UPDATES

യാത്ര

വടക്കേ മലബാറില്‍ ഇത് തെയ്യക്കാലം- മാങ്ങാട് രത്നാകരന്റെ യാത്ര തുടരുന്നു

Avatar

മാങ്ങാട് രത്നാകരന്‍ 

വടക്കേ മലബാറില്‍ ഇത് തെയ്യക്കാലമാണ്. പെരുങ്കളിയാട്ടക്കാലം. ചെണ്ടയുടെ ചടുലതാളം. തെയ്യങ്ങളുടെ പുറപ്പാട്. ജനങ്ങളുടെ ഉത്സവം. ചെറുവത്തൂര്‍ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ 25 കൊല്ലത്തിനു ശേഷം നടത്തുന്ന പെരുങ്കളിയാട്ടത്തില്‍  160-ലേറെ തെയ്യങ്ങളാണ് കെട്ടിയാടുന്നതെന്നറിഞ്ഞപ്പോള്‍ പെരുങ്കളിയാട്ടം കാണാനും യാത്രയില്‍ അവതരിപ്പിക്കാനുമായി ആശിച്ചു. ഇത്രയേറെ തെയ്യങ്ങള്‍ അനുഗ്രഹം ചൊരിയാനെത്തുന്ന പെരുങ്കളിയാട്ടം ഒരു പക്ഷേ സമീപകാലത്തൊന്നും നടന്നതായി ഓര്‍മ്മയില്ല. കുട്ടിക്കാലം തൊട്ട് തെയ്യങ്ങളുടെ കൂടെ നടക്കുന്ന ഈ യാത്രികന്‍ ഈ പെരുങ്കളിയാട്ടം അനുഭവിച്ചറിയാനായി ഒരുങ്ങി. ആചാരാനുഷ്ടാനങ്ങളുടെ തനിമയില്‍ പെരുങ്കളിയാട്ടത്തിന്റെ ഒരാഴ്ചക്കാലം. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ  ഒരുക്കങ്ങള്‍. ജാതിമതഭേദമന്യേ ജനങ്ങളുടെ പങ്കാളിത്തം. എല്ലാ വഴികളും തെയ്യംകെട്ടിയാടുന്ന ക്ഷേത്രത്തിലേക്ക് നീളുന്നു. നാടുമുഴുവന്‍ ഭഗവതിയുടെ അനുഗ്രഹം വാങ്ങാനായി ഒഴുകിയെത്തുന്നു. 

കളിയാട്ടം കുളിച്ചുകഴിഞ്ഞാല്‍ ക്ഷേത്ര സ്ഥാനികരും പ്രധാന കോലധാരികളും 16 ദിവസം സ്വന്തം വീടുകളിലും 16 ദിവസം ക്ഷേത്രത്തിലും വൃതനിഷ്ഠയോടെ കഴിയണം. യാത്ര ആദ്യമെത്തുമ്പോള്‍ അണിയറയില്‍ തെയ്യങ്ങളുടെ മുഖത്തെഴുത്ത് നടക്കുന്നു. വണ്ണാന്‍, മലയന്‍ സമുദായത്തില്‍ പെട്ടവരാണ് പെരുങ്കളിയാട്ടത്തില്‍ മുഖ്യമായും തെയ്യം കെട്ടുന്നത്. പ്രശസ്ത തെയ്യം കലാകാരനായ സുരേഷ്ബാബു അഞ്ഞൂറ്റാന്റെ നേതൃത്വത്തിലാണ് തെയ്യങ്ങള്‍ അരങ്ങേറുന്നത്. പെരുങ്കളിയാട്ടത്തിന്റെ വിശേഷങ്ങളും തെയ്യങ്ങളുടെ സവിശേഷതയും മറ്റും അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു.    

 

 

സുരേഷ്ബാബു അഞ്ഞൂറ്റാന്‍: നെല്ലിക്കാതുരുത്തി കഴകത്തില്‍ അപൂര്‍വ്വമായി ഒരു പുരുഷായുസ്സില്‍ അപൂര്‍വ്വം വ്യക്തികള്‍ക്ക് മാത്രമാണ് തിരുമുടി തലയില്‍ അണിയാനായിട്ട് ഭാഗ്യം കിട്ടുക. എന്റെ പിതാവ് പി.വി.കൃഷ്ണനുണ്ണിത്താന്‍ കഴിഞ്ഞ മൂന്ന് പെരുങ്കളിയാട്ടത്തിന് നിലമംഗലത്ത് ഭഗവതിയുടെ കോലം കഴിച്ചിട്ടുണ്ട്. തുരുത്തി കഴകം തിയ്യസമുദായത്തിന്റെ സുപ്രീംകോടതി എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെ തര്‍ക്കങ്ങളും ഇവിടെ വച്ചാണ് പരിഹാരമുണ്ടാക്കാറ്. ആധികാരികമായി ഇതിന്റെ നേതൃത്വ സ്ഥാനം തീയ സമുദായത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു സ്ഥാനം കൂടിയാണ് നിലമംഗലത്ത് ഭഗവതി ക്ഷേത്രം. ഇവിടത്തെ പ്രധാന ആരാധനമൂര്‍ത്തിയായ നിലമംഗലത്ത് ഭഗവതിയെ കെട്ടിയാടാനുള്ള അവകാശം നീലേശ്വരത്തെ അഞ്ഞൂറ്റാന്‍ കുടുംബത്തില്‍പെട്ട ഞാന്‍, ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. ഇവിടെ പ്രധാനപ്പെട്ട രണ്ടുദൈവങ്ങള്‍ ഒന്ന് നിലമംഗലത്ത് ഭഗവതിയും, ഒന്ന് പുന്നക്കാട് ഭഗവതിയുമാണ്. പുന്നക്കാട് ഭഗവതിയെ കെട്ടിയാടുന്നത് ഉദിയന്നൂര്‍ നിരണിക്കമാണ്. അപൂര്‍വ്വമായി 167 ഓളം തെയ്യങ്ങള്‍ ഈ ഏഴുദിവസവുമായി രാത്രിയും പകലുമായി ഇവിടെ കെട്ടിയാടാറുണ്ട്. മലബാറിലെ വ്യത്യസ്തമായ എല്ലാ തെയ്യങ്ങളും ഇവിടെ കെട്ടിയാടുന്നുണ്ട്. ഈ ഏഴ് ദിവസത്തിനുള്ളില്‍. അതാണ് ഈ കഴകത്തിലുള്ള ഏറ്റവും വലിയ പ്രത്യേകത. മറ്റൊന്ന് ഈ കഴകത്തിന് 11 അവകാശികളുണ്ട്. ഇത്രയും അവകാശികളുള്ള വേറൊരു ക്ഷേത്രം ഒരിടത്തുമില്ല. പതിനൊന്നോളം ആചാര സ്ഥാനികന്‍മാരും അവകാശികളും ഇവിടെ തെയ്യം കെട്ടാനുണ്ട്. അതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത.   

പഴയ പാട്ടോലകളില്‍ പറഞ്ഞതുപോലെയുള്ള 167 തെയ്യക്കോലങ്ങള്‍ ഒരു ഉത്സവത്തിന് ഒരു ക്ഷേത്രാങ്കണത്തില്‍ കെട്ടിയാടുന്നു എന്നത് നിലമംഗലത്ത് ഭഗവതിക്ഷേത്രത്തിന്റെ മാത്രം  പ്രത്യേകയാണ്. ഭഗവതിതെയ്യങ്ങളാണ് ഭൂരിഭാഗവും. പടക്കത്തി ഭഗവതി, ആയിത്തി ഭഗവതി, പുന്നക്കാല്‍ ഭഗവതി, നിലമംഗലത്ത് ഭഗവതി, ഉത്രോളിക്കടവത്ത് ഭഗവതി, അങ്കകുളങ്ങര ഭഗവതി, ഇളമ്പറ്റി ഭഗവതി, കമ്പല്ലൂര്‍ ഭഗവതി, പണയക്കാട്ട് ഭഗവതി, ചെമ്പിലോട്ട് ഭഗവതി തുടങ്ങി  നിരവധി നിരവധി ഭഗവതി തെയ്യങ്ങള്‍. പൂമാരുതന്‍, വേട്ടയ്‌ക്കൊരു മകന്‍, പടവീരന്‍, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍. അങ്ങനെ തെയ്യങ്ങളുടെ ഒരു നിരതന്നെ പെരുങ്കളിയാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. അനുഗ്രഹം ചൊരിയുന്നു. വിഷ്ണുമൂര്‍ത്തി ക്ഷേത്രാങ്കണത്തില്‍ ഉറഞ്ഞാടുകയാണ്. തുടര്‍ന്ന് ഹിരണ്യനിഗ്രഹം. പിന്നീട് ചാമുണ്ഡിയുടെ വരവായി. വെളിച്ചപ്പാടുകള്‍ വാളുകിലുക്കി ഉരിയാടുകയും അനുഗ്രഹം ചൊരിയുകയുമാണ്. ഒപ്പം തെയ്യവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍.

 

 

ഒരാഴ്ച നീണ്ടുനിന്ന ചടങ്ങുകളില്‍ അവസാനദിവസമാണ് പ്രധാന ദേവതകളായ നിണമംഗലത്ത് ഭഗവതിയുടെയും പുന്നയ്ക്കാല്‍ ഭഗവതിയുടെയും തിരുമുടി നിവരല്‍. നാല്‍പ്പതടിയിലേറെ ഉയരമുള്ള തിരുമുടി ധരിച്ച് ഭഗവതിമാര്‍ ക്ഷേത്രാങ്കണത്തില്‍ ചുവടുവയ്ക്കുന്ന  കാഴ്ച അതിന്റെ ഗാംഭീര്യം പറഞ്ഞറിയിക്കാനാവില്ല. ഭഗവതിമാര്‍ നാനാദേശത്തുനിന്നും എത്തിച്ചേര്‍ന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കും അനുഗ്രഹം ചൊരിയുകയാണ്. ഒന്നൂറേ നാല്‍പ്പത്, അതായത് ഒന്നുകുറേ നാല്‍പ്പത്, അതായത് 39 തെയ്യങ്ങള്‍ എന്നാണ് പൊതുസങ്കല്‍പ്പം. നിലമംഗലത്ത് കെട്ടിയാടിയത് അതിന്റെ നാലിരട്ടി തെയ്യങ്ങള്‍.

പെരുങ്കളിയാട്ടം നടക്കുന്ന കഴകത്തിലെ തിരുമുറ്റത്തെ അലയൊലികളില്‍ ലയിച്ചുനില്‍ക്കുമ്പോള്‍ ഒരു ജനതയുടെ ഹൃദയസ്പന്ദനം മുഴുവന്‍ ഏറ്റുവാങ്ങിയ അനുഭൂതി.

നെല്ലിക്കാത്തുരുത്തിയില്‍ നിന്ന് കുറച്ചുനാഴികകള്‍ക്കപ്പുറത്ത് ഇതേസമയത്ത് മറ്റൊരു പെരുങ്കളിയാട്ടം കൂടി നടക്കുകയാണ്. കിനാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടം. കയ്യൂരിനെ തഴുകിയൊഴുന്ന തേജസ്വിനിയുടെ   ഓരത്തുള്ള മനോഹരമായ ഗ്രാമമാണ് കിനാവൂര്‍. കാസര്‍ഗോഡ് ജില്ലയിലെ പതിനെട്ട് മുച്ചിലോട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. വാണിയം സമുദായക്കാരുടെ പരദൈവമായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം ഏകരൂപമല്ല. കിനാവൂര്‍ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം ഏതാണ്ട് ഇപ്രകാരമാണ്. കിനാവൂര്‍ കിരാതേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരന് വസൂരി രോഗം പിടിപെട്ടു. ഇതുമൂലം നിത്യപൂജകള്‍ മുടങ്ങി. ക്ഷേത്രാവകാശികള്‍ അമ്പരപ്പിലായി. കൂട്ടത്തില്‍ ഒരാള്‍ ഉറഞ്ഞുതുള്ളി മുച്ചിലോടി എന്നുവിളിച്ചു.  ഇതുകേട്ട് സാക്ഷാല്‍ മുച്ചിലോട്ട് ഭഗവതി നിയോഗിച്ച വാണിയന്‍ നമ്പി തമ്പുരാട്ടിയുടെ കുറിയിട്ടു വന്ന് ശാന്തിക്കാരന്റെ രോഗം ശമിപ്പിച്ചു. അതിന്റെ ഓര്‍മ്മയ്ക്കായി മുച്ചിലോട്ട് ഭഗവതിയുടെ ക്ഷേത്രം ഉയര്‍ന്നു.   

 

 

കെ.കെ. നാരായണന്‍ (സംഘാടകസമിതി ചെയര്‍മാന്‍): എന്റെ അനുഭവത്തില്‍ ഈ പെരുങ്കളിയാട്ടങ്ങളിലൊക്കെ കാണാന്‍കഴിയുന്ന ഒരു സവിശേഷതയെന്ന് പറയുന്നത് ഭാരതത്തില്‍ മാത്രം നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ കഴിയുന്ന അപൂര്‍വ്വം ഒരു സന്ദര്‍ഭമാണ് ഈ ഉത്സവ കാലയളവ്, പെരുങ്കളിയാട്ട കാലയളവ്. രാപ്പകല്‍ ഇതുപോലെ ജനസാഗരം ഒഴുകിയിട്ടുപോലും ഒരു തരത്തിലുള്ള അനിഷ്ടസംഭവങ്ങളും ഈ പെരുങ്കളിയാട്ടത്തിന്റെ വേളയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനു കാരണം ഇവിടെ മതത്തിനും ജാതിക്കും ആചാരങ്ങള്‍ക്കും അധീനമായി ജനങ്ങളുടെ ഒരു കൂട്ടായ്മ, സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു കൂട്ടായ്മ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നു. അതുതന്നെയാണ് ഇവിടെ പോലീസിന്റെ ആവശ്യകത ഇല്ലാതെ വരുന്നതിന്റെ അടിസ്ഥാന കാരണം.    

മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ട് ചടങ്ങ് ആഘോഷിക്കുന്നു. ഓരോ ചടങ്ങും ആ മാംഗല്യ മുഹൂര്‍ത്തവുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. പന്തല്‍കല്യാണത്തില്‍ മംഗലംകുഞ്ഞുങ്ങള്‍ ക്ഷേത്രത്തെ വലംവയ്ക്കുന്ന ചടങ്ങ് അസാധാരണമായ ഒന്നാണ്. നിത്യകന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ കല്യാണം താലികെട്ട് കല്യാണമായി നടത്തുകയാണ് പതിവ്. താലികെട്ട് കഴിഞ്ഞാല്‍ കന്യകയല്ലാതാവും എന്നതിനാല്‍ അതിന് തടസ്സമുണ്ട് എന്നറിയിക്കുന്ന വിധത്തിലാണ് ചടങ്ങ് നടക്കുന്നത്.

 

 

ക്ഷേത്രാങ്കണത്തിലുള്ള മണിക്കിണറിലേക്ക് ഭഗവതി നോക്കുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം. അഗ്നിയെക്കെടുത്തുവാനും ദാഹം തീര്‍ക്കുവാനുമാണ് നൃത്തമാടിക്കൊണ്ടുള്ള ഈ വരവ്. ഭക്തിസാന്ദ്രമാണ് ഈ ചടങ്ങ്. നിത്യകന്യകയായ ഭഗവതിയുടെ കല്യാണം വീണ്ടും നിശ്ചയിച്ച് പീഢത്തില്‍ നിന്നിറങ്ങി, ഇരുമുടി അഴിക്കുന്നതോടെയാണ് ചടങ്ങിന് പരിസമാപ്തിയാകുന്നത്. പെരുങ്കളിയാട്ടങ്ങള്‍ അനുഷ്ഠാന കലാരൂപങ്ങള്‍ മാത്രമല്ല, ജീവിതോത്സവങ്ങള്‍ കൂടിയാണ്. പുരാവൃത്തവും ചരിത്രവും സംസ്‌കൃതിയുമെല്ലാം ഉണരുന്ന സന്ദര്‍ഭം.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍