UPDATES

ട്രെന്‍ഡിങ്ങ്

പോൺ വീഡിയോകൾ മാത്രം കണ്ട് ശീലിച്ചവർ ചാനലിനെക്കുറിച്ച് ചിന്തിച്ചാൽ അതിന് മംഗളം ചാനലാവാനേ സാധിക്കൂ

ചൂണ്ടയിൽ ഒരു പെണ്ണിരയുടെ, സഹപ്രവർത്തകയുടെ ശരീരം കൊളുത്തിയിട്ടിട്ടാണ് വലിയ ഇരയെ പിടിച്ചു എന്ന് മംഗളം അഭിമാനിക്കുന്നത്

മംഗളം ടെലിവിഷൻ ചാനൽ മലയാളം മാധ്യമ പ്രവർത്തനത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്. മാർച്ച് 26 ഒരു ദുരന്ത ദിനവും. അത് മലയാളം ജേണലിസത്തിന്റെ മുഖ്യധാരയെ വാർത്ത / പോൺ വാർത്ത എന്ന് രണ്ടായി പിളർക്കുന്നു. സാമ്പത്തികവും രാഷ്ടീയവുമായ വ്യക്തിയധിഷ്ഠിത സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി ഉണ്ടാക്കിയെടുത്ത, നൈതികതയില്ലാതെ പ്രവർത്തിക്കുന്ന ഒരു ബിസിനസ്സ് സ്ഥാപനം മാത്രമാണ് ഈ ന്യൂസ് പോൺ ചാനൽ. അത് കേരളത്തിൽ പുതിയതും തുടരാൻ പാടില്ലാത്തതുമായ വാർത്താ രീതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പോണോഗ്രഫി പോണോഗ്രഫിയായി സ്വതന്ത്രമായി നിലനിൽക്കണം. വാർത്തകൾ വാർത്തകളായും. ന്യൂസ് റൂമുകൾ പോൺ ഷൂട്ടിനും ടെലികാസ്റ്റിനും ഉള്ള ഇടങ്ങളായി പരിവർത്തിപ്പിക്കുന്നത് ശരിയല്ലല്ലോ… രണ്ടും രണ്ട് തരം പ്രൊഫഷനാണ്. രണ്ടിനും രണ്ട് തരം ലക്ഷ്യങ്ങളാണുള്ളത്. പോണിൽ ന്യൂസില്ല, ന്യൂസിൽ പോണും.

ജേണലിസമാണ് എന്ന് ആ ചാനൽ കരുതുന്ന തരം ജോലിയുടെ ചെറു രൂപങ്ങൾ മുൻപ് കേരളത്തിൽ ഉണ്ടായിരുന്നില്ലേ എന്ന് ആലോചിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ന്യൂസ് പോൺ വിഭാഗത്തിൽപ്പെടുന്ന വാർത്തകളുടെ അംശങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്. നിരവധി ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ന്യൂസ് പോൺ കണ്ടന്റ് ധാരാളമായി ഉണ്ട്. ന്യൂസ് പോണിന് മാത്രമായി പ്രിന്റിലും പ്രസിദ്ധീകരണങ്ങളുണ്ട്. പക്ഷേ…
ആ ചെറുപഴുതുകളിലൂടെ ഒരു ന്യൂസ് പോൺ ചാനൽ മുഖ്യധാരയിൽ ആധികാരികതയോടെ ഉണ്ടാക്കിയെടുക്കുന്ന സ്പേസിനെ ന്യായീകരിക്കരുത്. ന്യൂസ് പോൺ മെയ്ക്കിങ്ങിന് ഇരയാക്കപ്പെടുന്നവരുടെ – ലിംഗഭേദമില്ലാതെത്തന്നെ – നിസ്സഹായതയെ തിരച്ചറിയാതെ പോകരുത്.

ആ പോൺന്യൂസ് ചാനലിന്റെ ലോഞ്ച് , അതിലെ പോൺന്യൂസ് അവതാരകരുടെ ശരീരഭാഷ, അവതരണം, കണ്ടന്റ്, അതിലെ ജേണലിസ്റ്റുകളുടെ നിലവാരമില്ലാത്ത ന്യായീകരണങ്ങൾ, ദുരന്തത്തെ തിരിച്ചറിഞ്ഞ മറ്റ് മാധ്യമങ്ങളിലെ ജേണലിസ്റ്റുകളോട് പോൺ ന്യൂസ് ജേണലിസ്റ്റുകൾ ഉന്നയിക്കുന്ന കൊതിക്കെറുവിന്റെ അശ്ലീല ചോദ്യങ്ങൾ; എല്ലാം ഭയപ്പെടുത്തുന്നു. ആ മാധ്യമത്തിനൊപ്പം നിന്ന് ന്യൂസ് പോണോഗ്രഫി ആസ്വദിക്കുന്ന ആൾക്കൂട്ടം ചെടിപ്പിക്കുന്നു.

മഞ്ഞപ്പത്രങ്ങളും പോൺ സാഹിത്യവും മാത്രം വായിച്ച് ശീലിച്ചവർ, പോൺ വീഡിയോകൾ മാത്രം കണ്ട് ശീലിച്ചിട്ടുള്ളവർ ടെലിവിഷൻ ചാനലിനെക്കുറിച്ച് ചിന്തിച്ചാൽ അതിന് മംഗളം ചാനലാവാനേ സാധിക്കൂ. സ്ത്രീ പ്രശ്നമെന്നാൽ ഫോൺ സെക്സാണെന്ന് തെറ്റിദ്ധരിക്കുന്നത് അതുകൊണ്ടാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം എന്നാൽ ജീവനക്കാരെ ഇരകളാക്കി ഫോണിലോ അല്ലാതെയോ ലൈംഗിക സംഭാഷണങ്ങളോ ദൃശ്യങ്ങളോ പകർത്തി എയർ ചെയ്യുക എന്നതാണെന്ന് ധരിച്ചു പോകുന്നതും അതുകൊണ്ടാണ്.

ചൂണ്ടയിൽ ഒരു പെണ്ണിരയുടെ, സഹപ്രവർത്തകയുടെ ശരീരം കൊളുത്തിയിട്ടിട്ടാണ് വലിയ ഇരയെ പിടിച്ചു എന്ന് മംഗളം അഭിമാനിക്കുന്നത്. മാത്രമല്ല മന്ത്രിയെ തുറന്നു കാട്ടാനെന്ന പേരിൽ ദുസ്സൂചനയോടെത്തന്നെ മന്ത്രിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടിയുടെ ചിത്രം എഡിറ്റർ തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിലെ കടുത്ത സ്ത്രീവിരുദ്ധതയും ചൂഷണവും ക്രിമിനലിസവും മംഗളത്തിലെ സ്ത്രീകളായ ജേണലിസ്റ്റുകളെങ്കിലും തിരിച്ചറിയണം. അന്തസ്സോടെ, പാഷനോടെ മാധ്യമ പ്രവർത്തനം നടത്തുന്ന സ്ത്രീകൾ പുറത്തുണ്ടെന്ന് മനസ്സിലാക്കണം. മംഗളം ആർക്കും ഒന്നിനും പ്രചോദനമാവില്ല. ബഹുമാനം തോന്നിക്കുന്നതോ പ്രത്യാശ ജനിപ്പിക്കുന്നതോ ആയ ഒന്നും അതിലില്ല. ഉണ്ടാവാനും പോകുന്നില്ല. അത് തുടങ്ങിയ നിമിഷത്തിൽത്തന്നെ ദുരന്തമായി മാറിയ ഒരു മാധ്യമമാണ്. മലയാളം ജേണലിസം എന്തല്ല എന്നതിന്റെ ഉദാഹരണം.

മംഗളത്തിൽ നിന്ന് പുറത്തു വന്ന Al Neema Ashraf അഭിവാദ്യങ്ങൾ

(മനില ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മനില സി. മോഹന്‍

മനില സി. മോഹന്‍

മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍