UPDATES

യാത്ര

കരിവെള്ളൂരിന്റെ വിപ്ലവ മണ്ണിലൂടെ മാങ്ങാട് രത്നാകരന്‍റെ യാത്ര

Avatar

മാങ്ങാട് രത്നാകരന്‍

കരിവെള്ളൂരിന് ആ പേര് വന്നതിനെക്കുറിച്ച് രണ്ട് പ്രബല വാദങ്ങളുണ്ട്. ആദ്യത്തേത് ഭൂമിശാസ്ത്രപരം. വെള്ളൂരിന്റെ ഭാഗമായിരിക്കാവുന്ന ഈ പ്രദേശം നിലംകൃഷി എന്നര്‍ത്ഥം വരുന്ന കരി കൂടി ചേര്‍ന്ന് കരിവെള്ളൂര്‍ ആയി മാറിയതാകാം. രണ്ടാമത്തേത് വിശ്വാസവുമായി ബന്ധപ്പെട്ടത്. കരിവെള്ളൂരിലെ ശിവക്ഷേത്രത്തിനടുത്തുള്ള പ്രാചീനമായ നെയ്യമൃത്‌കോട്ടത്തിലെ പ്രതിഷ്ഠയായ കരിവള്ളന്‍ എന്ന കിരാതമൂര്‍ത്തിയായ ശിവന്റെ ഊര് കരിവെള്ളൂരായതാവാം. ഏതായാലും കോലത്തുനാടിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്താല്‍ അനുഗ്രഹീതമായ ഇടമാണ് കരിവെള്ളൂര്‍. മഹാശിലായുഗം തൊട്ടുള്ള പൈതൃകം. പ്രകൃതിപൂജ, നാഗാരാധന, ഉര്‍വ്വരപൂജ, വീരാരാധന മുതലായ പ്രാചീന  സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ കരിവെള്ളൂരില്‍ ഇന്നും കാണാം. കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍ മുമ്പ് പോയിട്ടില്ല. വിശാലമായ ക്ഷേത്രക്കുളത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ കോലത്തുനാട് കുളങ്ങളുടെ വാസ്തുശില്‍പ മാതൃക അതേപോലെ നിലനിര്‍ത്തിക്കൊണ്ട്  കുളം നവീകരിക്കുകയാണ് ക്ഷേത്രം കമ്മിറ്റി. ആകെ കുളമായി കിടക്കുന്ന എത്രയോ കുളങ്ങള്‍ കോലത്തുനാട്ടിലുണ്ട്. അതില്‍ ഏറ്റവും വലിയ കുളം ശുദ്ധീകരിച്ചും തനിമ നിലനിര്‍ത്തി നവീകരിച്ചും ക്ഷേത്രകമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. 

കരിവെള്ളൂരിലെ മുച്ചിലോട്ട് കാവ് 108 മുച്ചിലോട്ട് കാവുകളില്‍ ആദ്യത്തേതാണ്. അതുപോലെ തന്നെ തെയ്യംകലയിലെ ആദ്യ ഗുരുനാഥനായ ഐതിഹ്യപ്രസിദ്ധനായ മണക്കാടന്‍ കുഞ്ഞിരാമന്‍ ഗുരുക്കളുടെ ഇടവും കരിവെള്ളൂര്‍ തന്നെ. കരിവെള്ളൂരിലെ ഓണക്കുന്നിന് അടുത്തുള്ള മണക്കാടന്‍ തറയിലേക്ക് പോയി. മണക്കാടന്‍ ഗുരുക്കളെ സംസ്‌കരിച്ച തറയിലേക്ക് ആചാരക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും കയറിക്കൂടത്രേ. മണക്കാടന്‍ ഗുരുക്കളുടെ അത്ഭുതസിദ്ധികള്‍ ഇന്നും കഥകളായി കരിവെള്ളൂരിലെ കാറ്റില്‍ അലയടിക്കുന്നു.  

കരിവെള്ളൂര്‍ രാജന്‍ (നാട്ടുകാരന്‍): രാജഭരണത്തിന്റെ ഇരുണ്ട നാളുകളില്‍ അതീവ പ്രാഗത്ഭ്യം തെളിയിച്ചിരുന്ന മണക്കാടന്‍ ഗുരുക്കളെ ഒന്ന് പരീക്ഷിക്കാന്‍ ചിറയ്ക്കല്‍ രാജാവ് തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവെന്നും മൂന്നു പുഴകള്‍ കടക്കേണ്ടിയിരുന്നപ്പോള്‍ മൂന്നു പുഴകളെയും രാജാവ് മാറ്റിനിര്‍ത്തിയെന്നും, എന്നാല്‍ ജലസ്തംഭനവിദ്യകൂടി കരഗതമാക്കിയിട്ടുള്ള മണക്കാടന്‍ ഗുരുക്കള്‍ ആ വിദ്യകൊണ്ട് ജലം സ്തംഭിപ്പിച്ച് പുഴയുടെ മീതെ നടന്നുകയറി ചിറയ്ക്കല്‍ കോവിലകത്തെത്തി തന്റെ നനമുണ്ട് വീശി വാദ്യക്കാരെയും കോലക്കാരെയും സൃഷ്ടിച്ച് ഒറ്റ രാത്രികൊണ്ട് നിരവധി തെയ്യക്കോലങ്ങളെ കെട്ടിയാടിച്ചു എന്നതുമാണ് അദ്ദേഹത്തെ തെയ്യംഗുരുവിന്റെ കുലഗുരുവായി പരിഗണിക്കാന്‍ കാരണമെന്നാണ് കേട്ടറിവ്.   

കയ്യൂരിന് ശേഷം ചുവന്ന മണ്ണാണ് കരിവെള്ളൂര്‍. കരിവെള്ളൂര്‍ എന്ന സമരഭൂമി. കരിവെള്ളൂര്‍ സമരനായകന്‍ എ.വി.കുഞ്ഞമ്പുവിന്റെ വീട്ടിലേക്ക് പോയി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാല്‍പ്പത് സ്ഥാപക നേതാക്കളില്‍ ഒരാള്‍. 72 വര്‍ഷം നീണ്ട ജീവിതത്തില്‍ എട്ടുവര്‍ഷം ജയിലിലും എട്ടുവര്‍ഷം ഒളിവിലും കഴിഞ്ഞ സമരനായകന്‍. എം.പി.യും എം.എല്‍.എ.യുമുള്‍പ്പെടെ നിരവധി പദവികളലങ്കരിച്ച വ്യക്തിത്വം. എ.വി.യുടെ ഭാര്യ  കെ.ദേവയാനി തെക്കന്‍ കേരളത്തിലെ സമരഭൂമിയായ പുന്നപ്രയില്‍ നിന്ന് കരിവെള്ളൂരിലേക്ക് വന്നവള്‍. കരിവെള്ളൂരിന്റെ അമ്മയായി തീര്‍ന്ന പുന്നപ്രക്കാരി. ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നടന്ന ത്യാഗോജ്ജ്വലജീവിതം. കരിവെള്ളൂരിലെ എ.വി.ഹൗസിന്റെ പൂമുഖത്ത് തങ്ങളുടെയും നാടിന്റെയും അച്ഛനമ്മമാരുടെ ഛായാചിത്രം. അവരുടെ ആറുമക്കളില്‍ കെ.ഭാസുരാംഗി ഒഴികെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.അണുകുടുംബങ്ങളുടെ കാലഘട്ടത്തില്‍ ഒരു കൂട്ടുകുടുംബം. എ.വി. മക്കളായ കെ.വി.ജയകുമാര്‍, ഡി.കെ.മാലതി, കെ.ബാലചന്ദ്രന്‍, കെ.ജയദേവന്‍ എന്നിവരും കുടുംബാംഗങ്ങളും ഇവിടെ താമസിക്കുന്നു.  കരിവെള്ളൂര്‍ മുരളി പക്ഷേ തൊഴില്‍സംബന്ധമായ കാരണങ്ങളാല്‍ മാങ്ങാട്ട്പറമ്പിലാണ് താമസം. യാത്രയുടെ അഭ്യര്‍ത്ഥനയും ഈ യാത്രികനുമായുള്ള ദീര്‍ഘകാല സൗഹൃദവും മാനിച്ച് മുരളി രാവിലെത്തന്നെ തറവാട്ടുവീട്ടിലെത്തിയിരുന്നു. പൂമുഖത്ത് കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നു. എ.വി.യുടെയും ദേവയാനിയുടെയും മക്കളല്ലേ, രാഷ്ട്രീയമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഇടയ്ക്കിടെ ടെലിവിഷനിലേക്ക് കണ്ണുപായിക്കുന്നുമുണ്ട്. വി.എസ്.അച്യുതാനന്ദനുനേരെയുള്ള കേന്ദ്രകമ്മിറ്റി നടപടി എന്താകണമെന്ന് തീരുമാനിക്കുന്ന ദിവസമാണ്. ശാസനയോ പരസ്യശാസനയോ കേന്ദ്രകമ്മിറ്റിയില്‍ നിന്നുള്ള പുറത്താക്കലോ അതോ പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള പുറത്താക്കലോ, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് കൂടുതലായി എന്തോ വിവരമുണ്ടോ എന്നും തിരക്കി. 1964 ല്‍ സി.പി.ഐ. നാഷണല്‍ കൗണ്‍സിലില്‍ വി.എസിനൊപ്പം ഇറങ്ങിപ്പോന്ന എ.വി.കുഞ്ഞമ്പു ഛായാചിത്രത്തില്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പുന്നപ്ര സ്‌കൂളില്‍ വി.എസിന്റെ സതീര്‍ത്ഥയായ ദേവയാനിയും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര
ഇതാ ഒരു സ്ഥലനാമധാരി- മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ എം.എന്‍. കാരശ്ശേരി
വായനക്കാരന്‍ എം ടി: മാങ്ങാട് രത്‌നാകരന്‍റെ യാത്രയില്‍ എം ടി വാസുദേവന്‍ നായര്‍- ഭാഗം1
മഹാകവി പിയും കോഴിക്കോടും: എം ടി വാസുദേവന്‍ നായര്‍- മാങ്ങാട് രത്നാകരന്‍; ഭാഗം 2
നെഹ്രു ആയിരുന്നെങ്കില്‍ മണിലാലിന് ഭാരതരത്ന കൊടുത്തേനെ

കരിവെള്ളൂര്‍ മുരളിക്കൊപ്പം കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ പോയി. എ.വി.കുഞ്ഞമ്പു അന്ത്യവിശ്രമം കൊള്ളുന്നയിടം. കവിയും നാടകകൃത്തും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് മുരളി. കലാജാഥാ പ്രസ്ഥാനത്തിന്റെയും തെരുവുനാടക പ്രസ്ഥാനത്തിന്റെയും പ്രയോക്താക്കളില്‍ ഒരാള്‍. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. എന്റെ ചോന്നമണ്ണിന്റെ പാട്ട് ഉള്‍പ്പെടെ നിരവധി കവിതകള്‍… നാല് കവിതാ സമാഹാരങ്ങള്‍. ചെഗുവേര, കുരുതിപ്പാടം എന്നിവയുള്‍പ്പെടെ അമ്പതിലേറെ നാടകങ്ങള്‍. കരിവെള്ളൂരിന്റെ വിശദമായ രാഷ്ട്രീയ ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണിപ്പോള്‍ മുരളി. സ്വാഭാവികമായും മുരളിയുടെ അച്ഛനും അമ്മയും അതില്‍ കേന്ദ്രകഥാപാത്രങ്ങള്‍. 

കരിവെള്ളൂര്‍ മുരളി: വളരെ ചെറുപ്പത്തിലെ അനാഥനായിപ്പോയ ഒരാളാണ് അച്ഛന്‍. ഒന്നാമത്തെ വയസ്സില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു. നാലോ അഞ്ചോ വയസ്സായപ്പോള്‍ അമ്മയും ഇല്ലാതായി. പിന്നെ അകന്ന ചില ബന്ധുക്കളുടെയൊക്കെ സംരക്ഷണയിലൊക്കെയാണ് വളര്‍ന്നത്. ഏറെക്കുറെ അനാഥനായിട്ടു തന്നെ വളര്‍ന്ന ഒരാളാണ്. നാടാണ് ഇങ്ങനെയൊരു കുട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നത്. അതുകൊണ്ട് നാട്ടിനുവേണ്ടി ഇങ്ങനെ സമര്‍പ്പിക്കുക തന്നെയായിരുന്നു ജീവിതവും ജീവനും. അങ്ങനെയാണ് ആ വലിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായത്. സ്വാമി ബ്രഹ്മവ്രതന്‍, ആര്യഭട സ്വാമി ഇവരൊക്കെ നേതൃത്വം കൊടുത്തിരുന്ന ആത്മവിദ്യാസംഘം അതിന്റെ ഒരു പ്രവര്‍ത്തകയായിട്ടാണ് അമ്മ രംഗത്തുവരുന്നത്. ജാതിക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ, ആശാന്റെ കവിതകള്‍ വളരെ സ്വാധീനം ചെലുത്തിയ കാലമായിരുന്നു. പ്രത്യേകിച്ചും തിരുവിതാംകൂറില്‍. ആശാന്‍ കവിതകളാണ് അമ്മയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയില്‍ നിറയുന്നത്. ചണ്ഡാലഭിഷുകി, കരുണ, നളിനി ഇതൊക്കെ… തുടക്കം മുതല്‍ അവസാനം വരെ ഒറ്റനില്‍പ്പിലിങ്ങനെ, ഒരു വരിപോലും മറിച്ചുനോക്കേണ്ട കാര്യമില്ല, അതൊക്കെ മനപ്പാഠമായിരുന്നു.  അതിന്റെ ഈണത്തില്‍ അമ്മ പാടുമായിരുന്നു.അമ്മയുടെ കൂടെയാണ് വി.എസ്.അച്യുതാനന്ദന്‍ പഠിച്ചത്. ഒരേ ക്ലാസിലാണ്. എം.കെ.സുകുമാരന്‍, വി.എസ്.അച്യുതാനന്ദന്‍, അമ്മ ഇവര്. വി.എസിന്റെ തൊട്ടടുത്ത വീടാണ് അമ്മയുടെ വീട്. ഇവര്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഈ അറവുകാട്ട് അമ്പലത്തിനടുത്തുള്ള അറവുകാട് സ്‌കൂളില്‍. ആ ഒരു കാലത്ത്, സ്‌കൂള്‍ കാലത്ത് തന്നെ അമ്മ പുറത്തേക്കിറങ്ങി. എന്നിട്ട് ഈ ആശാന്റെ കവിതകളിങ്ങനെ ചൊല്ലുക, ആളു കൂടുന്ന സമയത്ത് ജാതിക്കും മതത്തിനും അന്ധവിശ്വാസത്തിനും എതിരെ ഇങ്ങനെ സംസാരിക്കുക. അന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടി ഒരു പാവാടയുടുത്തുവന്നിട്ട് ഇങ്ങനെ പറയുന്നത് ഒരു വലിയ അത്ഭുതമായിരുന്നു. അപ്പോള്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. ഈ അറവുകാട്ടില് അവിടെയുള്ള ചന്തയില് പറവൂര്‍ ചന്തയില് അങ്ങനെ എവിടെയൊക്കെ ആളുകൂടുമോ അവിടെയൊക്കെ അമ്മ ഇങ്ങനെ ഒരു പാവാടയുമുടുത്ത്, ഒരു സ്റ്റൂളില്‍ കയറിനിന്നിട്ട് ഉറക്കെ കവിതചൊല്ലി, ആളുകൂടുമ്പോള്‍ അവരോട് പ്രസംഗിച്ച്… അങ്ങനെയാണ് അമ്മയുടെ ഒരു തുടക്കം.

തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിട്ട് കൃഷ്ണന്‍കുട്ടിനായര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അച്ഛന്‍. ആ കാലത്തിലാണ് അമ്മയും അച്ഛനും തമ്മില്‍ പരിചയപ്പെടുന്നത്. അവര് തമ്മിലുള്ള ഒരു അടുപ്പം  ഒരു പ്രണയത്തിലേക്കെത്തുകയാണ്. അവര് വിവാഹം കഴിക്കുകയാണ്. അങ്ങനെ 42ല്‍ ഒളിവിലുള്ള ഒരു പാര്‍ട്ടി ക്ലാസില്‍ വച്ച്  പരസ്പരം പൂമാലയിട്ട് വിവാഹം കഴിക്കുകയായിരുന്നു. ഒരു പ്രത്യേകത, ആ കല്യാണ ദിവസം പോലും വരന്റെ പേര് വെളിപ്പെടുത്തുന്നില്ല. അമ്മയുടെ പേര് ദേവയാനിയെന്നാണ്… പക്ഷേ അച്ഛന്റെ പേര് കൃഷ്ണന്‍കുട്ടിനായര്‍ എന്ന പേരിലാണ് അന്ന് അറിയുന്നത്. അന്ന് എല്ലാര്‍ക്കും അറിയാം, കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കെല്ലാം അറിയാം ഇങ്ങനെ മൊറാഴയില്‍ നിന്നും കരിവള്ളൂരില്‍ നിന്നുമുള്ള സമരഭൂമിയില്‍ നിന്നും വന്ന ഒരാളാണെന്ന്. അന്ന് കരിവെള്ളൂര്‍ സമരം നടന്നിട്ടില്ല. പക്ഷേ എ.വി.കുഞ്ഞമ്പു എന്ന പേരില്‍ അച്ഛന്‍ അന്ന് അറിയപ്പെട്ടിരുന്നില്ല. അങ്ങനെയാണ് ഇങ്ങോട്ട് വരുന്നത്. അമ്മയുടെ ജീവിതം ചെറുപ്പം മുതല്‍ ഈ പ്രസ്ഥാനത്തിന് സമര്‍പ്പിക്കപ്പെട്ടതുതൊട്ട് അച്ഛന്റെ കൂടെ എത്രത്തോളം അനാഥമായിരിക്കും ആ ജീവിതമെന്ന് നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളു. അച്ഛന്റെ മൊത്തം ജീവിതത്തില്‍ എട്ടുവര്‍ഷം ജയിലിലും എട്ടുവര്‍ഷം ഒളിവിലുമാണ്. പതിനാറ് വര്‍ഷം ഇരുട്ടിലാണ്. യൗവ്വനം മുഴുവന്‍ ഇരുട്ടില്‍ കഴിയുന്ന ഒരു മനുഷ്യനാണ്. അപ്പോള്‍ ഒറ്റയ്ക്ക് ഒരു യുവതിക്ക് എങ്ങനെയാണ് ഒരിടത്ത് ജീവിക്കാന്‍ കഴിയുക എന്നുള്ളതുതന്നെയാണ്. 

1946 ഡിസംബര്‍ 20 നാണ് കരിവെള്ളൂരിലെ ഐതിഹാസികമായ സമരം നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധം തലേവര്‍ഷം അവസാനിച്ചുവെങ്കിലും ഭക്ഷ്യക്ഷാമം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയായിരുന്നു കേരളത്തിലെങ്ങും. കരിവെള്ളൂരില്‍ കുറേക്കൂടി രൂക്ഷമായിരുന്നു സ്ഥിതി. ചിറയ്ക്കല്‍ കോവിലകത്തിന്റേതായിരുന്നു കരിവെള്ളൂരിലെ കൃഷിഭൂമി. നെല്ല് പുഴവഴി ചിറയ്ക്കലിലേക്ക് കൊണ്ടുപോകുന്നതിനെ കര്‍ഷകര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. രാജാവിന്റെ ഗുണ്ടാസംഘങ്ങളും എം.എസ്.പി.യും നെല്ല് കൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചു. കല്ലും കവണയും വടികളുമായി കര്‍ഷകര്‍. റൈഫിളുമേന്തി പോലീസുകാര്‍. സംഘര്‍ഷം രൂക്ഷമായപ്പോള്‍ യന്ത്രത്തോക്കുകള്‍ തീതുപ്പി. 

കരിവെള്ളൂര്‍ മുരളി: അച്ഛനെ ബയനറ്റ് കൊണ്ട് കുത്തിക്കീറിയിട്ടുകളഞ്ഞു. തലയിന്നിങ്ങനെ ചോര ഒരു കുടപോലെ മേലോട്ട് ചീറ്റിപ്പോവുകയാണ്. അങ്ങനെ ആകെ ചോരയില്‍ കുളിച്ചുവീഴുകയാണ്. തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നിവര്‍ വെടിയേറ്റു മരിച്ചു. പതിനാറുകാരനായ കീനേരി കുഞ്ഞമ്പു വെടിയേറ്റുവീണ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പച്ചോലയില്‍ പൊതിഞ്ഞുകെട്ടി ചീനയില്‍ നെല്ലുകയറ്റിയതിന്റെ കൂടെയിട്ട് കൊണ്ടുപോകുന്നതിനിടയിലാണ് തിടില്‍ കണ്ണന്‍ കണ്ണടച്ചത്. അച്ഛന്‍ പിന്നീട് എഴുതിയിട്ടുണ്ടത്. എപ്പോഴോ കണ്ണിലിങ്ങനെ സൂര്യപ്രകാശം അടിക്കുമ്പോള്‍ കണ്ണുതുറന്നുനോക്കുമ്പോള്‍ തൊട്ടപ്പുറത്ത് ഇങ്ങനെ പാതി തുറന്ന കണ്ണുമായി തിടില്‍ കണ്ണേട്ടന്‍ കിടക്കുന്നുണ്ട്.. വെള്ളം… ഇങ്ങനെ പറയുന്നുണ്ടായിരുന്നു. പക്ഷേ മെല്ലെ ആ കണ്ണുകള്‍ അടഞ്ഞുപോയി. അതാണ് കരിവെള്ളൂര്‍ സമരം. 

കരിവെള്ളൂര്‍ മുരളി കുനിയന്‍ പുഴയിലെ കുഞ്ഞോളങ്ങളെയും പീലിവിരിച്ചാടുന്ന നീലിച്ച തെങ്ങുകളെയും സാക്ഷി നിര്‍ത്തി കരിവെള്ളൂര്‍ ചുവന്ന ദിവസത്തിന്റെ പാട്ടുപാടി. എന്റെ ചുവന്ന മണ്ണിന്റെ പാട്ട്. കുനിയന്‍ പുഴ അറുപത്തിയഞ്ച് വര്‍ഷം പുറകോട്ടൊഴുകി ആ പാട്ടിനെ തഴുകി. 

കുനിയന്‍ പുഴക്കരെ കുരുതിപ്പൂക്കില ചോന്ന്
കണ്ണെത്താ കണ്ടത്തില്‍ ചോരച്ചാലുകള്‍ വീണ്
കരിവെള്ളൂര്‍ കവിളത്ത് വെടിയുണ്ട കൊണ്ടോരു
കരിമറുകു മുളപ്പിച്ച ധനുമാസപ്പാട്ടാണേ
ഒരു പിടി നെല്ലിനായ് ഒരു പിടി മണ്ണിനായ്
അടിമരാജ്യത്തിന്റെ മോചനത്തിന്നായ്
പടവെട്ടിച്ചത്ത കരുത്തന്‍മാര്‍ പാടി
കരുമാടിക്കുട്ടന്‍മാര്‍ ഏറ്റുപാടും പാട്ട്
കോലോത്തെ കോവിലകം കുളംതോണ്ടിയ പാട്ട്
തമ്പ്രാന്റെ കുടുമയ്ക്ക് തീകൊളുത്തിയ പാട്ട്
ഉറവനിലയ്ക്കാത്ത നെഞ്ചിലെ ചോരച്ചാല്‍
ഒഴുകുന്നപോലെ ഈ മണ്ണിന്റെ പാട്ട്
കുയില്‍പാട്ട് തുടിപ്പാട്ട് മഞ്ഞുരുക്കും പാട്ട്
കരിവെള്ളൂര്‍ മക്കളുടെ കരളിന്റെ തീപ്പാട്ട്.

മൂന്നുദശകങ്ങള്‍ മുമ്പേ സൂര്യനസ്തമിക്കും മുമ്പേ
നാടുവാഴി തമ്പ്രാക്കന്‍മാര്‍ നാടടക്കി വാഴും കാലം
കല്‍പ്പനയാല്‍ പിളരുന്ന കല്ലുകളും
കല്ലിനൊത്തെ കര്‍ഷകന്റെ നെഞ്ചുകളും
നൊമ്പരങ്ങള്‍ കാത്തുവയ്‌ക്കേ
യുദ്ധകാലക്ഷാമം മുടിയഴിച്ചിട്ടു തുള്ളിവന്നു
പട്ടിണിയും കോളറയും കളിയരങ്ങു തകര്‍ത്തു
വറുതിയും കെടുതിയും വറവുചട്ടികള്‍ വാര്‍ത്തു
മരണകോമ്പല്ലുകളില്‍ ബാല്യങ്ങളുടക്കി വീണു
ചുടുവേര്‍പ്പിന് പാടപ്പരപ്പില്‍
വിളയും കതിര്‍ക്കുലകള്‍ കൊയ്ത്
കവിയുന്ന നെല്ലറയില്‍ വീണ്ടും
ചിതലിന് തിന്നാന്‍ കൂട്ടും കോലോം
കാര്യസ്ഥന്‍മാരും കങ്കാണിമാരും
ചുങ്കംപിരിച്ച് പിഴിഞ്ഞൂറ്റിയ നാട്
വാസി നുരിവച്ചുകാണല്‍ വാരം
പാട്ടം തലക്കരം കങ്കാണി
തിരുവുള്ളം കൊള്ളാര്‍ത്തോക്ക് തരകും
തിരുവാ മൊഴിഞ്ഞീടുന്ന പിഴയും
വണ്ണാത്തി മാറ്റുമുടക്കും
കല്ലും തോലും വച്ചുകെട്ടും

പിടയുന്ന മണ്ണിന്‍മക്കള്‍ സഹിയാല്‍
ഒരു നാള്‍ തിരിഞ്ഞുനില്‍ക്കാനുറച്ചു
മരിക്കാന്‍ മനസ്സില്ലെന്നവര്‍ അലറി
ചിറയ്ക്കല്‍ കോലോത്തു ചെന്നതലച്ചു

കരിവെള്ളൂര്‍ പട്ടിണിയാല്‍
എരിപിരി കൊള്ളുമ്പോള്‍
ഒരുമണി നെല്ല് തരില്ലാ വാരമായി
അവരൊരുനാളിലൊരിടിമിന്നല്‍ പോലെ
കോലൊത്തെ തൂണുകളെ കിടിലം കൊള്ളിച്ചു
തമ്പ്രാക്കന്‍മാരുടെ കുടുമവിറച്ച
ചേലൊത്തെ മുഖമെല്ലാം വേര്‍ത്തുകുളിച്ചു
തമ്പ്രാക്കന്‍മാരുടെ കുടുമവിറച്ചു
തമ്പ്രാന്റെ വിളക്കന്ന് ഉറക്കമിളച്ചു
കരിവെള്ളൂരില്‍ നിന്ന് ഒരുമണിയൊഴിയാതെ
വാരം പിരിക്കുവാന്‍ കല്‍പ്പന വന്നു.

(കടപ്പാട് -ഏഷ്യാനെറ്റ് ന്യൂസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍