UPDATES

കടുത്ത അമര്‍ഷം അറിയിച്ച് എംസി വര്‍ഗീസിന്റെ കുടുംബം; അജിത്‌ കുമാര്‍ മാപ്പ് പറഞ്ഞത് കര്‍ശന താക്കീതിനൊടുവില്‍

വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇടുക്കി പോലുള്ള മലയോര മേഖലകളില്‍ മംഗളത്തിന് മറ്റു പത്രങ്ങളെക്കാള്‍ സ്വാധീനമുണ്ട്.

എ കെ ശശീന്ദ്രനെതിരേയുള്ള വാര്‍ത്ത ചെയ്തതില്‍ കുറ്റം സമ്മതിച്ച് മംഗളം ടെലിവിഷന്‍ സിഇഒ അജിത്‌ കുമാര്‍ മാപ്പ് പറഞ്ഞത് മനേജ്‌മെന്റിന്റെ കടുത്ത അമര്‍ഷത്തെ തുടര്‍ന്ന് എന്ന് സൂചന. ചാനല്‍ ലോഞ്ചിംഗ് ബിഗ് ബ്രേക്കിംഗിലൂടെ ആഘോഷിക്കാമെന്ന് സിഇഒയും സംഘവും നല്‍കിയ ഉറപ്പ് വിശ്വസിക്കുകയും എന്നാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിയാവുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ മാപ്പ് പറച്ചിലിലൂടെ എങ്കിലും തങ്ങള്‍ക്കുണ്ടായിരിക്കുന്ന മാനക്കേട് കുറഞ്ഞുകിട്ടിമോയെന്ന ചിന്തയിലാണ് എം സി വര്‍ഗീസിന്റെ കുടുംബം. ഒപ്പം, സിഇഒയ്ക്ക് ശക്തമായ താക്കീത് നല്‍കിയതായും അറിയുന്നു.

ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീശന്ദ്രന്‍ തന്റെയരികില്‍ പരാതിയുമായി എത്തിയ ഒരു വീട്ടമ്മയോട് ലൈംഗികത കലര്‍ന്ന സംഭാഷണം നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണം എന്ന പേരില്‍ കഴിഞ്ഞ ഞായറാഴ്ച ചാനലിന്റെ ഔദ്യോഗിക ലോഞ്ചിംഗിന്റെ ഭാഗമായി പുറത്തുവിട്ടതായിരുന്നു പ്രധാനവാര്‍ത്തയിലെ വിഷയം. അതിലൈംഗികത കലര്‍ന്ന ആ ഫോണ്‍ സംഭാഷണം മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച് ചാനലിലൂടെ പരസ്യമായി കേള്‍പ്പിക്കുമ്പോള്‍ അജിത് കുമാറും സംഘവും പലതും സ്വപ്നം കണ്ടിരുന്നു എന്നാണ് ന്യൂസ് ബ്യൂറോയിലെ പലരോടും സംസാരിച്ചപ്പോള്‍ മനസിലാക്കാനായത്.

പക്ഷെ, അവര്‍ എന്തു കരുതിയിരുന്നോ അതിന്റെ നേര്‍വിപരീതമായതാണു സംഭവിച്ചത്. കേരളത്തിന്റെ മാധ്യമ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും നിശിതമായ വിമര്‍ശനവും ആക്ഷേപവും മാത്രമാണ് അവര്‍ക്ക് കിട്ടിയത്. സോഷ്യല്‍ മീഡിയയാകട്ടെ ഒരു വിട്ടുവീഴ്ചയും കാണിക്കാതെ മംഗളം ടെലിവിഷനെ കടന്നാക്രമിച്ചു. കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ ഒരു ചാനല്‍ അതിന്റെയൊരു വാര്‍ത്ത അവതരിപ്പിക്കുന്നതിനു മുമ്പായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ടെലിവിഷനു മുന്നില്‍ മാറ്റി നിര്‍ത്തിക്കോളൂ എന്ന മുന്നറിയിപ്പു നല്‍കുക കൂടി ചെയ്തതിലൂടെ ഒരു വലിയ കുഴി തങ്ങള്‍ക്കു ചുറ്റും എടുത്തുവയ്ക്കുകയും ചെയ്തു.

ചാനലിന്റെ അധാര്‍മികമായ പ്രവര്‍ത്തികളില്‍ തങ്ങള്‍ക്കുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആ ചാനലില്‍ നിന്നു രാജിവച്ചു പോവുന്നത്  തുടരുന്നു. ഇപ്പോഴത്തെ മാപ്പ് പറച്ചില്‍ കോഴി കട്ടത് ഞങ്ങള്‍ തന്നെയാണെന്നു വിളിച്ചു പറയുക കൂടിയാകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ രാജി ഇനിയും ഉണ്ടാകുമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഈ അപമാനം സഹിച്ച് തൊഴില്‍ തുടരുക ആരും ആസ്വദിക്കുമെന്നു തോന്നുന്നില്ല എന്നും.

ജുഡീഷ്യല്‍ അന്വേഷണം, പൊലീസ് അന്വേഷണം ഇപ്പോഴിതാ ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ടീം അന്വേഷണവും കൂടി ആയതോടെ ചാനല്‍ സ്വയം ശവവക്കുഴി തോണ്ടി എന്നാണ് മംഗളത്തിലെ തന്നെ ജേര്‍ണലിസ്റ്റുകളോട് സംസാരിച്ചാല്‍ അവര്‍ പറയുന്നത്.

അപകീര്‍ത്തീകരമായി ഫോട്ടോ പ്രചരിപ്പിച്ചതിന് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ കേസ് (അതും സിഇഒ നേരിട്ടു തന്നെ), പീഡനത്തിനിരയായ 10 വയസുകാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിധം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനു പോസ്‌കോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന മറ്റൊരു കേസ്; ഇങ്ങനെ അഴിച്ചെടുക്കാന്‍ നന്നേ പ്രയാസമുള്ള കുരുക്കുകള്‍ പലതുണ്ട് ചാനലിന്റെ കഴുത്തിലും. ചാനല്‍  തുടങ്ങിയ ദിവസം മുതല്‍ മാനേജ്മെന്റിനെ അഭ്യുദയാകാംക്ഷികള്‍ അറിയിക്കുന്ന കാര്യങ്ങളാണിതൊക്കെ. പക്ഷെ, അവര്‍ വിശ്വസിച്ചത് സിഇഒ കൊടുത്ത വാക്കായിരുന്നു.

മംഗളം സ്ഥാപകന്‍ എം.സി വര്‍ഗീസിന് അജിത് കുമാര്‍ തന്റെ മാനസപുത്രനായിരുന്നു എന്നു പലരും പറയാറുണ്ട്‌. പല സമയത്തും പൂട്ടിക്കെട്ടലിന്റെ വക്കില്‍ എത്തിയ സ്ഥാപനത്തെ താങ്ങി നിര്‍ത്തിയത് അജിത്‌ കുമാറിന്റെ ബന്ധങ്ങളും മിടുക്കും തന്നെയായിരുന്നു എന്നതും.

പക്ഷെ, ഇത്തവണ കളി മാറി എന്നാണ് കേള്‍വി. മാനേജിംഗ് എഡിറ്റര്‍ ബിജു വര്‍ഗീസ്‌ നേരിട്ടു തന്നെ ഇതില്‍ ഇടപെടുകയും അജിത്‌ കുമാറിന് മാപ്പ് പറയുന്നത് ഉള്‍പ്പെടെ ഉള്ള നിര്‍ദേശം കൊടുക്കുകയും ചെയ്തു എന്നാണ് അറിവ്.

പറഞ്ഞുകേട്ടൊരു കാര്യമുണ്ട്. മംഗളം തിരുവനന്തപുരം ബ്യൂറോയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ പണം തികയില്ല എന്ന വിഷമം അജിത്തിനോട് വര്‍ഗീസ് പങ്കുവച്ചപ്പോള്‍ പിറ്റേദിവസം ഓഫിസില്‍ എത്തിയ അജിത്, വര്‍ഗീസിനെ ഒരു കവര്‍ ഏല്‍പ്പിച്ചു. അതിനുള്ളില്‍ അജിത്തിന്റെ വീടിന്റെ ആധാരമായിരുന്നു. പണയം വച്ച് കാശെടുത്ത് സ്ഥലം വാങ്ങാം. അന്നു മുതലാണ് അജിത് കുമാറിന് വര്‍ഗീസിന്റെ മനസില്‍ ഇടം കിട്ടിയത്. കഥയായാലും കാര്യമായാലും മംഗളത്തെ അജിത്ത് കുമാര്‍ കവറിലാക്കി വച്ചിരിക്കുകയാണെന്ന് ആ സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കേട്ടിട്ടുണ്ട്.

ആ സ്ഥാനവും ബന്ധവും ഇനിയും അങ്ങനെ തന്നെ മുന്നോട്ടു കൊണ്ടു പോകാന്‍ ഇന്നത്തെ മാപ്പ് പറച്ചിലിനുശേഷവും ഉണ്ടാകുമോ എന്നു സംശയമാണ്. കാരണം ശശീന്ദ്രന്‍ വിഷയത്തില്‍ അത്രകണ്ട് കലിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. അജിത് കുമറിന്റെ നീക്കത്തില്‍ കടുത്ത നീരസമാണ്.

കുറച്ചു മഞ്ഞകലര്‍ന്ന നിറം ഉണ്ടെന്നു വിമര്‍ശനം മേലുണ്ടെങ്കിലും ഇടുക്കി പോലുള്ള മലയോര മേഖലകളില്‍ മംഗളത്തിന് മറ്റു പത്രങ്ങളെക്കാള്‍ സ്വാധീനമുണ്ട്. വെറും സാധാരണക്കാരനായി നിന്നൊരാള്‍ തുടങ്ങിയ പ്രസ്ഥാനം കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്കിടയില്‍ പ്രമുഖമായ സ്ഥാനം നേടിയെടുത്തെങ്കില്‍ അതില്‍ ഒരു മനുഷ്യന്റെ കഠിനാധ്വാനം ചെറുതല്ലായിരുന്നു. ഒരര്‍ത്ഥത്തില്‍ ശൂന്യതയില്‍ നിന്നും എം സി വര്‍ഗീസ് കെട്ടിയുയര്‍ത്തിയ പ്രസ്ഥാനമാണ് മംഗളം. ആ മംഗളത്തിന്റെ പേരിലാണ് ഇപ്പോള്‍ അതിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം കളങ്കം വന്നു ചേര്‍ന്നിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ വാര്‍ഡ് നിര്‍മിച്ചു നല്‍കിയും പാവപ്പെട്ട യുവതീയുവാക്കളുടെ വിവാഹം നടത്തി കൊടുത്തും കോടിക്കണക്കിനു രൂപയുടെ ചികിത്സ സഹായം നല്‍കിയും പതിറ്റാണ്ടുകള്‍ കൊണ്ടു നേടിയ വിശ്വാസം ബ്രേക്കിംഗ് ന്യൂസിലൂടെ കളയരുതെന്ന മാനേജ്‌മെന്റ് നിര്‍ദേശം അനുസരിക്കേണ്ടി വന്നതുകൊണ്ടാണ് അജിത്ത് ഇപ്പോള്‍ മാപ്പ് പറയാന്‍ തയ്യാറായിരിക്കുന്നതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍