിയന്തര അഭയകേന്ദ്രങ്ങളായി വിട്ടുകൊടുക്കാമെന്ന് പല പ്രാദേശിക ഭരണകൂടങ്ങളും സമ്മതിച്ചിട്ടുണ്ട്.

ജപ്പാനിലെ ഏക സ്വര്‍ണഖനിയുടെ ഉടമകളും ചെമ്പ്, നിക്കല്‍ ഉത്പാദകരുമായ സുമിട്ടോമോ മെറ്റല്‍ മൈനിങ് കമ്പനി ഭൂകമ്പത്തെ ചെറുക്കാനുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്യുകയാണ്. ദുരന്തമുണ്ടായാല്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്നതിനാല്‍ വീട്ടിലെത്താനാകാത്തവര്‍ക്ക് ടോക്യോയിലെ ആസ്ഥാനമന്ദിരത്തില്‍ അഭയം നല്‍കാനും കമ്പനി ആലോചിക്കുന്നു.

മാറുനൗഷി, ഒട്ടെമാഷി സാമ്പത്തിക ജില്ലകളുടെ ആസ്ഥാനമായ ടോക്യോയിലെ ഷിയോഡ ബോറോ മൂന്നുദിവസത്തേക്ക് ആവശ്യമായ ദുരിതാശ്വാസസാമഗ്രികള്‍ ശേഖരിച്ചുവയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ആവശ്യം വന്നാല്‍ 27000 പേര്‍ക്കു താമസസൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇവിടത്തെ ദുരിതാശ്വാസ ആസൂത്രണ ഓഫിസിലെ കെന്‍ഷിരോ ഇഷിവാട്ട പറയുന്നു. വന്‍ഭൂകമ്പമുണ്ടായാല്‍ കുറഞ്ഞത് 500,000 ആളുകള്‍ ഭവനരഹിതരാകുമെന്നാണു കണക്ക്. ആയിരം ജോലിക്കാര്‍ മാത്രമുള്ള പ്രദേശിക ഭരണകൂടത്തിന് ചെയ്യാനാകുന്നതിനു പരിമിതിയുണ്ടെന്ന് ഇഷിവാട്ട ചൂണ്ടിക്കാണിക്കുന്നു.

‘ടോക്യോയ്ക്കടുത്ത് വന്‍ ‘ സബ്ഡക്ഷന്‍ സോണ്‍’ ഭൂകമ്പമുണ്ടാകും എന്നുറപ്പാണ്. അത് എന്ന് എന്നേ അറിയാനുള്ളൂ,’ യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ റസര്‍ച്ച് ജിയോഫിസിസിസ്റ്റ് ഗാവിന്‍ ഹേയ്‌സ് പറയുന്നു. കുമാമോട്ടോ ഭൂകമ്പത്തെപ്പറ്റി നടന്ന പരിശോധനകളില്‍ ഹേയ്‌സും പങ്കെടുത്തിരുന്നു.  ‘ടൊഹോകു ഭൂകമ്പത്തിന് തെക്കുള്ള ഈ സബ്ഡക്ഷന്‍ സോണ്‍ ആത്യന്തികമായി ഒരു വന്‍ ഭൂകമ്പമുണ്ടാക്കും.’

ഭൂകമ്പത്തിനുശേഷം ഒറ്റപ്പെട്ടുപോകുന്നതിനെപ്പറ്റിയാണ് പ്രദേശവാസികളുടെ ആശങ്ക. എഴുപതുകാരിയായ മാപിരോ കമിക്കാവ കഴിഞ്ഞയാഴ്ച സിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ആവശ്യം വന്നാല്‍ തന്നെ ആര്, എങ്ങനെ രക്ഷിക്കുമെന്ന് ആരായുകയായിരുന്നു ഉദ്ദേശ്യം.

‘ടൊഹോകു ഭൂകമ്പത്തിനു മുന്‍പുതന്നെ ഈ ഭൂകമ്പത്തിനായി തയാറെടുക്കുകയായിരുന്നു ഞാന്‍,’ കാമിക്കാവ പറയുന്നു. ‘എന്റെ സുഹൃത്തുക്കളെപ്പോലെ ഞാനും ഒറ്റയ്ക്കാണു താമസം. ഇവിടെ വയസായ ധാരാളം ആളുകളുണ്ട്. അതിനാല്‍ ആശങ്കയുമുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ ഇവിടെയുള്ളവര്‍ ഞങ്ങളെ രക്ഷിക്കാനെത്തുമോ?’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍