UPDATES

യാത്ര

‘ദ്രാവിഡനെ ബ്രാഹ്മണ്യം പുതപ്പിക്കുമ്പോള്‍’

‘ദ്രാവിഡമായ മുത്തപ്പന്‍ എന്ന സങ്കല്‍പ്പത്തിന് ബ്രാഹ്മണ്യം താത്വികരൂപം നല്‍കാന്‍ ശ്രമിച്ചതാകണം’

കവിയും മാധ്യമപ്രവര്‍ത്തനുമായ മാങ്ങാട് രത്‌നാകരന്‍ ഏഷ്യാനെറ്റിന് വേണ്ടി നടത്തിയ യാത്രകളില്‍ നിന്നുള്ള ഭാഗങ്ങള്‍ 2014 ഒക്ടോബര്‍ 26-ന് അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

കുന്നത്തൂര്‍പാടി മുത്തപ്പന്റെ ആരൂഢകേന്ദ്രം. ദക്ഷിണ കേരളത്തിന് ശബരിമല പോലെയാണ് ഉത്തരകേരളത്തിന് കുന്നത്തൂര്‍പാടി. തളിപ്പറമ്പ് താലൂക്കില്‍ സഹ്യാദ്രിസാനുവിലുള്ള ഉടുമ്പമലയുടെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് കുന്നത്തൂര്‍ പാടി. ഈ നിബിഡവനമാണ് മുത്തപ്പന്‍ വിഹാരരംഗമായി തിരഞ്ഞെടുത്തത്.

കുന്നത്തൂര്‍പാടിയിലെ ധനുമാസ ഉത്സവത്തിന് മുമ്പൊരിക്കല്‍ വന്നിരുന്നു. ശിവചൈതന്യം തുളുമ്പുന്ന മുത്തപ്പന്റെ മല കൈലാസമാണെന്നാണ് സങ്കല്‍പ്പം. യാത്രികന്‍ കുന്നത്തൂര്‍പാടിയിലെത്തുമ്പോള്‍ ഉത്സവകാലമായിരുന്നില്ല. കണ്ണൂരില്‍ നിന്നും പയ്യാവൂര്‍ വഴി സാമാന്യം നീണ്ട വനയാത്രയുണ്ട്. പയ്യാവൂരിന് നേര്‍ കിഴക്കുള്ള മലമുടിയാണ് മുത്തപ്പന്റെ ആവാസ ഭൂമി. അതിന്റെ താഴ്‌വാരത്തിലാണ് കുന്നത്തൂര്‍പാടി ദേവസ്ഥാനം. ദേവസ്ഥാനത്തിന്റെ ട്രസ്റ്റിയായ എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ദേവസ്ഥാനത്തുള്ള മുത്തപ്പന്‍ ക്ഷേത്രം വിജനമായിരുന്നു. നല്ല തെളിഞ്ഞ അന്തരീക്ഷം. മലയില്‍ നിന്നും വീശുന്ന തണുത്ത കാറ്റ്. എസ്.കെ.കുഞ്ഞിരാമന്‍നായര്‍ക്ക് ഇ.എം.എസിനെന്നപോലെ സംസാരിക്കുമ്പോള്‍ മാത്രം വിക്കുണ്ട്. ഉത്സവം നടത്താനുള്ള അവകാശത്തെക്കുറിച്ചും കുന്നത്തൂര്‍പാടിയുടെ മറ്റ് വിശേഷങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞുതന്നു.

എസ്.കെ.കുഞ്ഞിരാമന്‍, കുന്നത്തൂര്‍പാടി ദേവസ്ഥാനം ഊരാന്‍: കന്നി മാസത്തില്‍ പുത്തരി വെള്ളാട്ടാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തില്‍ നടത്തുമ്പോള്‍ ഇവിടെ കന്നി മാസത്തില്‍ നല്ല ദിവസം നോക്കിയിട്ടാണ് നടത്തുക. ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. ഒരു മാസം പന്ത്രണ്ട് ലക്ഷത്തോളം ആള്‍ക്കാര്‍ ഇവിടെ വരും. ശനി ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നത്. രണ്ടാം ശനിയാഴ്ചകളിലാണ് കൂടുതല്‍. മുത്തപ്പന്‍ കയ്യേല്‍പ്പിച്ച ഭരണസമിതിയാണ് ഇപ്പോള്‍ നടത്തുന്നത്.


കുന്നത്തൂര്‍പാടി ദേവസ്ഥാനത്തുനിന്ന് മുത്തപ്പന്റെ ആരൂഢത്തിലേക്ക് ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. വഴി ദുര്‍ഘടമോ ചെങ്കുത്തായ കയറ്റമോ ഇല്ല. മരങ്ങള്‍ നെടുകെ വളര്‍ന്നുനില്‍ക്കുന്ന വനപാതയിലൂടെ മൂലമ്പറ്റം ഭഗവതിയുടെ കോമരം നാരായണന്‍ ഭഗവതി ഞങ്ങള്‍ക്ക് വഴികാട്ടിയായി. നാരായണന്‍ ഭഗവതി മുപ്പതിലേറെ വര്‍ഷമായി ഭഗവതിയുടെ കോമരമാണ്. ഭഗവതി എന്ന പേര് വരാന്‍ കാരണവും ഈ ഗാഢ സമ്പര്‍ക്കമാണ്. കുന്നത്തൂര്‍ മേഖലയിലെ ഓരോ മുക്കുംമൂലയും ഭഗവതിക്ക് പരിചയം. അതുപോലെ മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും. പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തില്‍ പുരാതനകാലത്ത് അയ്യങ്കര എന്നൊരു ബ്രാഹ്മണഭവനമുണ്ടായിരുന്നുവത്രേ. അയ്യങ്കര വാഴും നായനാരുടെ ഭാര്യ പാടിക്കുറ്റിയമ്മ തിരുവന്‍കടവ് എന്ന പുഴക്കടവില്‍ കുളിക്കുമ്പോള്‍ ഒരു കുഞ്ഞ് വട്ടത്തോണിയില്‍ ഒഴുകി വരുന്നത് കണ്ടു. ആ കുഞ്ഞിനെ അവര്‍ വരിയെടുത്ത് മുലയൂട്ടി ഒരു ബ്രാഹ്മണബാലനായി വളര്‍ത്തി. പക്ഷേ ബാലന്‍ വളര്‍ന്നുവന്നപ്പോള്‍ തന്റെ ആസുരരൂപമെല്ലാം പുറത്തെടുത്തു തുടങ്ങി.

 


നാരായണന്‍ ഭഗവതി (ഭഗവതിയുടെ കോമരം):
അയ്യങ്കരകുടുംബത്തില്‍ മക്കളില്ലാഞ്ഞിട്ട് നേര്‍ച്ച പലതും നടത്തി. കുറേനാളുകള്‍ക്ക് ശേഷം ഇല്ലത്തമ്മ തിരുവങ്കടവില്‍ കുളിക്കാന്‍ ചെന്നു. കുളിച്ചോണ്ടിരുന്നപ്പോള്‍ ചെറിയൊരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. നാലുപാടും നോക്കിയപ്പോള്‍ ഒരു കല്ലിന്റെ മേലേ ഒരു കുഞ്ഞ് കിടക്കുന്നതായി അവര്‍ കണ്ടു. കുട്ടിയെയെടുത്തു. ഇടതുമുല താങ്ങി വലതുമുലപ്പാല് കൊടുത്തുവെന്നാണ് പറയുന്നത്. എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് ഈ കുട്ടിയെ വളര്‍ത്തി. ഈ കുട്ടി കോഴിയേയും മറ്റും കൊന്ന് പിടിച്ചുകൊണ്ട് വന്ന് കൊന്ന് മണം ഈ ഇല്ലത്ത് കേള്‍പ്പിക്കാന്‍ തുടങ്ങി. ഇല്ലത്ത് ഇതൊന്നും പറ്റില്ലല്ലോ. അയ്യങ്കര നായനാര്‍ ഒരിക്കല്‍ ഇല്ലത്തമ്മയോട് ‘കണ്ടുകിട്ടിയ മകന്‍ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ വന്നത്. കേക്കാത്തെ മണം വരെ ഞാന്‍ കേട്ടുതുടങ്ങി…ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്നാ ചെയ്യുക…’ ഇതും കേട്ടോണ്ടാണ് ഇവര് വരുന്നത്.  ‘എന്തു പറഞ്ഞമ്മേ അയ്യങ്കര’ എന്ന് ചോദിച്ചു… ‘ഒന്നും പറഞ്ഞില്ല മോനേ.’ എന്ന് അമ്മ പറഞ്ഞു. ‘അമ്മയോ കേട്ടില്ലെങ്കില്‍ ഞാന്‍ ഒരു ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നില്‍ക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണ’മെന്ന് പറഞ്ഞു ഇല്ലത്തേക്ക് കൊണ്ടുവന്ന പാലും പഴവുമെല്ലാം തച്ചുതകര്‍ത്തു.  ചങ്ങാതിവേണ്ടേയെന്ന് അമ്മ ചോദിച്ചപ്പോള്‍ നാലോളം ചെന്നാല്‍ രണ്ടോളം പുലിക്കിടാവ് (പുലിയെ) ചങ്ങാതിയായികിട്ടുമെന്ന് പറഞ്ഞു. ആയുധമായി വില്ലും ചുരികേയുമായാണ് പിന്നെ മലനാട് വരെ സഞ്ചരിക്കുന്നത്. അന്ന് തൃക്കണ്ണായിരുന്നു… ആളുകള്‍ പേടിക്കുമെന്ന് കരുതി പൊയ്ക്കണ്ണ് തൊഴുതെടുത്ത് വാങ്ങിച്ചു. അവിടെ മൊഴുക്കുവെല്ലി എന്നൊരു സ്ഥലമുണ്ട്. മൊഴുക്കുവെല്ലി കോട്ട. അവിടെ നിന്ന് നാലു പാടും നോക്കിയ ശേഷമാണ് എകര്‍ണ്ണൂര്‍ മന കനകഭൂമി, കുന്നത്തൂര്‍ പാടി കണ്ട് കൊതിച്ചു. അങ്ങനെയാണ് ഇവിടെ വരുന്നത്.

ഞാന്‍ പത്തിരുപത്താറ് കൊല്ലത്തോളമായി ഭഗവതിയുടെ കോമരമായിട്ട്.  ചടങ്ങ്… ആദ്യം മുത്തപ്പന്റെ അടുത്ത് വന്ന് സമ്മതം വാങ്ങിക്കണം. മുത്തപ്പന്‍ വിളിക്കും. ഭഗവതിയുടെ കോമരത്തിനെയും കോലം കെട്ടുന്ന പെരുവണ്ണാനെയും വിളിക്കും. മുത്തപ്പനായി അര്‍പ്പിച്ച ഒരു ജീവിതം… ഇനിയുള്ള ജീവിതവും അങ്ങനെയായിരിക്കും.

മലയിറങ്ങിവരുമ്പോള്‍ മുത്തപ്പനെ സംബന്ധിച്ച ഐതിഹ്യങ്ങളെകുറിച്ച് ആലോചിക്കുകയായിരുന്നു. തികച്ചും ദ്രാവിഡമായ മുത്തപ്പന്‍ എന്ന സങ്കല്‍പ്പത്തിന് ബ്രാഹ്മണ്യം താത്വികരൂപം നല്‍കാന്‍ ശ്രമിച്ചതാകണം. മുത്തപ്പനുമായി അഭേദ്യമായ ബന്ധമുള്ള ആദിവാസികളായ അടിയാന്‍മാരുടെ സങ്കല്‍പ്പത്തില്‍ മുത്തപ്പന്‍ വേട്ടക്കാരനായ ദൈവമാണ്. അടിയാന്‍മാരില്‍പെട്ട മൂത്തോരാന്‍ ഇല്ലത്തിലെ ചന്തന്‍ പനചെത്തുമ്പോള്‍ കുറച്ചു കള്ള് ആവശ്യപ്പെട്ട കുട്ടിയായ മുത്തപ്പനെ ചന്തന്‍ അവഗണിച്ചു. ചന്തനെ നിന്ന നില്‍പ്പില്‍ മുത്തപ്പന്‍ ശിലാരൂപമാക്കി മാറ്റി. ശാപമോക്ഷത്തിനായി കേണ ചന്തന്റെ ഭാര്യ നല്ലപെണ്ണുമ്പിള്ള ഭര്‍ത്താവിനെ പൂര്‍വ്വരൂപത്തിലാക്കി മാറ്റിയാല്‍ ധനു രണ്ടിന് മധുനിവേദനവും തിരുവപ്പന കഴിപ്പിക്കലും നടത്താമെന്ന് അറിയിച്ചപ്പോള്‍ മുത്തപ്പന്‍ പ്രസാദിച്ച് ചന്തന് ജീവന്‍ നല്‍കിയത്രേ. ഈ ഐതിഹ്യത്തിന്റെ തുടര്‍ച്ചയാണ് ധനു രണ്ട് മുതല്‍ മകരം രണ്ട് വരെ കുന്നത്തൂര്‍പാടിയില്‍ നടക്കുന്ന ഉത്സവം. ഒരു മാസത്തെ കാലയളവില്‍ നടക്കുന്ന ഉത്സവത്തില്‍ വളരെയേറെ ആചാരങ്ങളുണ്ട്. കുന്നത്തൂര്‍പാടിയില്‍ പ്രവേശിക്കല്‍ മുതലുള്ള ഉത്സവം തുടങ്ങുന്നത് ധനു രണ്ടിനാണ്. ഈ ദിവസം മുത്തപ്പന്റെ നാല് പ്രതിരൂപങ്ങളെ കെട്ടിയാടുന്നു. മുത്തപ്പന്റെ ശിശുസ്വരൂപമായ നാടുവാഴിശ്ശന്‍ ദൈവം, ബാലസ്വരൂപമായ പുതിയ മുത്തപ്പന്‍, കൗമാരസ്വരൂപമായ പുറംകാല മുത്തപ്പന്‍, പ്രൗഢാവസ്ഥയിലുള്ള തിരുവപ്പന എന്നിങ്ങനെ. തിരുവപ്പനെയാണ് നിത്യേനയുള്ള മുത്തപ്പന്‍. വലിയ മുത്തപ്പന്‍ നായനാര്‍ എന്നറിയപ്പെടുന്ന ഈ മുത്തപ്പന് കറുത്ത തൂക്കുതാടിയും മീശയുമുണ്ട്. പൊയ്ക്കണ്ണ് ഉള്ളതാണ് മറ്റൊരു പ്രത്യേകത. ധനുരണ്ടിന് ഒരു കോലക്കാരന്‍ കോലത്തുമ്മേല്‍ കോലമായി മുത്തപ്പന്റെ നാലു സ്വരൂപങ്ങളും കെട്ടിയാടണം. രാത്രി വൈകി തുടങ്ങിയാല്‍ പുലരും വരെ തുടങ്ങുന്ന ചടങ്ങുകളാണ് കുന്നത്തൂര്‍പാടിയിലുള്ളത്.   മുത്തപ്പനില്‍ സ്വയംഅര്‍പ്പിക്കാനായി അനുഗ്രഹം തേടാനായി ജനസഹസ്രങ്ങള്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കും. കഴിഞ്ഞവര്‍ഷത്തില്‍ ഉത്സവകാലത്ത് ഏഴുലക്ഷത്തിലധികം പേര്‍ എത്തിച്ചേര്‍ന്നുവെന്നാണ് ദേവസ്വം കണക്കുക്കൂട്ടുന്നത്.

മുത്തപ്പനുമായി ബന്ധപ്പെട്ട് ഏറ്റവും അറിയപ്പെടുന്നത് പറശ്ശിനിക്കടവാണ്. വളപട്ടണം തീരത്തുള്ള മനോഹരമായ മുത്തപ്പന്‍ ക്ഷേത്രം.   കുന്നത്തൂര്‍പടിയാവട്ടെ, സാഹസിക ബുദ്ധിയുള്ളവര്‍ക്കും പ്രകൃതിയില്‍ ആത്മചൈതന്യം ആഗ്രഹിക്കുന്നവര്‍ക്കും എത്തിപ്പെടാവുന്ന ഇടം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍