UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരാതി നല്‍കിയതു വീട്ടമ്മ തന്നെ, ഞങ്ങള്‍ ചെയ്തതു മാധ്യമധര്‍മം; വിശദീകരണവുമായി മംഗളം

മന്ത്രിയെ ഹണിട്രാപ്പില്‍ കുടിക്കിയതാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍

എ കെ ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയതോ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയതോ അല്ലെന്ന വിശദീകരണവുമായി മംഗളം ചാനല്‍ മനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ ആര്‍. അജിത് കുമാര്‍.

ഒരു സ്ത്രീയുടെ അഭിമാനത്തിനുനേരെ നടത്തിയ കടന്നാക്രമണത്തെ ചെറുക്കുകയെന്ന മാധ്യമധര്‍മമാണു തങ്ങള്‍ പാലിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ഒരു വീട്ടമ്മ നല്‍കിയ ശബ്ദരേഖയില്‍ ഉള്ളതു മന്ത്രിയുടെ സംഭാഷണമാണെന്ന് ഉറപ്പു വരുത്തിയശേഷമാണു ചാനലില്‍ സംപ്രേക്ഷണം ചെയ്തതെന്നും അജിത് കുമാര്‍ പറയുന്നു.

അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കന്മാരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അജിത് കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം തങ്ങള്‍ക്കെതിരേ അപവാദ പ്രചരണം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഇന്നു വൈകുന്നേരം ആറു മണിക്ക് മംഗളം ടിവിയില്‍ നടക്കുന്ന പരിപാടിയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമെന്നും അദ്ദേഹം പറയുന്നു.


എകെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തയെക്കുറിച്ച് വിശദീകരിക്കാന്‍ മംഗളം സിഇഒ അജിത്‌ കുമാര്‍ നടത്തിയ പരിപാടി

കഴിഞ്ഞ ഞായറാഴ്ച മംഗളം ടിവിയുടെ ലോഞ്ചിംഗിനോടനുബന്ധിച്ചു പുറത്തുവിട്ട വാര്‍ത്തയിലാണു ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയില്‍ എത്തിച്ച ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ മന്ത്രിയുടെ സംഭാഷണം മാത്രമാണ് ഉള്ളതെന്നും പരാതിക്കാരിയുടെ ശബ്ദം ഇല്ലെന്നും ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അടക്കമുള്ള കടുത്ത ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തനത്തിന്റെ മോശം വശമാണ് മംഗളം കാണിച്ചതെന്ന വിമര്‍ശനം ചാനലിനെതിരേ ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം മംഗളത്തിനെതിരേ രംഗത്തുവന്നു.

അതേസമയം മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നും തിരുവനന്തപുരം സ്വദേശിയായ ഒരു യുവതിയെ ഉപയോഗിച്ചാണു മന്ത്രിയെ വീഴ്ത്തിയതെന്നും ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ യുവതിയുടെ ചിത്രം സഹിതം ഇന്റലിജന്‍സ് എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍