UPDATES

യാത്ര

ജലം കൊണ്ട് കോറിയിട്ട ഒരു വയനാടന്‍ യാത്ര- മാങ്ങാട് രത്നാകരന്റെ യാത്രയില്‍ വയനാട്

Avatar

മാങ്ങാട് രത്നാകരന്‍

മേപ്പാടി, വയനാടിന്റെ ഹരിത മനസ്സാണ്. കണ്ണെത്താത്ത ദുരത്തേക്ക് മലമടക്കിന്റെ തരംഗങ്ങളായി തേയിലത്തോട്ടങ്ങള്‍ നീണ്ടുപോകുന്നു. കോടമഞ്ഞ് അവയെ തഴുകിനീങ്ങുന്നു. കാലവര്‍ഷം അതിന്റെ വിവിധവും അപ്രതീക്ഷിതവുമായ മുഖഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഊട്ടിയിലേക്ക് നീളുന്ന ദേശീയ പാതയിലൂടെ വയനാട്ടിലെ ഏറ്റവും ഉയരമുള്ള മലയായ ചെമ്പ്രമലയുടെ താഴ്‌വാരത്തിലൂടെ മേപ്പാടിയിലെ ഏറ്റവും ആകര്‍ഷകമായ വെള്ളച്ചാട്ടങ്ങളിലൊന്നായ സൂചിപ്പാറ കാണാന്‍ പുറപ്പെട്ടു. മേപ്പാടി പ്രദേശത്തെ മൂന്ന് വെള്ളച്ചാട്ടങ്ങളില്‍ മഴക്കാലത്ത് അനായാസമായി എത്താന്‍ കഴിയുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം. കാന്തന്‍പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങളാണ് മറ്റുള്ളവ. സൂചിപ്പാറയിലേക്ക് നയിക്കുന്ന വഴിയെത്തുന്നതിനു മുമ്പേ വയനാടന്‍ വനവിഭവങ്ങളും കരകൗശലവസ്തുക്കളും വില്‍ക്കുന്ന നിരവധി കടകള്‍. വെള്ളച്ചാട്ടം കാണാന്‍ പോകുന്നവരുടെയും കണ്ടുവരുന്നവരുടെയും ഇടത്താവളം. ബംഗളൂരുവില്‍ നിന്നുള്ള സന്ദര്‍ശകരാണ് അധികവും. ചെറുപ്പക്കാരാണ് കൂടുതലും. മലയാളത്തിന് മേല്‍ കന്നടമൊഴിയാണ് മുഴങ്ങിക്കേള്‍ക്കുക. സൂചിപ്പാറ വെള്ളച്ചാട്ടം കാണാനാണ് പോകുന്നതെങ്കിലും സൂചിപ്പാറ മാത്രം കാണാനാവുമെന്ന് തോന്നുന്നില്ല. യാത്രയെ അനുഗമിച്ച വനംവകുപ്പില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സഹദേവന്‍ പറഞ്ഞു. ശരിയാണ് സൂചിപ്പാറ കാണാവുന്ന ഇടത്ത് നിന്ന് നോക്കുമ്പോള്‍ കോടമഞ്ഞ് സൂചിപ്പാറയ്ക്ക് മേല്‍ വെളുത്ത തിരശ്ശീലയിട്ടിരുന്നു. വെള്ളച്ചാട്ടം കാണുമുമ്പേ ശബ്ദം കേട്ടുതുടങ്ങി. നടന്നടുക്കുന്തോറും കാതടപ്പിക്കുന്ന പതനതാളം. ഇതാ വെള്ളച്ചാട്ടം കണ്‍മുന്നില്‍. ഒന്നും പറയാനില്ല… ദൃശ്യവും ശബ്ദവും പറയട്ടെ…. വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോള്‍ മേപ്പാടിയുടെ വിശാലമായ ഭൂഭാഗ ഭംഗികള്‍ വീണ്ടും തെളിഞ്ഞു.

ഇനി യാത്ര പൂക്കോട് തടാകത്തിലേക്ക്. വൈത്തിരിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂക്കോട് തടാകത്തിലെത്താം. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്ററോളം ഉയരത്തിലാണ് ഈ തടാകം. കാനന മധ്യത്തിലുള്ള ഈ ശുദ്ധജല തടാകം ഇന്ന് വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. പൂക്കോട് തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ‘യാത്ര’ ആശിച്ചിരുന്നുവെങ്കിലും കനത്തമഴയെ തുടര്‍ന്ന് അപകടം ഭയന്ന് ബോട്ട് സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എങ്കിലും സന്ദര്‍ശകര്‍ക്ക് കുറവില്ല. കുട്ടികള്‍ കളികളില്‍ മുഴുകി തിമിര്‍ക്കുകയാണ്. വാനരന്‍മാരുടെ വിഹാരരംഗമായ ഇവിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹരം പകരുന്ന കാഴ്ചകള്‍ നിരവധി. അപൂര്‍വ്വയിനങ്ങളില്‍പ്പെട്ട ശുദ്ധജലമത്സ്യങ്ങളുടെ അക്വേറിയമാണ് മറ്റൊരു കാഴ്ച. നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഫിഷ് മസാജിംഗിനും നല്ല തിരക്കാണ്. യാത്രികന്‍ മുമ്പു വന്നപ്പോഴൊക്കെ തടാകത്തില്‍ നീലത്താമരകള്‍ കണ്ടിരുന്നു. അവ എങ്ങോപോയൊളിച്ചു. ഒരു പക്ഷേ മഴക്കാലം നീലത്താമരകള്‍ക്ക് അത്ര പ്രിയപ്പെട്ടതായിരിക്കില്ല.

താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് പ്രവേശിക്കുന്നിടത്താണ് ബ്രിട്ടീഷ് രേഖകളില്‍ ലക്കിടിക്കോട്ട എന്നറിയപ്പെടുന്ന പ്രദേശം. റോഡരികില്‍ ചങ്ങലയ്ക്കിട്ട ഒരു മരം കാണാം. വയസനായ ഒരു വൃക്ഷത്തെ ഇരുമ്പുചങ്ങലയാല്‍ ബന്ധിച്ചിരിക്കുന്നു. കോഴിക്കോട്ട് നിന്നും വരികയായിരുന്ന ഒരു ബ്രിട്ടീഷുകാരന് വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത പണിയന്റെ പ്രേതാത്മാവിനെയാണ് ഈ മരത്തില്‍  തളച്ചിട്ടതെന്നാണ് വയനാടന്‍ പഴമ. വയനാട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചത് സ്ഥാപിക്കാന്‍ വഴികാട്ടിയായ പണിയനെ സായിപ്പ് വധിച്ചുവത്രേ. പിന്നീട് വഴിയാത്രക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന പ്രേതത്തെ ദേശവാസികള്‍ മരത്തില്‍ തളച്ചിടുകയായിരുന്നുവെന്ന് ഐതിഹ്യം. ഗോത്രമുഖ്യനായ ലക്കിടി നായകനായി ഇതേ മട്ടിലുള്ള മറ്റൊരു ഐതിഹ്യവുമുണ്ട്. ഈ ഐതിഹ്യങ്ങള്‍ പരിശോധിച്ച് വയനാട് രേഖകള്‍ കുറിച്ചിട്ട ഒ.കെ.ജോണി ഇങ്ങനെ എഴുതുന്നു.

‘പുറമേ നിന്നുള്ള അക്രമികളാല്‍ കീഴടക്കപ്പെട്ട ഒന്നിലേറെ തദ്ദേശീയരായ ഗോത്രമുഖ്യന്‍മാരെക്കുറിച്ചുള്ള സമാനമായ കഥകള്‍ വയനാടന്‍ ദിക്കുകളില്‍ പ്രചാരത്തിലുണ്ട്. ഇംഗ്ലീഷുകാരനാല്‍ വധിക്കപ്പെട്ട ലക്കിടിയും, തച്ചോളി കുടുംബത്താല്‍ കീഴടക്കപ്പെട്ട വയനാടന്‍ കേളുവും, കോട്ടയം കൂമ്പ്രനാടന്‍ രാജാക്കന്മാരാല്‍ ഉന്മൂലനം ചെയ്യപ്പെട്ട വേടരാജവംശവും മുതല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയാല്‍ പരാജയപ്പെട്ട കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ കഥവരെ നീളുന്നു ഈ അധിനിവേശ ചരിത്രം.’   

വയനാടിന്റെ താഴ്‌വാരമാണ് തുഷാരഗിരി. തുഷാരം അഥവാ മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഗിരി. ചാലിപ്പുഴയുടെ തീരത്തുള്ള തുഷാരഗിരിയില്‍ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പുതുള്ളും പാറ എന്നീ മനോഹരങ്ങളായ പേരുകളില്‍. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് മാത്രമേ യാത്രയ്ക്ക് പോകാന്‍ കഴിഞ്ഞുള്ളു. ഒരു വലിയ വെള്ളച്ചാട്ടവും വെള്ളിയരഞ്ഞാണം പോലെ മറ്റൊരു ചെറിയ വെള്ളച്ചാട്ടവും കൂടിചേര്‍ന്നതാണ് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനുടത്ത് ഒരു താന്നിമുത്തശ്ശിയുണ്ട്. താന്നിമുത്തശ്ശിയുടെ തായ്ത്തടി അതിശയം തന്നെ. പൊള്ളയാണ്. മരത്തിനുള്ളില്‍ നിന്ന് മേലോട്ട് നോക്കിയാല്‍ ആകാശം കാണാം. മുപ്പതിലധികം കുഞ്ഞുസസ്യങ്ങള്‍ ഈ താന്നിമരത്തിലുണ്ടെന്ന് ചില സസ്യശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുകയുണ്ടായി.

“ഇപ്പോള്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും അറബിനാട്ടില്‍ നിന്നും. വിദേശികള്‍… അറബികളാണ് ഏറ്റവും കൂടുതല്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും തന്നെ അറബികള്‍ ഇവിടെ എത്തുന്നുണ്ട്. ഇപ്പോള്‍ നല്ല ഒരു ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഇക്കോടൂറിസം സെന്ററാണ്. പ്രധാനമായിട്ടും മൂന്നു വെള്ളച്ചാട്ടങ്ങള്‍ അടുത്തടുത്തുണ്ട്. ആകര്‍ഷകമെന്നതിനപ്പുറം പെട്ടെന്ന് റീച്ച് ചെയ്യാന്‍ കഴിയുന്ന ഒരു ഡെസ്റ്റിനേഷന്‍ കൂടിയാണ്.. കോഴിക്കോട് ടൗണില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം ദൂരെയാണ്. അതൊക്കെയാണ് ആകര്‍ഷിക്കപ്പെടുന്നത്”.   കെ.ഡി.മാത്യു, മാനേജര്‍, കോഴിക്കോട് ഡി.ടി.പി.സി പറഞ്ഞു. 

വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോള്‍ സുഹൃത്ത് ബെനിറ്റോ ചാക്കോ പറഞ്ഞു. “വെള്ളച്ചാട്ടം കാണാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ തുഷാരഗിരിയിലേക്ക് വരുന്നത്. ജോണ്‍ചേട്ടന്‍ ഒരുക്കുന്ന വിഭവങ്ങള്‍ ആസ്വദിക്കാന്‍ കൂടിയാണ്. ഓര്‍ഡര്‍ മെയിഡാണ്. കുറച്ചു കാത്തിരിക്കേണ്ടി വരും”. ജോണ്‍ ചേട്ടന്‍ യാത്രയ്ക്കുവേണ്ടി ഒരു വിഭവം ഒരുക്കി.

തുഷാരഗിരി ഇന്ന് കയാക്കിംഗ് എന്ന പുഴവിനോദത്തിന്റെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ്. പര്‍വ്വതങ്ങള്‍ കീഴടക്കുന്നതുപോലെ തന്നെ പുഴ കീഴടക്കുന്ന സാഹസിക കൃത്യമാണ് കയാക്കിംഗ്. ഈ ഒളിമ്പിക് ഇനത്തിന് രാജ്യത്തുതന്നെ രണ്ടോ മൂന്നോ ഇടങ്ങളേയുള്ളു. ഇറ്റലിക്കാരനായ ജാക്കപ്പോ നരോദ എന്ന കയാക്കിംഗ് പ്രേമിയാണ് മൂന്നുവര്‍ഷം മുമ്പ് ചാലിപ്പുഴ കയാക്കിംഗിന് പറ്റിയ പുഴയാണെന്ന് കണ്ടെത്തിയത്. അതിനുശേഷം കയാക്കിംഗ് പ്രേമികള്‍ തുഷാരഗിരിയിലേക്ക് വരികയായി. കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ അമേരിക്ക, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, ഇറ്റലി തുടങ്ങിയ 16 രാജ്യങ്ങളില്‍ നിന്നുള്ള 50 അന്തര്‍ദേശീയ അത്‌ലറ്റുകള്‍ പങ്കെടുക്കുകയുണ്ടായി. തുഷാരഗിരിയില്‍ കയാക്കിംഗ് പരിശീലിപ്പിക്കുന്ന ബാലാസിംഗ് റാണെയും സുഹൃത്തിനെയും യാത്ര കണ്ടുമുട്ടി. യാത്രയ്ക്ക് വേണ്ടി മാത്രമായി ചാലിപ്പുഴയില്‍ കയാക്കിംഗ് അഭ്യാസങ്ങള്‍ നടത്താന്‍ അവര്‍ തയ്യാറായി. യാത്ര അവരെ പിന്തുടര്‍ന്നു. അസാധാരണമായ ഒരു അനുഭവമായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍